പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഏകജാലക ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം മേയ് 16ന് ആരംഭിക്കും. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്ബ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതതു പ്രദേശങ്ങളിലെ ഗവണ്‍മെന്റ്/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്ബ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കും
.ഏകജാലക അഡ്മിഷൻ ഷെഡ്യൂള്‍
ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 29
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 5
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 12
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 19
ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും (മുൻ വർഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂലൈ 5 ന് ആയിരുന്നു). ആദ്യ കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. പ്രവേശനമാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കും. പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന പതിനാല് (14) മോഡല്‍ റെസിഡെൻഷ്യല്‍ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും.