ജിന്‍സ് നല്ലേപ്പറമ്പന്‍
കേരളചരിത്രത്തില്‍ പ്രൗഢമായ സ്ഥാനം ഉണ്ടായിരുന്ന ജനവിഭാഗമാണ് നസ്രാണികള്‍. ശക്തരായ നാട്ടുരാജാക്കന്മാര്‍പോലും ഭയബഹുമാനങ്ങളോടെ കണ്ടിരുന്ന സമൂഹം. കേരളത്തിന്‍റെ നവോത്ഥാനത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും ഊടും പാവും നെയ്തവര്‍. ഒരു ചെറുന്യൂനപക്ഷ സമൂഹമാണെങ്കിലും ക്രൈസ്തവസമൂഹം മറ്റേതു ജാതിമത വിഭാഗങ്ങളെക്കാളും അധികമായി ഈ ദേശത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈശോമിശിഹായിലും അവിടുത്തെ സുവിശേഷത്തിലുമുള്ള അടിയുറച്ച വിശ്വാസവും, മിശിഹായുടെ പ്രതിരൂപംതന്നെയായ സഭയോടുള്ള സ്നേഹവും വിശ്വസ്തതയും, ക്രൈസ്തവസാഹോദര്യത്തില്‍ ഉറച്ചുനിന്നുള്ള കഠിനാധ്വാനവുമാണ് സമൂഹത്തില്‍ ഉന്നതസ്ഥാനത്തിന് നസ്രാണി സമൂഹത്തെ യോഗ്യരാക്കിയത്. എന്നാല്‍ പൊതുസമൂഹത്തിലെ സ്വാധീനശേഷി നശിച്ച്, ഒത്തൊരുമയും സാമൂഹികമായ കരുത്തും നഷ്ടപ്പെട്ട് ഗതകാലപ്രതാപത്തിന്‍റെ ഓര്‍മ്മകള്‍പോലും ഇല്ലാതാകുംവിധം നാശത്തിലേക്കാണോ നാം ഇന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
വാര്‍ധക്യം ബാധിക്കുന്ന ക്രൈസ്തവസമൂഹം.
കേരളസമൂഹത്തിന് പൊതുവേ വാര്‍ധക്യം ബാധിക്കുകയാണെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 2021 ല്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യ 57 ലക്ഷമാകുമെന്നും 2061 ല്‍ മൊത്തം ജനസംഖ്യയുടെ 40 ശതമാനവും വൃദ്ധജനങ്ങളായിരിക്കുമെന്നുമാണ് 2015 ല്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാണിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍ വാര്‍ധക്യാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ക്രൈസ്തവരെയാണ്. കേരളസഭയെ ഈ ദുരവസ്ഥ എത്രമാത്രം ബാധിച്ചിരിക്കുന്നുവെന്ന് പെട്ടെന്നു മനസ്സിലാക്കാന്‍ നമ്മുടെ കന്യാസ്ത്രീമഠങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ചെറുപ്പക്കാരായ സന്യാസിനികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുറവ് വിവിധ കോണ്‍ഗ്രിഗേഷനുകളുടെ മിഷന്‍പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സന്യാസിനികളുടെ ഭവനസന്ദര്‍ശനം നമ്മുടെ ഇടവകകളില്‍ അന്യംനിന്നുപോയിരിക്കുന്നുവെന്നുതന്നെ പറയാം. ചെറുപ്പക്കാരായ സന്യാസിനികള്‍ അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും സേവനത്തിനായി പോകുകയുംകൂടി ചെയ്യുന്നതോടെ കേരളത്തിലെ ഒട്ടേറെ മഠങ്ങള്‍ വൃദ്ധരായ സന്യാസിനികളുടെ വിശ്രമകേന്ദ്രങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. നമ്മുടെ ഇടവകകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ആശുപത്രികളിലും പെണ്‍കുട്ടികളെ സന്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ തക്കവിധമുള്ള സ്വാധീനശേഷി സന്യസ്തര്‍ക്ക് നഷ്ടമായിരിക്കുന്നു. ക്രൈസ്തവസമൂഹത്തിന്‍റെ ജീവധാരയാണ് സന്യാസസമൂഹങ്ങള്‍. ആ നീരൊഴുക്ക് വരണ്ടുണങ്ങാതിരിക്കാനുള്ള പദ്ധതികള്‍ സഭാനേതൃത്വം എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടിയിരിക്കുന്നു.
നമ്മുടെ കുടുംബങ്ങളിലേക്കു വന്നാല്‍ ‘എല്ലാറ്റിനും ഉപരിയായി സമ്പത്തിനെ സ്നേഹിക്കുന്ന’ അവസ്ഥയാണ് നമ്മുടെ ഓജസ്സ് ചോര്‍ത്തിക്കളഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ പണം സമ്പാദിക്കാനായി നാടും വീടുമുപേക്ഷിച്ച് പ്രവാസജീവിതം നമ്മുടെ ചെറുപ്പക്കാര്‍ തെരഞ്ഞെടുക്കുന്നു. സമ്പത്തിനു നടുവില്‍ മാതാപിതാക്കള്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. ശാരീരികാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നത് കുറച്ചിലായി കരുതുന്ന വിഡ്ഢിത്തം നമ്മുടെ സമൂഹത്തിന്‍റെ പൊതുചിന്തയെ ബാധിച്ചതാണ് ചെറുപ്പക്കാര്‍ പ്രവാസജീവിതം തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം. വിദേശരാജ്യങ്ങളില്‍ അതികഠിനമായ ജോലികള്‍ ചെയ്യുന്നവരും നാട്ടിലേക്ക് വരാന്‍ ഇഷ്ടപ്പെടാത്തത് തങ്ങള്‍ക്ക് നാട്ടില്‍ കിട്ടുന്ന അംഗീകാരം ഇല്ലാതാകുമെന്ന ഭയത്താലാണ്. കാടും മലകളും മരുഭൂമികളും സ്വന്തം അധ്വാനത്താല്‍ പൊന്നുവിളയുന്ന മണ്ണാക്കിയവരുടെ പിന്മുറക്കാര്‍ അധ്വാനിക്കുന്നവരെ അംഗീകരിക്കാന്‍ മടിക്കുന്ന മാനസികാവസ്ഥയിലായത് എന്തുകൊണ്ടാണ്? പെണ്ണു കിട്ടാത്തതുകൊണ്ട് ഗള്‍ഫിനു പോകേണ്ടി വന്ന ഇലക്ട്രീഷ്യന്മാരും, എ.സി. ടെക്നീഷ്യന്മാരും, ഡ്രൈവര്‍മാരും നമ്മുടെ സമൂഹത്തിലുണ്ട്. ചെറുപ്പക്കാരെ പ്രവാസികളാക്കിമാറ്റി സ്വന്തം ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുന്നത് സുരക്ഷയെപ്പോലും ബാധിക്കുന്നുണ്ട്. ‘വൃദ്ധ ദമ്പതികളെ കൊന്ന് കവര്‍ച്ച നടത്തി, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍’ എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് ഇന്നു നമ്മുടെ നാട്ടില്‍ പുതുമയൊന്നുമില്ലല്ലോ.
പ്രവാസികളാക്കപ്പെടുന്ന ക്രൈസ്തവയുവത്വം
കേരള സഭയെ വാര്‍ദ്ധക്യം ബാധിക്കുന്നതിന്‍റെ പ്രധാന കാരണം ക്രൈസ്തവ യുവതയുടെ പ്രവാസജീവിതം തന്നെയാണ്. നഴ്സിംഗും, എഞ്ചിനീയറിംഗും, ഹോട്ടല്‍രംഗവുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകളുമാണ് ക്രൈസ്തവ യുവതീയുവാക്കളില്‍ ഭൂരിഭാഗവും സ്വീകരിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്ത് നല്ല രീതിയില്‍ പണം ഉണ്ടാക്കി ജീവിതം ‘സേഫ്’ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒട്ടേറെപ്പേര്‍ ഈ തൊഴില്‍ രംഗങ്ങള്‍ സ്വീകരിച്ചത്. കുറേ ഏറെപ്പേര്‍ വിവിധ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ അതിലേറെപ്പേര്‍ വിദേശവാസം സ്വപ്നം കണ്ട് ജോലിയില്ലാതെ അലയുന്നു. ചിലര്‍ കേരളത്തിനു വെളിയില്‍ ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു. കേരള ക്രൈസ്തവരുടെ സാന്നിധ്യം ലോകമെങ്ങും ഉണ്ടാകുന്നത് നല്ലതാണെങ്കിലും ജനസംഖ്യാ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമുദായമെന്ന നിലയില്‍ ചെറുപ്പക്കാരുടെ പ്രവാസജീവിതം ക്രൈസ്തവര്‍ക്ക് ഗുണകരമാകില്ല. നമ്മുടെ ചെറുപ്പക്കാര്‍ പ്രവാസികളാക്കപ്പെടുമ്പോള്‍ സ്വന്തം നാട്ടില്‍ നമ്മുടെ സാന്നിധ്യം കുറയുകയും വിലപേശല്‍ ശേഷി ക്ഷയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ വളരെ പ്രാധാന്യമുള്ള കര്‍മ്മ മേഖലകളില്‍ ക്രൈസ്തവസാന്നിധ്യം കുറയുകയാണ്. സര്‍ക്കാര്‍ ജോലിയുള്ള ക്രിസ്ത്യാനികള്‍ പുതുതലമുറയില്‍ വളരെ കുറവാണ്. നല്ല ശമ്പളവും, ആനുകൂല്യങ്ങളും, ജോലി സ്ഥിരതയുമൊക്കെ ഉണ്ടെങ്കിലും എന്തുകൊണ്ടോ നമ്മുടെ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലികളോട് മുഖം തിരിക്കുകയാണ്. പി.എസ്.സി., യു.പി.എസ്.സി. പരീക്ഷകളെക്കുറിച്ചൊക്കെ നമ്മുടെ ചെറുപ്പക്കാരോട് സംസാരിക്കുമ്പോള്‍ പലരും അതേക്കുറിച്ച് അജ്ഞരാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങലിലെ ജോലിയാണ് മിക്കവരും ലക്ഷ്യമിടുന്ന ‘സര്‍ക്കാര്‍ ജോലി.’ സര്‍ക്കാര്‍ ജോലി എന്നത് കേവലം ഒരു ജോലി മാത്രമല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. എത്ര ചെറിയ ജോലിയാണെങ്കിലും സര്‍ക്കാര്‍ ജോലി ഭരണരംഗത്തുള്ള സാന്നിധ്യം കൂടിയാണ്. നമ്മുടെ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലികളില്‍നിന്ന് അകലുമ്പോള്‍ ഈ സാന്നിധ്യം നമുക്ക് നഷ്ടമാകുകയാണ്.
കേരളത്തില്‍ നിലവിലുള്ള സംവരണരീതി, സര്‍ക്കാര്‍ ജോലി ലഭിക്കുക എന്നത് ക്രൈസ്തവര്‍ക്ക് ബുദ്ധിമുട്ടേറിയതാക്കുന്നുണ്ട്. ഈഴവര്‍ക്ക് 14%, മുസ്ലീങ്ങള്‍ക്ക് 12%, ലത്തീന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ ഇന്‍ഡ്യന്‍സിനും കൂടി 4 ശതമാനം, സംവരണത്തിന്‍റെ പേരില്‍ എപ്പോഴും പഴി കേള്‍ക്കുന്ന പട്ടികജാതിക്ക് 8 ശതമാനവും പട്ടികവര്‍ഗത്തിന് 2 ശതമാനവുമാണ് കേരളത്തില്‍ നിലവിലുള്ള സംവരണം. ദുര്‍ബലവിഭാഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നതാണ് സംവരണത്തിന്‍റെ ഉദ്ദേശ്യം. എന്നാല്‍ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുന്ന സംവരണവിഭാഗത്തില്‍പെട്ടയാളെ സംവരണവിഭാഗത്തിലല്ല പൊതുവിഭാഗത്തിലാണ് നിയമിക്കുന്നത്. അതിനാല്‍ അതേ വിഭാഗത്തിലെ റാങ്ക് കുറഞ്ഞയാളുകള്‍ക്ക് സംവരണ വിഭാഗത്തില്‍ നിയമനത്തിന് അവസരം ലഭിക്കുന്നു. കൂടുതല്‍ സംവരണം ലഭിക്കുന്ന ‘ദുര്‍ബലവിഭാഗങ്ങള്‍’ക്കാണ് ഈ രീതികൊണ്ട് നേട്ടമുണ്ടാകുന്നത്. വിവിധ സര്‍ക്കാരുകളുടെ വോട്ടു ബാങ്ക് രാഷ്ട്രീയം സംവരണത്തിലൂടെ പ്രീണനം നടത്തിയപ്പോള്‍ അതു ദോഷകരമായി ബാധിക്കുന്ന സമുദായങ്ങളുടെ പ്രതിനിധികള്‍ പുലര്‍ത്തിയ മൗനവും, അവരുടെ അലംഭാവവും ആണ് ഈ അവസ്ഥയില്‍ എത്തിച്ചത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായി 10% സംവരണം ഏര്‍പ്പെടുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ പ്രതിഷേധവുമായി രംഗത്തുവന്ന ‘ദുര്‍ബലര്‍’ എന്നും കൂടി അറിയുക.
ഏറ്റവും പുതിയ സെന്‍സസ് വിവരങ്ങള്‍ പ്രകാരം ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളില്‍ ജനനനിരക്ക് കുറയുമ്പോള്‍, മുസ്ലീം വിഭാഗത്തില്‍ ജനനനിരക്ക് കൂടുകയാണ്. ഇന്ന് കേരളത്തില്‍ ഏറ്റവും യൗവനം തുടിക്കുന്ന ജനവിഭാഗം മുസ്ലീങ്ങളാണ്. ചെറുപ്പത്തില്‍തന്നെ വിവാഹിതരാകുന്നതും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതും ആ സമൂഹത്തിന്‍റെ ചെറുപ്പം നഷ്ടപ്പെടാതെ കാക്കുന്നു. മുസ്ലീം വിഭാഗത്തില്‍ 18 മുതല്‍ 20 വരെയാണ് പെണ്‍കുട്ടികളുടെ സാധാരണ വിവാഹപ്രായം. ആണ്‍കുട്ടികള്‍ക്കാകട്ടെ 20 മുതല്‍ 25 വരെയും. എന്നാല്‍ ക്രൈസ്തവസമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് സാധാരണയായി വിവാഹം 25-28 വയസ്സിലും ആണ്‍കുട്ടികള്‍ക്ക് 26-32 വയസ്സിലുമാണ്. മധ്യവയസ്സു കഴിയുമ്പോഴേക്കും ഒരു മുസ്ലീം പുരുഷന്‍ മുത്തച്ഛനാകുമെങ്കില്‍ അതേസമയം ക്രിസ്ത്യന്‍ പുരുഷന്‍റെ കുട്ടി പഠനകാലം പോലും പിന്നിട്ടിരിക്കില്ല. വിവാഹം വൈകുന്നതുമൂലം ഒരു തലമുറ തന്നെ ക്രൈസ്തവര്‍ക്ക് ഇല്ലാതായിപ്പോകുന്നുവെന്നു പറയാം. മിശ്രവിവാഹങ്ങളിലൂടെയാകട്ടെ ഒരു കുടുംബവും അനന്തര തലമുറകളും ഇല്ലാതാകുകയും അവരുടെ സ്വത്ത് മറ്റൊരു സമുദായത്തിലേക്ക് ചെന്നെത്തുകയും ചെയ്യുന്നു.
സഭയോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ടാണ് ക്രൈസ്തവ സമുദായം വളര്‍ന്നുവന്നിട്ടുള്ളത്. സഭയില്‍നിന്നും വിശ്വാസികളെ അകറ്റി ദുര്‍ബലരാക്കാനാണ് ശത്രുക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സഭയുടെ വിശ്വാസ്യതയും വൈദികരുടെയും സന്യസ്തരുടെയും ബഹുമാന്യതയും തകര്‍ക്കുക എന്നതാണ് അവരുടെ പ്രഥമലക്ഷ്യം. അതുകൊണ്ടുതന്നെ അവര്‍ക്കെതിരായ പ്രതിരോധം ഒരുക്കാനും സഭ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. കുടുംബക്കൂട്ടായ്മകളിലൂടെ നാം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവത്കരണം നടത്താനും, സാമുദായികബോധവും ഐക്യവും വളര്‍ത്തിയെടുക്കാനും നമുക്ക് സാധിക്കണം. നമ്മുടെ ഇടവകകളുടെ ശരാശരി പ്രായം നിര്‍ണയിച്ച് സഭയുടെ പൊതു അവസ്ഥ പഠിക്കാന്‍ സഭാധികാരികള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം. പഠനത്തിനോ, ജോലിക്കോ ആയി ഇടവകയ്ക്കുപുറത്ത് താമസിക്കുന്നവരെ ഒഴിവാക്കി ഇടവകയില്‍ സ്ഥിരതാമസമുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ വിവരം ശേഖരിച്ച് സര്‍വ്വേ നടത്തി ശരാശരി പ്രായം കണക്കാക്കാന്‍ സാധിക്കും. വിശ്വാസികളില്‍നിന്നു സംഭാവനകള്‍ സ്വീകരിച്ച് സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കിയിരുന്നത് ഒരു കാലത്ത് നമ്മുടെ സമൂഹത്തിന് ആവശ്യമായിരുന്നുവെങ്കില്‍ ഇന്ന് സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. അതിനാല്‍ വിശ്വാസികള്‍ക്ക് ആവശ്യമായ സഹായം നല്‍കി നമ്മുടെ ചെറുപ്പക്കാരെ നാട്ടില്‍ പിടിച്ചു നിര്‍ത്തുന്നതിനുതകുന്ന പദ്ധതികള്‍ നാം ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ടെക്നോ, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുക, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള മത്സരപരീക്ഷകള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുക, വാണിജ്യവ്യവസായസംരംഭങ്ങള്‍ ആരംഭിക്കാന്‍ പരിശീലനവും ധനസഹായവും നല്‍കുക എന്നിങ്ങനെ ചെറുപ്പക്കാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം നമ്മുടെ നാട്ടില്‍ സൃഷ്ടിച്ചു നല്‍കാനാണ് സഭ ഇനി ആളും അര്‍ത്ഥവും ഉപയോഗിക്കേണ്ടത്. അല്ലാത്തപക്ഷം നമ്മള്‍ കെട്ടിയുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ മറ്റു ചെറുപ്പക്കാര്‍ കൈകാര്യം ചെയ്യുന്നത് വാര്‍ധക്യം ബാധിച്ച മുരടിച്ച അവസ്ഥയിലിരുന്നു നിസ്സഹായതയോടെ നമ്മള്‍ കണ്ടു നില്‍ക്കേണ്ടിവരും. നാം സമ്പാദിച്ചതൊക്കെയും മറ്റുള്ളവര്‍ കവര്‍ന്നുകൊണ്ട് പോവുകയും ചെയ്യും.
രാഷ്ട്രീയ വാണിജ്യരംഗങ്ങളില്‍ അപ്രത്യക്ഷമാകുന്ന ക്രൈസ്തവസാന്നിധ്യം
വിവിധരാഷ്ട്രീയപാര്‍ട്ടികളുടെ യുവനേതാക്കള്‍ ആരൊക്കെയെന്ന് ശ്രദ്ധിക്കൂ. ക്രൈസ്തവ യുവത്വത്തിന്‍റെ സാന്നിധ്യം വളരെയധികം കുറഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാകും. കേരളചരിത്രത്തില്‍ തലയെടുപ്പുള്ള ഒട്ടേറെ നേതാക്കള്‍ ക്രൈസ്തവസമൂഹത്തില്‍നിന്ന് എക്കാലവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്ത തലമുറയില്‍ ചൂണ്ടിക്കാണിക്കാന്‍ എത്ര നേതാക്കള്‍ ക്രൈസ്തവരില്‍നിന്ന് ഉണ്ടായിട്ടുണ്ട്? നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് രാഷ്ട്രീയത്തെ പടിയടച്ചു പുറത്താക്കുകയും, ‘മര്യാദയ്ക്ക് പഠിച്ച് സ്വന്തം കാര്യം നോക്കി മിടുക്കരാകാന്‍, കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തപ്പോള്‍ നമുക്ക് നഷ്ടമായത് ഒരുപിടി നല്ല നേതാക്കന്മാരെയാണെന്ന് പറയാതെ വയ്യ. ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനി ചെറുപ്പക്കാര്‍ ഉള്ള നഴ്സിംഗ് മേഖലയില്‍ പ്രബലമായ സംഘടനയുടെ നേതൃത്വം കൈയ്യാളുന്നത് ആരെന്നു നോക്കുക. നേതാവ് നമ്മുടെ ചെറുപ്പക്കാരെ ആട്ടിത്തെളിക്കുന്നത് എങ്ങോട്ടെന്ന് നിരീക്ഷിക്കുക. എന്തുകൊണ്ട് ആ സംഘടനയ്ക്ക് ഒരു ക്രിസ്ത്യന്‍ നേതാവ് ഇല്ലാതെപോയി എന്നു ചിന്തിക്കുക.
ബേക്കറിയും ബസ് സര്‍വീസും മുതല്‍ സ്വര്‍ണക്കടയും വാഹനവ്യാപാരവും വരെയുള്ള ബിസിനസ് രംഗങ്ങളിലും ക്രൈസ്തവ സമുദായാംഗങ്ങളുടെ തളര്‍ച്ച കാണാന്‍ ചുറ്റുവട്ടത്തുള്ള ബിസിനസുകാര്‍ ആരൊക്കെയെന്ന് ഒന്നു ശ്രദ്ധിച്ചാല്‍ മതി. നാം വാണിജ്യരംഗങ്ങളില്‍നിന്ന് അകന്നുപോകുകയും കേവലം ഉപഭോക്താക്കളായി മാത്രം മാറുകയും ചെയ്യുന്നത് ആശാസ്യമായ കാര്യമല്ല. ചെറുപ്പക്കാരുടെ പ്രവാസജീവിതത്തിലൂടെ നാം സാമ്പത്തികമായി കുറച്ചൊക്കെ വളര്‍ന്നുവെന്നതു സത്യമാണ്. എന്നാല്‍ വിവിധ രംഗങ്ങളില്‍ സമഗ്രമായ വളര്‍ച്ച ഉണ്ടായില്ലെങ്കില്‍ അത് ന്യൂനപക്ഷമായ നമ്മുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും. തല അസ്വാഭാവികമായി വളരുന്ന അസുഖം ബാധിച്ച കുട്ടിയുടെ അവസ്ഥയിലേക്കായിരിക്കും സാമ്പത്തികവളര്‍ച്ച മാത്രം ലക്ഷ്യമിട്ടാല്‍ നാം ചെന്നെത്തുക. തിരിച്ചറിവുണ്ടാകാന്‍ വൈകുംതോറും സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ അടിയന്തിരമായിത്തന്നെ ഈ വിഷയത്തിനു പരിഹാരം കണ്ടെത്താന്‍ നാം ശ്രമിക്കേണ്ടിയിരിക്കുന്നു.
കൂടിയ വിവാഹപ്രായവും, മിശ്രവിവാഹങ്ങളും
ചെറുപ്പക്കാരുടെ കൂടിയ വിവാഹപ്രായവും, മിശ്രവിവാഹങ്ങളുമാണ് ഇന്ന് നസ്രാണിസമൂഹത്തിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്ന മറ്റൊരു പ്രതിസന്ധി. ദൈവാശ്രയബോധം കുറഞ്ഞതാണ് കൂടിയ വിവാഹപ്രായത്തിന്‍റെ കാരണമെങ്കില്‍, സഭാസ്നേഹവും സാമുദായികബോധവും ഇല്ലാതായതാണ് മിശ്രവിവാഹങ്ങള്‍ വര്‍ദ്ധിക്കാനുണ്ടായ കാരണം. പഠനം കഴിഞ്ഞ്, ജോലി കിട്ടി, സെറ്റില്‍ ആയിട്ട് വിവാഹം കഴിക്കാം എന്ന് തീരുമാനിച്ച് മധ്യവയസ്സിനുശേഷം വന്ധ്യതാനിവാരണക്ലിനിക്കുകള്‍ കയറി ഇറങ്ങുന്നവര്‍ ഒട്ടേറെയുണ്ട്. കല്യാണപ്രായം കഴിഞ്ഞിട്ടും ‘പെണ്ണുകിട്ടാതെ പുരനിറഞ്ഞുനില്‍ക്കുന്ന’ ആണുങ്ങളുടെ എണ്ണം ക്രൈസ്തവസമൂഹത്തില്‍ കൂടുതലാണ്. അതേസമയം തന്നെ ലൗകികതാല്‍പര്യങ്ങളാലും, ചതിയില്‍പ്പെട്ടും സ്വന്തം കുടുംബത്തെയും സമുദായത്തെയും ഉപേക്ഷിച്ച് മിശ്രവിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടിയിരിക്കുന്നു. പ്രണയം ‘വിശുദ്ധ യുദ്ധം’ ആകുമ്പോള്‍ ഇരകളാക്കപ്പെടുന്നതില്‍ ക്രൈസ്തവയുവതികള്‍ വര്‍ദ്ധിക്കുന്നുവെന്നത് ഇനിയെങ്കിലും നാം ഗൗരവത്തോടെ കണ്ട് പ്രതിരോധിക്കേണ്ട വിഷയമാണ്.