ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപെമടുത്ത ന്യൂനമര്‍ദവുമാണ് മഴയ്ക്ക് കാരണം.

വരുന്ന 48 മണിക്കൂറില്‍കൂടുതല്‍ ന്യൂനമര്‍ദം ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശും.കേരളത്തില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ശക്തമായ മഴക്കും ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരും. നിലവില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറ്റി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാനിയന്ത്രണം തുടരും.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോരമേഖലയിലൂടെയുള്ള രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അഭ്യർഥിച്ചിട്ടുണ്ട്.