സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതല്‍ നിലവില്‍ വന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്നതാണ് നിരോധനം.

ജൂലൈ 31 വരെ പരമ്ബരാഗത വള്ളങ്ങള്‍ക്കും ഇൻബോർഡ് വള്ളങ്ങള്‍ക്കും മാത്രമേ കടലില്‍ പോകാൻ അനുവാദമുള്ളൂ.

തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയില്‍ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച്‌ ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നല്‍കിയിട്ടുണ്ട്. മീന്‍ സമ്ബത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം.

നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധനസമയത്തും കടലില്‍പ്പോകാം. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.