കുവൈത്ത് തീപ്പിടിത്തം: മരണം 49; മലയാളികൾ 11

കുവൈത്തിലെ മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി.

മരണമടഞ്ഞ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ 11 പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം ഓയൂര്‍ സ്വദേശി ഉമറുദ്ദീന്‍ ഷമീറിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്ന് അറബ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്തു.

മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ലേബര്‍ ക്യാംപിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ തീപ്പിടിത്തമുണ്ടായത്. താഴത്തെ നിലയിലുള്ള മെസ്സില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇദ്ദേഹം സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. അപകടത്തില്‍ ഇതുവരെയായി 49 പേര്‍ മരിച്ചതായാണ് അറബ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 40 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് കുവൈത്ത് ഔദ്യോഗിക ടെലവിഷന്‍ പുറത്തുവിട്ട വിവരം.ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ഷമീര്‍, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫിന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്, പി വി മുരളീധരന്‍, വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ആകാശ് ശശിധരന്‍ നായര്‍, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക കാരണം ശ്വാസതടസ്സം അനുഭവപ്പെട്ടാണ് ഭൂരിഭാഗം പേരും മരണപ്പെട്ടത്. അടിയന്തിര ഘട്ടങ്ങളില്‍ പുറത്തേക്ക് കടക്കാനായി സ്ഥാപിച്ച വഴികള്‍ അടഞ്ഞു കിടന്നതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായതായി അഗ്‌നിശമന സേനാ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തയിട്ടുണ്ട്. സംഭവത്തില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരെയും അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ സബാഹ് ഉത്തരവിട്ടു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളില്‍ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സൗദ് അല്‍ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തില്‍ വിപുലമായ അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥറുടെ മേല്‍ നോട്ടത്തില്‍ യോഗം ചേരുകയാണെന്നും അദ്ദേഹം അറിയിച്ചു.മംഗഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എന്‍ബിടിസി ക്യാംപില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. എന്‍ബിടിസി കമ്ബനിയിലെ തൊഴിലാളികളായ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച മുറിയിലേക്കു തീ പടര്‍ന്നതാണ് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലരും മരണപ്പെട്ടത്. പരിക്കേറ്റവരെ അദാന്‍, മുബാറക് അല്‍ കബീര്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.തീപിടിത്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ നമ്ബര്‍: +96565505246