നീറ്റ് റദ്ദാക്കണമെന്ന ആവശ്യം; സുപ്രീംകോടതി കേന്ദ്രത്തിനും എൻ.ടി.എക്കും നോട്ടീസയച്ചു

വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ക്രമക്കേടുകളില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ ജികളില്‍ കേന്ദ്ര സർക്കാറിനും പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും സുപ്രീംകോടതി നോട്ടീസയച്ചു.

ജൂലൈ എട്ടിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഹരജികള്‍ വീണ്ടും ജൂലൈ എട്ടിന് പരിഗണിക്കും.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി 49 വിദ്യാർഥികളുടെ 10 ഹര്‍ജികളും എസ്.എഫ്.ഐ നല്‍കിയ ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയില്‍ പുതിയ പരീക്ഷ നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണം. കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹര്‍ജിയിലുണ്ട്.