വി. വിന്‍സെന്‍റ് ഡി പോള്‍

അഗതികളുടെ പിതാവെന്ന് അറിയപ്പെടുന്ന വി. വിന്‍സെന്‍റ് ഡി പോള്‍ 1576 ഏപ്രില്‍ 24-ാം തീയതി ഫ്രാന്‍സിലെ ‘പോ’ എന്ന ഗ്രാമത്തിലാണു ജനിച്ചത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ സമ്പന്നരല്ലായിരുന്നുവെങ്കിലും വിന്‍സെന്‍റിന് ആവശ്യമായ വിദ്യാഭ്യാസം നല്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശുദ്ധന്‍റെ പന്ത്രണ്ടാമത്തെ വയസില്‍ ഡാക്സിലെ ഫ്രാന്‍സീസ്കന്‍ വിദ്യാലയത്തില്‍ അദ്ദേഹത്തെ ചേര്‍ത്തു. ഈ കാലഘട്ടത്തില്‍ സ്വയം ജോലിചെയ്ത് പഠനത്തിനുള്ള വക കണ്ടെത്താന്‍ വിശുദ്ധന്‍ പരിശ്രമിച്ചിരുന്നു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം 1600 ല്‍ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് വിശുദ്ധന്‍ കടല്‍ക്കൊള്ളക്കാരുടെ കൈകളിലകപ്പെട്ടത്. അവര്‍ അദ്ദേഹത്തെ ടൂണിഷ്യായിലെ ചന്തയില്‍ കൊണ്ടുപോയി വിറ്റു. പലര്‍ക്കും മാറി മാറി വില്ക്കപ്പെട്ടതിനുശേഷം വിശ്വാസത്യാഗിയായിരുന്ന ഒരു ക്രിസ്ത്യാനിയുടെ അധീനതയിലായി. വിശുദ്ധന്‍ പ്രാര്‍ത്ഥനയിലൂടെ അദ്ദേഹത്തെ മാനസാന്തരപ്പെടുത്തുകയും യജമാനനോടൊപ്പം ഫ്രാന്‍സില്‍ തിരിച്ചെത്തുകയും ചെയ്തു.
തിരിച്ചെത്തിയ അദ്ദേഹത്തെ ഒരു കപ്പലിലെ തടവുകാരുടെ ചാപ്ലിന്‍ ജനറലായി നിയമിച്ചു. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്ന അവരുടെ ഇടയിലേക്ക് ഒരു ദൈവദൂതനെപ്പോലെയാണ് വിശുദ്ധന്‍ കടന്നെത്തിയത്. ഒരിക്കല്‍ കപ്പലില്‍ ബന്ധിതനായ തന്‍റെ പുത്രന്‍റെ ദുരവസ്ഥയെ ഓര്‍ത്ത് അദ്ദേഹത്തിന്‍റെ അമ്മ വിശുദ്ധന്‍റെയടുക്കല്‍ വിലപിച്ചു. ഉടന്‍തന്നെ വിന്‍സെന്‍റ് അയാളുടെ വിലങ്ങുവാങ്ങി അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന ജോലി ചെയ്തുകൊണ്ട് അയാളെ വിട്ടയച്ചു.
അന്നു പാരീസില്‍ വളരെയധികം ആളുകള്‍ മനുഷ്യത്വമില്ലാത്ത, മുതലാളിമാരുടെ കീഴില്‍ നിര്‍ബന്ധപൂര്‍വമായ അടിമപ്പണികള്‍ക്കു നിയോഗിക്കപ്പെട്ടിരുന്നു. ക്ഷീണം കൊണ്ടോ വിശപ്പുകൊണ്ടോ നിര്‍ദ്ദിഷ്ടജോലികളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് അതിനു ശിക്ഷയായി അധികമധികം ജോലികള്‍ ചെയ്യേണ്ടിയിരുന്നു. അവരിലെ കുറ്റവാളികള്‍ക്കു ക്രൂരമായ ദണ്ഡനങ്ങള്‍കൂടി ഏല്ക്കേണ്ടിവന്നു. ഈ ദാരുണാവസ്ഥയില്‍നിന്നും അവരെ വീണ്ടെടുക്കുന്നതിനെക്കുറിച്ചായി വിന്‍സെന്‍റിന്‍റെ ചിന്ത. അദ്ദേഹം വൈകാതെ പാരീസിലെത്തി ഒരു മിഷ്യന്‍ സ്ഥാപിച്ചു. ആവശ്യമെങ്കില്‍ മോചനദ്രവ്യം നല്കി നിര്‍ഭാഗ്യരായ ആ സഹോദരരെ വീണ്ടെടുക്കുന്നതിനും സന്നദ്ധനായിരുന്നു. അതിന് ആവശ്യമായ പണം കണ്ടെത്തുവാനും അദ്ദേഹത്തിന് അധികം ക്ലേശിക്കേണ്ടി വന്നില്ല. പ്രഭാഷണങ്ങളുടെ ഫലമായി ഉത്തേജിതരായിത്തീര്‍ന്ന സമ്പന്നര്‍ ഉദാരമായ സഹായം നല്കി.
രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും നിര്‍ലോപമായ പിന്തുണകൂടി ലഭിച്ചപ്പോള്‍ വിന്‍സെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ദേശീയമാനം കൈവന്നു. സേവനസംരംഭങ്ങളില്‍ സഹകരിക്കുവാന്‍ സന്നദ്ധരായി ധാരാളം വൈദികരും മുന്നോട്ടുവന്നപ്പോള്‍ വിന്‍സെന്‍റിനു പൂര്‍വോപരി ആത്മവിശ്വാസം ഉണ്ടായി. അവരെ എല്ലാവരെയും ഉള്‍പ്പെടുത്തി അദ്ദേഹം ഒരു സന്നദ്ധസംഘം രൂപവല്‍കരിച്ചു. ആ സംഘാംഗങ്ങള്‍ ലാസറിസ്റ്റ്സ് അഥവാ വിന്‍സെന്‍ഷ്യന്‍സ് എന്ന് അറിയപ്പെട്ടു.
ജീവിതത്തെ ശുശ്രൂഷയും സ്നേഹവുമാക്കി മാറ്റിയ അഗതികളുടെ പിതാവായ വി. വിന്‍സെന്‍റ് ഡി പോള്‍ 1660 സെപ്റ്റംബര്‍ 27-ാം തീയതി നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു യാത്രയായി.
1660 ഒക്ടോബര്‍ അഞ്ചിന് തങ്ങളുടെ അഭയമായിരുന്ന സ്നേഹപിതാവിന്‍റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ അനേകായിരങ്ങളുടെ സാന്നിധ്യത്തില്‍ പാരീസിലെ വി. ലാസറിന്‍റെ ദൈവാലയത്തില്‍ വിന്‍സെന്‍റ് ഡി പോളിന്‍റെ മൃതദേഹം സംസ്ക്കരിച്ചു. അന്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പാരീസിലെ ആര്‍ച്ചു ബിഷപ്പ്, രണ്ടു മെത്രാന്മാര്‍, ഡോക്ടര്‍മാരുടെ വിദഗ്ധസംഘം, സഭയിലെ വൈദികര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കല്ലറ ആദ്യമായി തുറന്നു. സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ട ആയിരങ്ങളുടെ കണ്ണീരൊപ്പിയ തങ്ങളുടെ പിതാവിന്‍റെ ശരീരം അഴുകാതിരിക്കുന്നതുകണ്ട് അവര്‍ ദൈവത്തെ സ്തുതിച്ചു. ശരീരത്തിന് കാര്യമായ തകരാറുകളൊന്നും സംഭവിച്ചിരുന്നില്ല. ശരീരം വീണ്ടും സംസ്കരിച്ചു. പിന്നീട് നാമകരണനടപടികള്‍ക്കായി കല്ലറ തുറന്നപ്പോള്‍ ശരീരം അഴുകിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അഴുകാത്ത ഹൃദയം പാരീസിലെ വിന്‍സെന്‍ഷ്യന്‍ സഭാ ആസ്ഥാനത്ത് സൂക്ഷിക്കപ്പെടുന്നു. വിശുദ്ധന്‍റെ തിരുശേഷിപ്പുകള്‍ പാരീസിലെ റുവേ ജി സെവെരെ ദൈവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
1737 ജൂണ്‍ പതിനാറിന് ക്ലമന്‍റ് പന്ത്രണ്ടാം പാപ്പാ വിന്‍സെന്‍റ് ഡി പോളിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 നാണ് തിരുസഭ വിശുദ്ധന്‍റെ തിരുനാള്‍ ആഘോഷിക്കുന്നത്.

Leave a Reply