നെതര്‍ലണ്ടിലെ മേര്സീനില് 1222 ലും 1465 ലും രണ്ട് പ്രധാനപ്പെട്ട ദിവ്യകാരുണ്യാത്ഭുതങ്ങള്‍ നടന്നു. ആദ്യത്തെ അത്ഭുതം നടന്നത് വി. കുര്‍ബാനയുടെ സമയത്താണ്. വൈദികന് കുര്‍ബാനയര്‍പ്പണവേളയില്‍ തിരുവോസ്തി ഉയര്‍ത്തുന്ന സമയത്ത് പെട്ടെന്ന് തിരുവോസ്തിയില്‍നിന്നും ജീവനുള്ള രക്തത്തുള്ളികള്‍ ഇറ്റിറ്റുവീണു.
രണ്ടാമത്തെ അത്ഭുതം നടന്നത് 1465 ല്‍ ഈ പള്ളിയില്‍ വച്ചുതന്നെയാണ്. വലിയൊരു തീപിടുത്തത്തില്‍ പള്ളി ആകെ കത്തിയമര്‍ന്നപ്പോള്‍ ഒരു കൃഷിക്കാരന് ദിവ്യകാരുണ്യ തിരുശേഷിപ്പ് അത്ഭുതകരമായ രീതിയില്‍ യാതൊരു കേടുപാടും കൂടാതെ രക്ഷപ്പെടുത്തി. പിന്നീട് ഈ പള്ളി പുതുക്കിപ്പണിയുകയും പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ ഈ പള്ളിയെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തുകയും ചെയ്തു.
പത്താം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഫ്രഞ്ചുരാജാവായ ലൂയിസ് നാലാമന്റെ ഭാര്യ ഗര്ബ്ര്ഗ ദി സക്സോണിയുടെ സഹായത്തോടെ മേര്സീനിലെ പഴയ ദിവ്യകാരുണ്യ ചാപ്പല്‍ പുതുക്കിപ്പണിയുകയും ആ ചാപ്പല്‍ പിന്നീട് ഒരു പ്രധാനപ്പെട്ട ദേവാലയമായിത്തീരുകയും ചെയ്തു. 1222 ല്‍ ഈ ദേവാലയത്തില്‍വച്ചാണ് ഈ ദിവ്യകാരുണ്യാത്ഭുതം നടക്കുന്നതും സഭാധികാരികള്‍ അത് അംഗീകരിച്ചതും. പതിവുപോലെ ഞായറാഴ്ച കുര്‍ബാന നടന്നുകൊണ്ടിരിക്കുകയായിരുന്നു. വൈദികന് തിരുവോസ്തി ഉയര്‍ത്തി വാഴ്ത്തുന്ന സമയത്ത് ആ വലിയ തിരുവോസ്തിയില്‍നിന്ന് രക്തം ധാരധാരയായി താഴേക്ക് വീണു. അല്പനേരത്തിനുശേഷം തിരുവോസ്തി പൂര്‍വസ്ഥിതിയിലെത്തി. തുടര്‍ന്ന് ഈ തിരുവോസ്തിയും രക്തംപുരണ്ട അള്‍ത്താരവിരിയും പ്രത്യേക അള്‍ത്താരയില്‍ ആരാധിച്ചുവന്നിരുന്നു.
1465 ല്‍ പള്ളിയില്‍ വലിയൊരു തീപിടുത്തമുണ്ടായി. തീപിടുത്തത്തില്‍ പള്ളി ആളിക്കത്തിയപ്പോള്‍ ഒരു സാധാരണ കര്ഷകന് തീയുടെ ഉള്ളിലൂടെ കടന്ന് അരുളിക്ക പുറത്തുകൊണ്ടുവരികയായിരുന്നു. നേരിയ പൊള്ളല്‍പോലും കര്‍ഷകനും ദിവ്യകാരുണ്യത്തിനുമേറ്റില്ല. നഗരവാസികള്‍ ഈ സംഭവത്തെ ‘തീയുടെ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. തീപിടുത്തത്തില്‍ നശിപ്പിക്കപ്പെട്ട പള്ളി ഉടന്‍തന്നെ പുനര്‍നിര്‍മിക്കുകയും 1938 ല്‍ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ മൈനര്‍ ബസിലിക്കയായി ഈ പള്ളിയെ ഉയര്‍ത്തുകയും ചെയ്തു. നെതര്‍ലണ്ടിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി ഈ പള്ളി ഇന്നും നിലകൊള്ളുന്നു. ദിവ്യകാരുണ്യാത്ഭുതം നടന്ന തിരുവോസ്തിയും വഹിച്ചുകൊണ്ട് എല്ലാ വര്‍ഷവും കുര്‍ബാനയുടെ തിരുനാളില്‍ ഇവിടെ പ്രദക്ഷിണം നടത്തപ്പെടുന്നു. വിശ്വാസികള്‍ക്ക് അന്നേദിനം ഈ അത്ഭുത തിരുവോസ്തി കാണുവാനുള്ള അവസരവുമുണ്ട്.
- വി. വിന്‍സെന്റ് ഡി പോള്‍
- വിശുദ്ധരോടൊപ്പം ഫെബ്രുവരിയിലെ വിജയികൾ