സംസ്ഥാനത്ത് വീണ്ടും കോളറ: ജാ​ഗ്രതാ മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാ​ഗ്രതാ മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രോ​ഗബാധ സ്ഥിരീകരിക്കുകയോ സംശയം തോന്നുകയോ ചെയ്താൽ അവരെ ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കും. നിലിവിൽ കോളറ സ്ഥിരീകരിച്ച ഒരു കുട്ടിക്ക് പുറമേ രോഗലക്ഷണമുള്ള മറ്റുള്ളവരെ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. നേരത്തെ ഹോസ്റ്റലിലെ മറ്റൊരു അന്തേവാസി കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. 26 വയസുകാരനായ അനുവാണ് മരിച്ചത്. എന്നാൽ അനുവിന്റെ സ്രവ സാമ്പിളിന്റെ പരിശോധനഫലം പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ചയാണ് അനുവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.