കേരള ക്രിക്കറ്റ്‌ ലീഗിൽ പുതിയ താരം :ആനന്ദ് ജോസഫ്.

ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ രണ്ട് കളികളിലെ മികവുകൊണ്ട് താരമായി മാറുകയാണ് മുണ്ടിയെരുമ സ്വദേശി ആനന്ദ് ജോസഫ്.തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ച കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ റിപ്പിള്‍സിന് വേണ്ടിയാണ് പേസ് ബൗളര്‍ കൂടിയായ ആനന്ദ് ജോസഫ് പന്തെറിയുന്നത്. ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരേ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും രണ്ടാം മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ 3.1 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും വീഴ്ത്തിയാണ് ആനന്ദ് ജോസഫ് താരമായത്.14 വയസുമുതല്‍ കേരള ക്രിക്കറ്റ് ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് ആനന്ദ്. കേരളത്തിന്‍റെ സീനിയര്‍ ടീമില്‍ ഇടംനേടി ഇന്ത്യന്‍ ടീമില്‍ എത്തുക എന്നതാണ് കേരളത്തിന്‍റെ രഞ്ജി ട്രോഫി താരം കൂടിയായ ആനന്ദിന്‍റെ സ്വപ്നം. മുണ്ടിയെരുമ കൈതാരം സോണി ജോസഫ് – ആന്‍സി ദമ്ബതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ആനന്ദ്. സഹോദരന്‍ സില്‍സ് ജോസഫ് യുകെയില്‍ കോളജ് അധ്യാപകനാണ്.