പി.സി സിറിയക്
ഐഎഎസ് (റിട്ട).
പണ്ട് മലേഷ്യയായിരുന്നു, റബര്‍ കൃഷിയില്‍, ഒന്നാം സ്ഥാനത്ത്. പക്ഷേ, വേണ്ടത്ര ലാഭം കിട്ടുന്നില്ലെന്നു കണ്ടപ്പോള്‍ മാറിച്ചിന്തിച്ചു, അവര്‍. റബര്‍ ഉപേക്ഷിച്ച് എണ്ണപ്പനയിലേക്കാണ് അവര്‍ തിരിഞ്ഞത്. ഇന്ന് മലേഷ്യയും, ഇന്‍ഡോനേഷ്യയും ഏറ്റവുമധികം പാമോയില്‍ കയറ്റുമതി ചെയ്ത് ലാഭം നേടുന്നു. ഇന്‍ഡ്യയില്‍ ഇന്ന് പെട്രോളിയവും, സ്വര്‍ണ്ണവും കഴിഞ്ഞാല്‍ ഇറക്കുമതിക്കായി ഏറ്റവും കൂടുതല്‍ വിദേശനാണ്യം നാം ചെലവാക്കുന്നത് പാമോയില്‍ ഇറക്കുമതി ചെയ്യാനാണ്. നമ്മുടെ ഭക്ഷ്യ എണ്ണയുടെ ഉപഭോഗം ആണ്ടുതോറും പെരുകുന്നു.
ഈ സാഹചര്യത്തിലാണ്, എണ്ണപ്പന കൃഷിക്ക് ക്യാഷ് സബ്സിഡി, സൗജന്യ നടീല്‍ വസ്തുക്കള്‍, സാങ്കേതിക ഉപദേശം എന്നിവ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നത്.
പക്ഷേ, എണ്ണപ്പന, നമ്മുടെ മണ്ണില്‍, നമ്മുടെ കാലാവസ്ഥയില്‍, ജലസേചനമില്ലാതെ വളരുമോ? നല്ല ഫലം തരുമോ? ന്യായമായ സംശയമാണ്. കേരളത്തില്‍, ‘ഓയില്‍പാം ഇന്‍ഡ്യ ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനം കോട്ടയത്ത്, കോടിമാതയില്‍ ഓഫീസുമായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പത്തു നാല്പതു കൊല്ലമായി, ഓരോ കൊല്ലവും 20, 25 കോടി രൂപ ലാഭം നേടുന്നു. ഈ കമ്പനിക്ക് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കും, പുനലൂരിനുമിടയ്ക്ക് വലിയ എണ്ണപ്പനതോട്ടവും, ഭക്ഷ്യഎണ്ണ ശുദ്ധീകരണ ശാലയുമുണ്ട്. കേരളത്തില്‍ എണ്ണപ്പനകൃഷി വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്, ഈ കമ്പനിയെയാണ്. ഈ പൊതുമേഖലാ സ്ഥാപനം പോലും വന്‍ലാഭം നേടുമ്പോള്‍ നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകര്‍ ഈ കൃഷിയിലേയ്ക്കിറങ്ങിയാല്‍ നല്ല ലാഭം ഉറപ്പാണ്.
എണ്ണപ്പനയോടൊപ്പം ആദ്യത്തെ മൂന്നുകൊല്ലക്കാലത്ത് പൈനാപ്പിളും, അതോടൊപ്പം ഇടവിളകളായി, കൊക്കോയും കൊടിക്കാലില്‍ കുരുമുളകും നമുക്ക് കൃഷി ചെയ്യാം. ഈ വിളകള്‍ നാലും, അതായത്, പൈനാപ്പിള്‍, എണ്ണപ്പന, കൊക്കോ, കുരുമുളക്, ഒരേ സമയം ആദായം തരുന്നതോടൊപ്പം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വന്‍ മുതല്‍മുടക്കില്ലാതെ തന്നെ, ഉല്പാദിപ്പിക്കാന്‍ സൗകര്യം നല്‍കുന്ന വിളകളുമാണ്. ആദ്യ മൂന്നുവര്‍ഷങ്ങളില്‍ പൈനാപ്പിള്‍ നല്‍കുന്ന ലാഭത്തിനു പുറമെ, മൂന്നു കൊല്ലത്തില്‍ ലഭിക്കാന്‍ തുടങ്ങുന്ന എണ്ണപ്പന പഴക്കുലകളും, കൊക്കോ കായ്കളും, കുരുമുളകുമണികളും നമുക്ക് ലഭിക്കും.
എണ്ണപ്പനയുടെ പഴക്കുലകള്‍ വെട്ടി താഴെയിട്ട്, ഫാക്ടറിയില്‍ എത്തിച്ച് പഴം പിഴിഞ്ഞും, പഴത്തിനുള്ളിലുള്ള കുരു ചതച്ചും, എണ്ണയെടുത്ത് ശുദ്ധീകരിക്കാന്‍ ഫാക്ടറി വേണം. ഒരു ചെറിയ ഫാക്ടറി നല്ല രീതിയില്‍ നടത്താന്‍ ഉദ്ദേശം 2000 ഹെക്ടര്‍ വിസ്തൃതിയില്‍ എണ്ണപ്പന കൃഷിയുണ്ടാകണം. അത് ഉദ്ദേശം 30 കിലോമീറ്റര്‍ ചുറ്റളവിനകത്ത് ഉണ്ടായാല്‍, അധിക താമസമില്ലാതെ പഴക്കുലകള്‍ ഫാക്ടറിയിലെത്തിച്ച് സംസ്കരിച്ച് കൂടുതല്‍ എണ്ണയെടുക്കാന്‍ കഴിയും. നമുക്ക് ഫാക്ടറിയില്ലെങ്കില്‍ ‘ഓയില്‍ പാം ഇന്‍ഡ്യ’ കമ്പനിക്കാര്‍ ന്യായവിലയ്ക്ക് പഴക്കുല സംഭരിച്ചുകൊള്ളും. പക്ഷേ, കര്‍ഷകരുടെ ഫാക്ടറി നിര്‍മ്മിക്കുന്നത് കൂടുതല്‍ ലാഭം നേടാന്‍ ആവശ്യം. ഫാക്ടറിക്ക് 6 കോടി രൂപ ചെലവായാല്‍, 2 കോടി രൂപ (മൂന്നിലൊന്ന്) സബ്സിഡിയായി ലഭിക്കും.
എണ്ണപ്പനയ്ക്കു കേരളസര്‍ക്കാര്‍ ഭൂപരിധി നിയമത്തില്‍നിന്നും ഇളവ് അനുവദിച്ചിട്ടില്ല. അപ്പോള്‍, ഭൂപരിധിയില്‍നിന്നും ഇളവ് ലഭിച്ചിട്ടുള്ള റബര്‍ തോട്ടത്തില്‍ റബറിനുപകരം എണ്ണപ്പന കൃഷി ചെയ്യുമ്പോള്‍ പ്രശ്നം ഉണ്ടാകുമോ? ഇന്ന് ഇളവ് അനുവദിച്ചിട്ടുള്ള വിളകള്‍ റബര്‍, കാപ്പി, തേയില, ഏലം, കൊക്കോ, കശുമാവ്, ഗ്രാമ്പൂ എന്നിവയാണ്.
തല്‍ക്കാലം, ഇളവ് ലഭ്യമായ കൊക്കോയാണ് റബറിന് പകരം കൃഷി ചെയ്യുന്നത്, എന്ന് കാണിക്കുകയും, എണ്ണപ്പന, കുരുമുളക് എന്നിവ ഇടവിളകളാണെന്നും വ്യക്തമാക്കാം. കേരളസര്‍ക്കാര്‍ തന്നെ ഇതിനിടയ്ക്ക് ഇക്കാര്യം പരിഗണിച്ച് എണ്ണപ്പന, പഴവര്‍ഗ്ഗങ്ങള്‍, നാളികേരം, കുരുമുളക്, പ്ലാവ് എന്നീ വിളകളെക്കൂടി ഭൂപരിധിയില്‍നിന്നും ഒഴിവാക്കാന്‍ നമുക്ക് പരിശ്രമിക്കാം.
പ്രായപൂര്‍ത്തിയായ റബര്‍ വെട്ടിമാറ്റി റീപ്ലാന്‍റ് ചെയ്യുന്നതിനുപകരം, കുറേയധികം റബര്‍ കര്‍ഷകര്‍, എണ്ണപ്പന – കൊക്കോ – കുരുമുളക് – പൈനാപ്പിള്‍ കൃഷിയിലേക്ക് ഉത്സാഹത്തോടെ ഇറങ്ങുന്നത് കാണുമ്പോള്‍, ടയര്‍വ്യവസായികള്‍ ഈ നീക്കം കാണും. ഇത്രയുംകാലം ചൂഷണം ചെയ്യപ്പെട്ട ഇരകളായിരുന്ന ചെറുകിട കര്‍ഷകര്‍ ടയര്‍ വ്യവസായികള്‍ക്ക് ഒരു സുപ്രധാനസന്ദേശം നല്‍കുകയായിരിക്കും ചെയ്യുന്നത് – തങ്ങള്‍ മാറിച്ചിന്തിക്കാന്‍ തയ്യാറാണ്, എന്ന സന്ദേശം!