നഷ്ടപ്പെടുത്തരുത് നമ്മുടെ കൗമാരത്തെ

ബിനീഷ് കളപ്പുരയ്ക്കൽ പൊളിറ്റിക്‌സ് അധ്യാപകൻ നെഹ്‌റു സ്‌മാരക പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പുറ്റടി.

ഭികാമ്യം അല്ല എന്ന് ഇപ്പോഴത്തെ മുതിർന്നവർ കരുതുന്ന കാര്യങ്ങൾ ചെയ്താൽ അത്തരം കുട്ടികളെ ശിക്ഷിച്ച് പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. അത് വിദ്യാഭ്യാസസ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്ന കാര്യമല്ല. അത് സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണ്.’സമൂഹമാധ്യമത്തിൽ കേരളത്തിൻ്റെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എഴുതിയ ഈ കുറിപ്പിൽനിന്ന് തന്നെ തുടങ്ങാം. കുട്ടികളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കുട്ടിയോ ടീച്ചറോ മാത്രം കണ്ടെത്തേണ്ടതല്ല അത് സമൂഹം മുഴുവൻ്റെയും കൂട്ടുത്തരവാദിത്വമാണ്

1. നല്ല പ്രായം

‘കാലം കുഞ്ഞുമനസ്സിൽ ചായം കൂട്ടി കണ്ണിൽപൂത്തിരി കത്തി ചിറകു മുളച്ചു പാറി നടന്നൂ. കൗമാരമനസ്സിൻ്റെ വേഗതയും സന്തോഷവും കാവാലം നാരായണപ്പണിക്കർ ഒരു പാട്ടിൽ വരച്ചു വയ്ക്കുന്നത് ഇങ്ങനെയാണ്. അതെ! കുട്ടികളുടെ പ്രായം തന്നെയാണ് അവരുടെ പ്രശ്‌നങ്ങളുടെ ഉറവിടവും. തുടിച്ചു തുള്ളിക്കുതിച്ചു പായുന്ന ഈ കൗമാര മനസ്സിന് ഇടയ്ക്കൊന്ന് കാലിടറി പോകും, വീണുപോകും. കുട്ടികളല്ലേ, നടക്കാൻ പഠിക്കുമ്പോൾ വീഴും. എന്നാൽ ആ വീഴ്ചകളും ഇടർച്ചകളും ഇന്ന് ഗൗരവമായ വീഴ്‌ചകളായി മാറിയതാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. കുട്ടി പ്രണയങ്ങൾ പോക്സോ കേസുകളായി മാറുന്നു. കുട്ടികൾ തമ്മിലുള്ള വഴക്ക് കത്തിക്കുത്തുകളും കൊലപാതകവു മായി മാറുന്നു. അധ്യാപകൻ തിരുത്തിയാൽ കുട്ടി കൊലവിളി മുഴക്കുന്നു. കൂട്ടത്തല്ല് സ്‌കൂളുകളിലെ സ്ഥിരം കലാപരിപാടിയായി. മൊബൈൽ ഉപയോഗം മാനസികരോഗമായി.

പോംവഴി: ഒരാളുടെ ബൗദ്ധിക വളർച്ച പൂർത്തിയാകുന്നത് 22- 23 വയസ്സോടുകൂടിയാണെന്നാണ് വളർച്ചാ സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നത്. തലച്ചോറിലെ വൈ കാരികതയുടെ ഇടമായ Amygdala യുടെ വളർച്ച കൗമാരത്തിൽ പൂർത്തിയാവുന്നു. എന്നാൽ തിരിച്ചറിവിന്റെയും വിവേകത്തിൻ്റെയും ഇടമായ pre-frontal lob ൻ്റെ വളർച്ചയാവട്ടെ പൂർത്തിയാവുന്നില്ല. ഫലത്തിൽ, ശക്തമായി പ്രവർത്തിക്കുന്ന എൻജിനുള്ള, എന്നാൽ ബ്രേക്കില്ലാത്ത ഒരു വാഹനം പോലെയാണ് കൗമാരക്കാർ. വൈകാരിക ആവേശമുണ്ട്. പക്ഷേ വിവേകമില്ല. അത് അവരുടെ കുറ്റമല്ല. പ്രായം അതാണ്. ഇക്കാര്യം എളിമയോടെ കുട്ടി തിരിച്ചറിയണം. താനൊരു കുട്ടി ആയിരിക്കുന്നിടത്തോളം കാലം തിരുത്തലുകളെ സ്വീകരിക്കണമെന്നും സ്വയം അച്ചടക്കം പരിശീലിക്കണമെന്നും തീരുമാനിക്കണം. കുട്ടികളുമായി ഇടപെടുന്ന മാതാപിതാക്കളും അധ്യാപകരും ഇത് കുട്ടിയാണെന്നും കുട്ടിയുടെ പ്രായം ഇതാണെന്നും മനസ്സിലാക്കി അവനെക്കുറിച്ച് മുൻവിധികളോ വിധികളോ നടത്താതെ ദീർഘക്ഷമയോടെ അവൻ്റെ മാറ്റത്തിനായി കാത്തിരിക്കണം. ‘സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്’. 1 കോറി ന്തോസ് 13 : 4.

2. ആശാനക്ഷരമൊന്നു പിഴച്ചാൽ

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്ന് പാടിയത് കുഞ്ചൻ നമ്പ്യാരാണ്. കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചുള്ള ഈദിവസങ്ങളിലെ ചർച്ചകളിൽ ഉയർന്നുകേട്ട മറ്റൊരു പറച്ചിലായിരുന്നു: ‘മോശം വിദ്യാർത്ഥി എന്നൊന്നില്ല, ഉള്ളത് മോശം അധ്യാപകരാണ്’ എന്ന്. കൂടാതെ അധ്യാപക സെമിനാറിൽ ആവർത്തിച്ചു കേൾക്കാറുള്ള ഒരു പ്രസ്‌താവനയുണ്ട്: No Society can rise above the level of their teachers ഒരു സമൂഹത്തിൻ്റെ നിലവാരം അവിടുത്തെ അധ്യാപകരുടെ നിലവാരമാണ്. കുട്ടികളുടെ പ്രശ്‌നങ്ങളുടെയൊക്കെ കാരണമായി അധ്യാപകരൊഴികെ എല്ലാവരും വന്നെത്തി നിൽക്കുന്നത് ഏകദേശം ഈ ഒരു തീരുമാനത്തിലാണ്. കാര്യം ശരിയാണ്. പക്ഷേ ചെറിയൊരുതിരുത്തുണ്ട്. ഇവിടെ ടീച്ചർ എന്നാൽ സ്‌കൂളിൽ കുട്ടിയെ പഠിപ്പിക്കുന്ന ആൾ മാത്രമല്ല. വിശാലർത്ഥത്തിൽ കുട്ടിയെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുന്ന എല്ലാവരും അധ്യാപകർ തന്നെയാണ്. കുട്ടിതന്റെ ആയുസ്സിലെ ഏതാനും ദിവസങ്ങൾ മാത്രം ക്ലാസ് മുറിയിൽ ഇരുന്ന് പരിചയിക്കുന്ന അധ്യാപകരേക്കാൾ എത്രയോ വലിയ സ്വാധീനം കുട്ടിയുടെ കുടുംബത്തിനും കൂട്ടുകാർക്കും ബന്ധുക്കൾക്കും അവൻ നിത്യേന ഇടപഴകുന്ന മാധ്യമ ലോകത്തിനും അവൻ്റെ മേലുണ്ടെന്നത് എല്ലാവരും തിരിച്ചറിയേണ്ടതാണ്. അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കുട്ടി കുട്ടികളുടെ പ്രശ്‌നങ്ങൾക്ക് കുറ്റം പറയുമ്പോൾ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി സന്തോഷിക്കുകയാണ്. അത് മറ്റാരുമല്ല കുട്ടിക്ക് ജന്മം കൊടുത്ത് അവന്റെ അടിസ്ഥാന ബോധ്യങ്ങളെ വളർത്തിയ കുടുംബം എന്ന അവന്റെ ആദ്യ വിദ്യാലയവും മാതാപിതാക്കളാകുന്ന അവന്റെ ആദ്യ അധ്യാപകരുമാണത്. അധ്യാപകരെ നിയതമായ യോഗ്യതാ മാനദണ്ഡങ്ങൾ വച്ച് റിക്രൂട്ട്മെൻ്റ് പരീക്ഷകളും അഭിമുഖങ്ങളും നടത്തിയാണ് തെരഞ്ഞെടുക്കുക. എന്നാൽ കുട്ടിയെ സ്വാധീനിക്കുന്ന കുടുംബങ്ങളും മാതാപിതാക്കളും ബന്ധുമിത്രാദികളും ഒരിക്കലും ഓഡിറ്റ് ചെയ്യപ്പെടുന്നില്ല. കുട്ടികളുടെ പ്രശ്‌നങ്ങളേക്കുറിച്ചുള്ള ഏതൊരന്വേഷണവും ചെന്നെത്തിനിൽക്കുന്നത് അവൻ ജനിച്ചു വളർന്ന വീട്ടുമുറ്റത്ത് തന്നെയാണ്. കുടുംബ കലഹം, മദ്യപാനികളായ മാതാപിതാക്കൾ, മക്കളെ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കൾ, വിവാഹമോചനം, സിംഗിൾ പേരൻ്റിംഗ് തുടങ്ങി ഇന്ന് കുടുംബങ്ങളിൽ കുട്ടികൾ കടന്നു പോകേണ്ടി വരുന്ന വേദനകൾ നിരവധിയാണ്.

പോം വഴി: സമാധാനമുള്ള കുടുംബാന്തരീക്ഷങ്ങൾ സൃഷ്ടിക്കപ്പെടണം. സർക്കാർ അടിയന്തരമായി കുട്ടികൾ കുടുംബങ്ങളിൽ അനുഭവിക്കുന്ന ഒറ്റപ്പെടലിൻ്റെയും അവഗണനയുടെയും മാതാപിതാക്കളുടെ മദ്യപാനം കൊണ്ടുള്ള ക്രൂരതകളുടെയും ഒരു കണക്കെടുക്കുകയും അത്തരം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രത്യേക കരുതൽ നൽകുകയും വേണം. വിവാഹബന്ധങ്ങൾക്കും കുടുംബജീവിതത്തിനുമുള്ള പ്രാധാന്യം നഷ്ടപ്പെടുത്തുന്ന ലിവിങ് ടുഗതർ പോലുള്ള പുതിയ പ്രവണതകളെ ശക്തമായി നിരീക്ഷിക്കുകയും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യണം.

3. നിങ്ങൾ എന്തു കാണുന്നുവോ നിങ്ങൾ അതായിത്തീരുന്നു

ഇന്റർനെറ്റിന്റെ പ്രവാചകനായ ഡേവിഡ് മക് ലൂഹൻ്റെ വാക്കുകളാണിവ. കുട്ടികളിൽ വളരുന്ന അക്രമത്തിന്റെയും, ആസക്തികളുടെയും പിന്നിൽ അവർ മൊബൈൽ ഫോണിൽ കാണുന്ന കാഴ്‌ചകളുടെ സ്വാധീനം വളരെ വ്യക്തമാണ്. തിന്മകളെ നന്മകൊണ്ട് ജയിക്കുന്നതിനു പകരം എല്ലാ ഇഷ്ടക്കേടുകളെയും തല്ലിയും കൊന്നും തീർക്കണമെന്നുള്ള ചിന്ത അവരെ പഠിപ്പിച്ചത് സിനിമകളാണ്. കുട്ടികളുടെ കാഴ്‌ചകൾ വിശുദ്ധീകരിക്കപ്പെടണം. കോവിഡ് കാലത്ത് വിതരണം ചെയ്ത ഫോണുകൾക്ക് ലക്ഷക്കണക്കിന് കുട്ടികളാണ് അടിമകളായി മാറിയത്. പ്രത്യേകിച്ച് മൊബൈൽ ഗെയിമിന് അടിമകളായത് ആൺകുട്ടികളാണ്. അങ്ങനെ ആൺകുട്ടികളിൽ ഭീകരമായ അലസതയും അരാജകത്വവും ആത്മനിയന്ത്രണമില്ലായ്മയും വളർന്നു. പെൺ കുട്ടികളാവട്ടെ സമൂഹമാധ്യമങ്ങളുടെ ചൂണ്ടക്കൊളുത്തുകളിൽ ലോകത്ത് എവിടെയുമുള്ള വേട്ടക്കാരന് അവളിലേക്ക് കടന്നുവരാനുള്ള വാതിലുകൾ അറിയാതെ തുറന്നിട്ടു. പത്തനംതിട്ടയിൽ അമ്പതിലധികം പേർ പീഡിപ്പിച്ച ഒരു പെൺകുട്ടിയുടെ വാർത്ത നമ്മളെ നടുക്കി. പെൺകുട്ടിക്ക് പതിമൂന്നു വയസ്സുള്ളപ്പോൾ ആദ്യമായി ഉപദ്രവിച്ചത് ആൺസുഹൃത്താണ്. പിന്നീട് പല പ്രതികളും ഇൻസ്റ്റാഗ്രാമിലൂടെയാണ് അവളിലേക്ക് കടന്നു വന്നത്. സ്‌മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാത്ത അച്ഛന്റെ മകൾ!

പോം വഴി: അമേരിക്കയിലും ബ്രിട്ടനിലും ശക്തിയാർജിച്ചത് പോലെ സ്‌മാർട്ട് ഫോൺ ഫ്രീ കൗമാരം എന്നൊരു ക്യാമ്പയിനിന് നമ്മുടെ നാട്ടിലും സമയമായി. അല്ലെങ്കിൽ കുട്ടികൾ ഉപയോഗിക്കുന്ന ഫോണുകളിൽ കൃത്യമായും പേരെന്റ് കൺട്രോളുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. കൗമാരക്കാരുടെ ഇൻസ്റ്റാഗ്രാം ഉപയോഗം അതിരുവിടുന്നു എന്ന് കണ്ടിട്ടാണ് മെറ്റ കമ്പനി പോലും ഇൻസ്റ്റാഗ്രാം റ്റീൻ അക്കൗണ്ടുകളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയത്. ഇവിടെ ഒരു കണക്കെടുപ്പ് വേണം. ഞെട്ടിക്കുന്ന ഒരു കണക്കായിരിക്കും ലഭിക്കുക. അത്രമാത്രം കുട്ടികളാണ് മൊബൈൽ ഫോണിന് അടിമകളായിരിക്കുന്നത്. പല കുട്ടികളുടെയും മാനസിക ആരോഗ്യം നഷ്ടപ്പെട്ടു. കഴിഞ്ഞു. അത്തരം കുട്ടികൾക്ക് അടിയന്തരമായ കൗൺസിലിംഗും ചികിത്സയും തന്നെയാണ് വേണ്ടത്.

4. ബാല്യത്തെ തിന്നുന്ന ലഹരിയെന്ന അർബുദം

വിദ്യാർത്ഥികളുടെ ഇടയിൽ വ്യാപകമായി പ്രചരിക്കുന്ന ലഹരി ഉപയോഗം ഞെട്ടിക്കുന്നതാണ്. പുകവലി മുതൽ രാസലഹരികളും മദ്യപാനവും വിദ്യാർത്ഥികളുടെ ഇടയിൽ അർബുദം പോലെ അതിവേഗം പെരുകുകയാണ്. ഒരു പഠനയാത്രയ്ക്ക് കുട്ടികളെ കൊണ്ട് പോകാൻ അധ്യാപകർ ഭയപ്പെടുകയാണ്. ഒരു സ്‌കൂൾ വാർഷികമോ യാത്രയയപ്പ് സമ്മേളനമോ നടത്താനുള്ള ധൈര്യം ഇന്ന് സ്ഥാപനങ്ങൾക്കില്ല. ഏത് ആഘോഷവേളകളെയും ലഹരി കൊണ്ട് നിറയ്ക്കുന്നതാണ് ഹീറോയിസം എന്ന് കരുതുന്ന ഒരു തലമുറ വളർന്നുവരുന്നുണ്ട്. 2024 ആഗസ്റ്റ് വരെ 8 മാസം കൊണ്ട് കുട്ടികൾ ഉൾപ്പെട്ട 39 മയക്കു മരുന്ന് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ 741 കേസുകളിലായി 1510 കുട്ടികൾ ഉൾപ്പെട്ട മറ്റു കുറ്റകൃത്യങ്ങൾ അതിൽ തന്നെ രണ്ട് കൊലപാതക കേസുകൾ. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് മയക്കുമരുന്ന് കയ്യിൽ വെച്ചതിന് പിടിക്കപ്പെട്ടത് 1600 കുട്ടികൾ. ഇത് കേരള പോലീസ് രജിസ്റ്റർ ചെയ്‌ത കേസുകളുടെ കണക്കാണെങ്കിൽ ചെറുതും വലുതുമായ ഇത്തരം കേസുകൾ വിദ്യാലയങ്ങളിൽ എത്രമാത്രമുണ്ടെന്ന് സ്കൂളുമായി ബന്ധപ്പെടുന്നവർക്കറിയാം.പോം വഴി: ലഹരിയുടെ ഉറവിടവും വരവും ലഭ്യതയും കുറയ്ക്കുക എന്നതാണ് പ്രധാനം. ലഹരി കുരുന്നു കരങ്ങളിൽ എത്തുന്ന വഴികളടയണം. ക്രിമിനൽ മനസോടെ ലഹരി സ്‌കൂളിലെത്തിച്ച് സഹപാഠികൾക്കിടയിൽ വിതരണം ചെയ്യുന്ന കുട്ടികൾക്ക് തക്കതായ ശിക്ഷയും തിരുത്തലും നൽകിയേ പറ്റൂ. ബാലനീതി നിയമത്തിലെ ഭേദഗതിയിൽ 16 മുതൽ 18 വയസ്സ് വരെയുള്ള പ്രായത്തിൽ ഹീനകുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കുട്ടി എന്ന പരിരക്ഷ നൽകില്ല എന്ന വ്യവസ്ഥ ഇവിടെയും ബാധകമാകണം. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം പാഠ്യ പദ്ധതിയുടെ ഭാഗമാകണം.

5. തീക്കളിയായി മാറുന്ന കൗമാരപ്രണയങ്ങൾ

കൗമാരം പ്രണയഭരിതമാണ്. അത് വളർച്ചയുടെയും ഹോർമോൺ പ്രവർത്തനങ്ങളുടെയും ഭാഗമാണ്. എന്നാൽ കൗമാരപ്രണയബന്ധങ്ങൾ ഇന്ന് അനുഭൂതികൾക്കും തോന്നലുകൾക്കുമപ്പുറം ഗാഢമായ ബന്ധങ്ങളിലേക്ക് നീങ്ങുകയാണ്. കുട്ടികൾ തമ്മിലുള്ള പല സംഘർഷങ്ങളുടെയും മൂല കാരണം പലപ്പോഴും ഈ പ്രണയ ബന്ധങ്ങളെക്കുറിച്ചുള്ള തർക്കങ്ങളാണ്. ബാലാവകാശ കമ്മീഷന്റെ 2023- 24 ലെ റിപ്പോർട്ടനുസരിച്ച് 4663 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ തന്നെ അതിജീവിതകളും പ്രതികളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ 3767 കേസുകളിൽ 1169 പ്രതികളും അതിജീവിതകളുടെ കാമുകന്മാരും സുഹൃത്തുക്കളുമായിരുന്നു! പ്രണയമെന്ന മധുരമിഠായിയിൽ പൊതിഞ്ഞുവെച്ച ആസക്തിയുടെ വിഷം!പോം വഴി: പോക്സോ നിയമത്തെക്കുറിച്ചും പക്വതയുള്ള പ്രണയത്തെക്കുറിച്ചുമുള്ള ബോധവൽക്കരണങ്ങൾ വേണം. എന്നാൽ എത്രയൊക്കെ മുന്നറിയിപ്പുകൾ നൽകിയാലും മാതാപിതാക്കളുടെയും അധ്യാപകരുടെയും സംരക്ഷണ കവചത്തിൽനിന്നും രക്ഷപ്പെട്ട് തന്റെ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോകാൻ മാത്രമുള്ള അടിമത്തമായി പ്രണയങ്ങൾ മാറുകയാണ്. ഇവിടെയും ചെറിയ കുട്ടികളിലേക്ക് വേട്ടക്കാർക്ക് കടന്നു വരാനുള്ള മാർഗമായി സമൂഹമാധ്യമങ്ങൾ മാറുന്നുണ്ട്. ആ വാതിലുകളാണ് അടയ്ക്കപ്പെടേണ്ടത്. കൗമാരക്കാരുടെ കൈകളിലേക്ക് മൊബൈൽ വച്ചു കൊടുക്കുംമുമ്പ് ഒരായിരം വട്ടം മാതാപിതാക്കൾ ചിന്തിക്കണം. ഫോൺ ഇല്ലാത്തതി എൻ്റെ പേരിൽ ഒരു കുട്ടിക്കും ഒരു അപകടവും ഇന്നുവരെ ഉണ്ടായിട്ടില്ല. പക്ഷേ ഫോണിലൂടെ വന്ന ബന്ധങ്ങൾ അനേകം കുട്ടികളുടെ ജീവൻ കവർന്നിട്ടുമുണ്ട്.

6. ഇരുതലവാൾ മൂർച്ചയുള്ള ബാലാവകാശം

1989 ൽ UNICEF അന്താരാഷ്ട്ര സ്ഥലത്തിൽ കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തിയതോടുകൂടിയാണ് കുട്ടികൾക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന് ലോകത്തിന് ബോധ്യമായത്. ആ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് നമ്മുടെ രാജ്യത്തും ബാലാവകാശ നിയമങ്ങൾ അംഗീകരിക്കപ്പെട്ടു. അതോടെ നമ്മുടെ മക്കളുടെ അവകാശങ്ങൾക്ക് രാജ്യം കാവലായി. ബാലാവകാശ കമ്മീഷൻ നിലവിൽ വന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ബാലാവകാശങ്ങൾ പലപ്പോഴും ഇരുതല വാൾ മൂർച്ചയുള്ള ആയുധമായി മാറാറുണ്ട്. ബലാവകാശത്തെ പേടിച്ച് അധ്യാപകരും മാതാപിതാക്കളും യാതൊരുതരത്തിലും കുട്ടികളെ തിരുത്താനോ കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാനോ തയ്യാറാവാതെ നിസംഗരായി പോകുന്നുവെന്ന് കോടതി തന്നെ നിരീക്ഷിക്കുകയുണ്ടായി.പോം വഴി: ബാലാവകാശ നിയമങ്ങളും ബാലസംരക്ഷണ പ്രസ്ഥാനങ്ങളും അതിക്രമങ്ങളെ തടയുന്നതിന് ഒന്നാം സ്ഥാനം നൽകുക. ചൈൽഡ് ലൈൻ, സി ഡ.ബ്ല്യു.സി തുടങ്ങിയവ കുട്ടികളെ തിരുത്തുന്നതിനും കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതിനും തയ്യാറാവുക. സ്‌കൂളിൻ്റെ പാഠ്യഭാരത്തിനിടയിൽ ഓരോ കുട്ടികളെയും വ്യക്തിപരമായി ശ്രദ്ധിച്ച് ഈ ദൗത്യം ചെയ്യാൻ അധ്യാപകർക്കും സ്ഥാപനത്തിനും ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ എല്ലാ സംവിധാനങ്ങളും കൗൺസിലർമാരും പോലീസും കെയർ ഹോമുകളുമുള്ള ഈ സ്ഥാപനങ്ങൾ പ്രത്യേക പരിഗണന ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികളെയും ഏറ്റെടുക്കുകയും അവർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്യണം.കുട്ടികളെ തിരുത്തുക എന്നാൽ അധ്യാപകരുടെ കയിൽ പഴയ വടി തിരിച്ചു നൽകുക എന്നുമാത്രം വ്യാഖ്യാനിക്കുന്നത് തെറ്റാണ്. തിരുത്തപ്പെടുക എന്നത് ഏതൊരു പൗരന്റെയും അവകാശം കൂടിയാണ്. ഏതെങ്കിലും ഒരു കലാരൂപമോ കായിക ഇനമോ അഭ്യസിക്കുന്ന ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ പരിശീലകൻ തിരുത്തുന്നില്ലായെങ്കിൽ എന്നെങ്കിലും അയാൾക്ക് മികച്ച ഒരു കായിക താരമോ കലാകാരനോ ആകാൻ കഴിയുമോ?ഒരിക്കലുമില്ല. ഇതുപോലെ തന്നെയാണ് ഓരോ വിദ്യാർത്ഥിയും. അയാൾ തിരുത്തപ്പെട്ടില്ലെങ്കിൽ എങ്ങനെയാണ് നല്ലൊരു പൗരനാകാൻ സാധിക്കുക! എന്നാൽ ഇന്ന് വിദ്യാലയങ്ങളിൽ കുട്ടികളെ തിരുത്താനുള്ള യാതൊരു സംവിധാനങ്ങളും നിയമപരമായി നിലവിലില്ല. താൻ ചെറിയ ചെറിയ മോഷണങ്ങൾ നടത്തിയപ്പോൾ തിരുത്താതിരുന്ന തൻറെ അമ്മയുടെ ചെവി കടിച്ചെടുത്ത് ജയിലിലേക്ക് പോയ ഒരു മകൻ്റെ കഥ നമ്മൾ കേട്ടിട്ടുണ്ട്. നാളെ വലിയ കുറ്റകൃത്യങ്ങളിൽപ്പെട്ട് ജീവിതം എന്ന പളുങ്കുപാത്രം തകരുമ്പോൾ ‘എൻ്റെ ടീച്ചറെ അന്ന് ടീച്ചർ എന്നെ എന്തുകൊണ്ട് ശിക്ഷിച്ചില്ല’ എന്ന് നിശബ്ദമായി കരഞ്ഞു ചോദിക്കുന്ന അനേകം കുട്ടികളെ ഈ നാട്ടിൽ ഇനി കാണേണ്ടിവരും.

7. വടി മാത്രമല്ല തിരുത്തൽ

കുട്ടികളെ തിരുത്തുക എന്നാൽ അധ്യാപകരുടെ കയ്യിൽ പഴയ വടി തിരിച്ചു നൽകുക എന്നുമാത്രം വ്യാഖ്യാനിക്കുന്നത് തെറ്റാണ്. തിരുത്തപ്പെടുക എന്നത് ഏതൊരു പൗരൻറെയും അവകാശം കൂടിയാണ്. ഏതെങ്കിലും ഒരു കലാരൂപമോ കായിക ഇനമോ അഭ്യസിക്കുന്ന ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ പരിശീലകൻ തിരുത്തുന്നില്ലായെങ്കിൽ എന്നെങ്കിലും അയാൾക്ക് മികച്ച ഒരു കായിക താരമോ കലാകാരനോ ആകാൻ കഴിയുമോ? ഒരിക്കലുമില്ല. ഇതുപോലെ തന്നെയാണ് ഓരോ വിദ്യാർത്ഥിയും. അയാൾ തിരുത്തപ്പെട്ടില്ലെങ്കിൽ എങ്ങനെയാണ് നല്ലൊരു പൗരനാകാൻ സാധിക്കുക!

പോം വഴി: കുട്ടികളെ തല്ലുന്നതുമാത്രമല്ല ശിക്ഷ. കുട്ടികളെ തിരുത്തലിനായി കൗൺസിലിംഗ് നൽകുന്നതും ക്ലാസിൽ നിന്നും മാറ്റി നിർത്തി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതും പോലെ പോസിറ്റീവായ ശിക്ഷണ നടപടികൾ സ്‌കൂളുകളിൽ അവതരിപ്പിക്കണം.

വേണം ഒരു സമഗ്ര പദ്ധതി.

സമൂഹം ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ മാത്രമേ നമ്മുടെ കൗമാരത്തെ തിരിച്ചുപിടിക്കാനാവൂ. അക്രമം നിറഞ്ഞ ഒരു സമൂഹത്തിന് എങ്ങനെയാണ് കുട്ടികളെ നേർ വഴിക്ക് നയിക്കാൻ സാധിക്കുക. മാതൃഭൂമി ദിനപത്രത്തിൽ എഴുത്തുകാരി ശാരദക്കുട്ടി എഴുതിയതുപോലെ; “കൊന്നുകളയും തട്ടിക്കളയും, കാണിച്ചു തരാം” ഇതൊന്നും നമ്മളാദ്യമായി പാലക്കാട്ടെ 16-കാരൻ കുട്ടിയിൽനിന്നല്ല കേൾക്കുന്നത്. “തള്ളേ കണ്ടു മരിക്കില്ല, കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും” എന്നൊക്കെ ഭീഷണിമുഴക്കിയവർ കുട്ടികൾമാത്രമായിരുന്നില്ല. ഉത്തരവാദപ്പെട്ട നേതൃപദവികളിലിരുന്നുകൊണ്ട് ഇത്തരം ഭീഷണികൾ ആവർത്തിക്കുന്നവർ പാലക്കാട്ടെ കുട്ടിയെ എന്തുപറഞ്ഞാകും ഗുണദോഷിക്കുക? സിനിമാക്കാർക്കുമാത്രമല്ല രാഷ്ട്രീയനേതൃത്വങ്ങൾക്കും, ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ഭാര്യയെ ശാസിക്കുകയും താക്കീ തുനൽകുകയും ചെയ്യുന്ന കുടുംബസംവിധാനങ്ങൾക്കും ഇത്തരം അപചയങ്ങളിൽ കാര്യമായ പങ്കുണ്ട്. സമൂഹത്തെ മൊത്തം ബാധിക്കുന്ന ജ്വരത്തിൻ്റെ ഒരു വിഹിതം പുതുതലമുറയ്ക്കും കിട്ടാതിരിക്കില്ല’.