ചര്‍ച്ച് ബില്‍ കാണാപ്പുറങ്ങള്‍


അഡ്വ. മനു ജെ. വരാപ്പള്ളി M.A, LLB

ഒരു നിയമത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങളിലും ((Statement of Object and Reasons) പ്രാരംഭത്തിലും (Preface) ആണ് നിയമത്തിന്‍റെ ഹൃദയം എന്തെന്ന് മനസ്സിലാകുക. കരട് ബില്ലിന്‍റെ പ്രാരംഭത്തില്‍ വ്യത്യസ്ഥ ക്രൈസ്തവ സഭകളുടെ വസ്തുവകകളുടെയും പണത്തിന്‍റെയും ശുദ്ധവും സുതാര്യമായ ഭരണനിര്‍വ്വഹണത്തിനായും ക്രമരഹിതമായ തെറ്റായ ഭരണം ഇല്ലാതാക്കാനുമായി നിയമം ഒരു ആവശ്യം എന്നും അതിനായി നിയമം ഉണ്ടാക്കിയിരിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. ഉദ്ദേശലക്ഷ്യങ്ങളില്‍ നിലവില്‍ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ഭരണത്തിന് നിയമങ്ങളില്ലന്ന തെറ്റായ കാര്യവും വൈദികരും ബിഷപ്പും ആണ് എല്ലാ വസ്തുവകകളും കൈകാര്യം ചെയ്യുന്നതെന്നും പലപ്പോഴും ഒരു ആലോചന പോലുമില്ലാതെ തന്നിഷ്ട്ടപ്രകാരം വസ്തുവകകള്‍ കൈമാറ്റം ചെയ്യുന്നു എന്നും അതിനാല്‍ അത് നിയന്ത്രിക്കാന്‍ നിയമം അത്യാവശ്യമാണ് എന്നും പറഞ്ഞിരിക്കുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ബില്ലിന്‍റെ പിന്നിലെ ഉദ്ദേശം എന്നത് സഭയുടെ വസ്തുവകകള്‍ സര്‍ക്കാരിന്‍റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും നിയന്ത്രണത്തിലും സ്വാധീനത്തിലും കൊണ്ടുവരുക എന്നതും സഭയിലെ നിലവിലുള്ള പാരമ്പര്യങ്ങളും ആദിമസഭാ ചൈതന്യവും ഹയരാര്‍ക്കികളും തകര്‍ക്കുക എന്നതും ആണ് എന്ന് പകല്‍ പോലെ വ്യക്തം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സര്‍വ്വതും സ്റ്റേറ്റിന്‍റെ അധീനതയില്‍ ആയിരിക്കണം എന്ന കമ്യൂണിസ്റ്റ് തത്വത്തിലേക്കുള്ള ഒരു വയ്പ്പാണ് ഈ നിയമം. നിലവില്‍ കരട് ബില്ലില്‍ എന്ത് ചേര്‍ത്തിരിക്കുന്നു എന്നതിലുപരി ബില്‍ നിയമമാക്കിയാല്‍ ഭാവിയില്‍ ഉദ്ദേശലക്ഷ്യ പൂര്‍ത്തികരണത്തിനായ് എന്ത് തരം ഭേദഗതികളും(Amendment) നടത്താനുള്ള സാധ്യതയാണ് ബില്ലില്‍ തുറന്നിട്ടിരിക്കുക . അതുകൊണ്ട് തന്നെ ബില്ലില്‍ നാലാം വകുപ്പില്‍ ഓരോ വിഭാഗവും പള്ളിയുടെയും സഭയുടെയും ഭരണത്തിനായി ഓരോ വിഭാഗങ്ങള്‍ക്കും ചട്ടങ്ങള്‍ ഉണ്ടാക്കാം എന്ന് മാത്രം പറഞ്ഞിരിക്കുന്നു. അതായത് സ്വത്ത് കൈകാര്യകര്‍തൃത്വം ഭരണത്തിന്‍റെ ഭാഗമായി കൃത്യമായി എടുത്ത് പറയാത്തത് കാരണം ഭാവിയില്‍ അതിനുള്ള വകുപ്പുകളോ ചട്ടങ്ങളോ ഉണ്ടാക്കി ആര്‍ക്ക് വേണമെങ്കിലും സഭയുടെ വസ്തുവകകളുടെയും സമ്പത്തിന്‍റെയും നിയന്ത്രണം ഏറ്റെടുക്കാവുന്നവിധത്തില്‍ നിയമപരമായ സൗകര്യം ഒരുക്കി ഇട്ടിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.
അതുപോലെ തന്നെ ആരാണ് ക്രിസ്ത്യാനി എന്ന നിര്‍വചനത്തില്‍ ബൈബിളില്‍ വിശ്വസിക്കുകയും ക്രിസ്തുവിനെ ദൈവത്തിന്‍റെ ഏക പുത്രനായി കരുതുകയും ഓരോ വിഭാഗത്തിന്‍റെയും നിയമം അനുസരിച്ച് മാമ്മോദീസാ മുങ്ങുകയും ചെയ്തവര്‍ ഉള്‍പ്പെടുന്നു എന്നാണ് പറഞ്ഞിരിക്കുക. ക്രിസ്ത്യാനി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടാന്‍ ഈ മൂന്നു കാര്യങ്ങളും ഒരുപോലെ ആവശ്യമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. അതായത് ഇതില്‍ ഏതെങ്കിലും ഒരു കാര്യം മാത്രമേ ക്രിസ്ത്യാനി ആകാന്‍ ആവശ്യമുള്ളു എങ്കില്‍ മാമ്മോദീസാ മുങ്ങിയശേഷം പിന്നീട് നിരീശ്വരവാദിയായവര്‍ക്കും പള്ളിയില്‍ കയറാതെ വിമര്‍ശനം തൊഴിലാക്കിയാക്കിയവര്‍ക്കും എല്ലാം ക്രിസ്ത്യാനി എന്ന പേരില്‍ കേസും പുക്കാറും ആയി എന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്ന് ചുരുക്കം.
‘Denomination’ എന്തെന്ന് നിര്‍വചിച്ചിടത്ത് ഏതെങ്കിലും സഭാധ്യക്ഷനോടോ സിനഡിനോടോ കൗണ്‍സിലിനോടോ വിധേയപ്പെട്ടിരിക്കുന്നവരെ ഒരു ഡിനോമിനേഷന്‍ എന്ന് പറയും എന്ന് പറഞ്ഞിരിക്കുന്നു. പല സംസ്ഥാനങ്ങളിലായി കിടക്കുന്ന രൂപതകള്‍ക്കോ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെ രൂപതാധ്യക്ഷമാരെ ഉള്‍ക്കൊള്ളുന്ന സിനഡിനോ കീഴില്‍ വരുന്ന സഭാ സമൂഹത്തിനോ ഈ നിയമം എങ്ങനെ ബാധകം ആകുമെന്ന് ബില്ലില്‍ വ്യക്തത വരുത്തിയിട്ടില്ല. മാത്രമല്ല സന്യാസസമൂഹങ്ങളെ പ്രത്യേക നയാമിക വ്യക്തിത്വം ആയി പരിഗണിക്കാതെ സഭയുടെയുടെ ഭാഗമായി തന്നെ കരുതിയാണ് ബില്‍ തയാറാക്കിയിക്കുക. അതായത് രാജ്യത്തെ സിവില്‍ നിയമങ്ങള്‍ നല്‍കിയിരിക്കുന്ന അധികാരവകാശങ്ങളെ കവര്‍ന്നെടുത്ത് സഭയ്ക്കുള്ളിലെ സ്വയംഭരണ സംവിധാനങ്ങളെയും തകര്‍ക്കാനുള്ള ബോധപൂര്‍മായ ശ്രമവും ബില്‍ ഉന്നം വെയ്ക്കുന്നു.
ബില്ലിലെ മൂന്നാം വകുപ്പില്‍ ഓരോ ഡിനോമിനേഷനും വസ്തുക്കളും സമ്പത്തും കൈകാര്യം (to hold) ചെയ്യുന്നതിനുള്ള അവകാശം മാത്രമാണ് നല്കിയിരിക്കുക. അതായത് സഭയ്ക്ക് പൊതുവായി വസ്തുക്കള്‍ വാങ്ങുന്നതിനോ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനോ ഉള്ള അധികാരം നല്‍കിയിട്ടില്ല. ഭരണഘടനയുടെ 26 അനുച്ഛേദം അനുസരിച്ച് വസ്തുക്കള്‍ ആര്‍ജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിലുമുള്ള മൗലികാവകാശത്തിലുള്ള കടന്നുകയറ്റമാണിത്. വസ്തുക്കളാര്‍ജ്ജിക്കുന്നതില്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ആകാമെന്ന് ഭരണഘടനാ പറയുന്നുണ്ട് എങ്കിലും അതൊരിക്കലും സ്വത്ത് ആര്‍ജ്ജിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കലല്ല. ബില്ലിലെ തന്നെ ഏഴാം വകുപ്പില്‍ പള്ളികള്‍ക്ക് സ്വത്ത് ആര്‍ജ്ജിക്കാനുള്ള അവകാശം പ്രധാനം ചെയ്തപ്പോള്‍ ഒന്ന് വ്യക്തമാണ്. കേന്ദ്രീകൃത സ്വഭാവത്തോടുകൂടിയുള്ള ക്രൈസ്തവ ഭരണ പാരമ്പര്യത്തെയും സേവനരീതികളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സഭയുടെ പൊതുവായ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം മാത്രം നല്‍കുന്നത് വഴി ആ സ്വത്തുക്കള്‍ മറ്റാരുടെയോ ആണ് എന്ന ധ്വനിയും ബില്‍ കൊണ്ടുവരുന്നുണ്ട്. കേന്ദ്രീകൃതരീതിയിലുള്ള സ്ഥാപനങ്ങളെ വരുതിയിലാക്കാനും പിടിച്ചെടുക്കാനും ഇതിന്‍റെ മറവില്‍ നാളെ നിയമങ്ങള്‍ കൊണ്ട് വന്നാലും അത്ഭുതപ്പെടാനില്ല.
ബില്ലിലെ എട്ടാം വകുപ്പില്‍ ചര്‍ച്ച് ട്രിബ്യുണലിന്‍റെ രൂപീകരണമാണ് പറഞ്ഞിരിക്കുക. ഏകാംഗ ട്രിബ്യുണലോ മൂന്നംഗ ട്രിബുണലോ ഉണ്ടാക്കാമെന്നും ജില്ലാ ജഡ്ജിയുടെ പദവിയില്‍ ഇരിക്കുന്നതോ ഇരുന്നതോ ആയ ഒരു ജഡ്ജി ആയിരിക്കണം ഏകാംഗ ട്രിബുണല്‍ എന്നും മൂന്നംഗ ട്രിബുണല്‍ ആണെങ്കില്‍ ജില്ലാജഡ്ജിയുടെ പദവിയില്‍ ഇരിക്കുന്നതോ ഇരുന്നതോ ആയ ഒരു ജഡ്ജി ആധ്യക്ഷ്യം വഹിക്കണം എന്നും പറയുന്നു. മറ്റ് അംഗങ്ങള്‍ എന്ന് പറയുക ജില്ലാ ജഡ്ജി ആകാന്‍ യോഗ്യത ഉള്ള വ്യക്തിയോ ഗവണ്‍മെന്‍റ് സെക്രട്ടറി ആയിരുന്ന വ്യക്തിയോ ആകണം എന്നും നിഷ്കര്‍ച്ചിരിക്കുന്നു. ട്രിബുണല്‍ ആയതിനാല്‍ നിയമനങ്ങള്‍ തീരുമാനിക്കുക ഭരിക്കുന്ന ഗവണ്‍മെന്‍റ് ആയിരിക്കും. രാഷ്ട്രീയ നിലപാടുകള്‍ നിയമനത്തില്‍ സ്വാധീനിക്കപ്പെടും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. മാത്രമല്ല ട്രിബുണലിന്‍റെ ഉത്തരവ് അന്തിമമായിരിക്കും എന്നും ഒരു ഡിനോമിനേഷനിലെ ഏതൊരു വ്യക്തിക്കും യോഗങ്ങളില്‍ ഉണ്ടായ തീരുമാനം തൃപ്തികരം അല്ലാതെ വന്നാല്‍ ട്രിബുണലിനെ സമീപിക്കാം എന്നും ഒന്‍പതാം വകുപ്പ് പറയുന്നു. അതായത് ഒരു യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായത്തെ പോലും ചോദ്യം ചെയ്യാവുന്ന, ജനാധിപത്യ പ്രക്രിയപോലും ചോദ്യം ചെയ്യാവുന്ന അധികാരമാണ് ഓരോ വിഭാഗത്തിലെയും ഓരോ വ്യക്തികള്‍ക്കും നല്കിയിരിക്കുക. സഭാവിരോധിയായ ഒരാളോ വ്യക്തിപരമായ വിദ്വേഷം വെച്ച് പുലര്‍ത്തുന്ന ഒരാളോ വിചാരിച്ചാല്‍ ഒരു ഇടവകയെ മുഴുവന്‍ ബുദ്ധിമുട്ടിക്കാവുന്ന അവസ്ഥയിലേക്ക് എത്തും. നിയമത്തിന്‍െ ഉപജ്ഞാതാക്കള്‍ പരിശോദിച്ചു കഴിഞ്ഞാല്‍ നാളിതുവരെയായും വിരലിലെണ്ണാവുന്ന തര്‍ക്കങ്ങള്‍ മാത്രമാകും കത്തോലിക്കാസഭയെ സംബന്ധിടത്തോളം കോടതിയില്‍ എത്തിയിരിക്കുക എന്ന് ബോധ്യമാകും. ഈ സ്വസ്ഥമായ അന്തരീക്ഷം മാറ്റി എന്നും സഭാ വിരോധികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സഭാനടപടികളില്‍ തടസ്സങ്ങള്‍ ഉണ്ടാക്കാവുന്ന സാഹചര്യമാണ് ബില്ല് പ്രധാനം ചെയ്യുക. ട്രിബുണലിന്‍റെ വിധി അന്തിമമായിരിക്കും എന്ന വ്യവസ്ഥ സിവില്‍ കോടതികളില്‍ നിന്ന് ക്രൈസ്തവസമൂഹത്തിനു കിട്ടേണ്ട നിയമപരമായ സംരക്ഷണങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ എന്ന് നിസ്സംശയം പറയാം. ഭരണഘടനാ ഉറപ്പു നല്‍കുന്ന നിയമപരമായ സംരക്ഷണത്തില്‍നിന്നും നിയമസംഹിതകളിലും നിന്നുള്ള മാറ്റി നിറുത്തല്‍ ഒരു സമൂഹത്തെ രണ്ടാം തരം പൗരന്മാരാക്കലും വിവേചനവും ഭരണഘടനാ ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധവും ആണ്.
ബില്ലിന്‍റെ പ്രധാന പോരായ്മ ബില്ല് പലയിടങ്ങളിലും അവ്യക്തവും ഗോപ്യവുമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു എന്നതാണ്. പ്രത്യക്ഷത്തില്‍ കുഴപ്പമില്ല എന്ന് ദ്യോതിപ്പിച്ച് രഹസ്യ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ട പഴുതുകള്‍ ഇട്ടാണ് ബില്ല് തയാറാക്കിയിരിക്കുക. നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കാത്തത് വഴി ഇഷ്ടമുള്ള വിധത്തില്‍ ചട്ടങ്ങള്‍ നിര്‍മ്മിച്ച് നിയമങ്ങള്‍ നടപ്പിലാക്കാനുള്ള വിപുലമായ അധികാരമാണ് ഗവണ്മെന്‍റിനു വന്നിരിക്കുക. 2009 ല്‍ ആദ്യം കൊണ്ടുവന്ന ചര്‍ച്ച് ബില്ലില്‍ പള്ളികള്‍ ട്രസ്റ്റ് ആക്കി മാറ്റി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടത്തി ഭരണം നടത്തണം എന്നും, ഒരിക്കല്‍ ക്രിസ്ത്യാനി ആയാല്‍ പള്ളി ഭരിക്കാന്‍ അവകാശമായി ഏത് നിരീശ്വര വാദിയായി മാറിയാലും എന്നും നിലപാടെടുത്ത ഒരു സര്‍ക്കാരില്‍നിന്ന് സഭയ്ക്ക് മധുരിതമായത് ഒന്നും ചട്ടങ്ങളുടെ നിര്‍മ്മാണത്തിലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൂടാ, സമകാലിക സംഭവങ്ങളും നല്‍കുന്ന അനുഭവം ഇതാണ്.
ഒന്നുറപ്പിക്കാം മധുരത്തില്‍ പൊതിഞ്ഞുവച്ചിരിക്കുന്ന ഈ വിഷം ഒരു കാപട്യം (hypocricy) ആണ്. ഈ ബില്‍ പുറമേ പറയുന്നതല്ല ഉള്ളിലുള്ളത്. കേള്‍ക്കുന്നവരെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ന്യായാന്യായങ്ങള്‍ ധാരാളം ഉണ്ടാകാം പക്ഷെ യഥാര്‍ത്ഥ ലക്ഷ്യം അനുവാചകരില്‍നിന്ന് ബുദ്ധിപൂര്‍വം മറച്ചുവെച്ചിരിക്കുന്നു.
വാല്‍കഷ്ണം : ക്രൈസ്തവസമൂഹത്തെ നന്നാക്കാന്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുകൊണ്ട് സ്വയം നന്നാകുന്നില്ല. ബക്കറ്റു പിരിവുകളും നമ്പരില്ല കൂപ്പണ്‍ പിരിവും നിര്‍ത്തലാക്കി. എല്ലാം പിരുവുകള്‍ അക്കൗണ്ടഡ് ആകണ്ടേ ?? പാര്‍ട്ടിക്കുള്ളില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി പരാതി പരിഹാര ട്രിബ്യുണല്‍ വേണ്ടേ ? പീഢന തീവ്രത അളക്കുന്ന ഉപകരണങ്ങളുടെ വിധിയില്‍ തളര്‍ന്ന വനിതാ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി ഒരു നിയമം കൊണ്ടുവരണ്ടേ ???

Leave a Reply