ഓഗ്മെന്‍റഡ് റിയാലിറ്റി


ഡോ. ജൂബി മാത്യു

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍നിന്ന് ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കണം. ഒരു മൊബൈല്‍ ക്ലിക്കില്‍ വസ്ത്രം വീട്ടിലെത്തുമെന്നറിയാം. പക്ഷേ, വരുമ്പോള്‍ അളവ് ശരിയായില്ലെങ്കിലോ…. നിറം നമുക്ക് ചേരുന്നില്ലെങ്കിലോ… ഒന്നെങ്കില്‍ കിട്ടിയത് വച്ച് അഡ്ജസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ മാറ്റിയെടുക്കണം. ഇത്തരം ആശങ്കകളൊക്കെ പഴങ്കഥയാവുകയാണ് ഓഗ്മെന്‍റഡ് റിയാലിറ്റിയുടെ കടന്നുവരവോടെ. വീട്ടിലിരുന്നുതന്നെ വസ്ത്രം ഇട്ട്നോക്കി സാധാരണ കണ്ണാടിയില്‍ കാണുന്നതിനെക്കാള്‍ മികവോടെ എല്ലാ വശത്തുനിന്നും നോക്കിക്കണ്ട് നമുക്ക് ചേരുമെങ്കില്‍ മാത്രം വസ്ത്രം എടുത്താല്‍ മതി. നിത്യജീവിതത്തിലെ ഓരോ അനുഭവങ്ങളെയും യാഥാര്‍ത്ഥ്യത്തെക്കാള്‍ മികച്ച അനുഭവങ്ങളാക്കി നമ്മുടെ സൗകര്യത്തിനും സമയലാഭത്തിനുംവേണ്ടി മുന്നിലെത്തിച്ചുതരുന്ന സാങ്കേതിക വിദ്യയാണ് ഓഗ്മെന്‍റഡ് റിയാലിറ്റി (augmented reality). ഇവിടെ സാങ്കേതികവിദ്യ കാണുകയല്ല, മറിച്ച് അനുഭവിച്ചറിയുകയാണ്.
ഓഗ്മെന്‍റഡ് എന്ന വാക്കിന്‍റെ അര്‍ത്ഥം കൂട്ടിച്ചേര്‍ക്കുക അല്ലെങ്കില്‍ യോജിപ്പിക്കുക എന്നതാണ്. അതായത്, നമ്മുടെ യഥാര്‍ത്ഥമായ ലോകത്തിലേക്ക് ചിത്രങ്ങളെയും ശബ്ദങ്ങളെയും മറ്റും കൊണ്ടുവന്ന് മനുഷ്യന്‍റെ ജീവിതാനുഭവങ്ങളെ പരിപോഷിപ്പിക്കുന്ന ഒരു അവസ്ഥ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ കാണുന്ന ഭൗതികമായ വസ്തുക്കളെ, കംപ്യൂട്ടറിന്‍റെ സഹായത്തോടെ സൃഷ്ടിക്കുന്ന ചിത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് യഥാര്‍ത്ഥമായ ലോകത്തിന്‍റെ ഒന്നുകൂടി മികച്ച അനുഭവം തരുന്ന സാങ്കേതികവിദ്യയാണ് ഓഗ്മെന്‍റഡ് റിയാലിറ്റി.
വെര്‍ച്വല്‍ റിയാലിറ്റി എന്നത് മിക്കവര്‍ക്കും പരിചിതമായ സാങ്കേതികവിദ്യയാണ്. വെര്‍ച്വല്‍ എന്നാല്‍ പ്രതീതിയാണ്. പൂര്‍ണ്ണമായും യഥാര്‍ത്ഥത്തെ അനുകരിച്ചുണ്ടാക്കിയത്. ഇതാണ് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സൈറ്റും മറ്റും ചെയ്യുന്നത്. അവ കൃത്രിമമായി ഉണ്ടാക്കിയ മറ്റൊരു ലോകത്തിന്‍റെ പ്രതീതി നമുക്ക് ചുറ്റും അവതരിപ്പിക്കുന്നു. ഓഗ്മെന്‍റഡ് റിയാലിറ്റി സംവിധാനങ്ങള്‍, പുതിയൊരു ലോകം അവതരിപ്പിക്കുന്നതിനുപകരം നിലവിലുള്ള കാഴ്ചയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നു. ഉദാഹരണത്തിന്, ഒരു ഇലക്ട്രോണിക് കണ്ണട വച്ച് ഒരു കാറിനെ നോക്കുമ്പോള്‍, കാറിനോടൊപ്പം, അത് ഏത് മോഡലാണെന്ന വിവരവും കാറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും കണ്ണിന് മുന്നില്‍ തെളിയുകയാണെങ്കില്‍ അത് ഓഗ്മെന്‍റഡ് റിയാലിറ്റിയാണ്. നമ്മുടെ സുതാര്യമായ കണ്ണടയിലോ, മൊബൈല്‍ ക്യാമറയുടെ പ്രിവ്യൂവിലോ ഒക്കെ തത്സമയം കൃത്രിമ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഈ സാങ്കേതിക വിദ്യ, ഓഗ്മെന്‍റഡ് റിയാലിറ്റി മാപ്പുകള്‍ ഇതിനെല്ലാം ഉദാഹരണമാണ്. ക്യാമറയില്‍ പതിയുന്ന ചുറ്റുപാടിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം ഓരോ കെട്ടിടത്തിന്‍റെയും വിശദാംശങ്ങളും യാത്ര ചെയ്യേണ്ട ദിശയുമെല്ലാം ‘ഓവര്‍ലേ’ ആയി പ്രദര്‍ശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്.
1990 ല്‍ ടോം കോഡെല്‍ ആണ് ഓഗ്മെന്‍റഡ് റിയാലിറ്റി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. പ്രധാനമായും പോസസ്സര്‍, സെന്‍സറുകള്‍, ഇന്‍പുട്ട് ഉപകരണങ്ങള്‍, ഡിസ്പ്ലേ യൂണിറ്റ് എന്നിവയാണ് ഇതിന്‍റെ പ്രധാന ഭാഗങ്ങള്‍. നാലാം വ്യവസായിക വിപ്ലവത്തിന്‍റെ നെടുംതൂണുകളില്‍ ഒന്നായി ഓഗ്മെന്‍റഡ് റിയാലിറ്റി മാറിക്കഴിഞ്ഞു. ഓഗ്മെന്‍റഡ് റിയാലിറ്റി സംവിധാനങ്ങള്‍ ഉപയോഗിച്ച്, വസ്തുവിനെയോ മനുഷ്യരെയോ തിരിച്ചറിഞ്ഞ് ഡാറ്റബെസില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരങ്ങളുമായി താരതമ്യപ്പെടുത്തി, ഈ ഉപകരണം ഉപയോഗിക്കുന്നയാള്‍ക്ക് താനിപ്പോള്‍ കണ്ടതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓഗ്മെന്‍റഡ് റിയാലിറ്റിയുടെ അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

Leave a Reply