പ്രണയക്കെണിയില്‍ കുടുങ്ങുന്നവര്‍

ജിന്‍സ് നല്ലേപറമ്പില്‍
പന്തളത്തുള്ള സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ദീപ ചെറിയാന്‍. സ്കൂള്‍ബസ് ഡ്രൈവര്‍ ആയിരുന്ന നൗഷാദുമായുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കു വഴിമാറി. ഭര്‍ത്താവിനെയും മക്കളേയും ഉപേക്ഷിച്ച ദീപ കാമുകന്‍ നൗഷാദിനൊപ്പം പോയി. തീരൂരിനു സമീപമുള്ള മതം മാറ്റ കേന്ദ്രത്തില്‍ വച്ച് മതം മാറി, ഷാഹിനയായി. അധികം കഴിഞ്ഞില്ല തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന നൗഷാദ് മയക്കുമരുന്ന് കേസില്‍ ജയിലിലായി. നൗഷാദിനെ കാണാന്‍ ജയിലില്‍ എത്തുമ്പോള്‍ ബാംഗ്ലൂര്‍സ്ഫോടനകേസിലെ പ്രതിയും ലഷ്കര്‍-ഇ-ത്വയിബയുടെ പ്രവര്‍ത്തകനുമായ തടിയന്‍റവിട നസീറിനും കൂട്ടാളികള്‍ക്കും ജയിലില്‍ സിം കാര്‍ഡ് എത്തിച്ചു കൊടുത്തതിന് അവള്‍ അറസ്റ്റു ചെയ്യപ്പെട്ടു. 31 വയസ്സായിരുന്നു അപ്പോള്‍ ദീപയ്ക്ക് പ്രായം.
ബിസിനസ്സുകാരനായ പപ്പയുടെയും വീട്ടമ്മയായ മമ്മിയുടെയും ഏകമകള്‍ ആയിരുന്നു കാതറിന്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുമിടുക്കി. പതിനെട്ടാം ജന്മദിനത്തില്‍ പപ്പ അവള്‍ക്ക് ഒരു സ്കൂട്ടര്‍ സമ്മാനിച്ചു. കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ അവളെ കാണാതായി. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. നാലാം ദിവസം 21 വയസ്സുകാരനായ കാമുകനോടും അവന്‍റെ സുഹൃത്തുക്കള്‍ എന്ന് അവകാശപ്പെടുന്ന ഒരു തീവ്രവാദസംഘടനയിലെ പ്രവര്‍ത്തകരോടുമൊപ്പം അവള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ആലപ്പുഴയിലെ കുപ്രസിദ്ധമായ ഒരു ലോഡ്ജിന്‍റെ കുടുസുമുറിയില്‍ ഉമ്മയോടും സഹോദരങ്ങളോടുമൊപ്പം താമസിക്കുന്ന കാമുകന്‍റെ ചുറ്റുപാടും പോലീസുകാര്‍ വീഡിയോ എടുത്തുകൊണ്ടു വന്ന് കാതറിനെ കാണിച്ചുവെങ്കിലും അമ്മയുടെ പ്രായമുള്ള വനിതാ മജിസ്ട്രേറ്റ്വരെ വളരെ സ്നേഹബുദ്ധ്യാ ഉപദേശിച്ചിട്ടും അവള്‍ കാമുകനൊപ്പം പോകണം എന്ന നിലപാടില്‍ ഉറച്ചു നിന്നു. മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്കിയ സ്കൂട്ടര്‍ അപകടത്തില്‍പെട്ട് അവള്‍ മരിച്ചുപോയി എന്ന് ഞങ്ങള്‍ കരുതിക്കോളാം എന്നു പറഞ്ഞ് കരയുന്ന മാതാപിതാക്കളുടെ വേദന കണ്ടു നില്‍ക്കാന്‍ കഠിനഹൃദയര്‍ക്കുപോലും സാധിക്കില്ല.
പ്രണയത്തിന്‍റെ പേരില്‍ കുടുംബവും ബന്ധങ്ങളും വലിച്ചെറിഞ്ഞ് പിറന്ന നാടും മതവും ഉപേക്ഷിച്ച് തീനാളത്തിലേക്ക് ഈയാംപാറ്റകള്‍ എന്നപോലെ ആകര്‍ഷിക്കപ്പെട്ട് തങ്ങളുടെയും തങ്ങളെ സ്നേഹിക്കുന്നവരുടെയും ജീവിതം നശിപ്പിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ.് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍വരെ, സെയില്‍സ് ഗേള്‍സ് മുതല്‍ കോളേജ് അദ്ധ്യാപികമാര്‍ വരെ വിവിധ പ്രായത്തിലും തൊഴില്‍മേഖലയിലും ജീവിതനിലവാരത്തിലും ഉള്ളവര്‍ പ്രണയക്കെടുതിയില്‍ കുടുങ്ങിപ്പോകുന്നുണ്ട്. ഹിപ്നോട്ടിസം മുതല്‍ കൈവിഷവും, അറബിക്മാന്ത്രികവും ഉപയോഗിച്ച് സ്ത്രീകളെ വശീകരിച്ചു വശത്താക്കുന്നുവെന്നും സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി എതിര്‍ക്കാന്‍ സാധിക്കാതാക്കുന്നുവെന്നും, തീവ്രവാദ ബന്ധമുള്ള ചിലസംഘടനകള്‍ ആസൂത്രിതമായി പ്രണയത്തെ ഉപയോഗിച്ച് മതം മാറ്റം നടത്തുന്നുവെന്നുമൊക്കെ അടിസ്ഥാനമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. എന്നാല്‍ മാറിയ കുടുംബസാമൂഹിക ചുറ്റുപാടുകളും മാധ്യമങ്ങളുടെ ദു:സ്വാധീനവും സാങ്കേതികവിദ്യയുടെ ദുരുപയോഗവുമാണ് പ്രധാനമായും പ്രണയത്തിന്‍റെ പേരില്‍ കുരുക്കിലകപ്പെടുന്നവരെ ആ അവസ്ഥയിലെത്തിച്ചത് എന്ന് കാണാന്‍ സാധിക്കും.
ഒറ്റപ്പെടുന്ന ജീവിതങ്ങള്‍, സ്നേഹം കൊതിക്കുന്ന മനസ്സുകള്‍. വല്യപ്പനും, അപ്പനും, അമ്മയും സഹോദരങ്ങളും അടങ്ങുന്ന വലിയ കുടുംബങ്ങളില്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് സ്നേഹവും കരുതലും നല്‍കിയിരുന്നു. സാമൂഹികബന്ധങ്ങള്‍ കൂടുതലും ശക്തമായിരുന്നതിനാല്‍ കുട്ടികളുടെ സഹൃത്തുക്കളാരെന്നും വീടിനു പുറത്തുള്ള അവരുടെ പ്രവര്‍ത്തികള്‍ എന്താണെന്നും അവര്‍ തെറ്റായ കൂട്ടുകെട്ടുകളില്‍പെട്ടു പോകുന്നുണ്ടോയെന്നും വീട്ടുകാര്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ അണുകുടുംബങ്ങള്‍ സര്‍വ്വസാധാരണയോടെ ആര്‍ക്കും ആരെയും കേള്‍ക്കാന്‍ സമയമില്ലാതായി. അപ്പനും അമ്മയും ജോലിക്കുപോകുന്ന പല വീടുകളിലും കുട്ടികള്‍ സ്കൂള്‍ വിട്ട് താമസിച്ചു വന്നാല്‍ അറിയാന്‍ മാര്‍ഗ്ഗമില്ല. കുട്ടികളുടെ വിശേഷങ്ങളും ആകുലതകളും കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്കു സമയമില്ലാതാകുമ്പോള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ബസിലെ കണ്ടക്ടറോ, ഓട്ടോയുടെ ഡ്രൈവറോ, മിക്സ്ഡ്കോള്‍ വഴി പരിചയപ്പെട്ട ചേട്ടനോ, ഫേസ് ബുക്ക് സുഹൃത്തോ ഒക്കെ ആ സ്ഥാനം കരസ്ഥമാക്കി അടുത്തു കൂടുന്നു. വീട്ടമ്മമാര്‍ പ്രണയത്തിന്‍റെ പേരില്‍ അവിഹിതബന്ധങ്ങളില്‍ കുരുങ്ങുന്നതിനു പിന്നിലും ഏകാന്തതയും ഒറ്റപ്പെടലുമാണ് പ്രധാനകാരണം. ഭര്‍ത്താവിന്‍റെ പരിഗണന ലഭിക്കാത്ത ഭാര്യമാരുടെ വേദന പങ്കിടാന്‍ അനുഭാവപൂര്‍വ്വം എത്തിയാണ് വേട്ടക്കാര്‍ കുരുക്കു മുറുക്കുന്നത്. തങ്ങള്‍ ആഗ്രഹിക്കുന്നതും തങ്ങള്‍ക്കു ലഭിക്കാത്തതുമായ കരുതലും സ്നേഹവും മറ്റൊരാളില്‍നിന്ന് ലഭിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നതോടുകൂടി മറ്റെല്ലാം വിസ്മരിച്ച് അയാളിലേക്ക് ആകര്‍ഷിക്കപ്പെടുകയും എല്ലാം ഇട്ടെറിഞ്ഞ് അയാളുടെ പിന്നാലെ പോവുകയും ചെയ്യുന്നു. എല്ലാ ദിവസവും മാതാപിതാക്കളും മക്കളും കുറച്ചുസമയമെങ്കിലും ഒന്നിച്ചിരിക്കാനും മനസ്സു തുറന്നു സംസാരിക്കാനും തയ്യാറായാല്‍ പല പ്രശ്നങ്ങളും ഇല്ലാതാകും.
വിഷം വമിപ്പിക്കുന്ന സീരിയലുകളും സിനിമകളും അധാര്‍മ്മിക ബന്ധങ്ങള വിശുദ്ധ പ്രണയമായും ചിത്രീകരിക്കുന്ന സീരിയലുകളും സിനിമകളും സമൂഹത്തിന്‍റെ ചിന്താമണ്ഡലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. അധ്യാപികയെ പ്രേമിക്കുന്ന വിദ്യാര്‍ത്ഥിയുടെയും മരിച്ചുപോയ കാമുകനുവേണ്ടി കാത്തിരിക്കുന്ന അന്യമതസ്ഥനായ കാമുകിയുടെയും കഥപറഞ്ഞ സിനിമകള്‍ നമ്മുടെ നാട്ടില്‍ സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പ്രേക്ഷകര്‍ പണം കൊടുത്ത് തീയേറ്ററില്‍ പോയി കാണുന്ന സിനിമകള്‍ വിലയിരുത്തുവാനും സര്‍ട്ടിഫിക്കേറ്റ് നല്കാനും സെന്‍സര്‍ബോര്‍ഡ് നിലവില്‍ ഉണ്ടെങ്കിലും വീടുകളിലെ സ്വീകരണമുറിയിലേക്കു കടന്നുവരുന്ന ചാനലുകളെയും അവ സംപ്രേഷണം ചെയ്യുന്ന സീരിയലുകളുമടക്കമുള്ള പരിപാടികളെയും വിലയിരുത്താനോ സര്‍ട്ടിഫിക്കേറ്റ് നല്കാനോ സംവിധാനിമില്ല എന്നത് വലിയ പോരായ്മയാണ്. ജനപ്രിയ ടെലിവിഷന്‍ സീരിയലുകളില്‍ മിക്കവയും അവിഹിതബന്ധങ്ങളുടെ കഥ പറയുന്നവയാണ്. ചില റിയാലിറ്റി ഷോകള്‍പോലും ലൈംഗികതയേയും ശരീരത്തെയും കച്ചവടമാക്കുകയും ധാര്‍മ്മികതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. ടിവി സീരിയല്‍ കണ്ട് വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനികളും, ആത്മഹത്യ അനുകരിച്ച് മരിച്ചുപോയ കുട്ടിയും വാര്‍ത്തായായത് ഈ കൊച്ചു കേരളത്തില്‍തന്നെയാണ്. കുട്ടിയെ പഠിക്കാന്‍ മുറിയിലാക്കി കതകടച്ച് മാതാപിതാക്കള്‍ ടെലിവിഷനു മുന്‍പില്‍ ചടഞ്ഞു കൂടുമ്പോള്‍ കുട്ടി മൊബൈല്‍ ഫോണില്‍ ചാറ്റിങ്ങും, വീഡിയോ കാണലുമായി മറ്റൊരു ലോകത്ത് ആയിരിക്കും. കഷ്ടപ്പെട്ടു വളര്‍ത്തുന്ന കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ വിനോദം എന്ന പേരില്‍ ആരൊക്കെയോ ചേര്‍ന്ന് വിളമ്പിത്തരുന്ന വിഷം അകറ്റിനിര്‍ത്തിയേ തീരൂ.
വില്ലനാകുന്ന മൊബൈല്‍ഫോണ്‍
കേവലം ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതിനപ്പുറം ഇന്‍റര്‍നെറ്റും വിവിധ ആപ്പുകളുമൊക്കെയായി മൊബൈല്‍ ഫോണുകള്‍ സ്മാര്‍ട്ട് ആയിക്കഴിഞ്ഞു. ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ വളരെയധികം ദോഷമുണ്ടാക്കാന്‍ മൊബൈല്‍ ഫോണ്‍ കാരണമാകും. വീട്ടമ്മമാര്‍ അടക്കം പലരെയും വഴി തെറ്റിച്ചത് മൊബൈല്‍ ഫോണില്‍ എത്തിയ ഒരു മിക്സ്ഡ് കോളോ, റോങ്ങ് നമ്പര്‍ കോളോ ആണ്. ‘ഇര’കള്‍ കൊത്താന്‍ വേണ്ടി വെറുതെ നമ്പറുകളിലേയ്ക്ക് ഡയല്‍ ചെയ്യുകയും സ്ത്രീശബ്ദമാണെങ്കില്‍ പിന്നീട് തുടര്‍ച്ചയായി ആ നമ്പറില്‍ വിളിച്ച് പരിചയപ്പെട്ട് ഇരയെ ‘കുരുക്കുകയും’ ചെയ്യുന്ന സാമൂഹ്യവിരുദ്ധര്‍ ഒട്ടേറെയുണ്ട്. നിര്‍ദ്ദോഷമായ പരിചയപ്പെടലില്‍ ആരംഭിച്ച് അരുതാത്ത ബന്ധങ്ങളിലാണ് ഇത് അവസാനിക്കുക.
അടുത്തയിടെ പോലീസ് പിടിയിലായ ഒരു കൗമാരക്കാരന്‍ നൂറിലധികം സ്ത്രീകളെയാണ് ഇങ്ങനെ പരിചയപ്പെട്ട് കുരിക്കിലാക്കിയതും ഭീഷണിപ്പെടുത്തി പണം തട്ടിയതും. അപരിചിതരുടെ കോളുകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും അത്തരം കോളുകള്‍ക്ക് മറുപടിയായി സ്വകാര്യവിവരങ്ങള്‍ നല്കരുതെന്നുമുള്ള പ്രാഥമിക സുരക്ഷാപാഠം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കണം.
മൊബൈല്‍ ‘ഫ്ളെക്സി’ രീതിയില്‍ റീ ചെയ്യുന്നതിനായി കടകളില്‍ നമ്പര്‍ എഴുതി നല്കുന്നത് പലവിധത്തില്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്. പല അവിശുദ്ധ പ്രണയബന്ധങ്ങളും റീചാര്‍ജ്ജ് ചെയ്യാന്‍ നമ്പര്‍ എഴുതിക്കൊടുത്തിടത്താണ് ആരംഭിച്ചിട്ടുള്ളത്. പെണ്‍കുട്ടികളുടെ നമ്പര്‍ സംഘടിപ്പിച്ചു കൈമാറുന്ന സംഘത്തെ കുറച്ചുകാലം മുന്‍പ് മധ്യകേരളത്തില്‍ പോലീസ് പിടി കൂടിയിരുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു കോളേജിലെ ഒട്ടേറെ കുട്ടികളുടെ നമ്പറിലേക്ക് സ്ഥിരമായി ശല്യമായി കോളുകള്‍ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കോളേജിനടുത്തുള്ള റീചാര്‍ജ്ജിങ് കേന്ദ്രങ്ങളില്‍നിന്ന് പെണ്‍കുട്ടികളുടെ നമ്പര്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്കുന്ന സംഘത്തെ പിടികൂടിയത്. നമ്പര്‍ കൈമാറാതെ റീചാര്‍ജ്ജിങ് സാധ്യമാക്കുന്ന കൂപ്പണുകള്‍, ഓണ്‍ലൈന്‍ റീചാര്‍ജ്ജ് സംവിധാനം എന്നിവ ഉപയോഗിച്ച് നമ്മുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നു കയറുന്നവരെ തടയാന്‍ നാം ശ്രമിക്കണം.
ചാറ്റിങ്ങിലൂടെ ചീറ്റിംഗ്
വാട്സാപ്പ് ഗ്രൂപ്പുകള്‍ വ്യാപകമായതോടെ പ്രണയക്കെണി ഒരുക്കാന്‍ അതും ഉപയോഗപ്പെടുത്തുന്നുണ്ട്. ഗ്രൂപ്പുകളില്‍നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പര്‍ തിരഞ്ഞു പിടിച്ച് അതിലേക്ക് നിര്‍ദ്ദോഷമായ തമാശകളും, പേഴ്സണല്‍ മെസേജുകളും അയയ്ക്കുകയാണ് ആദ്യം ചെയ്യുക. അതിനോട് അനുകൂലമായി പ്രതികരിച്ചാല്‍ കൂടുതല്‍ പരിചയപ്പെടലുകളും സ്ഥിരം ചാറ്റിംഗുമായി ബന്ധം വളരും. പിന്നെ നേരില്‍ക്കാണാന്‍ തീരുമാനിക്കുക, കാറിലോ ബൈക്കിലോ യാത്ര ചെയ്യുക എന്നിങ്ങനെ ബന്ധം മറ്റൊരു തലത്തിലേക്കു കടക്കും. ഫേസ്ബുക്കും മെസഞ്ചറും ഇതുപോലെ ദുരുപയോഗം ചെയ്ത് പ്രണയക്കെണി ഒരുക്കുന്നവര്‍ ധാരാളമുണ്ട്. സുന്ദരനായ ഏതെങ്കിലും മോഡലിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജപ്പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുഹൃത്തുക്കളാക്കുകയാണ് ആദ്യപടി. പിന്നെ പ്രൈവറ്റ് മെസേജുകള്‍ അയച്ച് ‘ചൂണ്ടയില്‍ കൊത്തി’യവരുമായി തുടര്‍ച്ചയായ ചാറ്റിംഗിലൂടെ ബന്ധംഉറപ്പിക്കുന്നു. വളരെ അടുത്ത ബന്ധം ആയിക്കഴിയുമ്പോള്‍ മാത്രമാണ് പ്രൊഫൈലിലുള്ള ചിത്രങ്ങള്‍ തന്‍റേതല്ലെന്ന് ഫേസ്ബുക്ക് കാമുകന്‍ വെളിപ്പെടുത്തുക. താന്‍ സുന്ദരനല്ലാത്തതുകൊണ്ട് അപകര്‍ഷതാബോധം ആണെന്നും അതുകൊണ്ടാണ് സ്വന്തം ഫോട്ടോ ഉപയോഗിക്കാതിരുന്നതെന്നും ഇഷ്ടമല്ലെങ്കില്‍ ബന്ധം അവസാനിപ്പിക്കാമെന്നുമൊക്കെ തട്ടിവിടും. പ്രണയത്തിന്‍റെ മായാവലയത്തില്‍പ്പെട്ട് സുബോധം നശിച്ചിരിക്കുന്ന പെണ്ണിന് പിന്നെ അവനോട് സഹതാപമാകും. പ്രണയം കൂടുതല്‍ ആര്‍ദ്രമാകും. വീഡിയോ ചാറ്റിംഗില്‍ നഗ്നത കാട്ടാന്‍ ആവശ്യപ്പെടുകയും അത് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടില്‍ ഒരു സംഘം ആസൂത്രിതമായി ആയിരക്കണക്കിനു സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ചതിയില്‍ വീഴ്ത്തിയത്. നാണക്കേടോര്‍ത്ത് പരാതിക്കാര്‍ മുന്നോട്ടു വരാത്തതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ പരാതി നല്കാന്‍ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം.
പ്രണയക്കെണിയില്‍ അകപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ സാമുദായികവും സാമൂഹികവുമായ സംഘര്‍ഷാന്തരീക്ഷവും ഉടലെടുക്കുന്നുണ്ട്. ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ സദാചാരഗുണ്ടകള്‍ കൂട്ടം കൂടി മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ചില സംഘടനകള്‍ ആസൂത്രിതമായി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ അകപ്പെടുത്തുന്നതായി ആരോപണമുണ്ട്. മതം മാറ്റുന്നതിനും, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും പെണ്‍കുട്ടിയുടെ സ്വത്ത് കൈക്കലാക്കുന്നതിനുമൊക്കെ ലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ആരോപണമുണ്ട്. നമ്മുടെ നാട്ടിലെ സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം ഒരുപറ്റം ക്രിമിനലുകള്‍ കാരണം തകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കേണ്ടതായിട്ടുണ്ട്. വീട്ടുകാര്‍ അറിയാതെ സ്പെഷ്യന്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ രജിസ്ട്രാര്‍ ഓഫീസുകളില്‍ മുപ്പതുദിവസം മുന്‍പ് നോട്ടീസ് പതിക്കാറുണ്ട്. ആ സമയത്ത് പരാതി ഉള്ളവര്‍ക്ക് ഓഫീസില്‍ അറിയിക്കാവുന്നതാണ്. ഇത്തരം നോട്ടീസുകള്‍ ശ്രദ്ധിക്കാനും വേണ്ട ഇടപെടലുകള്‍ നടത്താനും സന്നദ്ധസംഘടനകള്‍ ശ്രദ്ധിക്കണം. തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഏത് രജിസ്റ്റര്‍ ഓഫീസിലും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്കുന്ന ഇപ്പോഴത്തെ രീതിയില്‍ മാറ്റം വരുത്തി സ്ത്രീയുടെയോ പുരുഷന്‍റെയോ വീട് അധികാരപരിധിയില്‍ വരുന്ന രജിസ്റ്റാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസ്ഥ ഉണ്ടാകണം. സര്‍ക്കാരും മതസാമുദായിക നേതൃത്വവും സന്നദ്ധസംഘടനകളും ഒത്തൊരുമിച്ച് പരിശ്രമിച്ചെങ്കില്‍ മാത്രമേ പരിശുദ്ധമായ പ്രണയത്തെ തട്ടിപ്പിനും വഞ്ചനയ്ക്കും ഉപയോഗിക്കുന്നവര്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കൂ.
ഫേസ്ബുക്കിലെ ചില പേജുകളും ഗ്രൂപ്പുകളും പെണ്‍കുട്ടികളെയും സ്ത്രീകളെയും വലയിലാക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. പേജിലോ ഗ്രൂപ്പിലോ ഒരു സിനിമസീന്‍ ചിത്രം ഇട്ട് അതിനോട് സാമ്യമുള്ള സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യൂ എന്ന് പറഞ്ഞു കൊടുക്കുന്ന പോസ്റ്റ് ആണ് ചൂണ്ട. ‘ഏതു ക്ളാസിലും കാണും വായി നോക്കാന്‍ വേണ്ടി മാത്രം വരുന്ന ഒരു ചങ്കത്തി, മെന്‍ഷന്‍ ദാറ്റ് ഫ്രണ്ട് ഹിയര്‍’, ‘നിങ്ങളുടെ ഫ്രീക്കത്തി ഫ്രണ്ടിനെ മെന്‍ഷന്‍ ചെയ്യാനുള്ള സ്ഥലം’ എന്നൊക്കെയുള്ള പോസ്റ്റുകളുടെ അടിയില്‍ സുഹൃത്തുക്കളായ പെണ്‍കുട്ടികളെ മെന്‍ഷന്‍ ചെയ്യുന്നവര്‍ അറിയുന്നില്ല അതിനു പിന്നിലെ കെണി. മെന്‍ഷന്‍ ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ഇന്‍ബോക്സില്‍ മെസേജ് അയച്ചു പാട്ടിലാക്കാന്‍ പ്രത്യേക കഴിവ് ഉള്ളവര്‍ ആണ് ഇത്തരം പേജുകള്‍ക്കും പോസ്റ്റുകള്‍ക്കും പിന്നില്‍.

Leave a Reply