Elizabeth John
Child & Adolescents Counsellor
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലമാണ് കൗമാരം. ഇക്കാലത്താണ് ജീവിതത്തിലെ പല നിര്‍ണായക തീരുമാനങ്ങളും എടുക്കുന്നത്. എന്നാല്‍ പലപ്പോഴും കൃത്യമായ വഴിയിലോ ജീവിതവിജയത്തിലോ അവര്‍ എത്താറില്ല. അതില്‍ പ്രധാനപ്പെട്ട ഒരു കാരണം കൗമാരപ്രണയമാണ്. നമ്മുടെ അറിവില്‍ നൂറു കണക്കിന് ഇത്തരം കഥകള്‍ അറിയാമായിരിക്കും. ദിവസവും ന്യൂസ്പേപ്പറില്‍ തന്നെ ഫോണ്‍ വഴിയോ ഫേസ്ബുക് വഴിയോ പരിചയപ്പെട്ടു വീട് വിട്ടിറങ്ങി പീഡിപ്പിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ചുള്ള എത്രയോ വാര്‍ത്തകള്‍ വായിക്കുന്നു. എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കുടുംബങ്ങളിലെയും പെണ്മക്കള്‍ ഒളിച്ചോടുന്നു സ്റ്റാറ്റസോ പ്രായമോ വിദ്യാഭ്യാസമോ ഒന്നും നോക്കാതെ.
ഒരിക്കല്‍ എന്‍റെയടുത്തു വന്ന ഒരു പെണ്‍കുട്ടി മാതാപിതാക്കള്‍ രണ്ടു പേരും വിദ്യാസമ്പന്നരും ഉന്നതഉദ്യോഗം വഹിക്കുന്നവരും പേരുകേട്ട ഒരു കുടുംബത്തില്‍ നിന്നും വന്നവര്‍. അവളുടെ അനുഭവം ഇങ്ങനെയാണ്.
പി ജി വിദ്യാര്‍ഥിനിയായുള്ള പെണ്‍കുട്ടി കോളേജിന്‍റെയടുത്തുള്ള ലേഡീസ് സ്റ്റോര്‍ സന്ദര്‍ശിക്കുക പതിവായിരുന്നു.
അവിടുത്തെ ജോലിക്കാരനും ഉടമയുടെ ബന്ധുവുമായ യുവാവുമായി പ്രണയത്തിലാവുകയും അവര്‍ ഒളിച്ചോടുകയും ചെയ്തു. കുറെ കാലത്തിനുശേഷം അയാള്‍ അവളെ തമിഴ്നാട്ടില്‍ ഉപേക്ഷിച്ചു കടന്നു. നിവൃത്തിയില്ലാതെ അവള്‍ വീട്ടിലേക്കു മടങ്ങി വന്നെങ്കിലും അവളെ വീട്ടുകാര്‍ സ്വീകരിച്ചില്ല. അവളിപ്പോള്‍ ഒരു സാമൂഹിക സേവനസംഘടനയുടെ സംരക്ഷണയിലാണ്. ജീവിതം തിരിച്ചറിഞ്ഞു, അവള്‍ മുടങ്ങിയ പഠനം പൂര്‍ത്തിയാക്കാന്‍ ഒരു ചെറിയ ജോലിയോടൊപ്പം ശ്രമിക്കുന്നു. എന്നാല്‍ ഇങ്ങനെ ഒരു തിരിച്ചു വരവ് എല്ലാവര്‍ക്കും സാധ്യമാകണമെന്നില്ല.
മറ്റൊരു സംഭവം – വിദ്യാര്‍ത്ഥിനിയായ ഒരു കൗമാരക്കാരി അന്യമതസ്ഥനായ ഒരു യുവാവുമായി ഒളിച്ചോടി കുറെ നാളുകള്‍ക്കുശേഷം അവള്‍ക്കു അവന്‍ അനഭിമതനായി മാറി. അവള്‍ അവനെ ഉപേക്ഷിച്ചു സ്വഭവനത്തില്‍ വന്നെങ്കിലും രണ്ടു വര്‍ഷത്തിനിടയില്‍ ഉണ്ടായ പെണ്‍കുഞ്ഞിനെ എന്ത് ചെയ്യണമെന്നറിയാതെ അവളുടെ വീട്ടുകാര്‍ ബുദ്ധിമുട്ടി.
ഇനിയും പങ്കുവയ്ക്കാന്‍ അനുഭവസ്ഥരുടെ അനുഭവങ്ങള്‍ ധാരാളമുണ്ട്. ഇവിടെ ഞാന്‍ നിങ്ങളോടു പറയുന്നത്. അപക്വമായ പ്രണയത്തിന്‍റെ കാരണങ്ങളും പ്രത്യാഘാതവുമാണ്
മനഃശാസ്ത്രജ്ഞനായ പെക്കിന്‍റെ പഠനങ്ങളില്‍ പ്രണയബന്ധങ്ങളില്‍ ആവശ്യത്തിന് ബുദ്ധിയോ വിവേവകമോ ഉണ്ടാകാറില്ല. കാര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ നോക്കിക്കാണാന്‍ സാധിക്കാറില്ല. എല്ലാ വിഷയങ്ങളെയും തലതിരിഞ്ഞു മാത്രം കാണുകയുള്ളൂ, സദുദ്ദേശ്യത്തോടെയുള്ള കാര്യങ്ങളെയും കാഴ്ചപ്പാടുകളെയും വിലകൊടുക്കാതെ പുറംതിരിഞ്ഞു നില്ക്കും.
കാര്യകാരണങ്ങള്‍ ശ്രദ്ധിക്കാതെ എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ എടുക്കും. പ്രത്യാഘാതങ്ങളെക്കുറിച്ചു ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യാന്‍ മെനക്കെടാറില്ല.
പ്രണയത്തില്‍ ഒരിക്കലും ബുദ്ധി പ്രവര്‍ത്തിക്കാറില്ല. അവനവന്‍റെ ഇഷ്ടത്തിനനുസരിച്ചു മറ്റേയാളുടെ ന്യൂനതകള്‍ ബോധപൂര്‍വം മറച്ചുവച്ചുള്ള പ്രവര്‍ത്തികളാകും ഉണ്ടാവുക.
ഡോപ്പാമിന്‍ ഹോര്‍മോണിന്‍റെ ഏറ്റക്കുറച്ചിലനുസരിച്ചു ബന്ധങ്ങളിലും വളര്‍ച്ചയും തളര്‍ച്ചയും ഉണ്ടാകും.
സാധാരണയായി പെണ്‍കുട്ടികളില്‍ ബന്ധം ആരംഭിച്ചു രണ്ടു വര്‍ഷത്തിനുശേഷം ഡോപ്പാമിന്‍ ലെവല്‍ കുറഞ്ഞു അകല്‍ച്ചയും വിരക്തിയും ഉണ്ടാകും. യഥാര്‍ത്ഥ സ്നേഹം പരസ്പര വളര്‍ച്ചയും ഉന്നതിയും ഉന്നമനവും പ്രോത്സാഹപ്പിക്കുന്നു. കാര്യങ്ങളെ വിവേകത്തോടെയും പക്വതയോടെയും നോക്കിക്കാണുന്നു. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നു.
ആണ്‍കുട്ടികള്‍ വിജയത്തിന് സഹായിക്കുന്നവരെയും പെണ്‍കുട്ടികള്‍ കരുതുന്നവരെയും സ്നേഹിക്കുന്നു.
ജാഗ്രത: കേരളത്തിലെ കൗമാരക്കാരില്‍
പത്തില്‍ എട്ടു പേരും പ്രണയക്കുരുക്കില്‍!
അതെ,കേരളത്തില്‍ 10 ല്‍ 8 കുട്ടികളും കൗമാരപ്രണയ-ബന്ധങ്ങളില്‍ ചെന്ന് പെടുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അപക്വമായ ഇത്തരം ബന്ധങ്ങളുടെ ചരട് പൊട്ടുകയും, കുട്ടി മാനസികവും, വൈകാരികവുമായ തകര്‍ച്ചയിലേക്ക് പോകുകയും ചെയ്യുന്നു.
ഇന്‍റര്‍നെറ്റിന്‍റെയും മറ്റു സമൂഹമാധ്യമങ്ങളുടെയും പരിധിവിട്ട ഉപയോഗം, കൗമാരക്കാര്‍ക്കിടയില്‍ പ്രണയബന്ധങ്ങള്‍ കൂടുവാന്‍ ഒരു പ്രധാന കാരണമാണ്. ജീവിതത്തിനു അമിതാവേശം പകരുന്ന ഒന്നായിട്ടാണ്, ഇത്തരം ബന്ധങ്ങളെ ഈ പ്രായത്തില്‍ കുട്ടികള്‍ കാണുന്നത്.
കേരളത്തിലെ ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍, വളരെയേറെ ഗൗരവമുള്ള ഒരു പ്രശ്നമാണിത്. ഒട്ടുമിക്ക അണുകുടുംബങ്ങളിലും അച്ഛനമ്മമാര്‍ ജോലിക്കാരാണ്. മാതാപിതാക്കളുടെ ശ്രദ്ധയും സ്നേഹവും വേണ്ടത്ര കിട്ടാതെ വളരുന്ന കുട്ടികള്‍ ഇങ്ങനെയുള്ള ബന്ധങ്ങളില്‍പെട്ട് അനുഭവിക്കുന്ന ദുരന്തഫലങ്ങള്‍ അതീവദയനീയമാണ്.
കൗമാര പ്രണയത്തിന്‍റെ ദുരന്തഫലങ്ങള്‍
ലൈംഗികമായി ചൂഷണം ചെയ്യപ്പെടുക, പഠനനിലവാരം വളരെയേറെ താഴുക, അന്തര്‍മുഖരായിരിക്കുക, വിഷാദം, ഉല്‍ക്കണ്ഠ, ആത്മഹത്യാ പ്രവണത…. ഇവയൊക്കെയാണ് അനന്തര ഫലങ്ങള്‍.
ഒരു കുട്ടി കൗമാരത്തില്‍ പ്രണയം തുടങ്ങാനുള്ള കാരണം എന്താണ്? അതിശയിപ്പിക്കുന്ന ആ കാരണം,കുട്ടിയുടെ ഉള്ളിലെ ലവ് ടാങ്ക് പൂര്‍ണമായും നിറയപ്പെട്ടിട്ടില്ല, അതായത് അച്ഛനമ്മമാരുടെ സ്നേഹവായ്പുകള്‍ തിരിച്ചറിയുവാനുള്ള സാഹചര്യം വളര്‍ച്ചയുടെ അതാത് ഘട്ടങ്ങളില്‍ കുട്ടിക്ക് ലഭിച്ചിട്ടില്ല.
എന്താണ് ഒരു ലവ് ടാങ്ക്?
കുട്ടികളുടെ മനസ്സില്‍, മാതാപിതാക്കളുടെ സ്നേഹ-സ്പര്‍ശനങ്ങളാല്‍ നിറയ്ക്കേണ്ട ഒരു ‘വൈകാരികമായ ടാങ്ക്’ ഉണ്ട്. ഇതിനെയാണ് ലവ് ടാങ്ക് എന്ന് വിളിക്കുന്നത്. അച്ഛനമ്മമാര്‍ കുട്ടികളുടെ ലവ് ടാങ്ക് പൂര്‍ണമായി നിറച്ചുകൊടുത്താല്‍ നിങ്ങളുടെ കുട്ടി വൈകാരികമായി ഉയര്‍ന്ന നിലവാരമുള്ളവരായിരിക്കും. അപൂര്‍ണ്ണമായ ഒരു ലവ് ടാങ്ക് ഉള്ള കുട്ടിയുടെ, സ്നേഹം കിട്ടുവാന്‍ വേണ്ടിയുള്ള കേഴല്‍ (craving) ആണ് സാധാരണയായി പ്രണയബന്ധങ്ങളില്‍ ചെന്നവസാനിക്കുന്നത്. ഇവിടെ അപൂര്‍ണമായ ലവ് ടാങ്ക് ഒരു പ്രേരകഘടകമായി പ്രവര്‍ത്തിക്കുന്നു.
നിങ്ങള്‍ മക്കളെ സ്നേഹിക്കുന്നതു പോലെ തന്നെ പ്രധാനമാണ്, നിങ്ങളുടെ സ്നേഹം അവര്‍ തിരിച്ചറിയുന്നുണ്ട് എന്നതും. അതിനുള്ള മാര്‍ഗമാണ് സ്നേഹഭാഷകള്‍ (love languages).
ലവ് ടാങ്ക് എങ്ങനെ നിറയ്ക്കാം?
സ്നേഹനിര്‍ഭരമായ സംസാരം, മക്കളെ സ്നേഹപൂര്‍വ്വം തലോടുക, മക്കളോടൊപ്പം സമയം ചിലവഴിക്കുക, ചെറിയ സമ്മാനങ്ങള്‍ നല്‍കുക, പ്രോത്സാഹിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവരെ അഭിനന്ദിക്കുക
കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ നിങ്ങളുടെ സ്നേഹം തിരിച്ചറിയുന്നുണ്ടെന്നു മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. നിങ്ങള്‍ മക്കളുടെ സുഹൃത്താകൂ… അവര്‍ നിങ്ങളുടെ സ്നേഹവും പിന്തുണയും ഉറപ്പായും തിരിച്ചറിയും. അവരുമായി തുറന്നു സംസാരിക്കുക (open communication). മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് അവരോടു കര്‍ശനമായി പെരുമാറാം. പക്ഷെ നിങ്ങളുടെ സ്നേഹം തുറന്നു കാട്ടുകയും അവരെ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അഭിനന്ദിക്കുകയും ചെയ്യുക. നിങ്ങളുടെ മക്കള്‍ക്ക് സമാധാന പൂര്‍ണമായ ഒരു കുടുംബാന്തരീക്ഷം നല്‍കുക. കാരണം, ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടുംബം ആണ്.
നിങ്ങള്‍ നല്‍കുന്ന ഈ അഞ്ചു സ്നേഹഭാഷകള്‍ കുട്ടിയെ അപക്വമായ ഒരു പ്രണയബന്ധത്തില്‍ പെടാതെ തടഞ്ഞു നിര്‍ത്തും. അവരുടെ ആഗ്രഹങ്ങളും, തീരുമാനങ്ങളും അവര്‍ നിങ്ങളുമായി പങ്കു വച്ചിരിക്കും, കാരണം അവര്‍ നിങ്ങളെ എപ്പോഴും കൂട്ടുകാരെപ്പോലെയാണ് കാണുന്നത്.
എങ്ങനെ നിങ്ങളുടെ കുട്ടിയെ അപക്വമായ
പ്രണയ ബന്ധങ്ങളില്‍ നിന്ന് രക്ഷിക്കാം?
മക്കളോടുള്ള നിങ്ങളുടെ സ്നേഹം തുറന്നു പ്രകടിപ്പിക്കുക … അവര്‍ അറിയട്ടെ നിങ്ങളുടെ സ്നേഹത്തിന്‍റെ ചൂട്. എങ്കില്‍, ഒരു കൗമാരപ്രണയം നാളെ നിങ്ങളുടെ കുടുംബത്തിന്‍റെ താളം തെറ്റിക്കില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു.