കുര്‍ബ്ബാന – നിയോഗവും കുര്‍ബ്ബാന-ധര്‍മ്മവും

തയ്യാറാക്കിയത്
ഫാ. ബിബിന്‍ മഠത്തില്‍


“അച്ചാ… അടുത്ത വെള്ളിയാഴ്ച മരിച്ചുപോയ വല്ല്യമ്മച്ചിയുടെ ഓര്‍മ്മ ദിവസമാണ്. ഒരു കുര്‍ബ്ബാന ചൊല്ലാമൊ?”
“അതിനെന്താ മറിയാമ്മച്ചേച്ചി, ചൊല്ലിയേക്കാം.”
മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ഇപ്രകാരം കുര്‍ബ്ബാന അര്‍പ്പിച്ചിട്ടുള്ളവരാകും നമ്മളില്‍ ഭൂരിഭാഗവും. മരിച്ചവര്‍ക്കുവേണ്ടി മാത്രമല്ല ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയും നാം കുര്‍ബ്ബാന അര്‍പ്പിക്കാറുണ്ട്. ജന്മദിനങ്ങളിലും വിവാഹവാര്‍ഷികദിനങ്ങളിലുമൊക്കെ നന്ദിസൂചകമായി കുര്‍ബ്ബാന അര്‍പ്പിക്കുന്നവരും കുറവല്ല. പരീക്ഷയുടെ വിജയത്തിനായി, നല്ല കാലാവസ്ഥയ്ക്കായി, നല്ല ജീവിതപങ്കാളിയെ ലഭിക്കാനായി എന്നിങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കായും നാം കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. ഇപ്രകാരം വിശുദ്ധ ബലിയില്‍ നാം അനുസ്മരിക്കുന്ന നമ്മുടെ ആവശ്യങ്ങളെയാണു നാം കുര്‍ബ്ബാന – നിയോഗങ്ങള്‍ എന്നു വിളിക്കുന്നത്.
ഇപ്രകാരമുള്ള നമ്മുടെ കുര്‍ബ്ബാന-നിയോഗങ്ങള്‍ക്കായി നാം വൈദികരെ ഏല്പിക്കുന്ന കാഴ്ചയാണ് കുര്‍ബ്ബാനധര്‍മ്മം. പൊതുവില്‍ എല്ലാവരും ഇതിനെ കുര്‍ബ്ബാന-പണം എന്നാണു വിളിക്കുന്നതെങ്കിലും ആ പദം തികച്ചും ശരിയല്ല. കാരണം നമുക്കുവേണ്ടി കുര്‍ബ്ബാന ചൊല്ലാനായി നാം വൈദികനു കൊടുക്കുന്ന കൂലിയല്ല കുര്‍ബ്ബാനധര്‍മ്മം. മറിച്ച് നാം നല്‍കുന്ന കാഴ്ച അഥവാ ധര്‍മ്മം ആണത്. ആയതിനാല്‍ അതിനെ കുര്‍ബ്ബാനധര്‍മ്മം എന്നുതന്നെ വിളിക്കുന്നതാണു ഉചിതം.
എന്താണു കുര്‍ബ്ബാനധര്‍മ്മത്തിന്‍റെ
പ്രസക്തി?

കുര്‍ബ്ബാനധര്‍മ്മം സഭയുടെ പൊതുനന്മയെ പോഷിപ്പിക്കുന്നതിനൊപ്പം നിയോഗം അര്‍പ്പിക്കുന്ന വ്യക്തിയുടെ ആത്മീയവളര്‍ച്ചയേയും സഹായിക്കുന്നു. സഭയുടെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്കുവഹിച്ച വൈദികരുടെ ഉപജീവനത്തിനു വേണ്ടിയായിരുന്നു ആദ്യകാലഘട്ടങ്ങളില്‍ കുര്‍ബ്ബാനയില്‍ നിയോഗം സമര്‍പ്പിക്കുന്നവര്‍ അതിനൊപ്പം ധര്‍മ്മവും നല്‍കിയിരുന്നത്. ഒരു കാലഘട്ടത്തില്‍ എല്ലായിടങ്ങളിലും ഇതു മാത്രമായിരുന്നു പുരോഹിതന്‍റെ വരുമാനമാര്‍ഗം. പക്ഷെ പലയിടങ്ങളിലും ഇതു മാത്രമല്ല പുരോഹിതന്‍റെ വരുമാനമാര്‍ഗ്ഗം. എന്നാല്‍ വിവിധ മിഷന്‍ പ്രദേശങ്ങളുള്‍പ്പെടെ ലോകത്തില്‍ ചിലയിടങ്ങളിലെങ്കിലും ഇതു തന്നെയാണു വരുമാനമാര്‍ഗം. അതിനാല്‍ അത്തരം സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ക്ക് കുര്‍ബ്ബാനധര്‍മ്മം എത്തിച്ചുകൊടുക്കുന്ന വിവിധ ക്രൈസ്തവ സംഘടനകള്‍ തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ട്. ഇതു ബുദ്ധിമുട്ടേറിയ മിഷന്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന പുരോഹിതര്‍ക്കും അവിടങ്ങളിലെ സഭയ്ക്കും വലിയ സഹായമാണ്. അതുകൊണ്ടാണ് കുര്‍ബ്ബാനയിലെ നിയോഗത്തിനായി എന്തെങ്കിലും അര്‍പ്പിക്കുന്നവര്‍ അത് സഭയുടെ നന്മയ്ക്കായിട്ടാണു അര്‍പ്പിക്കുന്നത് എന്ന് പറയുന്നത്. അതുവഴി അവര്‍ അവളുടെ ശുശ്രൂഷകരെയും പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നു.
വിശുദ്ധ കുര്‍ബ്ബാനയില്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തില്‍ തന്‍റെ ശരീരവും രക്തവും ബലിയായി നല്‍കിയ ക്രിസ്തു തന്നെയാണു ബലിവസ്തു ആകുന്നത്. മിശിഹാ തന്നെത്തന്നെ നമുക്കുവേണ്ടി ബലിയര്‍പ്പിച്ചതുപോലെ നാമും അവനോടൊപ്പം ബലിയാകുമ്പോളാണ് കുര്‍ബ്ബാനയര്‍പ്പണം പൂര്‍ത്തിയാകുന്നത്. വിശുദ്ധ കുര്‍ബ്ബാനയില്‍ നമുക്ക് സമര്‍പ്പിക്കാവുന്ന ഏറ്റവും വലിയ ബലിവസ്തു നമ്മുടെ ജീവിതങ്ങള്‍ തന്നെയാണ്. എങ്കിലും അതിനോടൊപ്പം പ്രത്യക്ഷമായ എന്തെങ്കിലും കൂടി കാഴ്ചവയ്ക്കുന്നത് ഉചിതമാണ്. അതുകൊണ്ടാണു വിശുദ്ധ കുര്‍ബ്ബാനയില്‍ കാഴ്ചസമര്‍പ്പണം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം കാഴ്ചസമര്‍പ്പണങ്ങള്‍ കൊണ്ട് ദൈവത്തിന്‍റെ മഹത്വം കൂടുകയോ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളിലും വരപ്രസാദത്തിലും എന്തെങ്കിലും മാറ്റം വരുകയോ ഇല്ലെങ്കിലും ഇവ നമ്മുടെ ആത്മീയവളര്‍ച്ചയ്ക്ക് വളരെയേറെ ഉപകരിക്കും. കാരണം ഇത്തരം കാഴ്ചസമര്‍പ്പണങ്ങളിലൂടെ നാം നമ്മെത്തന്നെ ഒരുക്കുകയാണു ചെയ്യുന്നത്. ഇതേ കാരണംകൊണ്ടു കൂടിയാണ് വിശുദ്ധബലിയില്‍ പ്രത്യേക നിയോഗം സമര്‍പ്പിച്ച് നാം പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ കുര്‍ബ്ബാനധര്‍മ്മം നാം നല്‍കുന്നത്. വിശുദ്ധ കുര്‍ബ്ബാന അമൂല്യവും അതില്‍ നിന്നു ലഭിക്കുന്ന വരപ്രസാദം നിസീമവുമാണ്. അതു വിലകൊടുത്തു വാങ്ങാന്‍ പറ്റുന്ന ഒന്നല്ല. നമ്മള്‍ നല്‍കുന്ന ധര്‍മ്മത്തിനു ആനുപാതികമായിട്ടല്ല നമുക്ക് വരപ്രസാദം ലഭിക്കുന്നത്. പ്രത്യേക നിയോഗങ്ങള്‍ക്കായി നാം നല്‍കുന്ന ധര്‍മ്മം ഈ വരപ്രസാദം സ്വീകരിക്കുവാന്‍ നമ്മെ ഒരുക്കുന്നുവെന്ന് മാത്രം.
കുര്‍ബ്ബാനനിയോഗത്തിനായി നാം നല്‍കുന്ന പണം ധര്‍മ്മം അഥവാ കാഴ്ച ആണെങ്കില്‍ അതിനു തുക നിശ്ചയിക്കേണ്ട ആവശ്യമുണ്ടോ? കാഴ്ചവയ്പ്പ് എപ്പോഴും സ്വന്തം ഇഷ്ടമനുസരിച്ച് നല്കുന്നതല്ലേ?
കാഴ്ച നല്‍കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. എന്നാല്‍ എന്തു കാഴ്ചവയ്ക്കാം എന്നു നിശ്ചയിക്കാറുണ്ട്. പഴയനിയമത്തിലെ അര്‍പ്പണങ്ങള്‍ ഇപ്രകാരം നിശ്ചയിക്കപ്പെട്ടവയായിരുന്നു. ഉദാഹരണമായി ആദ്യത്തെ കുഞ്ഞ് ജനിച്ചതിനു ശേഷം ദൈവാലയത്തില്‍ സമര്‍പ്പിക്കേണ്ട ബലിയെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു, “കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ, ശുദ്ധീകരണത്തിന്‍റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, അവള്‍ കുഞ്ഞിനുവേണ്ടി ഒരു വയസുള്ള ഒരു ആട്ടിന്‍കുട്ടിയെ ദഹനബലിക്കായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍കുഞ്ഞിനെയോ പാപപരിഹാരബലിക്കായും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍ പുരോഹിതന്‍റെ മുന്‍പില്‍ കൊണ്ടുവരണം. … ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനബലിക്കും, മറ്റേതു പാപപരിഹാരബലിക്കും…” (ലേവ്യര്‍ 12:6-8). ഇതില്‍നിന്നും ബലിയര്‍പ്പിക്കുന്നതിനായി കാഴ്ചവസ്തുക്കള്‍ നിശ്ചയിക്കാം എന്നു നമുക്ക് കാണാം.
കുര്‍ബ്ബാനധര്‍മ്മം നിജപ്പെടുത്തിയിരിക്കുന്നതിനു മറ്റു ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. ധനവാന്‍ കൂടുതല്‍ കൊടുക്കുന്നതും ദരിദ്രന്‍ ധനവാനൊപ്പം കൊടുക്കാന്‍ ശ്രമിക്കുന്നതും അതിനു സാധിക്കാത്തപക്ഷം അപകര്‍ഷതാബോധം തോന്നുന്നതും ഒഴിവാക്കുക എന്നതാണു അതില്‍ ഒന്ന്. കുര്‍ബ്ബാനധര്‍മ്മത്തിനായി കൂടുതല്‍ പണം കൊടുക്കുന്നതുകൊണ്ട് ഒരുവനു കൂടുതല്‍ അനുഗ്രഹം കിട്ടുമെന്ന ധാരണയും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ കുര്‍ബ്ബാനധര്‍മ്മം എന്ന പേരില്‍ കൂടുതല്‍ പണം നല്‍കി ഒരു വൈദികനെ സ്വാധീനിക്കുന്നത് ഒഴിവാക്കാനും കുര്‍ബ്ബാനധര്‍മ്മത്തിന്‍റെ കൃത്യമായ ഓഡിറ്റിംഗ് സാധ്യമാക്കാനും കൂടിയാണു തുക നിജപ്പെടുത്തിയിരിക്കുന്നത്. ഇനി നിശ്ചയിച്ചിരിക്കുന്ന പണം നല്‍കാന്‍ കഴിവില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വൈദികരെ സമീപിച്ച് തങ്ങളുടെ ആവശ്യം അറിയിക്കുകയും തങ്ങളുടെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം. പണമില്ലാത്തതുകൊണ്ട് മാത്രം ആര്‍ക്കും ഇത്തരം സൗകര്യങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് സഭാപഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
വിശുദ്ധ കുര്‍ബ്ബാന
ഉള്‍പ്പെടെയുള്ള കൂദാശകള്‍ക്ക്
പണം വാങ്ങുന്നത്
ഒഴിവാക്കപ്പെടേണ്ടതല്ലേ?

നമ്മില്‍ പലരും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരാണ്. ഇപ്രകാരം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാനായി ആരും ഒന്നും പ്രതിഫലം നല്‍കുന്നില്ല. വിശുദ്ധ കുര്‍ബ്ബാന മാത്രമല്ല, കുമ്പസാരം, രോഗീലേപനം തുടങ്ങി ഒരു കൂദാശയ്ക്കും നമ്മള്‍ പണം കൊടുക്കുന്നില്ല. വിവാഹമോ മാമ്മോദീസായോ ഒക്കെ വരുമ്പോള്‍ അവ നടത്തുന്നതിലേക്കുള്ള ചിലവുകള്‍ ചിലപ്പോള്‍ നാം അടയ്ക്കേണ്ടി വരും. അത് ദൈവാലയശുശ്രൂഷികള്‍ക്കും ഗായകസംഘത്തിനും വൈദികനും വൈദ്യുതി ഉള്‍പ്പെടെയുള്ള ദൈവാലയത്തിന്‍റെ ചിലവിനുമുള്ള പണമാണ്. അല്ലാതെ അത് ഒരിക്കലും കൂദാശകളുടെ പ്രതിഫലമല്ല. കത്തോലിക്കാസഭയില്‍ കൂദാശകള്‍ നടത്തിക്കിട്ടാനായി പണം വാങ്ങാറില്ല. കൂദാശകള്‍ ദൈവകൃപയുടെ മാധ്യമങ്ങള്‍ ആണ്. ദൈവകൃപയാകട്ടെ പണം കൊടുത്ത് വാങ്ങാന്‍ പറ്റുന്നവയല്ല. അവയ്ക്ക് വില നിശ്ചയിക്കുവാനോ അവ ക്രയവിക്രയം ചെയ്യുവാനോ സാധിക്കുകയില്ല. അവ അമൂല്യങ്ങളാണ്.
വിശുദ്ധ കുര്‍ബ്ബാനയെ സംബന്ധിച്ചും ഇത് അക്ഷരം പ്രതി ശരിയാണ്. വിശുദ്ധ കുര്‍ബ്ബാന അമൂല്യമാണെന്നുള്ളതുകൊണ്ടും അതില്‍ നിന്നു ലഭിക്കുന്ന വരപ്രസാദം അസ്സീമമാണെന്നുള്ളതുകൊണ്ടും കുര്‍ബാനയര്‍പ്പിക്കാനായി തുക കൊടുത്താലും കൊടുത്തില്ലെങ്കിലും ആത്യന്തികമായി അതില്‍നിന്നു ലഭിക്കുന്ന അനുഗ്രങ്ങളില്‍ മാറ്റമൊന്നുമുണ്ടാവുകയില്ല.കുര്‍ബ്ബാനയില്‍ പങ്കെടുക്കാനല്ല കുര്‍ബ്ബാനധര്‍മ്മം നല്‍കുന്നത്. അത് നമ്മുടെ നിയോഗങ്ങള്‍ക്കുവേണ്ടി നാം സമര്‍പ്പിക്കുന്ന കാഴ്ചവയ്പ്പാണ്. സഭയുടെ പൊതുനന്മയില്‍ പങ്കുചേരാന്‍ നമുക്ക് ലഭിക്കുന്ന അവസരമാണ്.
ധര്‍മ്മം സ്വീകരിക്കാതെ ഒരു വൈദികനു മറ്റൊരാള്‍ക്ക് വേണ്ടി കുര്‍ബ്ബാന അര്‍പ്പിക്കാമോ?
കുര്‍ബ്ബാനധര്‍മ്മം സ്വീകരിക്കാന്‍ ഒരു വൈദികനു അര്‍ഹതയുണ്ടെങ്കിലും അതു സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. അത് വേണോ വേണ്ടയോ എന്ന് വയ്ക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണ്. അതുപോലെ തന്നെ നിശ്ചയിച്ചിട്ടുള്ള തുകയില്‍ കൂടുതലോ കുറവോ വാങ്ങാനും പുരോഹിതനു അനുവാദമുണ്ട്. (എന്നാല്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ തുക ചോദിച്ചു വാങ്ങാന്‍ ഒരാള്‍ക്ക് അനുവാദമില്ല.) പക്ഷെ ഒരു പ്രത്യേക നിയോഗം സ്വീകരിച്ചു കഴിഞ്ഞാല്‍ അതിനുവേണ്ടി കുര്‍ബ്ബാന അര്‍പ്പിക്കാനുള്ള കടമ അയാള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ നിയോഗം സമര്‍പ്പിക്കുന്ന വ്യക്തികളുടെ ലിസ്റ്റ് അയാള്‍ സൂക്ഷിക്കേണ്ടതുണ്ട്. ആ ലിസ്റ്റ് അയാള്‍ രൂപതാധ്യക്ഷനെ കാണിച്ച് ബോധ്യപ്പെടുത്തുകയും തനിക്ക് അനുവദിച്ചിരിക്കുന്നതും താന്‍ അര്‍പ്പിച്ചതുമായ കുര്‍ബ്ബാനയുടെ ധര്‍മ്മം ഒഴിച്ച് ബാക്കിവരുന്ന തുക അയാള്‍ രൂപതയില്‍ ഏല്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. ഈ തുക കുര്‍ബ്ബാനനിയോഗങ്ങള്‍ ലഭിക്കാത്ത മറ്റു വൈദികരെ ഏല്‍പ്പിക്കും. ഒരു വൈദികന്‍ മരിച്ചാല്‍ പോലും അയാളുടെ ഡയറി പരിശോധിച്ച് കുര്‍ബ്ബാന – നിയോഗങ്ങള്‍ തിട്ടപ്പെടുത്തുകയും അതു മറ്റു വൈദികരെ ഏല്‍പ്പിക്കാറുമുണ്ട്.
ഇവിടെയാണു പണം സ്വീകരിക്കാതെ ധാരാളം കുര്‍ബ്ബാന നിയോഗങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ സ്വാഭാവികമായ കുഴപ്പം. ഒരു രൂപത ഒരു കുര്‍ബ്ബാനയ്ക്ക് 100/ രൂപയാണു പൊതുവില്‍ കണക്കാക്കുന്നത് എന്നും ഒരു വൈദികന്‍ വര്‍ഷത്തില്‍ 1000 നിയോഗങ്ങള്‍ സ്വീകരിച്ചു എന്നും കരുതുക. ഒരാള്‍ക്ക് ഒരു വര്‍ഷം സ്വീകരിക്കാവുന്ന കുര്‍ബ്ബാനധര്‍മ്മം 300 ആണെങ്കില്‍ ബാക്കി 700 കുര്‍ബ്ബാനയുടെ പണം, അതായത് 70,000/ രൂപ അയാള്‍ രൂപതയില്‍ ഏല്‍പ്പിക്കണം. പണം സ്വീകരിക്കാതെയാണു ഒരു വൈദികന്‍ കുര്‍ബ്ബാന നിയോഗങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ സ്വാഭാവികമായും ഈ 70,000/ രൂപ അയാള്‍ സ്വന്തം കയ്യില്‍ നിന്ന് കൊടുക്കേണ്ടി വരും. അതല്ലായെങ്കില്‍ അതു സംബന്ധിച്ച വിശദീകരണം അയാള്‍ ബിഷപ്പിനെ അറിയിക്കണം. ആയിരം നിയോഗങ്ങള്‍ സ്വീകരിച്ചിട്ട് അതിനൊന്നും താന്‍ പണം വാങ്ങുന്നില്ല എന്ന് പറയുന്നത് ധാര്‍മ്മികമായി ശരിയാണെങ്കിലും സാമ്പത്തികസുതാര്യതയ്ക്ക് യോജിച്ചതാവില്ലല്ലൊ? അതുകൊണ്ട് കുര്‍ബ്ബാന അര്‍പ്പിക്കാനായി ധര്‍മ്മം സ്വീകരിക്കില്ല എന്നു തീരുമാനിക്കുന്ന വൈദികര്‍ തനിക്ക് അനുവദനീയമായ കുര്‍ബ്ബാനകളുടെ ധര്‍മ്മം ഒഴിച്ച് ബാക്കിവരുന്ന കുര്‍ബ്ബാനധര്‍മ്മങ്ങളെക്കുറിച്ച് അധികാരികളെ എപ്രകാരം ബോധ്യപ്പെടുത്തും എന്ന് ചിന്തിക്കേണ്ടതുണ്ട്.
കുര്‍ബ്ബാനയ്ക്ക് പണം നല്‍കേണ്ട എന്ന് മാര്‍പാപ്പ പറഞ്ഞു എന്ന് പലയിടങ്ങളിലും വായിച്ചിരുന്നു. അത് ശരിയാണോ?
“കുര്‍ബ്ബാന ചൊല്ലിക്കാനായി പണം നല്‍കി” എന്നതു നമ്മുടെയിടയിലുള്ള പൊതുസംസാരമാണ്. ഇപ്രകാരമുള്ള സംസാരത്തില്‍നിന്നും കുര്‍ബ്ബാനധര്‍മ്മം എന്നാല്‍ നമ്മുടെ നിയോഗങ്ങള്‍ക്കായി കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനു വൈദികനു നല്‍കുന്ന പ്രതിഫലമാണെന്ന ധാരണ നമ്മില്‍ പലര്‍ക്കുമുണ്ട്. ഈ പൊതുധാരണയുടെ പശ്ചാത്തലത്തിലാണു മാര്‍പ്പാപ്പയുടെ വാക്കുകള്‍ നാം മനസ്സിലാക്കേണ്ടത്.
മാര്‍പാപ്പ പറഞ്ഞത് ഇപ്രകാരമാണ്, You do not pay for the Mass, if you want you can make an offering, do it but you don’t need to pay for the Mass. അതായത് “നിങ്ങള്‍ പ്രതിഫലം (pay ) കൊടുത്ത് കുര്‍ബ്ബാന ചൊല്ലിക്കേണ്ട കാര്യമില്ല, വേണമെങ്കില്‍ നിങ്ങള്‍ക്ക് കാഴ്ചയര്‍പ്പിക്കാം (offering). അതു ചെയ്യൂ, പക്ഷെ നിങ്ങള്‍ കുര്‍ബ്ബാനയ്ക്കായി പ്രതിഫലം കൊടുക്കേണ്ട കാര്യമില്ല.”
കുര്‍ബ്ബാന-ധര്‍മ്മം എന്നാല്‍ ഈ കാഴ്ച (offering) ആണ്. അതു പ്രതിഫലം (payment) അല്ല. അക്കാര്യത്തെ വ്യക്തമാക്കുകയായിരുന്നു മാര്‍പ്പാപ്പ. കുര്‍ബ്ബാന വില്‍ക്കാനോ വാങ്ങാനോ ഉള്ള ക്രയവസ്തുവോ പണം കൊടുത്തു കൈപ്പറ്റേണ്ട സേവനമോ അല്ല. അതുകൊണ്ട് തന്നെ കുര്‍ബ്ബാനധര്‍മ്മത്തിന്‍റെ പേരില്‍ വ്യാപാരമോ ലാഭമുള്ള മറ്റെന്തെങ്കിലുമോ നടത്തുന്നതോ അപ്രകാരമുള്ള തോന്നല്‍ ഉളവാക്കുന്നതോ ഒഴിവാക്കണം. കുര്‍ബ്ബാനധര്‍മ്മം എന്നത് ഒരു കാഴ്ചയര്‍പ്പണം ആണ്. അതു ബോധ്യമാകുന്ന രീതിയിലാകണം വിശ്വാസികള്‍ കുര്‍ബ്ബാനധര്‍മ്മം നല്‍കേണ്ടത്. ഇക്കാര്യമാണു മാര്‍പ്പാപ്പ സൂചിപ്പിച്ചത്.
ഒരു കുര്‍ബ്ബാന അര്‍പ്പിക്കാനായി തന്നെ ഒരു വൈദികന്‍ ധാരാളം നിയോഗങ്ങള്‍ സ്വീകരിക്കാറുണ്ടല്ലോ. ഓരോ നിയോഗത്തിനും ആളുകള്‍ ധര്‍മ്മം കൊടുക്കാറുമുണ്ട്. അപ്പോള്‍ ധാരാളം പണം അയാള്‍ക്ക് ലഭിക്കുന്നുണ്ടാകുമല്ലോ?
ഒരു കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ ഒരു വൈദികനു ധാരാളം നിയോഗങ്ങള്‍ ഉണ്ടാകാം. ആ നിയോഗങ്ങള്‍ക്കെല്ലാം അയാള്‍ ധര്‍മ്മം സ്വീകരിക്കുന്നുമുണ്ടാവാം. എന്നാല്‍ അതിലെ ഒരു നിയോഗത്തിന്‍റെ ധര്‍മ്മം മാത്രമേ അയാള്‍ക്ക് എടുക്കാന്‍ അവകാശമുള്ളു. ഒന്നില്‍ കൂടുതല്‍ നിയോഗത്തിനു ധര്‍മ്മം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് രൂപതയില്‍ ഏല്‍പ്പിക്കണം. അല്ലായെങ്കില്‍ കുര്‍ബ്ബാന-ധര്‍മ്മം ഇല്ലാത്ത മറ്റു വൈദികരെ ഏല്‍പ്പിക്കണം. ഒരു കുര്‍ബ്ബാനയ്ക്ക് മാത്രമല്ല, ഒരു ദിവസം എത്ര കുര്‍ബ്ബാന അര്‍പ്പിച്ചാലും വൈദികനു ഒരു നിയോഗത്തിന്‍റെ ധര്‍മ്മമേ സ്വീകരിക്കാന്‍ സാധിക്കൂ. അയാള്‍ രണ്ടാമത് ചൊല്ലുന്ന കുര്‍ബ്ബാനയുടെ ധര്‍മ്മം രൂപതാധ്യക്ഷന്‍ നിശ്ചയിച്ചിരിക്കുന്ന പൊതു ആവശ്യങ്ങളിലേക്കാണു പോകുന്നത്.
കൂടാതെ ഒരു രൂപതയില്‍ അര്‍പ്പിക്കാന്‍ പറ്റുന്ന കുര്‍ബ്ബാനകളെക്കാള്‍ കൂടുതല്‍ ധര്‍മ്മം വരുന്നുണ്ടെങ്കില്‍ ബാക്കി വരുന്ന കുര്‍ബ്ബാനധര്‍മ്മം മിഷന്‍ പ്രദേശങ്ങളിലെ വൈദികരെ ഏല്പിക്കാറാണു പതിവ്. അവിടങ്ങളിലെ വൈദികര്‍ക്ക് ആവശ്യത്തിനു കുര്‍ബ്ബാനധര്‍മ്മം ലഭിക്കാറില്ലല്ലൊ. അതുവഴി കൂടുതല്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ താമസിക്കുന്ന വൈദികര്‍ക്കും അവിടുത്തെ സഭയ്ക്കും മിഷനുമൊക്കെ ഈ പണം ഉപകരിക്കും. അതായത് നാം കൊടുക്കുന്ന കുര്‍ബ്ബാനധര്‍മ്മം നമ്മള്‍ എല്‍പ്പിക്കുന്ന വൈദികനു മാത്രമല്ല സഭമുഴുവനുമാണു ഉപകരിക്കുന്നത്.ഇപ്രകാരം നിങ്ങള്‍ കൊടുക്കുന്ന ഓരോ കുര്‍ബ്ബാനധര്‍മ്മത്തിനും ഏതെങ്കിലുമൊരു വൈദികന്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നുണ്ട് എന്ന് സഭ ഉറപ്പുവരുത്തുന്നു എന്നു മാത്രമല്ല അത് സഭയുടെ നന്മയ്ക്കുതകുന്നു എന്നു കൂടി ഉറപ്പുവരുത്താറുണ്ട്.

Leave a Reply