ജീന്‍ എഡിറ്റിംഗ്


കയ്യില്‍ കാശുള്ളവന്‍ തങ്ങളുടെയും മക്കളുടെയും ഡി.എന്‍.എ എഡിറ്റ് ചെയ്ത് അതിമാനുഷികരാകുമെന്നും അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ സാധാരണ മനുഷ്യര്‍, ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരാകുമെന്നും പറഞ്ഞ വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ഹോക്കിംഗിന്‍റെ വാക്കുകള്‍ അന്വര്‍ത്ഥമാവുകയാണ്. ക്രിസ്പ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് എയ്ഡ്സ് രോഗത്തിനെതിരെ മനുഷ്യകോശങ്ങളിലെ ജീനുകളെ തിരുത്തി, പുതിയ ജീനോമുകള്‍ രൂപപ്പെടുത്തി ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്കിയിരിക്കുകയാണ് ജിയാന്‍ കിയുന്‍റെ നേതൃത്വത്തിലുള്ള ചൈനീസ് ഗവേഷകര്‍. ജനിതകവിദ്യയിലൂടെ രൂപപ്പെടുത്തുന്ന നിശ്ചിതസവിശേഷതകള്‍ ഉള്ള കുഞ്ഞുങ്ങളെയാണ് “ഡിസൈനര്‍ ബേബി” എന്നു പറയുന്നത്.
എന്താണ് ജീനോം (ജീന്‍) എഡിറ്റിംഗ്?
ജീവികളിലെ സ്വഭാവസവിശേഷതകളെ നിര്‍ണ്ണയിക്കുന്നതും അവയെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതും കോശങ്ങളിലെ കോശമര്‍മ്മത്തില്‍ സ്ഥിതി ചെയ്യുന്ന ക്രോമസോമുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഡീ ഓക്സിറൈബോ ന്യൂക്ലിക് ആസിഡ് (DNA) തന്മാത്രയിലാണ്. ഇതിന്‍റെ രാസഘടന കണ്ടുപിടിച്ചതിന് 1962 ല്‍ ജെയിംസ് വാട്സണ്‍, ഫാന്‍സീസ് ക്രിക്ക്, മോറിസ് വില്‍ക്കിന്‍സ് എന്നിവര്‍ നോബേല്‍ സമ്മാനം നേടി. ഡി.എന്‍.എയുടെ ഇരട്ടിക്കല്‍ അല്ലെങ്കില്‍ പ്രതിരൂപീകരണത്തിലൂടെയാണ് തലമുറകളിലേയ്ക്ക് സ്വഭാവവിശേഷങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് തെളിയിക്കപ്പെട്ടു. ഓരോ സ്വഭാവങ്ങള്‍ നിര്‍ണയിക്കുന്നതിലും ഓരോ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നതിലും ഒരു നിശ്ചിതഭാഗം ഡി.എന്‍.എയുടെ പങ്ക് വ്യക്തമായി. ജീനോം എന്നു പറഞ്ഞാല്‍ ജീവിയുടെ കോശങ്ങളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ ഡി. എന്‍.എ എന്നാണ്. ഈ ജീനോമില്‍ ഉള്ള നിശ്ചിത ഡി.എന്‍.എ ഭാഗങ്ങളെ (ജീനുകളെ) മുറിച്ച് മാറ്റുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഉതകുന്ന നൂതന സാങ്കേതികവിദ്യയാണ് ക്രിസ്പര്‍-കാസ (Clusterd Regularly Interspaced short Palindromic Repeats)
വൈറസുകളെ ചെറുക്കാന്‍ ബാക്ടീരിയകള്‍ അവലംബിക്കുന്ന ഒരു സൂത്രവിദ്യയാണ് ക്രിസ്പര്‍ വിദ്യയ്ക്ക് അടിസ്ഥാനം. അതിക്രമിച്ച് കയറുന്ന വൈറസുകളുടെ ഡി.എന്‍.എ ഭാഗം കവര്‍ന്നെടുത്ത് ‘കാസ്’ രാസാഗ്നിയുടെ സഹായത്തോടെ സ്വന്തം ഡി.എന്‍.എ യില്‍ വച്ചുപിടിപ്പിക്കുകയാണ് ബാക്ടീരിയ ചെയ്യുക. ഇങ്ങനെ ആവര്‍ത്തിച്ചു വരുന്ന ഡി.എന്‍.എ ശ്രേണീഭാഗങ്ങള്‍ ‘ക്രിസ്പര്‍’ എന്നറിയപ്പെടുന്നു. ക്രിസ്പര്‍ ശ്രേണികളുടെ ഡി.എന്‍.എ (DNA) കോപ്പികള്‍ സൂക്ഷിക്കുന്ന ബാക്ടീരിയ അവ ഉപയോഗിച്ച് വൈറസ് ഡി.എന്‍.എ തിരിച്ചറിയുകയും അത്തരം വൈറസുകളുടെ ആക്രമണങ്ങള്‍ ഭാവിയില്‍ ചെറുക്കുകയും ചെയ്യുന്നു.
കാര്‍ഷികഗവേഷണം മുതല്‍ ബയോമെഡിക്കല്‍രംഗംവരെയുള്ള മേഖലകളില്‍ അപാരസാധ്യതകളാണ് ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യയ്ക്കുള്ളത്. മനുഷ്യരുടേതടക്കം ഏത് ജീനോമില്‍ നിന്ന് വേണമെങ്കിലും നിശ്ചിത ഡി.എന്‍.എ. ശ്രേണീഭാഗങ്ങളെ അങ്ങേയറ്റം കൃത്യതയോടെ എഡിറ്റ് ചെയ്ത് നീക്കാനും കൂട്ടി ച്ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും സഹായിക്കുന്നു. ഉദാഹരണത്തിന് നിലകടലയുടെ കാര്യമെടുക്കാം. അത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കുന്ന ജീനിനെ നീക്കം ചെയ്ത് ഉത്പാദിപ്പിച്ചാല്‍ അലര്‍ജിയെ പിന്നെ പേടിക്കേണ്ട. സുരക്ഷിതമായ കൂണുകളെ രൂപപ്പെടുത്തുക, മലമ്പനി പടര്‍ത്താനുള്ള ശേഷി എടുത്തുകളയാന്‍ പാകത്തില്‍ കൊതുകുകളെ ജനിതകപരിഷ്കരണം വരുത്തുക, കാന്‍സര്‍ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കാന്‍ പാകത്തില്‍ ശരീരത്തിലെ ടി കോശങ്ങളെ പരിഷ്കരിക്കുക എന്നിങ്ങനെ ക്രിസ്പര്‍വിദ്യയുടെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഗവേഷണങ്ങള്‍ ലോകത്ത് പുരോഗമിക്കുകയാണ്.
ക്രിസ്പര്‍ സാങ്കേതികവിദ്യ ജീന്‍ എഡിറ്റിംഗിലും വൈദ്യശാസ്ത്രത്തിലും ഒരു കുതിച്ച് ചാട്ടം തന്നെയാണ്. പക്ഷേ, ഇത് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വലുതാണ്. മനുഷ്യഭ്രൂണത്തില്‍ നേരിട്ട് നടത്തിയ ഒരു പരീക്ഷണം വിജയിച്ചുവെന്ന് അവകാശപ്പെടുമ്പോള്‍ നാളെ അത് എന്തെല്ലാം തരത്തില്‍ പ്രയോഗിക്കപ്പെടും എന്നതാണ് ആശങ്കകള്‍ക്ക് ഇട നല്കുന്നത്. ശാസ്ത്രജ്ഞരും സ്വകാര്യസംരംഭകരും ഭരണകൂടങ്ങളും കക്ഷിചേര്‍ന്നുകൊണ്ട് ചില നിക്ഷിപ്ത താത്പര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി മനുഷ്യഭ്രൂണത്തെയും മനുഷ്യനെത്തന്നെയും പരീക്ഷണവസ്തുക്കളും ചാവേറുകളും ആക്കി മാറ്റാം. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ നവമനുഷ്യനെ രൂപപ്പെടുത്തുവാന്‍ അവര്‍ ഈ വിദ്യ ഉപയോഗിച്ചേക്കാം എന്നും തിരിച്ചറിയേണ്ടതുണ്ട്. മാതാപിതാക്കള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന സവിശേഷ സ്വഭാവഗുണങ്ങളോടുകൂടിയ കുഞ്ഞുങ്ങളെ (DESIGNATION) സൃഷ്ടിക്കുന്നതിനും ഈ വിദ്യ പ്രയോഗിക്കാം. മാത്രമല്ല, ഇത്തരം എഡിറ്റിങ്ങ് നടത്തുമ്പോള്‍ ജീനോമിലെ മറ്റ് ജീനുകള്‍ക്ക് ഉള്‍പരിവര്‍ത്തനം സംഭവിക്കുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇത്തരത്തില്‍ മനുഷ്യകുലത്തിന്‍റെ ഭാവിയെ സ്വാധീനിക്കുന്നതിന് സാധ്യമായ ഒരു സാങ്കേതികവിദ്യയായി ജീന്‍ എഡിറ്റിങ്ങ് മാറിയേക്കാം. എന്തുതന്നെയായാലും, മനുഷ്യരിലും മനുഷ്യഭ്രൂണത്തിലും നടത്തുന്ന ജനിതകപരീക്ഷണങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ലംഘനമാകാതിരിക്കുന്നതിന് നമ്മള്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു.

Leave a Reply