ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം

 ഡോ. ജൂബി മാത്യു

നാട്ടിലെ കാഴ്ചകളെല്ലാം പോലീസ് സ്റ്റേഷനില്‍ ലൈവായി കാണുകയും അതിവേഗം നടപടി സ്വീകരിക്കുകയും ചെയ്യുന്ന കാലം വന്നുകഴിഞ്ഞിരിക്കുകയാണ്. ഫോട്ടോയില്‍നിന്ന് അല്ലെങ്കില്‍, മൊബൈല്‍ ക്യാമറ വഴിയോ ആളുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം. സ്മാര്‍ട്ട് ഫോണിന്‍റെ കടന്നുവരവോടുകൂടിയാണ് ഈ സാങ്കേതികവിദ്യ ഇത്രയേറെ ജനസമ്മതി നേടിയത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ച് ഒരു തവണയെങ്കിലും സ്മാര്‍ട്ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാത്തവര്‍ വിരളമാണ്. സ്മാര്‍ട്ട് ഫോണുകള്‍ കൂടാതെ, ഗൂഗിളും ഫെയ്സ്ബുക്കും മറ്റ് പല കമ്പനികളും ഇത് ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിലെ ഗൂഗിള്‍ ഫോട്ടോസ് എന്ന ആപ്ലിക്കേഷനില്‍, ഒരാളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, ഒരു ഗ്രൂപ്പാക്കി മാറ്റുകയും പിന്നീട് അത് ഒറ്റ ആല്‍ബമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളപോലീസ് ഈ നൂതനരീതി പരീക്ഷിച്ചിരുന്നു.
എന്താണ് ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (എല്‍എഫ്ആര്‍)
ഒരു ഫോട്ടോയിലോ വീഡിയോയിലോ നിന്ന് ജനങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന രീതിയെയാണ് ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ എന്നു വിളിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍, കംപ്യൂട്ടറുകള്‍ക്ക് താരതമ്യേന എളുപ്പമുള്ള ജോലിയാണെങ്കിലും, ലൈവ് ഫെയ്സ് ഡിറ്റക്ഷന്‍ എളുപ്പമല്ല. സാധാരണ ക്യാമറയില്‍നിന്നോ, സ്ട്രീമിംഗ് വീഡിയോയില്‍നിന്നോ, സിസിടിവി ഫുട്ടേജില്‍നിന്നോ മുഖം കണ്ടെത്തല്‍ ആയാസകരമാണ്. ഒരാളുടെ മുഖം നേരിട്ട് കണ്ട് തിരിച്ചറിയുന്ന രീതിയാണ് ഫോണിലും മറ്റും ഉപയോഗിക്കുന്നത്. എന്നാല്‍ എല്‍എഫ്ആറില്‍ ലൈവ് വീഡിയോയില്‍നിന്ന് ജനങ്ങളെ തിരിച്ചറിയുന്ന രീതിയാണ് പിന്തുടരുന്നത്. കാണാതായവരെയും ക്രിമിനലുകളെയും കണ്ടെത്താന്‍ ആണ് ഇത് കൂടുതലും ഉപയോഗിച്ചുവരുന്നത്.
എല്‍എഫ്ആര്‍ ക്യാമറകള്‍, ജനങ്ങള്‍ കടന്നുപോകുന്നിടത്ത് പിടിപ്പിച്ച്, വീഡിയോ സ്ട്രീം, ക്രിമിനലുകളുടെയും മറ്റും ഫോട്ടോ അടങ്ങുന്ന ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം ഡേറ്റബേസുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ മുഖങ്ങള്‍ വിശകലനം ചെയ്യാന്‍ നിയോഫെയ്സ് ടെക്നോളജി (Neoface technology, NEC) ആണ് ഉപയോഗിക്കുന്നത്. ഓരോ മുഖത്തിന്‍റെയും ഘടനയാണ് അവലോകനം ചെയ്യപ്പെടുന്നത്. കണ്ണും മൂക്കും വായും താടിയുമൊക്കെ തമ്മിലുള്ള അകലമടങ്ങുന്ന ഡേറ്റയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുഖം കാണുമ്പോള്‍ അതിന്‍റെ ഒരു ഡിജിറ്റല്‍ പതിപ്പ് സൃഷ്ടിക്കുകയും അത് സിസ്റ്റത്തിന്‍റെ കൈയിലുള്ള മുഖങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്നു.
മുഖം മൂടി വച്ചാണ് ഒരാള്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നെങ്കിലോ… അതിനും പരിഹാരം കണ്ടുപിടിച്ചുകഴിഞ്ഞു ചൈനീസ് ഗവേഷകര്‍. അതാണ് ഗെയ്റ്റ് സാങ്കേതികവിദ്യ (Gait technology). മനുഷ്യരുടെ ശരീരത്തിന്‍റെ മുഴുവന്‍ ഘടന, നടക്കുമ്പോള്‍ ഉള്ള പ്രത്യേകത, ചലനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. നടക്കുന്നയാളുടെ മുഖം ക്യാമറയ്ക്ക് എതിരെയാണെങ്കില്‍പോലും, അല്ലെങ്കില്‍ മുഖം മറച്ചു നടന്നാല്‍പോലും അയാളെ തിരിച്ചറിയാമെന്നതാണ് ഇതിന്‍റെ ഗുണം. ഫെയ്സ് റെക്കഗ്നിഷന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരാളുടെ മുഖത്തിന്‍റെ, അടുത്തുള്ള, ഹൈ റെസല്യൂഷന്‍ ഫോട്ടോ ലഭിക്കണം. എന്നാല്‍, 50 മീറ്റര്‍, അല്ലെങ്കില്‍ 165 അടി അകലെ നടക്കുന്ന ഒരാളെപ്പോലും അയാളുടെ നടത്ത രീതിയില്‍നിന്ന് തിരിച്ചറിയാനാകുമെന്നതാണ് ഗെയ്റ്റ് സാങ്കേതികവിദ്യയുടെ മേന്മ.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും ഡാറ്റയുടെയും സഹായത്തോടെ നടക്കുന്ന ആളെ തിരിച്ചറിയല്‍ രീതികള്‍ ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരെ ഉത്കണ്ഠാകുലരാക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ അനുഗ്രഹമാണെങ്കിലും ഇതിന്‍റെ ദുരുപയോഗം ചിന്തിക്കുന്നതിനപ്പുറമായിരിക്കും.

Leave a Reply