മതാന്ധതയെന്ന പൈശാചികതയുടെ കഥ

സ്വന്തം ലേഖകന്‍


ഭീകരവാദം ആധുനികകാലത്ത്
കലാപങ്ങള്‍, യുദ്ധങ്ങള്‍, നൂറും ആയിരവുമായ നരഹത്യകള്‍… ഇവയുടെ കഥയ്ക്ക് മനുഷ്യകഥയോളം പഴക്കമുണ്ട്. എന്നാല്‍ ആധുനിക ഭീകരവാദം വളരെ കുറഞ്ഞ ദൈര്‍ഘ്യം മാത്രമുള്ള ഒന്നാണ്. ഭീകരവാദത്തിന്‍റെ ആരംഭം പൊതുവേ 1960 കളിലാണെന്നു കരുതപ്പെടുന്നു. 1948 മേയ് 14 നാണ് ആധുനിക ഇസ്രായേല്‍ നിലവില്‍ വരുന്നത്. ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത പീഢനങ്ങള്‍ സഹിച്ച യഹൂദജനത ഹിറ്റ്ലറുടെ ഭരണകാലത്ത് ദശലക്ഷക്കണക്കായി കൊന്നൊടുക്കപ്പെട്ടു. ബി.സി. 586 മുതല്‍ ജറുസലേമില്‍നിന്ന് ചിതറിക്കപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പലവട്ടം പ്രവാസം നടത്തേണ്ടി വന്ന ജൂതര്‍ക്ക് ഇംഗ്ലണ്ടിന്‍റെ നേതൃത്വത്തില്‍ രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ പലസ്തീനപ്രദേശത്ത് ഇസ്രായേല്‍ എന്ന ആധുനികരാഷ്ട്രം സ്ഥാപിച്ചു നല്കി.
ഇസ്രായേല്‍ – അറബ് സംഘര്‍ഷം
ലോകമെങ്ങും നിന്ന് യഹൂദര്‍ പ്രവാസമവസാനിപ്പിച്ച് യഹൂദര്‍ പുതിയ ഇസ്രായേലിലേക്കു മടങ്ങി. എന്നാല്‍ അതോടൊപ്പം ആ പ്രദേശത്തു താമസിച്ചിരുന്ന അനേകം അറബികള്‍ പലസ്തീനില്‍ നിന്നും പുറത്താക്കപ്പെട്ടു. പുറത്താക്കപ്പെട്ടവര്‍ അവിടം തിരിച്ചുപിടിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ മുഴുകി. 1967 ല്‍ അറബ് രാഷ്ട്രങ്ങളുടെ സംയുക്തസേന അന്നും ബാലാരിഷ്ടതകളെ നേരിടുന്ന പുത്തന്‍ ഇസ്രായേലിനെ തുടച്ചുനീക്കാന്‍ ഒന്നിച്ചു പുറപ്പെട്ടു. ലോകചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ യുദ്ധവിജയം സ്വന്തമാക്കിക്കൊണ്ട് ഇസ്രായേല്‍ അറബ് മോഹത്തെ അണച്ചുകളഞ്ഞു.
‘ഭീകരത’ രൂപപ്പെടുന്നു
ഈ പശ്ചാത്തലത്തിലാണ് ഒരു രാഷ്ട്രീയമാര്‍ഗ്ഗമായി ഭീകരത രൂപപ്പെടുത്തപ്പെടുന്നത്. യുദ്ധം ചെയ്തോ മറ്റു സാമ്പ്രദായികമാര്‍ഗ്ഗങ്ങളിലൂടെയോ ഇസ്രായേലിനെ പരാജയപ്പെടുത്താന്‍ കഴിയില്ല എന്നതിരിച്ചറിവാണ് ഇതിന്‍റെ അടിസ്ഥാനം. ഗറില്ലായുദ്ധങ്ങളും പരാജയപ്പെട്ടു കഴിഞ്ഞു. ഇതോടെ വ്യക്തികളും സംഘങ്ങളും ചാവേറുകളായി മാറി. ചത്തും കൊന്നും അവര്‍ ഭീകരതയുടെ പാഠങ്ങള്‍ രചിച്ചു. ഭയപ്പെടുത്തിയും ശത്രുവിന്‍റെ സുരക്ഷിതത്വബോധം നഷ്ടപ്പെടുത്തിയും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നേടിയെടുക്കുക എന്നതാണ് ഭീകരവാദത്തിന്‍റെ പ്രായോഗികലക്ഷ്യം.
ഭീകരവാദവും അതിന്‍റെ ലക്ഷ്യങ്ങളും മതേതരമായിരുന്നു അവയുടെ ആരംഭത്തില്‍. മാര്‍ക്സിയന്‍ വിപ്ലവപ്രസ്ഥാനങ്ങളും അറബി ദേശീയപ്രസ്ഥാനങ്ങളുമായിരുന്നു ഇവ ആദ്യകാലത്ത്. 1967-നുശേഷം സൗദി അറേബ്യ പലസ്തീനിയന്‍ പോരാട്ടം നടത്തുന്ന ഇസ്ലാമിക ഗ്രൂപ്പുകളെ പിന്തുണച്ചതോടെ ഇസ്രായേല്‍ വിരുദ്ധ പോരാട്ടം മതപരമായ ചായ്വുകളും അടിസ്ഥാനങ്ങളും ഉള്ളതായി മാറി.
അഫ്ഗാനിസ്ഥാന്‍, മറ്റൊരു ഈറ്റില്ലം
1979-ല്‍ ഇറാനില്‍ ഇസ്ലാമികവിപ്ലവം നടക്കുകയും മൊഹമ്മദ് റിസാ ഷാ പഹ്ലവിയെ പുറത്താക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയമുന്നേറ്റത്തിന് ഇസ്ലാമികത ഉള്‍പ്പെടുത്തുന്നതില്‍ കാര്യമായ ഒരു പ്രചോദനമായി മാറി.
1979 മുതല്‍ പത്തുവര്‍ഷക്കാലം സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ നിയന്ത്രണത്തില്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തടയുന്നതിന് അഫ്ഗാനിസ്ഥാനില്‍ മുജാഹിദ് സംഘങ്ങള്‍ രൂപംകൊണ്ടു. അവരുടെ പ്രത്യക്ഷലക്ഷ്യം നേടുന്നതില്‍ ഈ ഭീകരവാദസംഘങ്ങള്‍ വിജയിച്ചു. എന്നുമാത്രമല്ല, അതിനുള്ള പരിശ്രമത്തില്‍ ആ ചെറുരാജ്യത്തെ ഭീകരസംഘങ്ങള്‍ ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ രാഷ്ട്രത്തെയാണ് പരാജയപ്പെടുത്തിയത്. സോവിയറ്റ് – മുജാഹിദ് യുദ്ധം ഭീകരവാദത്തിന്‍റെ വിപുലമായ ഉപയോഗത്താല്‍ അടയാളപ്പെടുത്തപ്പെട്ടതാണ്.
താലിബാന്‍
1994 മുതല്‍ ഇത്തരം ഭീകരവാദസംഘങ്ങളില്‍ ഏറ്റവും പ്രസിദ്ധമായിത്തീര്‍ന്ന സംഘടന ‘താലിബാന്‍’ ആണ്. അഫ്ഗാനിസ്ഥാന്‍റെ പഷ്തൂണ്‍ പ്രവിശ്യയില്‍നിന്ന് പാകിസ്ഥാനിലെ ഇസ്ലാമിക വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളായിരുന്നു ആദ്യ താലിബാനികള്‍. അഫ്ഗാനിസ്ഥാനില്‍നിന്നും കമ്യൂണിസ്റ്റ് ഭരണത്തെ പറിച്ചെറിഞ്ഞിട്ടും അവിടെ ഇസ്ലാമികനിയമഭരണം നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്നു വ്യസനിച്ച മുല്ലാ മൊഹമ്മദ് ഒമര്‍ ആണ് താലിബാന്‍റെ സ്ഥാപകനേതാവ്. താലിബാനിസം കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നതിനാല്‍ അതിന് പണവും ആയുധവിദ്യയും നിര്‍ലോഭം ലഭ്യമാക്കിയത് അമേരിക്കയായിരുന്നു. താലിബാന്‍റെ അംഗസംഖ്യ വളരെ വേഗം വര്‍ദ്ധിച്ചു. മുന്‍പറഞ്ഞ വിദ്യാര്‍ത്ഥികളും അഫ്ഗാന്‍ അഭയാര്‍ത്ഥികളുമായിരുന്നു പ്രധാന താലിബാന്‍ അംഗങ്ങള്‍. താലിബാന്‍ 1995-ല്‍ അഫ്ഗാന്‍ തലസ്ഥാനമായ ഖാണ്ടഹാര്‍ പിടിച്ചെടുക്കുകയും 1996-ല്‍ അഫ്ഗാന്‍റെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു.
9/11
2001 സെപ്റ്റംബര്‍ 11 ല്‍ അല്‍ ഖ്വയ്ദ അമേരിക്കയെ ആക്രമിച്ചതോടെ ബില്‍ലാദനെ സംരക്ഷിക്കുന്ന താലിബാനെതിരെ അമേരിക്ക ശക്തമായ സൈനികനടപടി സ്വീകരിക്കുകയും താലിബാന്‍ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. അവശേഷിച്ച താലിബാനികള്‍ പാക്കിസ്ഥാനിലേക്ക് ഓടിപ്പോയി. ഭീകരാക്രമണങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായ 9/11 ആക്രമണം നടത്തിയത് താലിബാന്‍റെ കുഞ്ഞായ അല്‍ ഖ്വയ്ദയും ആക്രമണമേറ്റത് താലിബാന്‍റെ പ്രോത്സാഹകരായിരുന്ന അമേരിക്കയ്ക്കുമായിരുന്നു എന്നത് ചരിത്രത്തിന്‍റെ കാര്യനീതിയായി കാണാവുന്നതാണ്.
ഇന്ന് ഭീകരവാദത്തിന്‍റെ ഏറ്റവും ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നത് പൊതുവേ കരുതപ്പെടുന്നതുപോലെ ഇന്ത്യയോ പാശ്ചാത്യരാജ്യങ്ങളോ അല്ല, മറിച്ച് ഇസ്ലാമികരാജ്യങ്ങള്‍ തന്നെയാണ്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, പാകിസ്ഥാന്‍ എന്നീ ഇസ്ലാമികരാജ്യങ്ങളിലാണ് ഏറ്റവുമധികം ഭീകരാക്രമണങ്ങളും ചാവേര്‍ പൊട്ടിത്തെറികളും നടക്കുന്നത്. ഇസ്ലാമിക അവാന്തരവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായിരിക്കും പലപ്പോഴും പ്രത്യക്ഷ കാരണം.
ISIS
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് അല്‍-ഷാം എന്ന ISIS 2004 ല്‍ അല്‍ ഖ്വയ്ദയില്‍ അംഗമായിരുന്ന അബു മസൂദ് അല്‍-സര്‍ഖായി രൂപീകരിച്ചതാണ്. ഇറാഖില്‍നിന്ന് പാശ്ചാത്യ അധിനിവേശം (അമേരിക്ക) തുടച്ചു നീക്കുക എന്നതായിരുന്നു അവരുടെ പ്രാരംഭ ലക്ഷ്യം. വ്യക്തികള്‍ക്കും മതവിഭാഗങ്ങള്‍ക്കും നേരെ അഴിച്ചുവിടുന്ന ഭീകരതക്കും അതിഭീകരമായ കൊലപാതകങ്ങള്‍ക്കും അവയുടെ വീഡിയോ പ്രചാരണങ്ങള്‍ക്കും ISIS കുപ്രസിദ്ധമാണ്. 2015 നവംബറില്‍ പാരീസില്‍ തെരുവിലെ നിരപരാധികളെ വധിച്ചതുമുതല്‍ നൂറുകണക്കായ നരഹത്യകള്‍ അവര്‍ നടത്തിയിട്ടുണ്ട്. 2014 മുതല്‍ ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിലെ ചരിത്രസ്മാരകങ്ങളെ ISIS ആക്രമിച്ചു പോരുന്നു. ഇന്ന് അമേരിക്കന്‍ ആക്രമണംമൂലം ISIS ന്‍റെ സാമ്പത്തിക, ആയുധശക്തി ക്ഷയിച്ചിട്ടുണ്ടെങ്കിലും അവര്‍ വളരെ സജീവം തന്നെയാണ്.
ബൊക്കോഹറാം, ഇസ്ലാമിക് ബ്രദര്‍ ഹുഡ് മുതലായ ഭീകരസംഘടനകളും ലോകത്ത് ഭീതിയും തീവ്രവാദവും ഭീഷണിയും വിതച്ചുകൊണ്ടേയിരിക്കുന്നു.
ഭീകരത
മേല്‍പറഞ്ഞ ഭീകരസംഘടനകള്‍ നടത്തിവരുന്ന പ്രധാന ആക്രമണതന്ത്രങ്ങള്‍ ഇവയാണ്:ڈജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുക, ചാവേറാക്രമണം, ബോംബുമായി വന്ന് സ്വയം പൊട്ടിത്തെറിച്ച് ആളുകളെ കൊല്ലുക, ബോംബാക്രമണം, തട്ടിക്കൊണ്ടുപോകല്‍, കഴുത്തറുത്തു കൊല്ലല്‍, വെടിവയ്പ്.
ചില കുപ്രസിദ്ധ ഭീകരാക്രമണങ്ങള്‍
1979 – സൗദിയിലെ മെക്കയില്‍ 244 പേര്‍ കൊല്ലപ്പെട്ടു.
1983 – ലെബനനിലെ ബെയ്റൂട്ട് ബോംബാക്രമണത്തില്‍ 307 പേര്‍ കൊല്ലപ്പെട്ടു.
1985 – പാരീസില്‍ ബോംബാക്രമണം. മരണം – 225
1995 – അള്‍ജീരിയ കാര്‍ബോംബ് സ്ഫോടനം. മരണം – 42
1998 – ടാന്‍സാനിയ, കെനിയ യു.എസ് എംബസികള്‍ ആക്രമിച്ചു. മരണം 224.
2001 – 9/11 ആക്രമണം അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തട്ടിയെടുത്ത വിമാനമടക്കം ഉപയോഗിച്ച് ആക്രമിച്ചു തകര്‍ത്തു. മരണം – 2996
2002 – ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ ബോംബാക്രമണം. മരണം – 202
2004 – സ്പെയിനില്‍ ട്രെയിനില്‍ ബോംബാക്രമണം നടത്തി വധിച്ചത് 192 പേരെ.
2004 – റഷ്യയില്‍ ബന്ദികളാക്കിവച്ച് വകവരുത്തിയത് 385 പേരെ.
2006 – മുംബൈ ട്രെയിനുകളില്‍ സ്ഫോടനം. മരണം 209.
2008 – മുംബൈ താജ് ആക്രണം മരണം 166.
2014 – സിറിയയില്‍ 700 ലധികം ആളുകള്‍ കൊല്ലപ്പെട്ടു.
2014 – പാകിസ്ഥാനിലെ പെഷവാര്‍ സ്കൂള്‍ ആക്രമണം. മരണം – 140.
2015 – ഫ്രാന്‍സില്‍ ആക്രമണപരമ്പര. മരണം 260
പട്ടികനീണ്ടതാണ്. ഇറാക്ക്, ഈജിപ്റ്റ്, കെനിയ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ട മറ്റനവധി ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. പട്ടികയിലെ ഏറ്റവും പുതിയവയാണ് ഇന്ത്യയിലെ പുല്‍വാമ ആക്രമണവും ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനആക്രമണവും.
ഭീകരാക്രമണങ്ങളിലെ ചില സത്യങ്ങള്‍
1. ഭീകരതയില്‍ ദൈവസ്നേഹവുമില്ല, മനുഷ്യസ്നേഹവുമില്ല.
2. അതില്‍ മതാന്ധതയും, ഭൗതികരാഷ്ട്രീയലക്ഷ്യങ്ങളും തന്നെയാണുള്ളത്. 3. ഒരു ഭീകരപ്രവര്‍ത്തനവും നിഷ്കളങ്കരെ വധിക്കുകയല്ലാതെ ലക്ഷ്യം നേടിയ ചരിത്രം ഇല്ല. ഇനി ഉണ്ടാവാനും സാധ്യതയില്ല.
ഭീകരത അവശേഷിപ്പിക്കുന്നത്
ഭീകരാക്രമണങ്ങള്‍ ഭരണകൂടത്തെയും സൈന്യത്തെയും എന്നതിലുപരി സാധാരണക്കാരും നിഷ്കളങ്കരുമായ മനുഷ്യരെ ഇരകളാക്കുന്നു. അത് ഒരിക്കലും ഒരു മാനവികമതത്തിനും സാധ്യമായ കാര്യമല്ല. ഭീകരതമതത്തിന്‍റെ ഫലമല്ല: അത് മതനിരാസത്തിന്‍റെയും മതദുരുപയോഗത്തിന്‍റെയും മാത്രം ഫലമാണ്. മതദുര്‍വ്യാഖ്യാനവും അതിലെ അന്ധതയും ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളിയിലെ നൂറുകണക്കിനു നിഷ്കളങ്കരെ ചിതറിച്ചുവീഴ്ത്തിയപ്പോള്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ശ്രീലങ്കന്‍ പതാക പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു ഇസ്ലാമികരാജ്യം ശ്രീലങ്കയുടെ വേദനയില്‍ പങ്കുചേര്‍ന്നു. ഇതില്‍ ഏതാണ്ട് യഥാര്‍ത്ഥ മതമെന്ന് ഓരോ തീവ്രവാദിയും, വിശ്വാസിയും മനുഷ്യനും തിരിച്ചറിയേണ്ടതുണ്ട്.

Leave a Reply