സീയന്നായിലെ വി. കത്രീന


ഇറ്റലിയിലെ സീയെന്നായില്‍ ജക്കോപ്പാ ലാപ്പാബെനിന്‍കാസ ദമ്പതികളുടെ മകളായി 1347 ല്‍ കത്രീന ജനിച്ചു. ഒരു ഭക്തകുടുംബത്തില്‍ ജനിച്ചതുകൊണ്ട് പ്രായത്തെ അതിശയിപ്പിക്കുന്ന സുകൃതങ്ങള്‍ അവളില്‍ വിളങ്ങിനിന്നു. ചെറുപ്പത്തില്‍തന്നെ പ്രാര്‍ത്ഥന അവള്‍ക്കൊരു ആനന്ദ വിഷയമായിരുന്നു. അവള്‍ക്ക് ഏഴു വയസ്സുള്ളപ്പോള്‍ തന്നെ സ്വകാര്യമായി കന്യാത്വവ്രതം സ്വീകരിച്ചു.
കത്രീനയ്ക്ക് പന്ത്രണ്ടു വയസ്സായപ്പോള്‍ അവളെ വിവാഹം കഴിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. തദവസരത്തില്‍ അവള്‍ തന്‍റെ മുടി മുറിച്ചു കളഞ്ഞു. 1365 ല്‍, തന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ അവള്‍ ഡോമിനിക്കന്‍ മൂന്നാം സഭയുടെ വസ്ത്രം സ്വീകരിച്ചു. എന്നാല്‍ മാതാപിതാക്കന്മാരുടെകൂടെതന്നെയായിരുന്നു അവളുടെ താമസം. സ്വഭവനത്തിലെ ഏറ്റവും ദരിദ്രോചിതമായ ഒരു മുറി അവള്‍ തനിക്കായി തിരഞ്ഞെടുത്തു.
ദൈവശുശ്രൂഷയില്‍ സംബന്ധിക്കുന്നതിനും ആശുപത്രികളില്‍ രോഗവും ദാരിദ്ര്യവുംമൂലം കഷ്ടപ്പെടുന്ന പാവങ്ങളെ ശുശ്രൂഷിക്കുന്നതിനുമല്ലാതെ വിശുദ്ധ ആ മുറിയില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പലവിധങ്ങളായ ക്ലേശങ്ങള്‍ വിശുദ്ധയ്ക്കു തരണം ചെയ്യേണ്ടി വന്നു. ആത്മീയാന്ധകാരം, ഭക്തകൃത്യങ്ങളില്‍ വിരസത എന്നിവ ആന്തരീകമായും കുറ്റാരോപണങ്ങള്‍, കഠിനരോഗങ്ങള്‍, പൈശാചികപരീക്ഷണങ്ങള്‍ തുടങ്ങിയവ ബാഹ്യമായും അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍, സ്വര്‍ഗീയപിതാവിന്‍റെ അറിവു കൂടാതെ തനിക്ക് ഒന്നും സംഭവിക്കുകയില്ലാ എന്ന പൂര്‍ണബോധ്യം എല്ലാ വേദനകളെയും ക്ഷമയോടെ സഹിക്കുവാന്‍ വിശുദ്ധയെ പ്രാപ്തയാക്കി.
1366-ല്‍ വിഭൂതിത്തിരുനാളിന്‍റെ തലേദിവസം ചൊവ്വാഴ്ച കത്രീനാ തന്‍റെ മുറിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കേ, ക്രിസ്തു കന്യകാമാതാവിനോടും ഒരു സംഘം വാനവരോടുംകൂടി അവിടെ പ്രത്യക്ഷീഭവിച്ചു. കന്യകാമാതാവു കത്രീനായുടെ കരമുയര്‍ത്തി ക്രിസ്തുവിന്‍റെ കൈയില്‍ ഏല്പിച്ചു. ക്രിസ്തു അവളുടെ കൈവിരലില്‍ മോതിരമണിയിച്ച് അവളെ തന്‍റെ മണവാട്ടിയായി സ്വീകരിച്ചു. തന്‍റെ അനുഗ്രഹംകൊണ്ടു ശക്തിപ്രാപിച്ച് ആത്മീയശത്രുക്കളോടു നിരന്തരം പടപൊരുതി വിജയം വരിക്കുവാന്‍ തക്കവണ്ണം ധൈര്യപ്പെടുത്തുകയും ചെയ്തു. ആ മോതിരം അന്യര്‍ക്കു കാണാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അതു മരണംവരെ തന്‍റെ കൈവിരലില്‍ ഉണ്ടായിരുന്നതായി അവള്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം മനുഷ്യസേവനത്തിലൂടെ ലോകത്തിനു ക്രൈസ്തവസാക്ഷ്യം നല്കുവാന്‍ സ്വജീവിതം ഉഴിഞ്ഞുവച്ചു. ആതുരശുശ്രൂഷയിലാണു തുടക്കംകുറിച്ചത്. മഹാരോഗങ്ങള്‍ ബാധിച്ച, നിരാശ്രയരായ വ്യക്തികളെ പരിചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തി. അതിഭീകരമായ അര്‍ബുദം, കുഷ്ഠം മുതലായ രോഗങ്ങള്‍ ബാധിച്ചു നിരാശരായിക്കഴിഞ്ഞ വ്യക്തികള്‍ക്ക് അവള്‍ പ്രത്യാശയുടെ പ്രകാശനാളമായി. ആരില്‍നിന്നും നന്ദിയോ പ്രതിസ്നേഹമോ ആഗ്രഹിച്ചില്ല. മറിച്ചു പലരില്‍നിന്നും നിന്ദയും അവഹേളനവും ഏറ്റു വാങ്ങുകയും ചെയ്തു. എന്നിട്ടും ഭഗ്നാശയാകാതെ വര്‍ദ്ധിതോത്സാഹത്തോടുകൂടി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി.
കത്രീനയുടെ ജീവിതവിശുദ്ധി മനസ്സിലാക്കിയിരുന്നതിനാല്‍ ഭരണസംബന്ധമായ കാര്യങ്ങളില്‍ മാര്‍പാപ്പ വിശുദ്ധയോട് അഭിപ്രായം ചോദിച്ചിരുന്നു. ആ കാലഘട്ടത്തില്‍ റോമിലുണ്ടായ ആഭ്യന്തരകലഹങ്ങളുടെ ഫലമായി മാര്‍പാപ്പാമാര്‍ അമ്പതു കൊല്ലത്തേക്കു പ്രവാസജീവിതം അനുഭവിക്കേണ്ടതായി വന്നു. ഫ്രാന്‍സിലെ അവിഞ്ഞോണില്‍ താമസിച്ചിരുന്ന ഗ്രിഗോരിയോസ് പതിനൊന്നാമനെ നിത്യനഗരമായ റോമായിലേക്കു തിരിച്ചുകൊണ്ടുവരുന്നതിന് കത്രീന വളരെയധികം പരിശ്രമിച്ചു. അക്കാലത്ത് പരി. സിംഹാസനത്തിനെതിരെ പ്രചരിച്ചിരുന്ന പ്രതികൂല മനസ്ഥിതിയെ ദുരീകരിക്കുവാന്‍ യൂറോപ്പിലെ പല രാജാക്കന്മാര്‍ക്കും വിശുദ്ധ കത്തുകള്‍ അയച്ചു.
ഈ ക്ലേശഘട്ടത്തില്‍ തിരുസഭയുടെ അഭിവൃദ്ധിയെ മുന്‍ നിര്‍ത്തി, സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുവാനുള്ള സര്‍വഅധികാരവും പരി.പിതാവ് കത്രീനയ്ക്കു നല്കിയിരുന്നു. വിശുദ്ധയ്ക്ക് കുടില്‍തൊട്ട് കൊട്ടാരംവരെയുണ്ടായിരുന്ന സ്വാധീനശക്തി ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഫ്രാന്‍സിലെ രാജാവിന്‍റെയും റോമയിലെ കര്‍ദ്ദിനാള്‍മാരില്‍ ഭൂരിപക്ഷത്തിന്‍റെയും എതിര്‍പ്പുണ്ടായിരുന്നിട്ടും 1377 ല്‍ മാര്‍പാപ്പാ വീണ്ടും റോമില്‍ തിരികെ വന്ന് തിരുസഭാഭരണം നിര്‍വഹിക്കുന്നതു കാണാനുള്ള ഭാഗ്യം വിശുദ്ധയ്ക്കു ലഭിച്ചു. നീണ്ട കൊല്ലങ്ങള്‍ ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചാണ് വിശുദ്ധ ജീവിച്ചിരുന്നത്.
ഒരുദിവസം വി. ക്രിസ്റ്റീനായുടെ ദേവാലയത്തില്‍വച്ച് അവള്‍ക്ക് അത്യപൂര്‍വമായ ഒരു ദിവ്യാനുഭവം ഉണ്ടായി. കുര്‍ബാന സ്വീകരിച്ചതിനുശേഷം വിശുദ്ധ ക്രൂശിതരൂപത്തില്‍ മിഴിയൂന്നി ധ്യാനനിമഗ്നയായി നില്ക്കുമ്പോള്‍ പെട്ടെന്ന് ആ രൂപത്തില്‍നിന്ന് അത്യുജ്വലമായ രക്തകിരണങ്ങള്‍ പുറപ്പെട്ടുവന്ന് വിശുദ്ധയുടെ കൈകാലുകളെയും ഉരഃപാര്‍ശ്വത്തെയും തുളച്ച് അഞ്ചു മുറിവുകളുണ്ടാക്കി. തദവസരത്തില്‍ വേദനയുടെ ആധിക്യംനിമിത്തം കത്രീന ബോധമറ്റു വീണു. ആ മുറിവുകള്‍ പിന്നീട് ഒരിക്കലും ശരീരത്തില്‍നിന്നും മാഞ്ഞുപോയില്ല. മരണത്തിനുശേഷം അവ എല്ലാവര്‍ക്കും കാണുവാനും കഴിഞ്ഞു.
1380 ഏപ്രില്‍ ഇരുപത്തി ഒന്‍പതാം തീയതി മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ കത്രീനാ മരിച്ചു. മരണവാര്‍ത്തയറിഞ്ഞതോടെ അനേകായിരങ്ങള്‍ കത്രീനയുടെ പൂജ്യശരീരം അവസാനമായി ഒരു നോക്കു കാണുവാനായി എത്തിക്കൊണ്ടിരുന്നു. മൂന്നു ദിവസത്തെ പൊതുദര്‍ശനത്തിനുശേഷമാണ് ശരീരം സംസ്കരിച്ചത് സംസ്കരിക്കുന്ന സമയത്തും ശരീരം ചലിപ്പിക്കുവാനാകുമായിരുന്നു. സാന്താമരിയാ സൊപ്രാ മിനര്‍വ ദൈവാലയത്തിലെ സിമിത്തേരിയില്‍ അടക്കിയ കത്രീനയുടെ ശരീരം ജപമാലയുടെ കപ്പേളയിലേക്കു മാറ്റുന്നതിനായി കല്ലറ തുറന്നപ്പോഴാണ് ശരീരം അഴുകാതിരിക്കുന്നതായി കണ്ടത്.
പില്‍ക്കാലത്ത് വിശുദ്ധയുടെ ശരീരം തിരുശേഷിപ്പുകളായി പലയിടത്തേക്കു നല്‍കുന്നതിനുവേണ്ടി പലതായി മുറിച്ചു. ആദ്യം സിയെന്നായിലേക്കു കൊണ്ടുപോകുന്നതിനായി മാര്‍പാപ്പായുടെ അനുവാദത്തോടെ ശിരസ്സ് ശരീരത്തില്‍നിന്നും വേര്‍പെടുത്തി. 1385 ല്‍ ഒരു കൈകൂടി സിയെന്നയിലേക്കു കൊണ്ടുപോയി. 1487 ല്‍ ഒരു കൈ റോമിലെ ഡോമിനിക്കന്‍ സന്യാസികള്‍ക്കു നല്‍കി. വെനീസിലെ ദൈവാലയത്തിനാണ് ഒരു കാല്‍ നല്‍കിയത്. വിശുദ്ധയ്ക്ക് ക്രിസ്തു നല്‍കിയ തിരുമുറിവുകളുടെ പാട് ഈ കാലിലുണ്ടായിരുന്നു. ക്രിസ്തു തന്‍റെ മോതിരം അണിയിച്ച വിരല്‍ ഫ്ളോറന്‍സിനടുത്തുള്ള പൊന്തിനിയാനോയിലെ ചാര്‍ട്രേയൂസ് ദൈവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
1461 ല്‍ പീയൂസ് രണ്ടാമന്‍ മാര്‍പാപ്പയാണ് കത്രീനയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 1970 ല്‍ പോള്‍ ആറാമന്‍ പാപ്പാ സഭയുടെ വേദപാരംഗതയായി വിശുദ്ധയെ ഉയര്‍ത്തി. വേദപാരംഗതയായി തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച രണ്ടാമത്തെ വിശുദ്ധയാണ് സിയെന്നായിലെ കത്രീനാ. ഏപ്രില്‍ 29 നാണ് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

Leave a Reply