Nelson Thomas
ഒരു തൊഴുത്തില്‍ കെട്ടിയ രണ്ട് ആട്ടിന്‍ കുഞ്ഞുങ്ങളായി ക്രിസ്തു മതത്തെയും ഇസ്ലാം മതത്തെയും കാണുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവരതിനെ ‘ക്രിസ്ലാം’ എന്നാണത്രെ പേരിട്ടിരിക്കുന്നത്! ക്രിസ്തു മതം യഹൂദമതത്തിന്റെ പൂര്‍ണതയാണെന്ന പോലെ ഇസ്ലാംമതത്തെ ക്രിസ്തുമതത്തിന്റെ പൂര്‍ണ്ണതയായി ആവിഷ്‌കരിക്കുന്നവരും ഉണ്ട്. കത്തോലിക്കരുടെ ദൈവവും ഇസ്ലാം മതത്തിലെ ദൈവവും ഒന്നാണൊ? രണ്ടുകൂട്ടരും ഒരേ ദൈവത്തെയാണൊ ആരാധിക്കുന്നത്? കത്തോലിക്ക സഭയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നതാണ് ഈ ലേഖനം.
കത്തോലിക്കാ സഭ പ്രബോധനപരമായി പഠിപ്പിക്കുന്നതെല്ലാം അടിസ്ഥാനമായിരിക്കുന്നത് വിശ്വാസത്തിന്റെ നിക്ഷേപങ്ങളായ വിശുദ്ധ ഗ്രന്ഥത്തെയും വിശുദ്ധ പാരമ്പര്യത്തെയും ആണ്. വിശ്വാസത്തിന്റെ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള പ്രബോധനങ്ങള്‍ സ്വാഭാവികമായും പരിണാമത്തിന് വിധേയമാണ്. പരിണാമത്തിന് വിധേയമാണ് എങ്കില്‍ പോലും അവയൊരിക്കലും പരസ്പരം വിരുദ്ധമൊ പഴയതിനെ പൂര്‍ണ്ണമായും ഖണ്ഡിക്കുന്നതും ആകില്ല. സഭയുടെ പ്രബോധനാധികാരത്തിന്റെ അപ്രമാദിത്വമാണ് ഈ വിശ്വാസ്യത ഉറപ്പുതരുന്നത്. വിശ്വാസ സത്യങ്ങളിലെ ഇത്തരം പരിണാമം കൊണ്ട് അര്‍ത്ഥമാക്കുന്നത് അവയെ കൂടുതല്‍ വ്യക്തതയോടെ നിര്‍വചിക്കുവാനും ആഴത്തില്‍ മനസ്സിലാക്കുവാനും നമുക്ക് സാധിക്കുന്നുണ്ട് എന്നാണ്.
ഇസ്ലാം മതത്തെ കുറിച്ച് പണ്ടുകാലങ്ങളില്‍ സഭ ഔദ്യോഗിക നിലപാടുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള പഠനങ്ങളൊന്നും ഇസ്ലാം എന്ന മതത്തെക്കുറിച്ചല്ല; ഇതര മത വിശ്വാസികള്‍ എന്ന നിലയില്‍ നമുക്ക് അവരോട് ഉണ്ടാകേണ്ട മനോഭാവത്തെ കുറിച്ചാണ് കൂടുതലും പറയുന്നത്. ഇസ്ലാം എന്ന മതത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളുടെ ഉറവിടം സഭയുടെ വിശ്വാസത്തിന്റെ നിക്ഷേപത്തില്‍ നിന്ന് അല്ല. വിശ്വാസത്തിന്റെ നിക്ഷേപത്തില്‍ ക്രിസ്തുവിന് ശേഷമുള്ള ഇതര മത വിഭാഗങ്ങളെ കുറിച്ച് പരാമര്‍ശങ്ങളൊന്നും ഇല്ല എന്നതാണ് അങ്ങനെ പറയാന്‍ കാരണം. ഇതര മതവിഭാഗങ്ങളെക്കുറിച്ചുള്ള സഭയുടെ നിലപാടുകള്‍ അവരുടെ മത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ ഇവയെ സഭയുടെ പഠനങ്ങള്‍ ആയി കണക്കാക്കാമെങ്കിലും ഇവയൊന്നും ഒരര്‍ത്ഥത്തില്‍ പ്രബോധനപരമായ പഠനങ്ങളല്ല. ഇസ്ലാം മതത്തെ കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പരാമര്‍ശങ്ങളെ ഒന്ന് അധികവായനയ്ക്ക് വിധേയമാക്കാം.
കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായത് ‘തിരുസഭ’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയില്‍ നിന്നുള്ള ഭാഗമാണ്. ഇതാണ് പിന്നീട് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിലെ 841 മത്തെ ഖണ്ഡികയില്‍ കൊടുത്തിരിക്കുന്നതും.
‘രക്ഷാകയുടെ പദ്ധതി സൃഷ്ടാവിനെ അംഗീകരിക്കുന്നവരെ കൂടി ഉള്‍ക്കൊള്ളുന്നതാണ്’ ദൈവം കുരിശില്‍ മരിച്ചത് കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമല്ല. അത് മനുഷ്യരായി ജനിച്ച എല്ലാവര്‍ക്കും വേണ്ടിയാണ്. കുരിശുമരണം വഴി ദൈവം ലോകത്തുള്ള സകല മനുഷ്യരെയും വീണ്ടുരക്ഷിച്ചു (redeemed). നമ്മള്‍ അത് തിരിച്ചറിഞ്ഞ് നമ്മെത്തന്നെ യോഗ്യരാക്കുമ്പോഴാണ് വ്യക്തിപരമായി നമ്മളും രക്ഷിക്കപ്പെടുന്നത് (salvation). അതുകൊണ്ട് ഇസ്ലാം മതവിശ്വാസികള്‍ മാത്രമല്ല എല്ലാ മതങ്ങളില്‍ ഉള്ള മനുഷ്യരും മതങ്ങള്‍ ഇല്ലാത്തവരും ഈ രക്ഷാകര പദ്ധതിയിലേക്ക് ക്ഷണിക്കപ്പെട്ടവരാണ്. അവരെയും കൂടി ഉള്‍ക്കൊള്ളുന്നതാണ് രക്ഷാകര പദ്ധതി. ഇതാണ് ഈ വാചകം കൊണ്ട് കൗണ്‍സില്‍ അര്‍ത്ഥമാക്കുന്നത്.
‘അവരില്‍ ഒന്നാമതായിട്ടുള്ളത് അബ്രാഹത്തിന്റെ വിശ്വാസം പുലര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കുന്ന മുസ്ലിംകളാണ്’ ക്രിസ്ത്യാനികളെയും യഹൂദരെയും പോലെ ഏക ദൈവത്തെ ആരാധിക്കുന്നവരാണ് മുസ്ലിമുകളും. അവര്‍ക്ക് അബ്രാഹത്തിന്റെ വിശ്വാസം ഉണ്ടെന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. വാക്കുകള്‍ ശ്രദ്ധിക്കുക -‘അവര്‍ പ്രഖ്യാപിക്കുന്നു’. ഇംഗ്ലീഷ് തര്‍ജ്ജമയില്‍ ‘They profess’ എന്നാണ് നല്‍കിയിരിക്കുന്നത്. വസ്തുതാപരമായി അവര്‍ക്ക് അബ്രാഹത്തിന്റെ വിശ്വാസം കൈമാറ്റം ചെയ്തു കിട്ടിയിട്ടുണ്ട് എന്നല്ല, അവര്‍ എന്ത് വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നു എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.
‘അവര്‍ നമ്മോടൊപ്പം ഒപ്പം ഏകനും കാരുണ്യവാനും മനുഷ്യരെ ആന്തിമ ദിവസം വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ ആരാധിക്കുന്നു.’ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ഏക ദൈവത്തെ ആരാധിക്കുന്ന എല്ലാവരും തത്വത്തില്‍ ത്രീയേക ദൈവത്തെയാണ് ആരാധിക്കുന്നത്. ആന്‍ഡമാനിലെ സെന്ററിനല്‍ ദ്വീപിലുള്ള ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍ ആകാശത്തെ ചന്ദ്രനെ നോക്കി ‘ചന്ദ്രനെ സൃഷ്ടിച്ച ദൈവമേ നിന്നെ ഞാന്‍ ആരാധിക്കുന്നു’ എന്നു പറഞ്ഞാലും ത്രിയേക ദൈവത്തെ തന്നെയാണ് ആരാധിക്കുന്നത്. കാരണം ത്രീയേക ദൈവം തന്നെയാണ് ചന്ദ്രന്റെയും സൃഷ്ടാവ്. ആ അര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളും മുസ്ലീമുകളും ആരാധിക്കുന്നത് ഒരേ ദൈവത്തെയാണ്. ‘ആരാധിക്കപ്പെടുന്ന ദൈവം’ തത്ത്വത്തില്‍ ഒന്നാണെന്നാണ് ഇവിടെ പറയുന്നത്, അല്ലാതെ ദൈവത്തിന്റെ ലക്ഷണത്തെയോ സ്വഭാവത്തെയോ വ്യക്തിത്വത്തെയൊ വസ്തുതാപരമായി വിലയിരുത്തി ഇരു മതങ്ങളിലെയും ദൈവം ഒന്നാണെന്ന് അംഗീകരിക്കുന്ന പഠനമല്ല ഇത്.
അക്രൈസ്തവ മതങ്ങള്‍ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രയില്‍ നിന്നുള്ള പഠനങ്ങളാണ് രണ്ടാമതായി തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നത്. ഇതര മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ രേഖ. ഇത് പുറപ്പെടുവിക്കാന്‍ കാരണമായ ചരിത്ര പശ്ചാത്തലം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതര മതങ്ങളോടുള്ള സഭാ വീക്ഷണം വ്യക്തമാക്കുന്ന രേഖ പുറപ്പെടുവിക്കണമെന്നത് കൗണ്‍സിലിന്റെ ഒരു പ്രാരംഭ ലക്ഷ്യമായിരുന്നില്ല. എക്യുമെനിസം എന്ന പ്രമാണ രേഖയുടെ ഭാഗമായി യഹൂദരോടുള്ള മനോഭാവം പ്രകടമാക്കുന്ന പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ ചര്‍ച്ചകളാണ് ഈ പ്രമാണരേഖയുടെ ആവിര്‍ഭാവത്തിന് വഴിതെളിച്ചത്. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഉത്തരവാദിത്വം യഹൂദരില്‍ മൊത്തം ആരോപിക്കുന്ന ചില ദൈവശാസ്ത്ര രീതികള്‍ തിരുത്തുക എന്നതായിരുന്നു പ്രധാനമായും ഇതിന്റെ ഉദ്ദേശം. യഹൂദരോട് ഉള്ള ഈ സൗഹാര്‍ദ്ദ മനോഭാവം മുസ്ലിം രാജ്യങ്ങളില്‍ കത്തോലിക്കര്‍ക്ക് അസ്വസ്ഥതകള്‍ക്ക് കാരണമാക്കുമെന്ന് പൗരസ്ത്യ ദേശങ്ങളില്‍ നിന്നുള്ള പിതാക്കന്മാര്‍ ഭയപ്പെട്ടു. തുടര്‍ന്ന് വന്ന ചര്‍ച്ചകളാണ് അക്രൈസ്തവ മതങ്ങള്‍ എന്ന ഡിക്രിയുടെ തുടക്കത്തിന് കാരണമായത്. കൗണ്‍സിലിന് ശേഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും ലോക ജനതയുടെ ഇടയില്‍ ക്രിസ്തുമതത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചതുമായ രേഖകളില്‍ ഒന്നായി പിന്നീടിതു മാറി.
ഇതര മതവിഭാഗങ്ങളുമായി താരതമ്യം ചെയ്ത് ക്രിസ്തുമതത്തിന്റെ തനിമ നിര്‍വചിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി, മനുഷ്യരെ പരസ്പരം ഐക്യപ്പെടുത്തുന്ന തലങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ രേഖയെ മറ്റുരേഖകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. എല്ലാത്തരം വിശ്വാസങ്ങളും വച്ചുപുലര്‍ത്തുന്ന മനുഷ്യരുമായുള്ള ഐക്യപ്പെടലിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഹ്വാനങ്ങളാണ് ഈ രേഖയില്‍ മുഴുവനും മുഴങ്ങി നില്‍ക്കുന്നത്. ഇതര മതങ്ങളെ കുറിച്ച് വസ്തുതാപരമായി ആകമാനം പഠിക്കാനുള്ള റഫറന്‍സ് ഗ്രന്ഥമായല്ല, ഇതര വിഭാഗങ്ങളിലെ മനുഷ്യരോട് പ്രകടമാക്കേണ്ട മനോഭാവത്തെപറ്റിയാണ് ഇത് പഠിപ്പിക്കുന്നത്.
ക്രിസ്ത്യാനികളും മുസ്ലീമുകളും തമ്മില്‍ പണ്ടുകാലങ്ങളില്‍ കലഹിച്ചിട്ടുണ്ട് എന്നത് ഈ രേഖ അംഗീകരിക്കുന്നു – വെറുതെ കലഹിക്കരുതെന്ന് വ്യഗം. പരസ്പരം കലഹിക്കാതെ ഒരു ധാരണയിലെത്തി മനുഷ്യ സമൂഹത്തിനു വേണ്ടി സാമൂഹ്യനീതിയും ധാര്‍മികമൂല്യങ്ങളും സമാധാനവും സ്വാതന്ത്ര്യവും എല്ലാം ഇരുകൂട്ടരും യോജിച്ചു നിന്നുകൊണ്ട് സംരക്ഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം.
എല്ലാ മതങ്ങളിലും സത്യത്തിന്റെ രശ്മികള്‍ ഉണ്ട്. ഇതര മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായെ ഒന്നും കത്തോലിക്കാസഭ നിഷേധിക്കുന്നില്ല. മറ്റ് മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഈ ഡിക്രി എടുത്തു പറയുന്നുമുണ്ട്. എങ്കിലും തിരുസഭ അവയെല്ലാം ബഹുമാനത്തോടെ നിരിക്ഷിക്കുന്നു. ക്രിസ്തുവാകുന്ന സത്യത്തെ പറ്റിയുള്ള വെളിപാടുകള്‍ പൂര്‍ണ്ണതയില്‍ ഉള്ളത് കത്തോലിക്ക സഭയില്‍ ആണെങ്കിലും, ക്രിസ്തുവിനെ പറ്റിയുള്ള പല അറിവുകളും ഇതര മതങ്ങളിലും ഉണ്ട്. ഈ അര്‍ത്ഥത്തിലാണ് ഇസ്ലാം മതത്തിലെ ദൈവീക ദര്‍ശനത്തെ ഡിക്രി വിലയിരുത്തുന്നത്. ക്രിസ്തുവിനെ ഒരു വിപ്ലവ നേതാവായി കമ്മ്യൂണിസം കാണുന്നു. ക്രിസ്തുവിനെ ഒരു ചരിത്രപുരുഷനായി നിരീശ്വരവാദികള്‍ കാണുന്നു. ക്രിസ്തുവിനെ ഒരു പ്രവാചകനായി മുസ്ലീമുകള്‍ കാണുന്നു. ക്രിസ്തു ഒരു വിപ്ലവകാരിയും ചരിത്രപുരുഷനും പ്രവാചകനും ഒക്കെയാണ്. ഇത്തരത്തില്‍ സത്യത്തിന്റെ ചില രശ്മികളെ ഇതിര വിഭാഗങ്ങളും തിരിച്ചറിയുന്നുണ്ട്, ഇതില്‍ ആശ്ചര്യപ്പെടാനും തെറ്റിദ്ധരിക്കാനും ഒന്നുമില്ലതാനും.
സമാപനം.
ഏക ദൈവത്തെ ആരാധിക്കുന്നവര്‍ എല്ലാവരും തത്വത്തില്‍ ഒരു ദൈവത്തെയാണ് ആരാധിക്കുന്നത്. എന്നാല്‍, ഏകദൈവത്തെ അടിസ്ഥാനമാക്കിയുള്ള മത പ്രത്യയശാസ്ത്രങ്ങള്‍ അനാവരണം ചെയ്യുന്ന ദൈവം വസ്തുതാപരമായി ഒന്നല്ല. ത്രീയേക ദൈവത്തെയാണ് വസ്തുതാപരമായി ആയി ക്രൈസ്തവ മതം അനാവരണം ചെയ്യുന്നത്. ഇതര മതവിഭാഗങ്ങളില്‍ ദൈവ സങ്കല്പം ഇങ്ങനെയല്ല. അതിനാല്‍ ഏക ദൈവത്തെ ആരാധിക്കുന്നവര്‍ എല്ലാവരും വസ്തുതാപരമായി ദൈവത്തെ മനസ്സിലാക്കിയിരിക്കുന്നത് ഒരുപോലെയല്ല. ഈ വ്യത്യാസമാണ് പ്രവര്‍ത്തികളിലൂടെ പ്രകടമാകുന്നതും. ക്രൈസ്തവ ദൈവവും ഇസ്ലാമിലെ ദൈവവും ഒന്നാണെന്നൊ ഇസ്ലാം മതം പൂര്‍വ്വപിതാവായ അബ്രാഹത്തിന്റെ പാരമ്പര്യമുള്ളതാണെന്നൊ കത്തോലിക്കാ സഭ പഠിപ്പിക്കുന്നില്ല. വൈവിധ്യങ്ങള്‍ വിശ്വാസങ്ങളില്‍ ഉണ്ടെങ്കിലും എല്ലാ മതവിഭാഗങ്ങളുമായി ക്രൈസ്തവര്‍ ഐക്യപ്പെട്ടു ജീവിക്കേണ്ടിയരിക്കുന്നു. ഇതര മതങ്ങളിലുള്ള മനുഷ്യരുമായാണ് ഐക്യപ്പെടേണ്ടത്, മത വിശ്വാസങ്ങള്‍ പരസ്പരം സംയോജിച്ച് നിര്‍വീര്യമാക്കപ്പെടുന്ന ഐക്യപ്പെടലല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മനുഷ്യരുമായി ഐക്യപ്പെടുന്നതിന് തടസം നില്‍ക്കുന്ന ഘടകങ്ങള്‍ ഒന്നും തന്നെ നമ്മുടെ കത്തോലിക്ക മതത്തില്‍ ഇല്ലെങ്കില്‍ പോലും ഇതര മതവിഭാഗങ്ങളില്‍ അവയുണ്ടോ എന്ന് പരിശോധിച്ച് കണ്ടെത്തേണ്ടത് അവരുടെ മതഗ്രന്ഥങ്ങളും പ്രബോധനങ്ങളും ശ്രവിച്ചാണ്, ഐക്യപ്പെടലിന് ആഹ്വാനം നല്‍കുന്ന കത്തോലിക്കാ പ്രബോധനങ്ങള്‍ മാത്രം വായിച്ചാല്‍ ഇതര മതങ്ങളിലെ ഈ ഘടകങ്ങള്‍ മനസ്സിലാകണമെന്നില്ല.