തുടര്‍കഥയാകുന്ന നരനായാട്ട്

ബിബിന്‍ മഠത്തില്‍
മതവിദ്വേഷത്തിന്‍റെ കൊടുങ്കാറ്റ് ഒറീസയിലെ കണ്ടമാലില്‍ ആഞ്ഞടിച്ചിട്ട് ഇപ്പോള്‍ പത്തു വര്‍ഷത്തിനു മുകളിലായിരിക്കുന്നു. 2007 ഡിസംബറിലും 2008 ഓഗസ്റ്റിലുമായി രണ്ടു പ്രാവശ്യമാണു കണ്ടമാലിലെ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടത്. ആദ്യത്തേത് ക്രിസ്തുവിന്‍റെ ജനനമാഘോഷിക്കുന്ന ക്രിസ്തുമസ് രാവിലായിരുന്നെങ്കില്‍ രണ്ടാമത്തേത് ശ്രീകൃഷ്ണജയന്തിക്ക് ശേഷമായിരുന്നു. രണ്ടു പ്രാവശ്യവുമായി നൂറിലധികം ആളുകളാണു കൊല്ലപ്പെട്ടത്. 6000 വീടുകളും 300 പള്ളികളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ കൊള്ളയിലും കൊലയിലുമൊക്കെ പങ്കെടുത്ത കലാപകാരികളെല്ലാവര്‍ക്കുംതന്നെ ഒന്നോ രണ്ടോ വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചു. എന്നാല്‍ തെളിവൊന്നുമില്ലായെന്ന് പ്രോസിക്യൂഷന്‍ അംഗീകരിക്കുമ്പോഴും രണ്ടാമത്തെ കലാപത്തിനു കാരണമായ ശ്രീലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയവര്‍ എന്ന് ആരോപിച്ച് ജയിലിലടച്ച ക്രിസ്ത്യാനികളായ ഏഴുപേര്‍ പത്തു വര്‍ഷത്തിനുശേഷം ഇപ്പോഴും ജയിലിലാണ്!
കണ്ടമാലിലേത് ഒരു ഒറ്റപ്പെട്ട സംഭവമായി കരുതേണ്ട. നശിപ്പിക്കപ്പെടുന്ന ആരാധനാലയങ്ങളുടെയും ക്രൈസ്തവസ്ഥാപനങ്ങളുടെയും കൊലപാതകവും മാനഭംഗവുമൊക്കെ നേരിട്ട സന്യാസിനി-സന്യാസിമാരുടെയും മിഷണറിമാരുടെയും മറ്റുള്ളവരുടെയുമൊക്കെ കഥകള്‍ ഓരോ വര്‍ഷവും നാം കേള്‍ക്കുന്നുണ്ട്. കത്തോലിക്കരല്ലാത്ത മറ്റു ക്രൈസ്തവവിഭാഗങ്ങളും ഇത്തരത്തില്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് (2019) ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഓരോ വര്‍ഷവും കുറഞ്ഞുവരുകയാണ്. മതസ്വാതന്ത്ര്യത്തെക്കുറിച്ച് ആകുലതയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ അഫ്ഗാനിസ്ഥാനും ഇറാഖും ഈജിപ്തുമൊക്കെ ഉള്‍പ്പെടുന്ന ടയര്‍ 2-ലാണു ഇന്ത്യയുടെ സ്ഥാനം എന്നത് ആശങ്കാജനകമാണ്. ക്രൈസ്തവപീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന “ഓപ്പണ്‍ ഡോര്‍സ്” എന്ന സംഘടനയുടെ കണക്കുകളും ഇന്ത്യയിലെ ആശങ്കാജനകമായ സാഹചര്യത്തെ വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യന്‍ മതപീഡനത്തിന്‍റെ തീവ്രതയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 31-ാം സ്ഥാനത്തുനിന്നും 10-ാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നിരിക്കുന്നു! സിറിയയിലും നൈജീരിയയിലുമൊക്കെ നടക്കുന്നതില്‍ കൂടുതല്‍ പീഡനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നു എന്നാണു കണക്കുകള്‍ കാണിക്കുന്നത്.
ആഗോളതലത്തിലും ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍കൂടി വരുകയാണ്. ഈ അടുത്തകാലത്ത് ബ്രിട്ടണിലെ വിദേശകാര്യ സെക്രട്ടറി ആയ ജെറമി ഹണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ രണ്ടു ദശകമായി മദ്ധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ വംശഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണ്. ഒരിക്കല്‍ പൗരസ്ത്യ ക്രൈസ്തവസഭകളുടെ ഈറ്റില്ലമായിരുന്ന ഇറാഖിലും സിറിയയിലും തുര്‍ക്കിയിലും അര്‍മേനിയയിലുമൊക്കെ ഇന്ന് അവശേഷിച്ചിരിക്കുന്ന ക്രൈസ്തവവിശ്വാസികള്‍ കൂടി ഇസ്ലാമിക ഭീകരതയുടെ ഇരകളായി മാറിയിരിക്കുന്നു. മദ്ധ്യ-പൂര്‍വ്വേഷ്യയിലെയും ഉത്തര-ആഫ്രിക്കന്‍ രാജ്യങ്ങളിലെയും കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നവയാണ്. ഇവിടങ്ങളില്‍ ഒരു നൂറ്റാണ്ടു മുമ്പ് 20% ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ഇന്ന് 4% ലേക്ക് കുറഞ്ഞിരിക്കുന്നു. സ്വന്തം അഭയാര്‍ത്ഥികളായി പോകേണ്ടിവന്നവരുടെയും കൊല്ലപ്പെട്ടവരുടെയും കിഡ്നാപ്പ് ചെയ്യപ്പെട്ടവരുടെയും അടിമകളായി വില്‍ക്കപ്പെട്ടവരുടെയും തടവിലടയ്ക്കപ്പെട്ടവരുടെയും മാനഭംഗപ്പെട്ടവരുടെയുമൊക്കെ കണക്കുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഈ രാജ്യങ്ങളിലൊക്കെ ഒരു പൗരനുവേണ്ട പരിഗണനപോലും പലപ്പോഴും ഒരു ക്രിസ്ത്യാനിക്ക് ലഭിക്കുന്നില്ല. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും തൊഴില്‍ സാധ്യതകളും സാമൂഹിക ജീവിതവുമൊക്കെ നിഷേധിക്കപ്പെടുന്നത് സാധാരണമായിരിക്കുകയാണ്. മദ്ധ്യ-പൂര്‍വ്വേഷ്യയിലെ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലെയുമൊക്കെ കണക്കുകള്‍ ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ ലോകത്ത് പീഡിപ്പിക്കപ്പെടുന്ന ദൈവവിശ്വാസികളില്‍ ബഹുഭൂരിപക്ഷവും (80%) ക്രിസ്ത്യാനികളാണെന്നുള്ള കാര്യം നമ്മുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്.
ഇനി ഈ റിപ്പോര്‍ട്ടുകളുടെ ഒന്നും സഹായമില്ലായെങ്കില്‍ കൂടി വര്‍ദ്ധിച്ചുവരുന്ന ക്രിസ്തുമതപീഡനങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ബുര്‍ക്കിനോഫാസയില്‍നിന്നും നൈജീരിയയില്‍ നിന്നുമൊക്കെ ദുഃഖകരമായ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും രക്തസാക്ഷികളായവരെക്കുറിച്ചുമൊക്കെ ഈ ദിവസങ്ങളില്‍ നാം വായിക്കുകയും കേള്‍ക്കുകയും ചെയ്തു കാണും. കഴിഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ തീവ്രവാദി ആക്രമണത്തിനിരയായ ശ്രീലങ്കയിലെ പള്ളികള്‍ കേരളത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ്. വര്‍ദ്ധിച്ചുവരുന്ന ഇത്തരം ക്രൈസ്തവ പീഡനങ്ങളുടെ കാരണങ്ങളെ മൂന്നായി നമുക്ക് തരംതിരിക്കാം.
1. ഇസ്ലാമിക തീവ്രവാദവും മതപീഡനവും:- ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തില്‍ ഏറ്റവും പ്രധാന കാരണം ഇസ്ലാമികതീവ്രവാദവും മതപീഡനവുമാണെന്നാണു കണക്കുകള്‍ കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ലിബിയ, പാക്കിസ്ഥാന്‍, സുഡാന്‍, യെമന്‍, ഇറാന്‍ എന്നിങ്ങനെ ഇസ്ലാംമതം ഭൂരിപക്ഷമായ പല രാജ്യങ്ങളിലും ക്രൈസ്തവപീഡനങ്ങള്‍ വലിയ തോതില്‍ നടക്കുന്നുണ്ട്.
2. നിരീശ്വരവാദവും കമ്മ്യൂണിസവും പ്രോത്സാഹിപ്പിക്കുന്ന മതപീഡനങ്ങള്‍:- നോര്‍ത്ത് കൊറിയ, ചൈന, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലൊക്കെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുമാണ്.
3. മത-ദേശീയത:- ഭൂരിപക്ഷത്തിന്‍റെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ തത്പരകക്ഷികള്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന കപടദേശീയത മൂലം പീഡിപ്പിക്കപ്പെടുന്നവരാണു ഇന്ത്യയിലെയും മ്യാന്മാറിലെയും ശ്രീലങ്കയിലെയും ക്രിസ്ത്യാനികള്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മതസമൂഹം ക്രിസ്ത്യാനികള്‍ ആണെങ്കിലും അത് അംഗീകരിക്കുവാനോ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനോ ഇപ്പോഴും ലോകസമൂഹം തയ്യാറാകുന്നില്ല. പീഡിപ്പിക്കുന്നവരെയും സ്നേഹിക്കുന്ന ക്രൈസ്തവമനഃസാക്ഷി പലപ്പോഴും ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നുള്ളതാണു വസ്തുത. ലോകചരിത്രത്തില്‍ പല രാജ്യങ്ങളെയും കോളനിവത്കരിച്ച യൂറോപ്യന്‍ ക്രൈസ്തവരാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുള്ള പൊതുകുറ്റബോധവും ഒരു പരിധിവരെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരുകയാണ്. ക്രൈസ്തവപീഡനങ്ങളെക്കുറിച്ച് ലോകം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ലോകരാജ്യങ്ങളുടെ ഇത്തരം പഠനങ്ങള്‍ അതിന്‍റെ തുടക്കമാണു കാണിക്കുന്നത്.
ഇനി കണ്ടമാലിലെ കലാപത്തിലേക്ക് തന്നെ തിരികെവരാം. മാധ്യമപ്രവര്‍ത്തകനായ ആന്‍റോ അക്കര 2009-ല്‍ താന്‍ എഴുതിയ ‘കണ്ടമാലിലെ ജ്വലിക്കുന്ന വിശ്വാസം’ (Shining Faith in Kandhamal) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയ കണ്ടമാല്‍ നിവാസികളായ ആളുകളുടെ പേരും വിലാസവും മാറ്റിയെഴുതുകയും ചിത്രം അവ്യക്തമാക്കുകയും ചെയ്തിരുന്നു. അവരുടെ സുരക്ഷയെ കരുതിയായിരുന്നു അദ്ദേഹം അപ്രകാരം ചെയ്തത്. എന്നാല്‍ അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് അവര്‍ അദ്ദേഹത്തോട് അവരുടെ യഥാര്‍ത്ഥ മുഖം ലോകത്തിനു കാട്ടിക്കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. “പണം കൊടുത്ത് മതം മാറ്റിയവര്‍” എന്ന് ശത്രുക്കള്‍ ആരോപിച്ചവര്‍ ‘ക്രിസ്തുവിനുവേണ്ടി എന്തും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’ എന്നു പറയുന്നതിലും വലിയ എന്തു സാക്ഷ്യമാണുള്ളത്!
ഈ ലോകത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കൂടിവരുകയാണ്. ഒരുപക്ഷെ അതു നാളെ നമ്മേയും ബാധിച്ചേക്കാം. നാം അത്തരം സാഹചര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും തയ്യാറായിരിക്കുകയും വേണം. തലമുറകള്‍ പകര്‍ന്നു കിട്ടിയ യഥാര്‍ത്ഥവിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് കടമയുണ്ടെന്നുള്ള കാര്യം മറക്കാതിരിക്കാം.

Leave a Reply