ഇത് ലോകം കേൾക്കേണ്ട വാക്കുകൾ

  മുസ്ലിം തീവ്രവാദത്തിനെതിരെയുള്ള ഒരു പെൺകുട്ടിയുടെ ചെറുത്തുനിൽപ്പിന്റെ കഥ
ചാലുങ്കല്‍ അലക്സ് അപ്പച്ചന്‍
“It is interesting to note that, in the history of religion, the god of one people is the devil of another.’
ഇസ്യാ ജോസഫിന്‍റെ ‘ഡെവിള്‍ വര്‍ഷിപ്പ്’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിലെ വരികളാണ് ഇവ. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഇസ്യാ ജോസഫിന്‍റെ ഗ്രന്ഥങ്ങളില്‍ കൂടിയായിരുന്നു യസീദികള്‍ എന്ന പൗരാണിക മെസപൊട്ടോമിയന്‍ സമൂഹത്തിനെക്കുറിച്ച് ആദ്യമായി പുറംലോകം അറിഞ്ഞുതുടങ്ങിയത്. എങ്കിലും 2010 നുശേഷം മധ്യപൂര്‍വ്വദേശങ്ങളില്‍ ഇസ്ലാമിക തീവ്രവാദം ചരിത്രത്തില്‍ മുന്‍പില്ലാത്ത രീതിയില്‍ ശക്തിപ്രാപിക്കുകയും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നേതൃത്വത്തില്‍ വലിയ ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് യസീദികളെ ലോകം ശ്രദ്ധിക്കുന്നത്. കോംഗോയില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡെന്നിസ് മുക്വെഗെയോടൊപ്പം സമാധാന നോബല്‍ പങ്കിട്ട നാദിയ മുറാദ് എന്ന യസീദി പെണ്‍കുട്ടിയിലൂടെ വീണ്ടും, ഇസ്ലാമിക മതമൗലീകവാദികളുടെ പരമ്പരാഗതമായ ‘യസീദി നായാട്ട്’ ലോകത്തിനു മുന്‍പില്‍ ചര്‍ച്ചയാവുകയാണ്. വിദ്യാഭ്യാസസ്വാതന്ത്ര്യത്തിനായി താലിബാനെതിരായി ശബ്ദമുയര്‍ത്തിയ മലാല യൂസഫ്സായിക്കുശേഷം നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് നാദിയ മുറാദ്. “ദീര്‍ഘകാലത്തിനിടയില്‍ നല്‍കപ്പെടുന്ന ഏറ്റവും മികച്ച നൊബേല്‍ സമ്മാനം” എന്ന ‘നോര്‍വീജിനിയന്‍ അഭയാര്‍ഥി സമിതിയുടെ’ സെക്രട്ടറി ജനറലിന്‍റെ പരാമര്‍ശം തന്നെ ഈ നോബല്‍ സമ്മാനം നാദിയ മുറാദ് എത്രത്തോളം അര്‍ഹിച്ചിരുന്നു എന്നുള്ളതിനു തെളിവാണ്.
നാദിയ മുറാദ് എന്ന പെണ്‍കുട്ടി
മദ്ധ്യപൂര്‍വ്വദേശത്തെ ന്യൂനപക്ഷങ്ങളുടെ പരമ്പരാഗതമായ അതിജീവനത്തിന്‍റെയും പോരാട്ടങ്ങളുടെയും മുഖമാണ് ‘നാദിയ മുറാദ് ബാസീ താഹ’ എന്ന് ഒറ്റ വാക്യത്തില്‍ പറയാം. പൗരാണികനഗരമായ നിനവേയുടെ സമീപത്ത് യസീദികള്‍ അധിവസിക്കുന്ന സിന്ജീന്‍ പ്രവിശ്യയിലെ കൊച്ചോ എന്ന ചെറുഗ്രാമത്തിലാണ് നാദിയ ജനിച്ചതും വളര്‍ന്നതും. 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ ഗ്രാമത്തിലെത്തി, ഇസ്ലാമിലേക്ക് മതം മാറണം എന്ന അവരുടെ ആവശ്യം ഗ്രാമവാസികള്‍ നിരസിച്ചതോടെ കണ്ണില്‍ കണ്ട പുരുഷന്മാരെയെല്ലാം ഇസ്ലാമിക തീവ്രവാദികള്‍ കൊന്നുകളഞ്ഞു. ആ കൂട്ടത്തില്‍ നാദിയയുടെ ആറ് സഹോദരന്മാരും പിതാവുമുണ്ടായിരുന്നു. കുട്ടികളെ അവര്‍ സായുധ പരിശീലനത്തിനായി കടത്തിക്കൊണ്ടുപോയി, പെണ്‍കുട്ടികളെയാകട്ടെ ലൈംഗീക അടിമകളാക്കി വില്‍ക്കുവാന്‍ മൊസൂളിലേക്ക് കൊണ്ടുപോയി. മുസ്ലീങ്ങള്‍ അല്ലാത്ത ആരേയും ലൈംഗീക അടിമകളാക്കുകയോ കൊല്ലുകയോ ചെയ്യാം എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിലപാട്!.
മൊസൂളില്‍ വച്ചുണ്ടായ നാദിയയുടെ അനുഭവം വായിക്കുന്ന ഏതൊരാള്‍ക്കും പരിഷ്കൃതലോകം വിട്ട് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് പോകുന്ന ഒരു അനുഭവമാണ് ഉണ്ടാകുക. തന്‍റെ പുസ്തകത്തിലൂടെയും അഭിമുഖങ്ങളിലൂടെയും നാദിയ തുറന്നു പറയുന്ന കാര്യങ്ങള്‍ ലജ്ജയോടും കണ്ണീരോടും കൂടി മാത്രമേ പരിഷ്കൃത ലോകത്ത് ജീവിക്കുന്നു എന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. “ഞാന്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗീക അടിമയായിരുന്നു, ഞാന്‍ എന്‍റെ കഥ തുറന്നു പറയും, കാരണം എന്‍റെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം അതാണ്” ദ ഗാര്‍ഡിയന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ നാദിയ പറഞ്ഞ ഈ വാക്കുകള്‍ പര്‍വതങ്ങള്‍ക്കു മുകളിലേക്ക് ആടുകളെ തീറ്റുവാന്‍ പോയിരുന്ന ഒരു സാധാരണ യസീദി പെണ്‍കുട്ടിയുടെ വാക്കുകളല്ല, മറിച്ച് പോരാടാനുറച്ച ശക്തയായ ഒരു വനിതയുടെ ശബ്ദമായിരുന്നു. ‘അവസാന പെണ്‍കുട്ടി’ എന്ന് തന്‍റെ ആത്മകഥയ്ക്ക് പേരിടുവാന്‍ നാദിയയെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. ആ പോരാട്ടങ്ങള്‍ക്ക് ലോകം നല്‍കിയ അംഗീകാരമാണ് സമാധാന നൊബേല്‍ ആയി പരിണമിച്ചത്. മൊസൂളിലെ കേന്ദ്രത്തില്‍ മൃഗങ്ങളെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതുപോലെ യുവതികളെ പാര്‍പ്പിച്ചിരുന്നു. വാങ്ങിക്കുവാന്‍ വരുന്നവര്‍ മുറിയിലേക്ക് കയറി ഇഷ്ടമുള്ള യുവതിയെ തിരഞ്ഞെടുക്കും. പല്ലുകളും ശരീരവും നോക്കി കന്യകയാണോ എന്ന് ചോദിച്ചുറപ്പിച്ച് കാശ് കൊടുത്ത് ഓരോരുത്തരായി വന്നു ആ യുവതികളെ വാങ്ങിക്കും. ഊനമറ്റ കന്നുകാലികളെ വില്‍ക്കുന്ന ചാരിതാര്‍ത്ഥ്യമായിരിക്കും തീവ്രവാദ ‘പോരാളികള്‍ക്ക്’. വിറ്റുപോയ അടിമകളുടെ ഒരു റെജിസ്റ്ററും അവര്‍ സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ രക്ഷപെടാന്‍ ശ്രമിച്ചതിനു ക്രൂരമായ കൂട്ടബലാത്സംഗവും മര്‍ദ്ദനവുമായിരുന്നു നാദിയയ്ക്ക് ലഭിച്ച ശിക്ഷ!. 2014 അവസാനത്തോടെ അവിടെയുള്ള ഒരു മുസ്ലീം കുടുംബത്തിന്‍റെ സഹായത്തോടെ നാദിയ അവിടെനിന്നും രക്ഷപെട്ടു. പിന്നീട് ജര്‍മനിയില്‍ ഉള്ള സഹോദരിയുടെ അടുക്കലെത്തി.
പോരാട്ടങ്ങളുടെ ചരിത്രം
ഒരു ബെല്‍ജിയന്‍ പത്രത്തിലൂടെ ആദ്യമായി നാദിയയുടെ കഥ ലോകമറിഞ്ഞു. 2015 ഡിസംബര്‍ മാസത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ കൂടിയ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി രക്ഷാസമിതി മനുഷ്യക്കടത്തിനെക്കുറിച്ച് ശ്രവിച്ചു. നാദിയ എന്ന ഇരുപത്തിരണ്ടുകാരിയുടെ പ്രസംഗത്തിനു ലോകം കാതോര്‍ത്തു. പശ്ചിമേഷ്യയിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ ഓരോന്നായി നാദിയ മുറാദില്‍ നിന്നും ലോകം അറിഞ്ഞു. ഹോവാഡ് സര്‍വകലാശാല ഉള്‍പ്പെടെ നിരവധി വേദികളില്‍ പശ്ചിമേഷ്യയിലെ ഇസ്ലാമിക മതമൗലീകവാദികളുടെ ന്യൂനപക്ഷ നരനായാട്ടിനെതിരെയുള്ള ശബ്ദമായി നാദിയ ഉയര്‍ന്നുവന്നു. 2016-ല്‍ ഐക്യരാഷ്ട്രസഭയില്‍ സ്വാധീനം ചെലുത്തി മനുഷ്യക്കടത്തിനെതിരെ ലോകശ്രദ്ധ തിരിക്കുവാനും ഫലപ്രദമായ നടപടികളെടുപ്പിക്കുവാനും നാദിയയ്ക്ക് കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ തന്നെ മയക്കുമരുന്നിനും മനുഷ്യക്കടത്തിനുമെതിരെയുള്ള സംഘടനയായ ‘UNODC’യുടെ “dignity of survivors of human trafficking” എന്ന പദ്ധതിയുടെ ആദ്യ ഗുഡ് വില്‍ അംബാസിഡറായും നാദിയ തിരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് യൂറോപ്പിയന്‍ യൂണിയന്‍ നല്‍കുന്ന മനുഷ്യാവകാശ പുരസ്ക്കാരമായ ‘ഷഖറോവ് പുരസ്ക്കാരം’ 2016ല്‍ നാദിയയെ തേടിയെത്തി. 2017ല്‍ ഇറാക്കിലെ തന്‍റെ ദുരിതവും അതിജീവനവും വിവരിക്കുന്ന ‘ദ ലാസ്റ്റ് ഗേള്‍’ എന്ന പുസ്തകവും പുറത്തുവന്നു.
ഇസ്ലാമിക തീവ്രവാദത്തിന്‍റെ നാള്‍വഴികള്‍
ഒറ്റയാള്‍ പോരാട്ടംകൊണ്ട് ലോകചിന്തകളെ മാറ്റിമറിക്കുന്ന സംഭവ വികാസങ്ങള്‍ ചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. അങ്ങനെയൊരു സംഭവത്തിനാണ് നാദിയ മുറാദ് എന്ന പെണ്‍കുട്ടിയില്‍ ലോകം സാക്ഷിയായത്. നാദിയയുടെ ശബ്ദം പശ്ചിമേഷ്യന്‍ ന്യൂനപക്ഷങ്ങളുടെ മുഴുവന്‍ ശബ്ദമായിരുന്നു. നാദിയയെ ലോകം തിരിച്ചറിഞ്ഞതു മുതല്‍ ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് യസീദികളുടെ സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു എന്നതാണ് സന്തോഷകരമായ വസ്തുത. അതുതന്നെയാണ് നാദിയയെ സമാധാന നോബേലിന് അര്‍ഹയാക്കിയതും. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ ഇസ്ലാമിക മതതീവ്രവാദത്തിന് ഇസ്ലാം മതത്തിന്‍റെ ഉത്ഭവത്തോളം തന്നെ പഴക്കമുണ്ട് എന്നതാണ് ചരിത്രപരമായ വസ്തുത. ഒരു സാമ്രാജ്യത്തിന്‍റെ അല്ലെങ്കില്‍ സംസ്ക്കാരത്തിന്‍റെ ഉദയം മറ്റു സംസ്ക്കാരങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകും എന്ന സാമൂഹിക പ്രക്രിയ അനുവര്‍ത്തിച്ചുകൊണ്ടാണ്ഇസ്ലാം എന്ന മതസാമ്രാജ്യവും ഉദയം ചെയ്തത്. ഖുറേഷി, അറബ് ഗോത്രങ്ങളെ സംബന്ധിച്ച് തങ്ങളുടെ ഒരു മത-സാംസ്ക്കാരിക-സാമ്രാജ്യ സംസ്ഥാപനമായി രുന്നു ഇസ്ലാമെങ്കില്‍, അവിടെ നിലനിന്നിരുന്ന ഇതര തദ്ദേശീയരെ സംബന്ധിച്ച് അത് അതിജീവനത്തിന്‍റെ പോരാട്ടങ്ങളായിരുന്നു. ഇസ്ലാം മതത്തിന്‍റെ സ്ഥാപകനായ മുഹമ്മദിനുശേഷം ഉടലെടുത്ത ഇസ്ലാമിക സാമ്രാജ്യത്തിലെ പിന്തുടര്‍ച്ചാ തര്‍ക്കവും അരാജകത്വവും അബു ബക്കറിനും ഉമറിനും ശേഷം ഉസ്മാന്‍ കലീഫയുടെ കാലഘട്ടത്തില്‍ ‘ഖാവാറിജുകള്‍’ എന്ന ഒരു മതമൗലീക സായുധസേനയുടെ ജനനത്തിനു കാരണമായി. അബുബക്കറിനെയും ഉമറിനെയും അംഗീകരിച്ച ഈ കൂട്ടര്‍ ഉസ്മാന്‍ കലീഫയ്ക്ക് (അലി) എതിരായി നിരന്തരം പടനീക്കങ്ങള്‍ നടത്തിയിരുന്നു. നാല് നൂറ്റാണ്ടുകളോളം ഈ സംഘം പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ അശാന്തത വിതച്ചിരുന്നു. ഇതിനിടയില്‍ അലി കലീഫയുടെ അനുയായികളായി ‘ഷിയാ’ എന്നൊരു കൂട്ടര്‍ ഉദയം ചെയ്തു. ഇഷ്മായേലി ഷിയാ വിഭാഗത്തില്‍ അതിതീവ്ര വിഭാഗമായി ‘നിസാറികള്‍’എന്ന ഒരു കൂട്ടര്‍ പതിയെ വളര്‍ന്നു വന്നു. ‘ഹസന്‍-ഈ സാബാഹ്’ എന്ന വ്യക്തിയായിരുന്നു ഈ വിഭാഗത്തിന്‍റെ സ്ഥാപകന്‍. ‘മലമുകളിലെ വൃദ്ധന്‍’ എന്ന അപരനാമത്തില്‍ പ്രശസ്തനായ ഈ ഇഷ്മായേലി നേതാവ് വലിയൊരു ഗണം ചാവേര്‍ പടയേയും അലാമുത്ത് പര്‍വതനിരകളില്‍ വാര്‍ത്തെടുത്തു.
പേര്‍ഷ്യയിലെ അലാമുത്ത് പര്‍വ്വതനിരകള്‍ക്കിടയിലെ കോട്ടയ്ക്കുള്ളിലായി രുന്നു നിസാറികളുടെ കേന്ദ്രം. റിക്രൂട്ട് ചെയ്യുന്ന യുവാക്കളെ മയക്കുമരുന്ന് നല്‍കി കൊട്ടാരസമാനമായ കോട്ടയുടെ ഉള്‍ഭാഗത്ത് എത്തിക്കും. കണ്ണ് തുറന്നു നോക്കുന്ന അയാള്‍ കാണുക സുന്ദരികളായ സ്ത്രീകളെയും കഴിക്കുവാനായി വിവിധതരം പഴവര്‍ഗ്ഗങ്ങളും മദ്യവും വീഞ്ഞും ജലാശയവുമൊക്കെയാകും. വീണ്ടും അബോധാവസ്ഥയിലെത്തുന്ന യുവാവിനെ തിരികെ താഴെ എത്തിക്കും. ബോധം വരുമ്പോള്‍ മതത്തിനുവേണ്ടി പോരാടി മരണം വരിച്ചാല്‍ മരണാനന്തരം ലഭിക്കുന്ന സ്വര്‍ഗ്ഗത്തിന്‍റെ ഒരു നൈമിഷിക ദര്‍ശനമായിരുന്നു അത് എന്ന് ഹസനും കൂട്ടരും അയാളെ പറഞ്ഞു വിശ്വസിപ്പിക്കും. ഇടയ്ക്കിടെ ഈ ‘നൈമിഷിക ദര്‍ശനം’ ഹസന്‍ തന്‍റെ അനുയായികള്‍ക്ക് നല്‍കി പോന്നിരുന്നു. ആയോധനകലയും പലതരത്തിലുള്ള വിഷപ്രയോഗങ്ങളും സിദ്ധിച്ച് ഇറങ്ങുന്ന യുവാക്കള്‍ സ്വന്തം ജീവനുപോലും വില നല്‍കാത്ത അപകടകാരിയായി മാറിയിട്ടുണ്ടാകും. ഹസ്സന്‍റെ ചാവേര്‍പടയെ ‘ഹസന്‍റെ അനുയായികള്‍’ എന്ന അര്‍ത്ഥത്തില്‍ ‘ഹസ്സാസിനുകള്‍’ എന്ന് വിളിച്ചിരുന്നു. ഈ വാക്കില്‍ നിന്നുമാണ് ഇംഗ്ലീഷ് ഭാഷയില്‍ വാടകക്കൊലയാളികളെ വിളിക്കുന്ന ‘അസ്സാസിന്‍’ എന്ന പദമുണ്ടായത്. നിസാറികള്‍ ‘സ്വര്‍ഗ്ഗപ്രാപ്തിക്ക്’ ഉപയോഗിച്ചിരുന്ന മയക്കുമരുന്നിനു ‘ഹാഷിഷ്’ എന്ന് പേരുണ്ടായതും ഹസനില്‍ നിന്നുമാണ്. പില്‍ക്കാലത്ത് ഹസന്‍റെ പിന്‍ഗാമികളായി തുര്‍ക്കികളും പിന്നീട് മംഗോളിയന്‍ വംശജരും നിസാറി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വന്നു. പില്‍ക്കാലത്ത് ഈ കൂട്ടരുടെ കേന്ദ്രം ഇന്ത്യ ആയിരുന്നു. 1906 ല്‍ സ്ഥാപിക്കപ്പെട്ട മുസ്ലീം ലീഗിന്‍റെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളും ആദ്യ പ്രസിഡന്‍റും ഇഷ്മായേലി-നിസാറി സെക്റ്റിന്‍റെ നേതാവായിരുന്ന ‘ആഗാഖാന്‍ മൂന്നാമന്‍’ ആയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിലെ അതിസമ്പന്നനും പ്രഭുവുമായ ആഗാഖാന്‍ നാലാമനാണ് ഈ പരമ്പരയിലെ നേതാവ്.
ആധുനിക ഇസ്ലാമിക തീവ്രവാദങ്ങളുടെ തുടക്കം ഈജിപ്ത്, സൗദി, യമന്‍ പ്രദേശങ്ങള്‍ കേന്ദ്രമായി ഉടലെടുത്ത സലാഫി പ്രസ്ഥാനങ്ങളിലൂടെയാണ് എന്നാണു പൊതുവേ കരുതപ്പെടുന്നത്. സുന്നി വിഭാഗങ്ങളുടെ ഒരു ചിന്താധാരയില്‍ നിന്നുമാണ് സലാഫി പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. മുസ്ലീങ്ങള്‍ പ്രവാചകന്‍ എന്ന് വിശ്വസിക്കുന്ന മുഹമ്മദിന്‍റെ കാലത്തിനു ഏറ്റവും അടുത്ത മൂന്നു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരുടെ കാലഘട്ടമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. താലിബാന്‍, അല്‍ഖ്വൈത, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ തീവ്രവാദ സംഘടനകള്‍ പരിഷ്കൃതസമൂഹങ്ങളെ എന്തുകൊണ്ട് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുന്നു?, എന്ന ചോദ്യത്തിന് സലാഫി പ്രസ്ഥാനങ്ങളുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ തന്നെയാണ് ഉത്തരമായി ലഭിക്കുക!. കാരണം അവര്‍ ഇന്നും ജീവിക്കുന്നത് ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയ്ക്കുള്ള ഏതോ അപരിഷ്കൃത സംസ്ക്കാരത്തിലാണ്!. സലാഫി പ്രസ്ഥാനങ്ങളില്‍ പ്രധാനമായി സൗദി അറേബിയയില്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉടലെടുത്ത ‘വാഹാബിസമാണ്’ നിലവിലെ ഇസ്ലാമിക തീവ്രവാദത്തിന്‍റെ അടിസ്ഥാനഘടകം. ഉസാമ ബിന്‍ ലാദന് സമാന്തരമായി വളര്‍ന്നു വന്ന സര്‍ഖാവിയുടെ ‘ജുമാഅത്ത് അല്‍-തവ്ഹീദ് വല്‍-ജിഹാദ്’ എന്ന തീവ്രവാദ സംഘടനയില്‍ നിന്നുമാണ് ഇസ്ലാമിക് സ്റ്റേറ്റ് ആവിര്‍ഭവിച്ചത്. 2006ല്‍ അമേരിക്കന്‍ വ്യോമസേനാ ആക്രമണത്തില്‍ കൊല്ലപ്പെട്ട സര്‍ഖാവിയുടെ അഭാവം ഇസ്ലാമിക് സ്റ്റേറ്റിനും തലവനായ അബുബക്കര്‍ ബാഗ്ദാദിക്കും ജന്മം നല്‍കി എന്ന് പറയാം. ലോകാവസാനനാളുകളില്‍ അവതരിക്കുവാന്‍ പോകുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ‘ഇമാം മഹ്ദി’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് അബൂബക്കര്‍ ബാഗ്ദാദിയുടെ ഉദയം. മഹ്ദി എന്ന അവതാരം ലോകാവസാന നാളില്‍ പ്രത്യക്ഷപ്പെടുമെന്നും ചിതറിക്കിടക്കുന്ന എല്ലാ മുസ്ലീം വിഭാഗങ്ങളെയും ഒന്നിച്ചു ചേര്‍ത്ത് ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം കൊണ്ടുവരുമെന്നുമുള്ള വിശ്വാസം ലോകത്തെ ഭൂരിഭാഗം മുസ്ലീങ്ങള്‍ക്കിടയിലും ശക്തമാണ്. ഈ മഹ്ദി താനാണ് എന്നാണു ബാഗ്ദാദി അവകാശപ്പെടുന്നത്. പല മുസ്ലീം മതപണ്ഡിതരും ഇത് തള്ളിക്കളയുകയുണ്ടായി, കാരണം ഇത് ആദ്യമായല്ല ഇമാം മഹ്ദിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് ഒരാള്‍ മുന്നോട്ടു വരുന്നത്. 1979ല്‍ ‘മുഹമ്മദ് അബ്ദുള്ള അല്‍-കതാനി’ എന്ന വ്യക്തി ഇമാം മഹ്ദിയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മെക്കയിലെ ഗ്രാന്‍ഡ് മോസ്ക് പിടിച്ചെടുക്കാന്‍ നടത്തിയ തീവ്രവാദശ്രമങ്ങള്‍ മുസ്ലീം ലോകം മറന്നുകാണില്ല!. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പതിനൊന്നാം ഷിയാ ഇമാമിന്‍റെ മകനായ മുഹമ്മദ് അല്‍-മഹ്ദി എന്ന വ്യക്തിയെ ആസ്പദമാക്കിയാണ് ഈ വിശ്വാസം ഉടലെടുത്തതെന്നു വിശ്വസിക്കപ്പെടുന്നു. ഷിയാ വിഭാഗത്തില്‍ മുഹമ്മദിന്‍റെ വംശത്തില്‍പെട്ട പന്ത്രണ്ടു നേതാക്കന്മാര്‍ (ഇമാം) ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അതില്‍ അവസാനത്തേതാണ് ‘മുഹമ്മദ് അല്‍-മഹ്ദി’. ഇദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും അന്ത്യദിനത്തില്‍ ലോകത്തെ ഇസ്ലാമികവത്ക്കരിക്കുവാന്‍ വീണ്ടും അവതരിക്കും എന്നുമാണ് ഷിയാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ഉടലെടുത്ത അധികാരതര്‍ക്കത്തെ തുടര്‍ന്ന് പതിനൊന്നാം ഇമാമായിരുന്ന മഹ്ദിയുടെ പിതാവ് മകനെ കൊല്ലുകയും പൊതുജനത്തെ അനുനയിപ്പിക്കുവാന്‍ ഇങ്ങനെയൊരു കഥ പ്രചരിപ്പിക്കുകയുമായിരുന്നു എന്നും പറയപ്പെടുന്നു.
അബുബക്കര്‍ ബാഗ്ദാദിയുടെ രംഗപ്രവേശനത്തെ മുസ്ലീം ലോകം പലതരത്തിലാണ് എതിരേറ്റത്. ഷിയാക്കളുമായി ബദ്ധശത്രുതയിലുള്ള സുന്നി വിഭാഗങ്ങള്‍ പൊതുവേ ഹദീസുകള്‍ നിരത്തി എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും വലിയൊരു വിഭാഗം അബുബക്കറിനെ മഹ്ദിയായി സ്വീകരിച്ചതിനു തെളിവായിരുന്നു അമേരിക്ക മുതല്‍ ഇങ്ങു കേരളത്തില്‍വരെ നടത്തിയ ജിഹാദി റിക്രൂട്ടിങ്ങുകള്‍. മതമൗലീകവാദികള്‍ മൂലം പൊതുജനസമൂഹത്തിനു മുന്‍പില്‍ അവഹേളനത്തിന് പാത്രമായവരാണ് ബഹുഭൂരിഭാഗം വരുന്ന മുസ്ലീം വിശ്വാസികളും എന്നതാണ് ദുഃഖകരമായ സത്യം.
ന്യൂനപക്ഷ നരനായാട്ടുകള്‍
പൊതുസമൂഹത്തോട് തെല്ലും കരുണയില്ലാത്ത, മതാന്ധത ബാധിച്ച ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പശ്ചിമേഷ്യയിലെ ന്യൂനപക്ഷങ്ങളെ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ നിഷ്ക്കരുണം വേട്ടയാടുന്ന വാര്‍ത്തകളാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ രംഗപ്രവേശനം മുതല്‍ പുറംലോകം കേള്‍ക്കുന്നത്. യസീദികള്‍, മന്ദേയന്‍ മതവിശ്വാസികള്‍, പാര്‍സികള്‍, ക്രൈസ്തവര്‍, ജൂതര്‍, ബാഹായികള്‍ എന്നിങ്ങനെ മദ്ധ്യപൂര്‍വ്വദേശത്തെ ഇതര ന്യൂനപക്ഷ മതസ്ഥര്‍ നിരന്തരം വേട്ടയാടപ്പെട്ടു. ഈ കൂട്ടത്തില്‍ ഏറ്റവും ദാരുണ ദുരന്തം അനുഭവിച്ചത് സംശയമന്യേ യസീദികളായിരുന്നു. നൂറ്റാണ്ടുകളായി ‘സാത്താന്‍ ആരാധകര്‍’ എന്ന പേരില്‍ മുസ്ലീം ഭരണാധികാരികളാലും മതമൗലീകവാദികളാലും വേട്ടയാടപ്പെടുന്ന ഒരു മതവിഭാഗമാണ് യസീദികള്‍. അബ്രഹാമിക മതങ്ങളായ ക്രൈസ്തവമതം, ഇസ്ലാം, യഹൂദമതം എന്നിവയോടും സോറാഷ്ട്രിയന്‍ തുടങ്ങിയ പുരാതന മെസപോട്ടോമിയന്‍ മതങ്ങളോടും സാദൃശ്യമുള്ള ഒന്നാണ് യസീദികളുടെ വിശ്വാസം. ‘മലെക് താവൂസ്’ എന്ന മാലാഖയാണ് (ദൈവദൂതന്‍) ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി. ദൈവത്തില്‍നിന്നും ആദ്യം ആവിര്‍ഭവിച്ച അഗ്നിയാലാണ്മലെക് താവൂസ് (മയില്‍ ദൈവദൂതന്‍) സൃഷ്ടിക്കപ്പെട്ടത് എന്ന് അവര്‍ വിശ്വസിക്കുന്നു. തന്‍റെ ആദ്യ ജാതനും തന്‍റെ പ്രതിഛായയുമായ നീ ഒരിക്കലും മറ്റൊരു സൃഷ്ടിയുടെ മുന്‍പില്‍ കുമ്പിടരുത് എന്ന് ദൈവം താവൂസിനോട് കല്‍പ്പിച്ചു. തുടര്‍ന്ന് മറ്റു മാലാഖമാരേയും ഭൂമിയേയും, മണ്ണില്‍നിന്നും മനുഷ്യനെയും സൃഷ്ടിച്ചതിനുശേഷം മാലാഖമാരോട് മനുഷ്യന്‍റെ മുന്‍പില്‍ കുമ്പിടുവാന്‍ ദൈവം ആജ്ഞാപിച്ചു. എന്നാല്‍ മലെക് താവൂസ് ഒഴികെ മറ്റെല്ലാ മാലാഖമാരും കുമ്പിട്ടു. തന്‍റെ മുന്‍കല്‍പ്പന പാലിച്ച മലെക് താവൂസില്‍ സംപ്രീതനായ ദൈവം മനുഷ്യകുലത്തേയും ഭൂമിയേയും മലെക് താവൂസിനു നല്‍കി. മലെക് താവൂസ്, ‘ഹവ്വ’ എന്ന ആദ്യ സ്ത്രീയെ കൂടാതെ ആദാമില്‍നിന്നും നേരിട്ട് ഒരു ജനതയെ സൃഷ്ടിച്ചു, അവരാണ് യസീദികള്‍ എന്ന് യസീദികള്‍ സ്വയം കരുതുന്നു. അതിനാല്‍ അവര്‍ മറ്റു സമൂഹങ്ങളുമായി വൈവാഹിക ബന്ധത്തിലേര്‍പ്പെടാതെ വംശശുദ്ധി പാലിച്ചുപോരുന്നു. തങ്ങളുടെ സത്യവിശ്വാസം സംരക്ഷിക്കുവാനായി മലക് താവൂസ് മനുഷ്യരായി അവതാരപ്പിറവിയെടുക്കുന്നു. ഷെയിക്ക് ആദി, സുല്‍ത്താന്‍ യാസിദ് എന്നിവരാണ് ഇപ്രകാരം മലക് താവൂസിന്‍റെ അവതാരങ്ങള്‍, ഇങ്ങനെ പോകുന്നു യസീദികളുടെ വിശ്വാസസംഹിത. സുല്‍ത്താന്‍ യസീദില്‍ നിന്നുമാണ് ‘യസീദി’ എന്ന പേര് സിദ്ധിച്ചത് എന്ന് കരുതപ്പെടുന്നു. മനുഷ്യനുമുന്‍പില്‍ കുമ്പിടാതിരുന്ന മാലാഖ സെയ്ത്താന്‍ (സാത്താന്‍) ആണെന്നാണ് ഇസ്ലാമിക ഐതീഹ്യം. ഇതാണ് മുസ്ലീം മൗലീകവാദികളെ ചൊടിപ്പിക്കുന്നതും, ‘സെയ്ത്താന്‍ ആരാധകര്‍’ എന്ന് മുദ്രകുത്തി യസീദികളെ ക്രൂരമായ വംശഹത്യയ്ക്ക് ഇരകളാക്കുന്നതും.
മറ്റു ന്യൂനപക്ഷങ്ങളും അവിടെ സുരക്ഷിതരല്ല. ഇസ്ലാം മതത്തിനുമുന്‍പ് പശ്ചിമേഷ്യയിലെ ബഹിഭൂരിപക്ഷം സമൂഹങ്ങളും സുറിയാനി ക്രൈസ്തവര്‍ ആയിരുന്നു. ഈ കൂട്ടരില്‍ ‘പൗരസ്ത്യ സുറിയാനികള്‍’ എന്ന വിഭാഗങ്ങളെ ഇക്കാലത്തും വിളിക്കുന്ന പൊതുനാമമാണ് ‘നസ്രാണികള്‍’ എന്നത്. കേരളത്തിലെ സുറിയാനി ക്രൈസ്തവരും പൗരസ്ത്യ സുറിയാനി വിഭാഗമായതിനാലാണ് നസ്രാണികള്‍ എന്ന് ഇക്കാലത്തും അറിയപ്പെടുന്നത്, കൂടാതെ പശ്ചിമേഷ്യയിലെ നസ്രാണി ക്രൈസ്തവരുമായി കേരളത്തിലെ നസ്രാണി ക്രൈസ്തവര്‍ക്ക് യൂറോപ്പിയന്‍ ആഗമനം വരെ ചിരപുരാതനമായ സാംസ്ക്കാരിക-മത-വ്യാപാര ബന്ധങ്ങളാണ് നിലനിന്നിരുന്നത്. മദ്ധ്യപൂര്‍വ്വേഷ്യയിലെ ഈ വിഭാഗങ്ങള്‍ ഇന്ന് പൊതുവേ ‘കല്‍ദായര്‍’ എന്നും ‘അസീറിയാക്കാര്‍’ എന്നുമാണ് നിലവില്‍ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നരനായാട്ടിനു ഇരകളായ ഇവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍പില്‍ നസ്രാണി എന്ന വാക്കിന്‍റെ ആദ്യാക്ഷരമായ അറബി അക്ഷരമാലയിലെ ‘നൂന്‍’ എന്ന അക്ഷരം രേഖപ്പെടുത്തി വേട്ടയാടുന്ന വാര്‍ത്തകള്‍ ലോകത്തെ അമ്പരിപ്പിച്ചതാണ്. ജൂതവീടുകള്‍ തിരിച്ചറിയുവാന്‍ ഹിറ്റ്ലറുടെ അനുയായികള്‍ അടയാളം രേഖപ്പെടുത്തിയിരുന്നതിനെ അനുസ്മരിപ്പിക്കുന്നു എന്നാണു ലോകമാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഈ വിഭാഗത്തിലെ ഇറാക്കിലെ കല്‍ദായ ക്രൈസ്തവര്‍ വലിയ സഹായമാണ് യസീദികള്‍ക്ക് നല്‍കിയിരുന്നത്. കല്‍ദായ ക്രൈസ്തവരെ സംബന്ധിച്ച് വിശ്വാസപരമായ വേര്‍തിരിവുകള്‍ ഒരു ഘടകമായിരുന്നില്ല. പുരാതനകാലം മുതല്‍ അസീറിയന്‍-കല്‍ദായ ക്രൈസ്തവരും യസീദികളുമെല്ലാം ഇറാന്‍-ഇറാക്ക് പ്രദേശങ്ങളില്‍ സഹവര്‍ത്തിത്വത്തോടെയാണ് കഴിഞ്ഞിരുന്നത്. വത്തിക്കാനിലേക്കോ മറ്റേതെങ്കിലും സുരക്ഷാ കേന്ദ്രത്തിലേക്കോ മാറാമായിരുന്നിട്ടും കല്‍ദായ സഭാതലവനായ പാത്രിയാര്‍ക്കീസ് മാര്‍ റഫായേല്‍ സാഖോ ബാഗ്ദാദില്‍ തന്നെ കഴിയുവാനാണ് തീരുമാനിച്ചത്. പല വേദികളിലും യസീദികള്‍ക്കുവേണ്ടി അദ്ദേഹം രംഗത്തുവന്നിരുന്നു, പശ്ചിമേഷ്യയ്ക്കുവേണ്ടി ലോകരാജ്യങ്ങളോട് പലതവണ അദ്ദേഹം സഹായം അഭ്യര്‍ഥിച്ചു. കുര്‍ദിഷ് മേഖലയിലെ കല്‍ദായ മെത്രാനായ മാര്‍ ബഷാര്‍ വര്‍ദയാണ് ഇറാക്കി ന്യൂനപക്ഷ അതിജീവന പോരാട്ടങ്ങളിലെ പ്രധാന വ്യക്തിത്വം. ലോകരാജ്യങ്ങളുടെയോ ഐക്യരാഷ്ട്ര സംഘടനയുടെയോ സഹായഹസ്തങ്ങള്‍ പോലുമില്ലാതെ യസീദികളും ക്രൈസ്തവരും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അദ്ദേഹം സുരക്ഷിത താവളമൊരുക്കി. തുര്‍ക്കിയിലെ മുസ്ലീം ഭരണാധികാരികള്‍ക്ക് കീഴില്‍ നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഇപ്രകാരമൊരു വംശഹത്യയുടെയും മതമര്‍ദ്ദനത്തിന്‍റെയും കഥ കല്‍ദായ-അസീറിയന്‍ ക്രൈസ്തവര്‍ക്ക് പറയുവാനുണ്ട്. ‘സെയ്ഫാ’ എന്ന പേരില്‍ എല്ലാ വര്‍ഷവും അര്‍മേനിയന്‍, ഗ്രീക്ക്, അസീറിയന്‍, കല്‍ദായ ക്രൈസ്തവ വംശഹത്യയുടെ ഓര്‍മയാചരണവും നടന്നുപോരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ആ വേദനിപ്പിക്കുന്ന ഓര്‍മകളും യസീദികള്‍ക്ക് സഹായഹസ്തം നീട്ടുവാന്‍ ഒരു ഘടകമായിരുന്നിരിക്കാം.
നാദിയയുടെ മാതൃക
“i want to be the last girl in the world with a story like mine” എന്ന് പറഞ്ഞുകൊണ്ടാണ് നാദിയ തന്‍റെ ആത്മകഥ അവസാനിപ്പിക്കുന്നത്. ലോകത്തിനു മുന്‍പില്‍ കൈകൂപ്പി നില്‍ക്കുന്ന പശ്ചിമേഷ്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രതീകമായി വന്നു ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളായി മാറിയ, ഒറ്റയാള്‍ പോരാട്ടത്തിലൂടെ ലോകത്തെ സ്വാധീനിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് നാദിയ മുറാദ്. ഇറാക്കില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസത്തിനുള്ള പ്രവര്‍ത്തനങ്ങളിലാണ് നാദിയ മുറാദ് ഇപ്പോള്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വിലനല്‍കുന്ന ഏതൊരാളും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു അമൂല്യ പുസ്തകമാണ് നാദിയ മുറാദിന്‍റെ ആത്മകഥയായ ‘the last girl:my story of captivity and my fight against the islamic state’. നാദിയയുടെ ധീരമായ പോരാട്ടങ്ങള്‍ക്ക് ലോകം കൊടുത്ത ആദരവായി 2018 ലെ സമാധാന നൊബേലിനെ കാണാം. പശ്ചിമേഷ്യയിലെ കാര്‍മേഘങ്ങള്‍ നീങ്ങിപ്പോകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം, അതിനായി ലോക മാനവികത കൈക്കോര്‍ക്കേണ്ടിയിരിക്കുന്നു. തൈഗ്രീസ് നദിക്കരയിലെ ഉരുക്കു വനിതയുടെ പോരാട്ടങ്ങള്‍ അതിനു ഊര്‍ജ്ജം പകരട്ടെ.
നാദിയ മുറാദിന്‍റെ ആത്മകഥ വായിക്കുമ്പോള്‍ ഓര്‍മവരുന്നത് ഗ്രീക്ക് ചരിത്രകാരനായ തൂസിഡൈഡസിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രശസ്തമായ വരികളാണ് “സന്തോഷത്തിന്‍റെ രഹസ്യം സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യത്തിന്‍റെ രഹസ്യമാകട്ടെ ധൈര്യവും”

Leave a Reply