കത്തോലിക്കാ വിദ്യാഭ്യാസം ആധുനിക കേരളത്തിന്‍റെ തായ്‌വേര് കത്തോലിക്കാസഭ കേരളത്തിനുവേണ്ടി എന്തു ചെയ്തു?


ബിനോ പി. ജോസ്
1806-ല്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റി അംഗമായിരുന്ന വില്യം തോബിയാസ് റിംഗിള്‍ ടോബ് എന്ന മിഷനറി മലയാളനാട്ടിലെ ആദ്യവിദ്യാലയം സ്ഥാപിച്ചു. നാഗര്‍കോവിലിനടുത്തുള്ള മൈലാടിയിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയ സ്ഥാപനം കേരളചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നു. വലിയ ഒരു വിപ്ലവത്തിന്‍റെയും മഹാപുരോഗതിയുടെയും ആരംഭമായിരുന്നു ഈ വിദ്യാലയം.
ആദ്യവിദ്യാലയത്തിലെ പഠനവിഷയങ്ങള്‍ ഇവയായിരുന്നു. തമിഴ്, ഇംഗ്ലീഷ്, ബൈബിള്‍, ശാസ്ത്രം, ചരിത്രം, തുന്നല്‍, നെയ്ത്ത്, ശിശുപരിപാലനം, ഗൃഹസംവിധാനം.
വൈകാതെ, മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും മിഷനറിമാര്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചു. അതോടെ അന്ന് ഈ പ്രദേശത്തുണ്ടായിരുന്ന പ്രാദേശിക ഗവണ്‍മെന്‍റുകളായ തിരുവിതാംകൂറും കൊച്ചിയും സമാനമായ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങുകയും ഇന്നത്തെ കേരളം, ക്രമേണ രൂപപ്പെടുകയും ചെയ്തു.
വിപ്ലവം
മൈലാടിയിലെ വിദ്യാലയം ഒരു വിപ്ലവാരംഭമായിരുന്നു എന്നു പറയാന്‍ കാരണമെന്ത്?

  1. അന്നോളം കേരളത്തിലും — ഇന്ത്യയിലും — വിദ്യാഭ്യാസം സവര്‍ണ്ണര്‍ക്കുമാത്രം പ്രാപ്തമായിരുന്നു. ജാതിവ്യവസ്ഥ സര്‍വ്വ കാര്‍ക്കശ്യത്തോടും കൂടി നിലനിന്നിരുന്നു. എന്നാല്‍ ഈ വിദ്യാലയത്തില്‍ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരുന്നു.
  2. സ്ത്രീകള്‍ക്ക് പൊതുജീവിതം അന്യമായിരുന്ന അക്കാലത്ത് ആ വിദ്യാലയം പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കി.
  3. ഈ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ആധുനികവൈദ്യശാസ്ത്രവും ചരിത്രവും ഭാഷയും കുടുംബക്രമവും മലയാളി അഭ്യസിച്ചു തുടങ്ങി. അജ്ഞതയിലും അന്ധവിശ്വാസത്തിലും ദുരാചാരങ്ങളിലും മുഴുകിയ പഴയ ജീവിതം പുതിയ കാലത്തേക്കു സഞ്ചരിച്ചത് ആ പുതിയ വിദ്യകളുടെ ചിറകുകളിലായിരുന്നു.
  4. പുതിയ വിദ്യാലയം പുതിയൊരു മാതൃകയിലുള്ളതായിരുന്നു. അന്നോളം വിദ്യാഭ്യാസം നടന്നിരുന്നത് ഗുരുകുലങ്ങളിലും ചുരുക്കം ചില മതപാഠശാലകളിലുമായിരുന്നു. അവയുടെ പ്രധാന ഉള്ളടക്കം മതവും പുരാതനസാഹിത്യവും വ്യാകരണവുമായിരുന്നു. പുതിയ വിദ്യാലയം പൊതുസ്ഥാപനമായിരുന്നു. പുതിയ വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കംആധുനികവും ശാസ്ത്രീയവും പ്രധാനമായും മതേതരവുമായിരുന്നു.
    മനുഷ്യന്‍, ആധുനികത
    മിഷനറിമാര്‍ തുടങ്ങി വച്ച വിദ്യാഭ്യാസ വിപ്ലവത്തിന്‍റെ അനന്തരഫലത്തെ രണ്ടു വാക്കുകളില്‍ സംഗ്രഹിക്കാം: മനുഷ്യന്‍, ആധുനികത. കേരളത്തില്‍ ജാതിക്കുപരിയായി ‘മനുഷ്യന്‍’ എന്ന കാറ്റഗറി രൂപം കൊള്ളുന്നത് പുതിയ വിദ്യാഭ്യാസവും തദ്വാരാ വന്ന മാറ്റങ്ങളും വഴിയായിരുന്നു. അതിലൂടെയാണ് ആധുനിക കേരളത്തിന്‍റെ വിത്തു പാകപ്പെട്ടതും.
    മൈലാടി മാതൃക
    മൈലാടിയിലെ ആദ്യവിദ്യാലയം തെക്കന്‍ കേരളത്തിലെ പ്രോട്ടസ്റ്റന്‍റു മിഷണറിമാരുടെ വകയായിരുന്നു എങ്കില്‍ വൈകാതെ ചര്‍ച്ച് മിഷന്‍ സൊസൈറ്റി മധ്യകേരളത്തിലും ബാസല്‍ മിഷന്‍ ഉത്തരകേരളത്തിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1817-ല്‍ തിരുവിതാംകൂര്‍ ഭരണകൂടവും 1818-ല്‍ കൊച്ചി ഭരണകൂടവും ആധുനിക വിദ്യാലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങി.
    കത്തോലിക്കാ സഭ
    കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്‍റെ ആരംഭം കുറിച്ചത് വിദേശമിഷണറിമാരായിരുന്നു എന്നതു വസ്തുതയാണ്. എന്നാല്‍ അതിനെ സാര്‍വ്വത്രികമാക്കിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ചാവറയച്ചനും അദ്ദേഹം വഴി കത്തോലിക്കാസഭയുമാണ്. അച്ചന്‍റെ “പള്ളികള്‍ തോറും പള്ളിക്കൂടം” എന്ന മുദ്രാവാക്യം വിദ്യാലയങ്ങള്‍ കെട്ടിയുയര്‍ത്താനായിരുന്നില്ല: വിദ്യാഭ്യാസത്തിന്‍റെ സാര്‍വ്വത്രീകരണത്തിനു വേണ്ടിയായിരുന്നു. എന്തുകൊണ്ടായിരിക്കാം ആധുനിക വിദ്യാഭ്യാസം കേരളത്തില്‍ ആരംഭിച്ചത് കേരളകത്തോലിക്കാസഭയല്ല, പ്രൊട്ടസ്റ്റന്‍റ് മിഷണറിമാരാണ് എന്നു വന്നത്? ഉത്തരം ലളിതമാണ്. ആധുനികവിദ്യാഭ്യാസം എന്നത് പാശ്ചാത്യജന്യമായ ഒന്നാണ്. പാശ്ചാത്യര്‍ക്കൊപ്പമാണ് അത് ഭാരതത്തിലും കേരളത്തിലും എത്തിയത്. മിഷനറിമാര്‍ അത് സ്ഥാപനങ്ങളിലൂടെ ഇവിടെ വളര്‍ത്തി.
    പുതിയ വിദ്യാഭ്യാസത്തിന്‍റെയും വിദ്യാലയത്തിന്‍റെയും നന്മയും മൂല്യാധിഷ്ഠിത സ്വഭാവവും കണ്ടറിഞ്ഞ ചാവറയച്ചനും കത്തോലിക്കാസഭയും അത് ദൗത്യമായി സ്വീകരിച്ചപ്പോള്‍ കേരളം പുനര്‍ജന്മം കൊണ്ടു എന്നു പറയുന്നതാവും ശരി. അച്ചന്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുക മാത്രമല്ല, കുട്ടികളെ അവിടെത്തിക്കാന്‍ അവര്‍ക്ക് സ്കൂളില്‍ ഉച്ചക്കഞ്ഞി സമ്പ്രദായം ആരംഭിക്കുകയും ചെയ്തു. ആഹാരസാധനങ്ങള്‍ കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്കാനും ചാവറയച്ചന്‍ ശ്രദ്ധിച്ചു.
    മനുഷ്യക്കുട്ടികള്‍ ജനിക്കുന്നു
    ചാവറയച്ചന്‍റെ വിദ്യാലയങ്ങള്‍ കുട്ടികളെ ഈഴവക്കുട്ടികളായോ, നായര്‍കുട്ടികളായോ, പുലയക്കുട്ടികളായോ, ഹിന്ദുക്കുട്ടികളായോ, മുസ്ലീംകുട്ടികളായോ, ക്രിസ്ത്യന്‍കുട്ടികളായോ കണ്ടില്ല. ആ വിദ്യാലയങ്ങളില്‍ അവര്‍ മനുഷ്യക്കുട്ടികളായിരുന്നു. ഇന്ന് അവിശ്വസനീയമെങ്കിലും ഇത് സത്യമായിരുന്നു: കേരളത്തില്‍ അതിനു മുന്‍പ് ‘മനുഷ്യന്‍’ എന്നൊരു വിഭാഗം തന്നെ നിലവിലുണ്ടായിരുന്നില്ല. പുതിയ വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും പ്രധാനഫലം അത് മനുഷ്യന്‍ എന്ന വിഭാഗത്തെ ജനിപ്പിച്ചു എന്നതു തന്നെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ന് കേരളത്തിലുള്ള മനുഷ്യവീക്ഷണവും പ്രപഞ്ചവീക്ഷണവും പ്രധാനമായും മിഷനറിമാരിലൂടെയും പുതു വിദ്യാലയസംവിധാനത്തിലൂടെയും വികസിച്ചു വന്നതാണ്.
    ശാസ്ത്രീയത
    എന്താണ് ശാസ്ത്രീയത? അത് ജീവിതത്തോടും ചുറ്റുപാടിനോടുമുള്ള ഒരു സമീപനരീതിയാണ്. കാര്യ-കാരണ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഭാസങ്ങളേയും പ്രകിയകളേയും മനസ്സിലാക്കുകയാണ് ശാസ്ത്രീയതയുടെ കാതല്‍. കണ്ടും കേട്ടും തൊട്ടും രുചിച്ചും ഘ്രാണിച്ചും തുടര്‍ന്ന് മനനം ചെയ്തും അറിയുന്നതാണ് അതിന്‍റെ രീതി. നിരീക്ഷണം, പരീക്ഷണം, അന്വേഷണം, പുനരന്വേഷണം എന്നിവയാണ് അതിന്‍റെ വഴികള്‍. യുക്തിയും ശാസ്ത്രവും ഇരട്ടകളെങ്കിലും വ്യത്യസ്തമാണ്.
    ഇങ്ങനെയുള്ള ശാസ്ത്രം ഭൗതികതയാണെന്നും അത് മതവുമായി ചേരാത്തതാണെന്നും ചിലര്‍ കരുതുന്നുണ്ട്. മതം വിശുദ്ധമാണെന്നും ശാസ്ത്രം സത്യമാണെന്നും അവ ഉപരിപ്ലവമാണെന്നും വാദിക്കുന്നു. പക്ഷേ, യഥാര്‍ത്ഥ മതവും ശാസ്ത്രവും തമ്മില്‍ വിടവുകളൊന്നുമില്ല എന്നതാണ് വസ്തുത.
    കത്തോലിക്കാസഭ ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും ആഴമായി സ്വാധീനിച്ചിരുന്ന മദ്ധ്യകാലയൂറോപ്പിലായിരുന്നു ആധുനിക ശാസ്ത്രത്തിന്‍റെ ജനനവും വളര്‍ച്ചയും. ആദ്യകാലത്തെ വലിയ ശാസ്ത്രജ്ഞരില്‍ പലരും കത്തോലിക്കാ പുരോഹിതരായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രത്തിന്‍റെ ചരിത്രം പഠിക്കുന്ന ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സുപരിചിതമായ പല മഹാശാസ്ത്രകാരന്മാരും കത്തോലിക്കാ പുരോഹിതരായിരുന്നു. സൂര്യനുചുറ്റുമാണ് ഭൂമി കറങ്ങുന്നതെന്ന് സിദ്ധാന്തിച്ച് പഴയഭൂമികേന്ദ്രവാദത്തെ തിരുത്തിയ കോപ്പര്‍നിക്കസ് ജനിതകശാസ്ത്ര പിതാവ് ഗ്രിഗര്‍ മെന്‍ഡല്‍, ശാസ്ത്രീയ ചിന്തയുടെ പിതാവെന്ന് ലോകം മുഴുവനുമുള്ള യൂണിവേഴ്സിറ്റികള്‍ ഇന്നും പഠിപ്പിക്കുന്ന റോജര്‍,ബേക്കണ്‍ എന്നിവര്‍ കത്തോലിക്കാ വൈദികരായിരുന്നു എന്ന് എത്രപേര്‍ക്കറിയാം?
    ഈശോസഭയിലെ വൈദികരാണ് (ജസ്യൂട്ടുകള്‍) ഭൂകമ്പത്തെക്കുറിച്ച് പ്രധാന പഠനങ്ങള്‍ നടത്തിയത്. അങ്ങനെ വികസിച്ചുവന്ന ഭൂകമ്പ പഠനശാസ്ത്രം (സീസ്മോളജി) “ജെസ്യൂട്ട് സയന്‍സ്” എന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്തു. പെന്‍ഡുലം ക്ലോക്ക്, പ്രകാശത്തന്‍റെ തരംഗസ്വഭാവം, വാനനിരീക്ഷണം, വിമാനത്തിന്‍റെ തത്വം എന്നിങ്ങനെ അനേകം മേഖലകളില്‍ ജസ്യൂട്ടു വൈദികര്‍ ആഴത്തിലുളള സംഭാവനകള്‍ നല്കി. വൈദികരുടെ അതിദീര്‍ഘമായ ഒരു പട്ടികയുടെ മുകളറ്റം മാത്രമാണീ പേരുകള്‍. ഉത്തമ കത്തോലിക്കാ വിശ്വാസികളായ മഹാശാസ്ത്രജ്ഞരുടെ പട്ടിക ഇതിലും ദീര്‍ഘമാണ്, ഗലീലിയോയും ആ പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. അങ്ങനെ കത്തോലിക്കാ സഭയിലും സഭയാലും കൂടി ജനിച്ച് യൂറോപ്പില്‍ വളര്‍ന്ന ശാസ്ത്രീയ തയും ശാസ്ത്രചിന്തയും ശാസ്ത്രവും സമൂഹത്തെയും സഭയെയും മനുഷ്യജീവിതത്തെത്തന്നെയും ഗണ്യമായി പുതുക്കുപ്പണിതുകൊണ്ട് ആധുനികലോകത്തെ രൂപീകരിച്ചു.
    ശാസ്ത്രീയതയുടെ സംവഹനം
    യൂറോപ്പിന്‍റെ സംഭാവനയായ ആധുനിക ശാസ്ത്രം ലോകത്തിന്‍റെ പൊതുമൂല്യമായി തീര്‍ന്നതെങ്ങനെയാണ്? പതിനാറാം നൂറ്റാണ്ടുമുതല്‍ യൂറോപ്യര്‍ നടത്തിയ ഭൂമിശാസ്ത്രപര്യവേഷണങ്ങള്‍ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ കോളനി രൂപീകരണങ്ങള്‍ എന്നിലേക്ക് തീര്‍ച്ചയായും രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ ഈ ലക്ഷ്യങ്ങളോടെ യൂറോപ്യര്‍ ചെന്നെത്തിയിടങ്ങളിലെല്ലാം മിഷനറിമാരും എത്തി
    മിഷനറിമാര്‍ ബൈബിള്‍ പഠിപ്പിച്ചും മാത്രമല്ല ശാസ്ത്രവും പഠിപ്പിച്ചും പുതിയ മനുഷ്യവീക്ഷണവും പ്രപഞ്ചവീക്ഷണവും അവര്‍ പഠിപ്പിച്ചു. പുതിയ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ നമ്മള്‍ മുമ്പുകണ്ട ആധുനികയുഗം യൂറോപ്പില്‍ നിന്ന് ലോകമെങ്ങും പടര്‍ന്നു.
    കോളനിയും മിഷനറിയും
    കോളനികള്‍ സ്ഥാപിച്ച യൂറോപ്യന്‍ രാഷ്ട്രീയത്തിനും സാമ്പത്തിക ശാസ്ത്രത്തിനും അധിനിവേശവും ചൂഷണവുമായിരുന്നു ലക്ഷ്യം. അവര്‍ ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കയിലും ചൂഷകഭരണകൂടങ്ങള്‍ ഉണ്ടാക്കി. അവിടങ്ങളില്‍ നിലവിലുള്ള സാമൂഹിക നീതികളെ വലിയൊരളവ് നിലനിര്‍ത്തുകയോ ഉപയോഗിക്കുകയോ ചെയ്തു. ചിലയിടങ്ങളില്‍ അവര്‍ കൂടുതല്‍ അനീതി നടപ്പാക്കി. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ പല ആദിമനിവാസികളെയും അവര്‍ ഉന്മൂലനം ചെയ്തു. ലക്ഷക്കണക്കിന് ആഫ്രിക്കന്‍ വംശജരെ അവര്‍ അടിമകളാക്കി. ഓരോ ഇടതും പരമ്പരാഗത തൊഴിലുകളും വ്യവസായങ്ങളെയും സാമൂഹികഘടകളും തകര്‍ത്തെറിഞ്ഞു.
    അതേസമയം, മിഷനറിമാര്‍ അവര്‍ ചെന്നെത്തിയ ഇടങ്ങളില്‍ സമൂഹത്തിലുണ്ടായിരുന്ന അനീതികളെയും യൂറോപ്യന്മാര്‍ അവരുടെ കോളനികളില്‍ നടപ്പാക്കിയ അനീതികളെയും ഒരുപോലെ ചോദ്യം ചെയ്യുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഇന്ത്യയില്‍ മിഷനറിമാര്‍ സതിക്കെതിരെ നടത്തിയ പോരാട്ടവും അമേരിക്കയില്‍ കൊളോണിയല്‍ അടിമവ്യാപാരത്തിനെതിരെ നടത്തിയ പോരാട്ടവും. ആദ്യത്തേത് തദ്ദേശിയ അനീതിയും രണ്ടാമത്തേത് യൂറോപ്യന്‍ കൊളോണിയല്‍ ഭരണത്തിലെ അനീതിയുമായിരുന്നു.
    ഇതുപോലെ നൂറു തിരുത്തലുകളുടെ ആയിരം ഇടപെടലുകളുമായിട്ടാണ് – അല്ലാതെ വഴിയരികില്‍ മൈക്കുകെട്ടി ലോകാവസാനം വിളിച്ചു പറഞ്ഞു ഭയപ്പെടുത്തിയല്ല – സഭ ലോകമെങ്ങും വ്യാപിച്ചു തുടങ്ങിയത്.
    കേരളത്തിലേക്കു മടങ്ങി വരാം. കേരളത്തില്‍ നിന്നുള്ള നവോത്ഥാനനായകരായ മഹാത്മാക്കളില്‍ രാജ്യം ആദരിക്കുന്ന ഒന്നാമത്തെയാള്‍ തീര്‍ച്ചയായും ശ്രീനാരായണഗുരുവാണ്. അദ്ദേഹം ജനിക്കുന്ന സമയത്ത് ചാവറയച്ചന്‍ കേരളത്തിന്‍റെ രൂപം മാറ്റി മറിച്ച് വിദ്യാലയവിപ്ലവം ആരംഭിച്ചു കഴിഞ്ഞിരുന്നു. ശാസ്ത്രീയവും മതേതരവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം നല്കുന്ന സ്ഥാപനങ്ങളുടേതായിരുന്നു ആ തുടക്കം. ഒപ്പം പത്രപ്രവര്‍ത്തനവും ആധുനികമായ ഭാഷയും കേരളത്തില്‍ മിഷണറിമാരുടെയും സഭയുടെയും പരിലാളനയില്‍ വളര്‍ന്നു വന്നു.
    വിദ്യാഭ്യാസവികസനത്തിന്‍റെ അടുത്ത ഘട്ടത്തില്‍ കേരളത്തില്‍ തൊഴിലധിഷ്ഠിതവിദ്യാഭ്യാസം വന്നു. പിന്നെ എത്രയോ മാറ്റങ്ങള്‍, വികാസങ്ങള്‍.
    സാര്‍വ്വത്രിക, മതേതര,
    ശാസ്ത്രീയ വിദ്യാഭ്യാസം, വിദ്യാലയങ്ങള്‍
    തൊഴിലധിഷ്ഠിത പഠനം
    ഐടി. ഐകള്‍…..
    ഉന്നതവിദ്യാഭ്യാസ കോളേജുകള്‍
    ഇംഗ്ലീഷ് മീഡിയം
    അന്താരാഷ്ട്ര വിദ്യാഭ്യാസം
    നേഴ്സിങ്ങ്, എഞ്ചീനിയറിങ്ങ്
    വിദേശതൊഴിലവസരം
    വിദേശഭാഷാപഠനം
    അന്തര്‍ദേശീയ തൊഴിലവസരങ്ങള്‍
    യൂറോപ്പ്, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍
    ഈ വിവിധഘട്ടങ്ങളിലൂടെ കേരളത്തിന്‍റെ വിദ്യാഭ്യാസരംഗം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഓരോ അവസരത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്ക് കാലാനുസൃതമായി ചുക്കാന്‍ പിടിക്കാന്‍ കത്തോലിക്കാസഭ മുന്‍പന്തിയിലുണ്ടായിരുന്നു.
    വര്‍ത്തമാനം
    ആധുനികവിദ്യാഭ്യാസം സ്ഥാപിതമായതു മുതല്‍ കേരളത്തിലും ഇന്ത്യയിലും ഏറ്റവും മികച്ചത് എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒട്ടുമുക്കാലും ക്രൈസ്തവവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അത് ആകസ്മികമായി സംഭവിക്കുന്നതല്ല. ചരിത്രപരമായ കാരണങ്ങള്‍ ആ നേതൃത്വത്തിനു പിന്നിലുണ്ട്. മറ്റൊരു പ്രധാനഘടകം വൈദികരും സന്ന്യാസസമൂഹങ്ങളുമാണ്. ആഗോളപ്രവര്‍ത്തനപരിചയം, ഭാഷാപരിജ്ഞാനം, കുടുംബപ്രാരാബ്ധങ്ങളും ആശങ്കകളുമില്ലാതെ മുഴുവന്‍ സമയം സ്ഥാപനത്തിന്‍റെയും സമൂഹത്തിന്‍റെയും വളര്‍ച്ചയ്ക്കുവേണ്ടി സമര്‍പ്പിക്കാനുള്ള സന്നദ്ധത എന്നീ മേഖലകളില്‍ മറ്റാര്‍ക്കും സാധ്യമല്ലാത്തത്ര വളരാന്‍ കത്തോലിക്കാവൈദികര്‍ക്കും സന്ന്യസ്തര്‍ക്കും സാധിക്കുന്നു. തത്ഫലമായി അവര്‍ നേതൃത്വം നല്കുന്ന സ്ഥാപനങ്ങള്‍ എപ്പോഴും മുന്‍പന്തിയില്‍ തുടരുന്നു.
    ഇന്ന് മാറുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസവും പരിവര്‍ത്തനവിധേയമാകുകയാണ്. മുന്‍പുപറഞ്ഞതുപോലെ മിഷനറിമാര്‍ തുടങ്ങി വച്ച വിദ്യാഭ്യാസത്തിന്‍റെ മതേതര, ശാസ്ത്രീയ, സാര്‍വ്വത്രിക സ്വഭാവങ്ങള്‍ ഇന്നു വെല്ലുവിളിക്കപ്പെടുകയാണ്. സാമ്പത്തികനയത്തിലും രാഷ്ട്രീയത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ മതാത്മകവും, അന്ധവിശ്വാസപരവും ഏതാനും ധനികര്‍ക്കായി പരിമിതപ്പെടുത്തപ്പെട്ടതുമായി വിദ്യാഭ്യാസരംഗത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതു പുരോഗതിയുമല്ല, ദേശസ്നേഹവുമല്ല. മിഷനറിമാരും സഭയും കേരളത്തിനും ഇന്ത്യയ്ക്കും വിദ്യാഭ്യാസരംഗത്ത് എന്തു സംഭാവന ചെയ്തു എന്നു തിരിച്ചറിയാനും അതു കൈമോശം വരാതെ കാത്തു സൂക്ഷിക്കാനുമുള്ള കാലം വന്നു ചേര്‍ന്നിരിക്കുന്നു.

Leave a Reply