പ്രാഫ. റോണി കെ. ബേബി
ഇന്ത്യയിലെ പൊതുവിദ്യാഭ്യാസവും, ഉന്നതവിദ്യാഭ്യാസവും ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പൊളിച്ചെഴുത്ത് നിര്‍ദേശിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ പുതുതായി മാനവവിഭവശേഷി വകുപ്പിന്‍റെ മന്ത്രിയായി ചുമതലയേറ്റ രമേഷ് പൊഖ്റിയാല്‍ നിഷാങ്കിന് കഴിഞ്ഞ ദിവസമാണ് ഡോ. കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള സമിതി ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ കരട് റിപ്പോര്‍ട്ട് കൈമാറിയത്.
മുംബൈ എസ്.എന്‍.ഡി.ടി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ വസുധ കാമത്ത്, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിശാസ്ത്ര അധ്യാപകന്‍ മഞ്ജുള്‍ ഭാര്‍ഗവ, ബാബ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാം ശങ്കര്‍ കുരീല്‍, അമര്‍കാന്തക് ട്രൈബല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ടി.വി. കട്ടമണി, ഗുവാഹത്തി സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ അധ്യാപകന്‍ മഹ്സര്‍ ആസിഫ്, കെ.എം. ത്രിപാഠി, സി.എ.ബി.എ. അംഗം എം.കെ. ശ്രീധര്‍ എന്നിവരായിരുന്നു ഡോ. കസ്തൂരിരംഗനൊപ്പം സമിതിയിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. 2016 മേയ് 27ന് ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് മുന്‍ കാബിനറ്റ് സെക്രട്ടറി ടി. എസ്. ആര്‍. സുബ്രഹ്മണ്യന്‍റെ അധ്യക്ഷതയിലുള്ള സമിതി ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ആദ്യ കരട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നതോടെയാണ് 2017 ജൂണില്‍ ഡോ. കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള പുതിയ സമിതിക്കു രൂപം നല്‍കിയത്.
വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനും, സംഘപരിവാറിന്‍റെ തിട്ടൂരങ്ങള്‍ക്ക് അനുസൃതമായി പൊളിച്ചെഴുതാനും ശ്രമിക്കുന്നു എന്ന വലിയ വിമര്‍ശനമായിരുന്നു ടി.എസ്.ആര്‍. സുബ്രഹ്മണ്യത്തിനെതിരെ ഉണ്ടായത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍തന്നെ വളരെ രഹസ്യമായി ആരംഭിച്ച നീക്കങ്ങളുടെ ചുവടുപിടിച്ചായിരുന്നു അന്നത്തെ വിദ്യാഭ്യാസനയത്തിന്‍റെ കരട് പുറത്തുവന്നത്. ആര്‍ എസ്എസിന്‍റെ വിദ്യാഭ്യാസപദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പ്രൊഫസര്‍ മുരളീമനോഹര്‍ ജോഷി 1999 ലെ ബി ജെ പി സര്‍ക്കാരില്‍ മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രിയായതോടെ ആരംഭിച്ച വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു 2016 ലെ കരട് നയം.
ആര്‍ എസ് എസിന്‍റെ പ്രമുഖ ചിന്തകനും വിദ്യാഭ്യാസപ്രവര്‍ത്തകനുമായ ദീനനാഥ് ബത്ര സംഘപരിവാര്‍ സംഘടനയായ വിദ്യാഭാരതിയുടെ നിര്‍ദ്ദേശങ്ങള്‍ അന്നത്തെ കേന്ദ്രമാനവവിഭവശേഷി വികസനവകുപ്പ് മന്ത്രിയായ ശ്രീമതി സ്മൃതി ഇറാനിക്ക് സമര്‍പ്പിക്കുകയും അത് പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ കരടുരൂപമായി പുറത്തുവരികയുമായിരുന്നു. സംഘപരിവാറിന്‍റെ വിദ്യാഭ്യാസ ഏജന്‍സികളായ ഭാരതീയ ശിക്ഷക് മണ്ഡലും, ശിക്ഷാസംസ്കൃതി ഉത്ഥാന്‍ന്യാസും തയ്യാറാക്കി വിദ്യാഭാരതിയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ രാജ്യമെമ്പാടും നടപ്പിലാക്കുന്ന ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് സഹായിക്കുന്ന വിദ്യാഭ്യാസപദ്ധതി ബി ജെ പിയുടെ ഭരണത്തില്‍ ദേശീയ വിദ്യാഭ്യാസനയമായി കൊണ്ടുവരികയാണ് എന്ന അതീവ ഗുരുതരമായ വിമര്‍ശനമാണ് അന്ന് ഉണ്ടായത്. മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യം ചെയര്‍മാനും, ദില്ലി മുന്‍ ചീഫ് സെക്രട്ടറി ശൈലജചന്ദ്ര, മുന്‍ ആഭ്യന്തര സെക്രട്ടറി സേവാറാം ശര്‍മ്മ, ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറി സുധീര്‍ മങ്കാദ് എന്നീ ഉന്നത ബ്യൂറോക്രാറ്റുകളും, എന്‍ സി ഇ ആര്‍ ടി മുന്‍ ഡയറക്ടറും ആര്‍ എസ് എസ് ചിന്തകനുമായ ഡോ. ജെഎസ് രജപുത്തും അടക്കമുളള സമിതിയാണ് ദേശീയ വിദ്യാഭ്യാസനയം എന്ന പേരില്‍ ആര്‍ എസ് എസ് അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്.
കരട് വിദ്യാഭ്യാസനയത്തിന് എതിരേ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം ആര്‍ എസ് എസ് മുന്നോട്ടുവയ്ക്കുന്ന സാംസ്ക്കാരിക ദേശീയതയാണ് പുതിയ നയത്തിന്‍റെ ഉള്ളടക്കം എന്നതായിരുന്നു. ഇന്ത്യയുടെ സവിശേഷമായ ബഹുസ്വരതയെ ദുര്‍ബലപ്പെടുത്തി സംസ്കൃതഭാഷയിലൂടെയും അത് പ്രതിനിധീകരിക്കുന്ന സംസ്കാരത്തിലൂടെയും രാജ്യമെമ്പാടും ഒരു ഏകീകരണം സാധ്യമാക്കാന്‍ ലക്ഷ്യം വയ്ക്കുന്നതിനുവേണ്ടി ആണ് ഈ നയം എന്നതായിരുന്നു. സംസ്കൃതം അല്ലെങ്കില്‍ ഹിന്ദി ഭാഷകൊണ്ട് ദേശീയമായ ഐക്യം സാധ്യമാണ് എന്നാണ് സംഘപരിവാര്‍ വിശ്വസിക്കുന്നത്. സാംസ്കാരികമായ ഏകത എന്ന ആര്‍ എസ് എസ് നയത്തില്‍ നിന്നുകൊണ്ട് ആര്‍ഷ ഭാരതത്തിന്‍റെ സ്വന്തമായി സംഘപരിവാര്‍ അഭിമാനിക്കുന്ന സാംസ്കാരിക തനിമകളെ കരിക്കുലത്തിന്‍റെ ഭാഗമാക്കി ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള സാദ്ധ്യതയായിരുന്നു കരട് വിദ്യാഭ്യാസ നയത്തിലൂടെ അന്ന് അന്വേഷിച്ചത്. ഹിന്ദി അല്ലെങ്കില്‍ സംസ്കൃതഭാഷകളെ നിര്‍ബന്ധമായി സ്വീകരിക്കേണ്ട ഒന്നാക്കി അടിച്ചേല്‍പ്പിക്കുവാനും അങ്ങനെ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുവാനുമാണ് അന്ന് ശ്രമിച്ചത്.
ഉദാഹരണമായി കരട് നയത്തിലെ നിര്‍ദേശം 4:11(3) ഇങ്ങനെ പറയുന്നു. “സംസ്കൃതഭാഷയ്ക്ക് പ്രാധാന്യം നല്‍കണം. ഇന്ത്യയിലെ മറ്റു ഭാഷകളുടെ വികാസത്തിന് വഴിതെളിക്കുകയും, രാജ്യത്തെ സാംസ്കാരിക ഐക്യം നിലനിര്‍ത്തുകയും ചെയ്യുന്നതിന് ഇത് അനിവാര്യമാണ്.” കരടു വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന ഭാഷാ ദേശീയതാവാദം ആര്‍ എസ് എസ് താത്വികാചാര്യന്മാര്‍ മുന്നോട്ടു വയ്ക്കുന്ന സാംസ്കാരിക ദേശീയതയുടെ അടിത്തറയാണ്. ഇത് ഊന്നല്‍ നല്‍കുന്നത് വേദകാലം മുതല്‍ രൂപപ്പെട്ടുവരുന്ന ആര്യവല്‍ക്കരണത്തിലും, ബ്രാഹ്മണവല്‍ക്കരണണത്തിലും അധിഷ്ടിതമായ ഹിന്ദുത്വ സംസ്ക്കാരത്തിനാണ്. ആര്‍ എസ് എസ്സിന് പ്രത്യയശാസ്ത്രപരമായ അടിത്തറ നല്‍കിയ ഗുരുജി ഗോള്‍വാള്‍ക്കറും, ഇതിനു പ്രചാരം നല്‍കിയ ദീന്‍ ദയാല്‍ ഉപാധ്യായും, ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയും പ്രാധാന്യം നല്‍കിയത് സാംസ്ക്കാരിക ദേശീയതയ്ക്കായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്ത പുതിയ കരിക്കുലത്തിന്‍റെ ഉള്ളടക്കവും ഇതുതന്നെ ആയിരുന്നു. ഏതായാലും ദേശീയതലത്തില്‍ ഉണ്ടായ വലിയ വിമര്‍ശനങ്ങളുടെയും, പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ വിദ്യാഭ്യാസനയം മരവിപ്പിക്കുകയും ഡോ. കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള പുതിയ സമിതി പുതിയ കരട് നയം രൂപീകരിക്കുവാന്‍ നിയമിക്കപ്പെടുകയുമാണ് ചെയ്തത്.
2019 ലെ കരട് നയത്തിനെതിരെയും ഉണ്ടായ വലിയ വിമര്‍ശനം താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് എല്ലാ ക്ലാസുകളിലും സംസ്കൃതം പഠിക്കാന്‍ അവസരം നല്‍കണമെന്നും കൂടാതെ അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷ ആക്കണം എന്നുമുള്ള നിര്‍ദേശമാണ്. സംസ്കൃതഭാഷയുടെ വലിയ മാഹാത്മ്യവല്‍ക്കരണം പുതിയ റിപ്പോര്‍ട്ടിലും കാണാം. ഭാരതീയ മൂല്യങ്ങളുടെ ആത്മാവ് ഉള്‍ക്കൊണ്ടു കൊണ്ട്, പ്ലസ് ടു ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മൂന്ന് വയസ് മുതല്‍ 15 വര്‍ഷം നീളുന്ന നാല് ഘട്ടങ്ങളായി സമഗ്രമായി പരിഷ്കരിക്കാനാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം നിര്‍ദേശിക്കുന്നത്. സാംസ്കാരിക ദേശീയത എന്ന അജണ്ടയുടെ ഭാഗമായിതന്നെയാണ് ഭാരതീയമൂല്യങ്ങള്‍ എന്ന പേരില്‍ ഹിന്ദുത്വ ദര്‍ശനങ്ങളും, സംസ്കൃത ഹിന്ദി ഭാഷകളും സ്കൂള്‍ കരിക്കുലത്തില്‍ വീണ്ടും കുത്തിനിറയ്ക്കാന്‍ നിര്‍ദേശിക്കുന്നത്. ഹിന്ദി നിര്‍ബന്ധിതമാക്കാനുള്ള നിര്‍ദേശത്തിനെതിരെ വലിയ പ്രതിഷേധം അഹിന്ദി സംസ്ഥാനങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. കോത്താരി കമ്മീഷന്‍ 1968-ല്‍ രൂപം നല്‍കിയ വിദ്യാഭ്യാസനയപ്രകാരമുള്ള 10+2 രീതിയിലുള്ള സ്കൂള്‍ വിദ്യാഭ്യാസരീതിക്കും കരടു നയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസഘടനയില്‍ ഒരു പൊളിച്ചെഴുത്ത് ആണ് കരട് വിദ്യാഭ്യാസനയമെന്ന് അവകാശവാദം ഉയരുമ്പോഴും ഇപ്പോള്‍ വിവാദമായ നിര്‍ദേശങ്ങള്‍ പരിശോധിക്കുമ്പോള്‍ 2016ലെ സംഘപരിവാര്‍ അജണ്ടകള്‍ രഹസ്യമായി എങ്കിലും ഈ നയത്തിലും ആവര്‍ത്തിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.
- കത്തോലിക്കാ വിദ്യാഭ്യാസം ആധുനിക കേരളത്തിന്റെ തായ്വേര് കത്തോലിക്കാസഭ കേരളത്തിനുവേണ്ടി എന്തു ചെയ്തു?
- ഇരട്ടത്താപ്പ്