ഇരട്ടത്താപ്പ്


മാത്യൂസ് തെനിയപ്ലാക്കല്‍
കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങളേപ്പറ്റിയും സഭയുടെ അധികാരികളേപ്പറ്റിയും ഒറ്റപ്പെട്ട പരാതികള്‍ ഉയരാറുണ്ടെങ്കിലും പൊതു സമൂഹത്തില്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്നും നല്ല മതിപ്പാണ്. കത്തോലിക്കാ സഭ നടത്തുന്ന സ്കൂളുകളിലും, കോളേജുകളിലും മക്കളെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരില്‍ ക്രൈസ്തവര്‍ മാത്രമല്ല, ഇതര മതങ്ങളില്‍ പെട്ടവരും ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഇതര സംവിധാനം കത്തോലിക്കാ സഭയാണ്. സത്യം പറഞ്ഞാല്‍ ലോകത്തെ എഴുതാനും വായിക്കാനും പഠിപ്പിച്ചത് കത്തോലിക്കാ സഭയാണ്. എന്നാല്‍ സഭാ സ്ഥാപനങ്ങളില്‍ ചെറിയ ക്ലാസുകള്‍ മുതല്‍ പഠിച്ച് വളര്‍ന്നവര്‍ പോലും സഭയ്ക്കെതിരെ എഴുതാനും പ്രസംഗിക്കാനും മുന്‍പന്തിയില്‍ ഉണ്ടെന്ന സങ്കടകരമായ യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. എന്തുകൊണ്ടായിരിക്കും കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്ര ഡിമാന്‍റ്? മറ്റ് പല പ്രസ്ഥാനങ്ങളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെയാണ് വേറിട്ട് നില്‍ക്കുന്നത്?
1) ക്രിസ്തീയത – കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ ക്രിസ്തീയ വശമാണ്. കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‘സെക്കുലറിസം’ വലിയ രീതിയില്‍ ആഞ്ഞടിക്കുന്ന ഈ കാലഘട്ടത്തിലും ക്രിസ്തുവിനും അവന്‍റെ പഠനങ്ങള്‍ക്കും മുഖ്യസ്ഥാനം നല്‍കിയാണ് മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുക വഴി സഭ അടിസ്ഥാനപരമായി ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്തവമൂല്യങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്നതാണ്.
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുദിന പ്രാര്‍ത്ഥനയ്ക്ക് വലിയ പ്രാധാന്യം നല്‍കി വരുന്നു. കത്തോലിക്കാ കുട്ടികള്‍ക്ക് ഞായറാഴ്ചത്തെ വേദപഠനത്തിന് പുറമേ വേദപാഠ ക്ലാസുകള്‍ നല്‍കുന്ന സ്കുളുകളുമുണ്ട്. മിക്ക സ്ഥാപനങ്ങളിലും ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസമോ, അല്ലെങ്കില്‍ മാസത്തില്‍ ഒന്നോ കുമ്പസാരത്തിനും കുര്‍ബാന സ്വീകരണത്തിനുമുള്ള അവസരവും നല്‍കി വരുന്നു. പ്രാര്‍ത്ഥിച്ചും, സുവിശേഷ വിചിന്തനങ്ങള്‍ കേട്ടും മറ്റും പഠിക്കുമ്പോള്‍ വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ വിശ്വാസത്തില്‍ നവീകരിക്കപ്പെടുവാന്‍ ഇടയാകുന്നു. സഭാ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍, അവര്‍ ഏത് മത വിഭാഗത്തില്‍ പെട്ടവരായാലും ദൈവ വിശ്വാസത്തിന് വില കല്‍പ്പിക്കുന്നത് ഒരു പരിധി വരെ ആത്മീയതയാകുന്ന വലിയ ആല്‍മരത്തിന്‍റെ ചുവട്ടില്‍ ഇരുത്തി സഭ വിദ്യ അഭ്യസിപ്പിച്ചത് കൊണ്ടാണ്.
2) സംസ്ക്കാര രൂപീകരണം – ലോകത്തെ ഏറ്റവും നല്ല സംസ്ക്കാരം കത്തോലിക്കാ സംസ്ക്കാരമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. താരതമ്യേന നിലവാരമുള്ളതും മനുഷ്യന്‍റെ അന്തസ്സിനും അഭിമാനത്തിനും വില കൊടുക്കുന്നതുമാണ് ഈ സംസ്ക്കാരം. കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ ഉള്‍ക്കൊള്ളുന്നത് മഹത്തായ ഈ സംസ്ക്കാരമാണ്. മാന്യത മുഖമുദ്രയായുള്ള ഈ സംസ്ക്കാരം ഒരുവന്‍റെ വ്യക്തിത്വ രൂപീകരണത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
3) ഉന്നത നിലവാരം – കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറ്റൊരു പ്രത്യേകത അവ വിഭാവനം ചെയ്യുന്ന ഉന്നത നിലവാരമാണ്. ഭൗതികസൗകര്യങ്ങളുടെ കാര്യമെടുത്താലും അധ്യാപന മികവ് പരിഗണിച്ചാലും സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റ് സ്ഥാപനങ്ങളേക്കാള്‍ ഒരുപടി മുകളിലാണ്.തങ്ങളുടെ സ്ഥാപനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വരുന്ന കുട്ടികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന ചിന്തയുടെ പുറത്താണ് മാനേജ്മെന്‍റുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത്. വിദ്യാഭ്യാസം കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടേണ്ടതാണെന്ന ബോധ്യം സഭയ്ക്കുണ്ട്. മാറുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൈമാറുന്ന രീതികള്‍ക്ക് ഏറെ മാറ്റം വന്നിട്ടുണ്ട്.ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും ആദ്യം എത്തുന്നത് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്.
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന ഉന്നത നിലവാരത്തേക്കുറിച്ച് പറയുമ്പോള്‍ ചില മനുഷ്യരുടെ ഇരട്ടത്താപ്പിനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല.ചില ആളുകള്‍ക്ക് തങ്ങളുടെ മക്കള്‍ നല്ല സൗകര്യങ്ങളോടു കൂടി പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ടെങ്കിലും, പ്രസ്തുത സൗകര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ആവശ്യമായി വരുന്ന പണച്ചിലവ് ഒട്ടും പിടിക്കില്ല. ഇതിനായി നിശ്ചിതമായ ഒരു തുക മാതാപിതാക്കളോട് ആവശ്യപ്പെട്ടാല്‍ പിന്നെ പറയുകയേ വേണ്ട. ‘ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തില്‍ ഇരിക്കുന്നത് പോകാനും പാടില്ല, എന്ന തരത്തിലാണ് ഇവരുടെ പെരുമാറ്റം. ഉയര്‍ന്ന സൗകര്യങ്ങള്‍ക്കു വേണ്ടി ഇവര്‍ മുറവിളി കുട്ടും, എന്നാല്‍ എല്ലാം ആയിക്കഴിയുമ്പോള്‍ വീട്ടിലും, കവലയിലും, സമൂഹ മാധ്യമങ്ങളിലും, സഭയുടെ ധൂര്‍ത്തെന്നും പറഞ്ഞ് ഘോര ഘോരം പ്രസംഗിക്കുകയും ചെയ്യും. കഷ്ടം തന്നെ എന്നല്ലാതെ എന്ത് പറയാന്‍….!
4) അച്ചടക്കം -കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മറ്റൊരു പ്രത്യേകത അച്ചടക്കത്തിന് കൊടുക്കുന്ന പ്രാധാന്യമാണ്. ജീവിത വിജയത്തിന് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് അച്ചടക്കം. എന്തൊക്കെ കഴിവുകള്‍ ഉണ്ടെന്ന് പറഞ്ഞാലും അച്ചടക്കത്തിന്‍റെ അകമ്പടി കൂടാതെ അവയെ പരിപോഷിപ്പിച്ചാല്‍ പരാജയമായിരിക്കും ഫലം. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രത്യേകതയായി പൊതു സമൂഹത്തിന്‍റെ മുന്നില്‍ എപ്പോഴും നിഴലിച്ച് നില്‍ക്കുന്നത് അവിടങ്ങളിലെ അച്ചടക്കമാണ്. സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ഇക്കാര്യത്തില്‍ കാണിക്കുന്ന ജാഗ്രത ഏറെ ശ്ലാഹനീയമാണ്. ‘ഈ അച്ചന്‍മാരും സിസ്റ്റര്‍മാരും നടത്തുന്ന സ്കൂളാണോ….എന്നാ അവിടെ പിള്ളാരേ ധൈര്യമായി വിടാമെന്ന ‘ സംസാരം തന്നെ പൊതു ജനങ്ങള്‍ക്കിടയിലുണ്ട്.
ഇപ്പറഞ്ഞതൊക്ക വസ്തുതകളാണെങ്കിലും കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് പലപ്പോഴും അച്ചടക്കത്തിന്‍റെ പേരില്‍ തന്നെയാണ്. കൃത്യമായി യൂണിഫോം ധരിച്ച് വരണമെന്നും, താടിയും മുടിയുമൊക്കെ വെട്ടി ഒതുക്കി വൃത്തിക്ക് നടക്കണമെന്നും മറ്റും പറയുമ്പോഴും, ആശാസ്യമല്ലാത്ത ആണ്‍ – പെണ്‍ സൗഹൃദങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും സഭയ്ക്കെതിരെ വാള്‍ ഉയര്‍ത്തുന്ന ധാരാളം പേര്‍ ഇന്നുണ്ട്. സമൂഹത്തില്‍ തിന്മ വളരണമെന്ന് ആഗ്രഹിക്കുന്ന അരാജകവാദികളും, നിരീശ്വര വാദികളും മറ്റും ഇക്കൂട്ടത്തിലുണ്ട്. അതോടൊപ്പം അവിടെയും ഇവിടെയും കേള്‍ക്കുന്ന അയഥാര്‍ത്ഥമായ വാര്‍ത്തകള്‍ കേട്ട് സഭയ്ക്കെതിരെ ആക്രോശിക്കുന്ന കത്തോലിക്കരുമുണ്ട്. അച്ചടക്കം കൂടിപ്പോയതിന്‍റെ പേരില്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കരിവാരിത്തേക്കുന്നവരും തങ്ങളുടെ മക്കളെ ചേര്‍ക്കുന്നത് സഭാ സ്ഥാപനങ്ങളില്‍ തന്നെയാണ് എന്നുള്ളതാണ് രസം.
5) പരീക്ഷകളിലെ ഉന്നത വിജയം – ഉന്നത നിലവാരവും, അച്ചടക്കവും ദൈവാനുഗ്രഹവും ചേരുമ്പോള്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നു. നല്ല റിസള്‍ട്ട് ഉള്ള സ്കുളുകളുടെയും കോളേജുകളുടെയും പട്ടിക നോക്കിയാല്‍ കൂടുതലും കത്തോലിക്കാ സ്ഥാപനങ്ങളായിരിക്കും. അതുകൊണ്ടുതന്നെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
മേല്‍ സൂചിപ്പിച്ച പ്രത്യേകതകള്‍ ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല. എന്നാല്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പല കാരണങ്ങളാല്‍ പൊതു സമൂഹത്തില്‍ കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയമാകുമ്പോള്‍ അവയ്ക്ക് എക്കാലവും അവകാശപ്പെടാന്‍ കഴിയുന്ന ചില ഗുണഗണങ്ങള്‍ കൂടുതല്‍ ഉറക്കെ വിളിച്ച് പറയേണ്ടത് അനിവാര്യതയാണ്. നാഴികക്ക് നാല്‍പ്പത് വട്ടവും സഭയേയും സഭാ സംവിധാനങ്ങളേയും തെറി പറയുന്നവരും സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യം വരുമ്പോള്‍ സഭയുടെ കീഴിലുള്ള സ്കൂളുകളും, കോളേജുകളും തേടി വരും. ‘അച്ചന്‍മാരെയും സിസ്റ്റര്‍മാരെയുമൊക്കെ വിമര്‍ശിച്ച് കൂവുന്നവരും അവരുടെ മക്കളെ പഠിപ്പിക്കാന്‍ ഈ അച്ചന്‍മാരും സിസ്റ്റര്‍മാരും നടത്തുന്ന സ്ഥാപനങ്ങള്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. എന്തൊരു നാണംകെട്ട ഇരട്ടത്താപ്പാണിത്….! സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുകയും, മക്കളെ പഠിപ്പിക്കുകയും ചെയ്ത ശേഷം സഭയെ അവഹേളിക്കുന്നവര്‍ മുലപ്പാല്‍ തന്ന് വളര്‍ത്തിയ സ്വന്തം അമ്മയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നവര്‍ക്ക് തുല്യരാണ്.
കത്തോലിക്കാ വിദ്യാഭാസ സ്ഥാപനങ്ങളുടെ മേന്മകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും അവയ്ക്ക് കുറ്റങ്ങളും, കുറവുകളും ഉണ്ടെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ. ലക്ഷ്യം മറന്നു കൊണ്ട് പലപ്പോഴും നമ്മുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്. ഒരുവന്‍റെ സമഗ്രമായ വളര്‍ച്ച ഉറപ്പാക്കുന്നതോടൊപ്പം അവനെ ദൈവിക ചിന്തയിലേയ്ക്ക് ഉയര്‍ത്താനും കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം. ഇക്കാലഘട്ടത്തില്‍ എങ്ങും നിറഞ്ഞ് നില്‍ക്കുന്ന ഉപഭോഗ സംസ്ക്കാരത്തിന്‍റെ നീരാളി പിടുത്തതില്‍ പെട്ട് സുവിശേഷ ചൈതന്യം നമ്മുടെ സ്ഥാപനങ്ങളില്‍ നിന്ന് പതിയെ പടിയിറങ്ങുകയാണോ എന്ന ചോദ്യം സഭ സ്വയം ചോദിക്കണം. ഉന്നത നിലവാരവും, ഉയര്‍ന്ന റിസള്‍ട്ടും നിലനിര്‍ത്തുന്നതോടൊപ്പം ‘വഴിയും സത്യവും ജീവനും ഞാനാണെന്ന് ‘ പ്രഖ്യാപിച്ച മിശിഹായെ പകര്‍ന്നു കൊടുക്കാനും നമ്മുടെ സ്ഥാപനങ്ങള്‍ക്ക് കഴിയണം.
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേന്‍മകള്‍ നമ്മള്‍ മനസ്സിലാക്കുകയും, അംഗീകരിക്കുകയും വേണം. സമുദായത്തെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സത്യം മനസ്സിലാക്കി പ്രതികരിക്കാനുള്ള തിരിച്ചറിവ് നാം കാണിക്കണം. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടേതാണെന്ന ചിന്ത ഉള്ളിലുണ്ടാകണം. ഇക്കാലത്ത് ‘എല്ലാവര്‍ക്കും പ്രീതികരമായ രീതിയില്‍’ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ട് പോവുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ പോരായ്മകള്‍ അംഗീകരിക്കുകയും തിരുത്തലുകള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും വേണം.

Leave a Reply