ഇത് നമ്മുടെ കടമയാണ്

റവ. ഫാ. റോയി വടക്കേല്‍
ആദ്യകാലം മുതലേ ക്രൈസ്തവ വിശ്വാസികള്‍ തങ്ങളുടെ ജീവിത ശൈലിക്കായി സ്വീകരിച്ച ഒന്നാണ് ‘കാരുണ്യ പ്രവര്‍ത്തികള്‍’. അതുകൊണ്ടാണ് മറ്റേതു മതവിഭാഗത്തെക്കാളും കൂടുതലായി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഇന്നു കത്തോലിക്കാ സഭയ്ക്ക് സാധിക്കുന്നത്. വിശുദ്ധഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നതും കാരുണ്യത്തിന്‍റെ സുവിശേഷമാണ്. കരുണയുടെ ശുശ്രൂഷ ചെയ്യുന്ന അനേകം സ്ഥാപനങ്ങള്‍ സഭയുടെ കീഴിലും മറ്റു സമുദായങ്ങളുടെ കീഴിലുമായി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ 60% ല്‍ അധികം സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭ നടത്തുന്നവയാണ്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളും മറ്റു മതസ്ഥര്‍ നടത്തുന്ന സ്ഥാപനങ്ങളും ഇന്ന് വര്‍ധിച്ചു വരുന്നുണ്ട്.
കാഴ്ച, കേള്‍വി, സംസാരം എന്നിവയ്ക്ക് വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുവേണ്ടി നാല്‍പതോളം സ്പെഷ്യല്‍ സ്കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ മിക്കവയും ഗവണ്‍മെന്‍റില്‍ നിന്ന് പൂര്‍ണ്ണമായ സാമ്പത്തിക സഹായം ലഭിക്കുന്ന എയ്ഡഡ് വിഭാഗത്തില്‍പ്പെടുന്ന സ്കൂളുകളാണ്. ഇതില്‍ ഇരുപതോളം സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭ നേരിട്ടു നടത്തുന്നതാണ്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം, സെറിബല്‍ പാള്‍സി, മറ്റ് ഡിസെബിലിറ്റീസ് എന്നിവയുള്ള കുട്ടികള്‍പഠിക്കുന്ന 325 സ്പെഷ്യല്‍ സ്കൂളുകളാണ് ഈ വിഭാഗത്തില്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നത്. അതില്‍ നൂറ്റിമുപ്പതോളം സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
ഈ സാഹചര്യത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. കേരളത്തില്‍ 42 ലക്ഷം കുട്ടികള്‍ സൗജന്യ വിദ്യാഭ്യാസം നേടുന്നുണ്ട്. കാഴ്ച, കേള്‍വി വൈകല്യമുള്ള കുഞ്ഞുങ്ങളുടെ മിക്ക സ്ഥാപനങ്ങള്‍ക്കും സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്പെഷ്യല്‍ സ്കൂളുകളില്‍ ഒരെണ്ണം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. എഴുപതോളം സ്കൂളുകള്‍ പഞ്ചായത്തിന്‍റെ കീഴില്‍ ബഡ് സ്കൂളുകളായിട്ടാണ് പ്രവര്‍ത്തിക്കുക. ബാക്കിയുള്ള സ്കൂളുകളെല്ലാം സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളൊക്കെയും അവരുടെ പരിശ്രമത്തില്‍ തന്നെയാണ് ജീവനക്കാരുടെ ശമ്പളവും മറ്റുമുള്ള ചിലവുകളും നടത്തുന്നത്. വളരെ തുച്ഛമായ ഒരു തുക മാത്രമേ സര്‍ക്കാര്‍ നല്‍കുന്നുള്ളു.
എന്തുകൊണ്ട് സഭ ഈ രംഗത്ത്?
പണമോ മറ്റ് ഭൗതികകാര്യങ്ങളോ നോക്കാതെ സഭ ഈ മേഖലയില്‍ ആദ്യകാലങ്ങളില്‍തന്നെ സജീവമായിരുന്നു. ഇത് സഭയുടെ ഒരു തനയന്‍റെ അല്ലെങ്കില്‍ സഭാംഗത്തിന്‍റെ ഉത്തരവാദിത്വം ആണ് എന്നൊരു ബോധ്യവും ബാധവും സഭയ്ക്കുണ്ടായിരുന്നു. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ എന്നതുപോലെ തന്നെ പരാശ്രയം വേണ്ട ആര്‍ക്കും ആശ്രയമാവുക എന്നത് കടമയായിട്ട് സഭ കണക്കാക്കിയിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഒരു നൂറ്റാണ്ടിലധികമായി ഇങ്ങനെയുള്ള ക്ഷേമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ഇടവന്നത്.
സ്പെഷ്യല്‍ സ്കൂളുകള്‍ കേരളത്തില്‍ ആരംഭിച്ചിട്ട് 54 വര്‍ഷങ്ങളായി. ആദ്യകാലങ്ങളില്‍ തുടങ്ങിയ സ്കൂളുകളൊക്കെയും കത്തോലിക്കാ സഭ തുടങ്ങിയ സ്കൂളുകളാണ്. എന്നാല്‍ ഇന്ന് ഈ ശുശ്രൂഷാമേഖലയില്‍ പലവിധമുളള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.. പ്രതിസന്ധികള്‍ വരുമ്പോള്‍ നമ്മള്‍ പകച്ചു നില്‍ക്കുകമാത്രമല്ല ഓടിയൊളിക്കുന്ന പ്രവണതകൂടി വളര്‍ന്ന് വരുന്നുണ്ട്.
ഈ ഒളിച്ചോട്ടത്തിന്‍റെ കാരണം ഔദ്യോഗികമായ എന്‍റെ ഉത്തവാദിത്വങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് എനിക്ക് പറയുവാന്‍ സാധിക്കും, ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്നനിലയില്‍. ഒരു സ്ഥാപനം നിര്‍ത്തലാക്കണമെങ്കില്‍ ഔദ്യോഗികമായി എന്‍റെ അനുവാദം ആവശ്യമാണ്. നാനൂറിലധികം സ്ഥാപനങ്ങളാണ് പ്രത്യേകിച്ച് കേരളത്തില്‍ കുട്ടികളുടേത് ഉള്‍പ്പെടെ നിര്‍ത്തലാക്കിയിരിക്കുന്നത്. ഇവയില്‍ മുന്നൂറിലധികം സ്ഥാപനങ്ങളും കത്തോലിക്കര്‍ നടത്തിയിരുന്ന സ്ഥാപനങ്ങളായിരുന്നു. നിയമത്തിന്‍റേതായ പ്രതിസന്ധികള്‍ ഒരു ഭാഗത്തുണ്ടെങ്കിലും അതിനെക്കാള്‍ നിര്‍ത്തുവാനുള്ള നിര്‍ബന്ധിത ശ്രമങ്ങള്‍ ഉണ്ടായതായി മനസ്സിലാക്കുവാന്‍ സാധിക്കും. ക്രൈസ്തവരായ നാം ഈ മേഖലയില്‍ നിന്ന് അകലുന്ന സാഹചര്യം കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇത് ആരെങ്കിലും നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച ഒരു കാര്യം എന്നതിനെക്കാള്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ വെല്ലുവിളികളെയും പ്രതിസന്ധികളെയും മറികടന്ന് ഇതൊരു കടമയായി നിര്‍വ്വഹിക്കണം.
ബനഡിക്റ്റ് 16-ാമന്‍ പാപ്പ ‘ദേവൂസ് കാരിത്താത്തിസ്’ എന്ന രേഖയില്‍ ഇരുപതാം ഖണ്ഡികയില്‍ പറയുന്നു. ‘ അരേ ീള ഖൗശെേരല മിറ രവമൃശ്യേ മൃല ിീേ ീുശേീി ളീൃ വേല രവൃൗരവ, ശേ ശെ മ ൃലുീിശെെയശഹശ്യേ’ ഇത് നമ്മള്‍ നീതി നിര്‍വ്വഹിക്കുന്നതിനെക്കാള്‍ ഉപരി സഭയുടെ ഒരു ഉത്തരവാദിത്വം എന്ന നിലയിലാണ് കാണുന്നത്. പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ കാരുണ്യത്തെക്കുറിച്ച് നാല് നിര്‍വചനങ്ങള്‍ പറഞ്ഞുവയ്ക്കുന്നുണ്ട് അതിന്‍ മൂന്നാമത്തെ നിര്‍വചനം ഇപ്രകാരമാണ്. ‘ജീവിതത്തിന്‍റെ വഴിത്താരയില്‍ സഹോദരിസഹോദരന്മാരുടെ കണ്ണിലേയ്ക്ക് ആത്മാര്‍ത്ഥതയോടെ നോക്കുമ്പോള്‍ ഒരുവനുണ്ടാകുന്ന മൗലീക നിയമമാണ് കാരുണ്യം’ ഇത് ചെയ്യാതിരിക്കുക എന്നത് ഒരു ക്രൈസ്തവനെ സംബന്ധിച്ച് സാധ്യമല്ല. സഹോദരന്‍റെ കണ്ണുകളിലേയ്ക്ക് ആത്മാര്‍ത്ഥതയോടെ നോക്കുമ്പോള്‍ എനിക്കവന്‍റെ ദയനീയാവസ്ഥയില്‍, അവന്‍റെ ദുഃഖത്തില്‍, അവന്‍റെ പ്രതിസന്ധിയില്‍ അവനെ സഹായിക്കാതിരിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ പലപ്പോഴും ഈയൊരു കടമയില്‍നിന്ന് നാം അകന്നുപോകാറുണ്ട്.
ഈ അടുത്തകാലത്ത് നമ്മുടെ ആശാനിലയം സ്കൂളില്‍ ഇന്‍സ്പെക്ഷന്‍ നടക്കുമ്പോള്‍ ഞാന്‍ അവിടുണ്ടായിരുന്നു. ഇന്‍സ്പെക്ഷന്‍റെ സമയത്ത് ഞാന്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് എച്ച്എമ്മിന്‍റെ ഓഫീസിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു ആരോഗ്യമുള്ള കുട്ടി എച്ച്.എം -ന്‍റെ കവിളില്‍ മാറിമാറി അടിച്ചു. ഞാന്‍ അവനെ പുറകിലേയ്ക്ക് വലിച്ചു മാറ്റാന്‍ ശ്രമിച്ചു. അപ്പോള്‍ അവന്‍ എച്ച്.എം -ന്‍റെ നാഭിക്കിട്ടു ചവിട്ടി. ഇതുപോലെയുള്ള അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് ഇത്തരം ശുശ്രൂഷകളില്‍ ഏര്‍പ്പെടുന്നവര്‍ കടന്നുപോകുന്നത്. ബഹു. ജിന്‍സച്ചന്‍ നടത്തുന്ന ബത്ലഹേം ഭവനിലും അവിടെയുള്ള ശുശ്രൂഷകരും സിസ്റ്റേഴ്സും ഇതുപോലുള്ള പീഡകളെ സഹിച്ചാണ് ശുശ്രൂഷചെയ്യുന്നത്. അവിടെ ആരും ഒരിക്കലും പരാതി പറയുന്നില്ല. കാരണം അവര്‍ ആ ശുശ്രൂഷ ഒരു ദൈവീക ധര്‍മ്മം ആയി സ്വീകരിച്ചിട്ടുള്ളവരാണ്. ശരിക്കും ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ സമൂഹത്തില്‍ ഒരു ഷോക്ക് ആബ്സേര്‍ബര്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ ചീത്തപറഞ്ഞ് ശല്യമാകുന്ന, വീടുകളില്‍ പ്രശ്നങ്ങളായി നിലനില്‍ക്കുന്ന ആള്‍ക്കാരെ ഇങ്ങനെയുള്ള ശുശ്രൂഷാ ഭവനങ്ങളില്‍ സ്വീകരിച്ച് കുറെ ആള്‍ക്കാര്‍ പൊതുസമൂഹത്തിനുവേണ്ടി ഈ പീഡകള്‍ സഹിക്കുകയാണ്. അതില്‍ പങ്കുകാരാകേണ്ട ഉത്തവാദിത്വം നമുക്കുണ്ടന്ന് തെല്ലും മറക്കുവാന്‍ പാടുള്ളതല്ല. വളരെയധികം ആളുകള്‍ ഈ മേഖലയില്‍ നിന്ന് അകന്നുപോകുന്നുത് സഭയുടെ കാരുണ്യ മുഖത്തിന്‍റെ വൈകല്യമായി കാണാതിരിക്കാന്‍ പറ്റില്ല. അവിടെയാണ് ഈ ശുശ്രൂഷയുടെ പ്രാധാന്യവും പ്രസക്തിയും നമ്മള്‍ കാണുന്നത്.
ഇന്ന് ഈ മേഖലയില്‍ നിന്നും നമ്മള്‍ വളരെയധികം പിന്മാറുന്ന ഒരു സാഹചര്യമാണ് കെ.സി.ബി.സിയുടെ ഉത്തരവാദിത്വത്തില്‍ നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. എന്നാല്‍ മറ്റു മതസ്ഥര്‍ വളരെയധികം ഈ മേഖലയിലേക്ക് വരുന്നു എന്നുള്ളതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം.
അവര്‍ ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോഴുള്ള പ്രകടമായ വ്യത്യാസം, ആ സമുദായത്തിന്‍റെ കൂട്ടായ്മയുടെ ഭാഗമായിട്ടാണ് അവര്‍ ഇത് ചെയ്യുന്നത് എന്നതാണ്. അവിടെയുള്ള യുവാക്കളും പ്രായമായവരും പ്രത്യേകിച്ച് റിട്ടയര്‍ ആയിട്ടുള്ളവരുമൊക്കെ വോളണ്ടിയര്‍ ആയിട്ടും മിനിമം തുകയ്ക്കും സേവനം ചെയ്യുകയാണ്. അത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ട ഒരു മാതൃകയാണ്. കത്തോലിക്കാ സഭയുടെ 90% സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നത് സിസ്റ്റേഴ്സാണ്. ഇത് ഏതെങ്കിലും അച്ചന്‍റെ അല്ലെങ്കില്‍ സന്യസ്തരുടെ മാത്രം കടമ എന്ന നിലയില്‍ മാത്രം കണ്ട് സാമ്പത്തികസഹായം ഒഴിച്ച് ബാക്കി ഒന്നും എന്‍റെ ഉത്തരവാദിത്വത്തില്‍പെട്ട കാര്യമല്ല എന്നു പറഞ്ഞു പിന്മാറുമ്പോള്‍ മറ്റു സമുദായങ്ങള്‍ സമുദായപരമായിട്ടാണ് ഈ മേഖലയിലേക്ക് വരുന്നത്.
ഭിന്നശേഷിയുള്ള അല്ലെങ്കില്‍ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന പുരുഷന്മാര്‍ക്കുവേണ്ടി ഇന്ന് കേരളത്തില്‍ ഹൗസുകളുണ്ടോയെന്നുതന്നെ സംശയമാണ്. എന്നാല്‍ അടുത്തകാലത്ത് ചങ്ങനാശ്ശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹൈന്ദവരായ ആള്‍ക്കാര്‍ അവര്‍ക്കുവേണ്ടി സ്ഥാപനം തുടങ്ങി, മാനസിക രോഗികള്‍ക്കുവേണ്ടി മുസ്ലീം സഹോദരങ്ങള്‍ പല സ്ഥാപനങ്ങളും തുടങ്ങുന്നുണ്ട്. മലബാറില്‍ ഒരു സ്ഥലത്ത് 13 പള്ളികള്‍ ചേര്‍ന്നാണ് മാനസികരോഗികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുംവേണ്ടിയുള്ള സ്ഥാപനം ഏറ്റെടുത്തത്. അവിടുത്തെ അനുദിനകാര്യങ്ങള്‍ നോക്കുവാനും അതിന്‍റെ അഡ്മിനിസ്ട്രേഷന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാനും അവിടുത്തെ കെയര്‍ ഗിവിങ്ങിന് രജിസ്ട്രേഷന്‍ തുടങ്ങിയ മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാനുമെല്ലാം പ്രത്യേകം ആളുകളുണ്ട്. അതെല്ലാം പലപ്പോഴും റിട്ടയര്‍ ആയ ആള്‍ക്കാരാണ് ചെയ്തുപോകുന്നത്. നമ്മളെ മാതൃകയാക്കി മറ്റുള്ളവര്‍ ഈ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ നമ്മള്‍ ഈ മേഖലയില്‍നിന്ന് പിന്മാറാന്‍ ശ്രമിക്കുന്നത് വലിയൊരു അപജയം കത്തോലിക്കാസഭയില്‍ ഉണ്ടാക്കും.
അതുകൊണ്ടുതന്നെ നമ്മള്‍ ഈ ശുശ്രൂഷയില്‍ ബോധപൂര്‍വ്വമായൊരു ഇടപെടല്‍ നടത്തേണ്ട അതിഗൗരവമായ സാഹചര്യമാണ് നിലവിലുള്ളത്. നമ്മുടെ രൂപതയില്‍ അറുപതോളം ശുശ്രൂഷാഭവനങ്ങളാണ് ഉള്ളത്. മറ്റേതൊരു രൂപതയെക്കാള്‍ രൂപത നേരിട്ടു നടത്തുന്ന 18 ശുശ്രൂഷ ഭവനങ്ങള്‍ നമുക്കുണ്ട്. തൃശൂര്‍ ഒഴികെ മറ്റൊരിടത്തും ഇത്രയും സ്ഥാപനങ്ങള്‍ രൂപത നേരിട്ടു നടത്തുന്നില്ല. നമ്മുടെ രൂപതയ്ക്കു കീഴിലുള്ള ബത്ലഹേം, നല്ല സമറായന്‍, പെനുവേല്‍ ഇങ്ങനെയുള്ള മിക്കവാറും സ്ഥാപനങ്ങള്‍ ഒരു ജനകീയമുഖത്തോടുകൂടി ആരംഭിച്ചതും ജനകീയ സഹകരണത്തോടെ മുന്നോട്ടു പോകുന്നതുമാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ‘ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍’ എന്ന ചാക്രിക ലേഖനത്തില്‍ പറഞ്ഞ വളരെ ശ്രദ്ധേയമായ ഒരു കാര്യം ഇപ്രകാരമാണ്: ‘അയല്‍ക്കാരില്‍ ക്രിസ്തുവിന്‍റെ മുഖം കാണുകയും ക്രിസ്തുവിനെയെന്നതുപോലെ അവനെ സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതാണ് വിശുദ്ധി. അപ്പോള്‍ നമ്മുടെ ഈ ആധുനിക ലോകത്ത് വിശുദ്ധിക്കും ജീവിതചര്യകള്‍ക്കുമൊക്കെ ചില ദിശാബോധങ്ങള്‍ കൊടുക്കുവാന്‍ കൂട്ടായ്മയിലൂടെ അതിനെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള സാഹചര്യം നമുക്ക് ഉണ്ടാവണം. ഇത് സഭയുടെ, ക്രിസ്ത്യാനിയുടെ ചെയ്യാതിരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ഒരു കടമ നിര്‍വ്വഹണം ആണ്.

Leave a Reply