കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നിയമം വിലങ്ങുതടിയാകുന്നുവോ?

അഡ്വ. റീന
ഹൈക്കോര്‍ട്ട്, എറണാകുളം

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നാണ് തുല്യനീതി- അതോടൊപ്പംതന്നെ പ്രാധാന്യം കൊടുത്തിരിക്കുന്ന അടിസ്ഥാനതത്വമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദുര്‍ബലവിഭാഗത്തില്‍പെടുന്നവര്‍ക്കുമുള്ള പ്രത്യേകസംരക്ഷണം. ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ സ്ത്രീകള്‍ക്കും, ദുര്‍ബലവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള നിയമങ്ങള്‍ കാലാകാലങ്ങളായി ഈ രാജ്യത്ത് നിലനിന്നുപോരുന്നുമുണ്ട്. കാരുണ്യപ്രവര്‍ത്തികളെ നിയന്ത്രിക്കുന്നതിനുള്ള ചില പുതിയ നിയമഭേദഗതികള്‍ ബാലനീതിനിയമത്തിലും മറ്റു ചില നിയമങ്ങളിലും നടപ്പിലാക്കുന്നത് സുതാര്യതയും, സുരക്ഷിതത്വവും ഉറപ്പുവരുത്താനാണെന്ന് പറയുമ്പോഴും ഭരണഘടന അനുശാസിക്കുന്ന ‘സാമൂഹ്യനീതി’ എന്ന അടിസ്ഥാനതത്വത്തില്‍നിന്ന് മാറിപ്പോകുന്നില്ലേ എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ചാരിറ്റി എന്ന വാക്ക് ഇംഗ്ലീഷ്ഭാഷയിലേയ്ക്ക് വന്നത് ഇമൃശമേെ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്. ലോകത്തിലെ പരിഷ്കൃതസമൂഹങ്ങളിലെല്ലാം തന്നെ കാരുണ്യപ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും നിയമങ്ങളും നിലവിലുണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പു തന്നെ ഇവിടെ ശിശുസംരക്ഷണനിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. 1920-ലെ ചില്‍ഡ്രന്‍സ് ആക്ട് ഇതിനുദാഹരണമാണ.് മദ്രാസ് പ്രസിഡന്‍സിയില്‍ നിലവിലിരുന്ന ഈ നിയമത്തെതുടര്‍ന്ന് ബ്രിട്ടീഷ് നിയമത്തിന്‍ മേഖലകളിലും പിന്നീട് വരികയുണ്ടായി. സ്വതന്ത്രഇന്ത്യയില്‍ 1986-ല്‍ ഇന്നു കാണുന്ന ജുവനൈല്‍ ജസ്റ്റീസ് ആക്റ്റിന്‍റെ ആരംഭരൂപം നിലവില്‍ വിന്നു. കാരുണ്യപ്രവര്‍ത്തികള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബാലസദനങ്ങള്‍, സര്‍ക്കാര്‍സംവിധാനത്തിലുള്ള ജുവനൈല്‍ ഹോമുകള്‍, ശിശുക്ഷേമസമിതികള്‍, നിരീക്ഷണകേന്ദ്രങ്ങള്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ ഇവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 2015-ലെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്‍റെ പരിധിയിലാണ്.
മുകളില്‍ പ്രസ്താവിച്ച നിയമം നിലവില്‍ വരുന്നതിനു മുന്‍പുതന്നെ സന്നദ്ധസംഘടനകള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ ഇവയൊക്കെ വ്യത്യസ്തനിയമങ്ങള്‍ക്കു കീഴില്‍ നിന്നുകൊണ്ട് കാരുണ്യക്ഷേമപ്രവൃത്തികള്‍ നടത്തിയിരുന്നു. 1860-ലെ സൊസൈറ്റി രജിസ്ട്രേഷന്‍ ആക്റ്റ്, പബ്ലിക്ട്രസ്റ്റ് ആക്റ്റ്, മെന്‍റല്‍ ഹെല്‍ത്ത് ആക്റ്റ് മുതലായവയൊക്കെ ഉദാഹരണങ്ങളാണ്. സ്പെഷ്യല്‍ സ്കൂളുകളുമായി ബന്ധപ്പെട്ട ജലൃീിെെ ംശവേ ഉശമെയശഹശശേലെ അരേ. 2016 ഉം മറ്റൊരു സാമൂഹ്യനീതി ലക്ഷ്യമാക്കിയുള്ള നിയമം ആണ്. മുകളില്‍ പ്രസ്താവിച്ച നിയമങ്ങളൊക്കെത്തന്നെ ഭരണഘടന വിഭാവനം ചെയ്യുന്ന ‘സാമൂഹ്യനീതി’ എന്ന ആശയം പ്രാവര്‍ത്തികമാക്കി, ദുര്‍ബലവിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍, സ്ത്രീകള്‍ വയോജനങ്ങള്‍ ഇവരുടെ ദുര്‍ബലാവസ്ഥയെ തരണം ചെയ്യാന്‍ സഹായിക്കുന്ന സന്നദ്ധസംഘടനകളെയും, സ്ഥാപനങ്ങളെയും സഹായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു. എന്നാല്‍ നിലവിലെ ഭേദഗതി വരുത്തിയ 2015-ലെ ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ് പ്രായോഗികതലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്.
കേരളത്തില്‍ ഏകദേശം 1100-ല്‍ അധികം കുട്ടികളുടെ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നതാണ് ഔദ്യോഗിക ഭാഷ്യം. കേരളത്തില്‍ ഓര്‍ഫനേജുകള്‍ നടത്തിക്കൊണ്ടു പോകുന്നതിന്‍റെ ആദ്യപടി എന്നത് ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. 1960-ലെ ഓര്‍ഫനേജസ് ആന്‍റ് ചാരിറ്റബിള്‍ ഹോംസ് (സൂപ്പര്‍വിഷന്‍ & കണ്‍ട്രോള്‍) നിയമം അനുസരിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഭിന്നശേഷിക്കാരുടെയും സ്ഥാപനങ്ങള്‍ ഈ നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് ബാലസദനങ്ങള്‍ അതായത് കുട്ടികളെ പാര്‍പ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാപനം നിയമപരമായി രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനം ആയിരിക്കണം എന്നു വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥയുടെ ഒരു പ്രത്യേകത ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴില്‍ ഉള്ള ഒരു രജിസ്ട്രേഷന്‍ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല, മറിച്ച് ബാലനീതി നിയമത്തിലെ 6-ാം വകുപ്പനുസരിച്ചുള്ള രജിസ്ട്രേഷന്‍ ആയിരിക്കണം.
മറ്റു നിയമത്തിലെ രജിസ്ട്രേഷനു പുറമേ 6-ാം വകുപ്പില്‍ ബാലനീതിനിയമം അനുസരിച്ച് രജിസ്ട്രേഷന്‍ നിര്‍ബന്ധം. രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ അതീവ സങ്കീര്‍ണ്ണവുമാണ്. ഉദാഹരണത്തിന് 21-ാം ചട്ടമനുസരിച്ച് ഫോം-27 അനുസരിച്ച അപേക്ഷ സര്‍ക്കാരിനു സമര്‍പ്പിക്കണം. തുടര്‍ന്ന് സ്ഥാപനത്തിന് കുട്ടികളെ സംരക്ഷിക്കാനും പരിപാലിക്കാനും അവരുടെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങള്‍ നോക്കിനടത്താനുമുള്ള സൗകര്യങ്ങളും മറ്റും ഉണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തിയശേഷം മാത്രമേ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കൂ. പുതിയ നിയമത്തിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ പഴയനിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉണ്ടായി എന്നു വരില്ല. സമയബന്ധിതമായി മേല്‍പറഞ്ഞ കാര്യങ്ങള്‍ കൈവരിക്കാം എന്നുള്ള അപേക്ഷയും ഇവിടെ സ്വീകരിക്കില്ല. കാരണം തക്കതായ സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍പോലും പാടില്ല എന്നും നിയമം അനുശാസിക്കുന്നു.
ചിന്തനീയമായ ഒരു വസ്തുത കേരളത്തിലെ സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും ധര്‍മ്മസ്ഥാപനങ്ങള്‍ അഥവാ ക്ഷേമസ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്നതുകൊണ്ടും സഹജീവികളോടുള്ള കാരുണ്യമനോഭാവം നിലനിര്‍ത്തിക്കൊണ്ട് നടത്തിക്കൊണ്ടുപോകുന്നവ ആയതുകൊണ്ടും 6-ാം വകുപ്പുനുസരിച്ചുള്ള യോഗ്യതകള്‍ ഉണ്ടായി എന്നു വരില്ല. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് രജിട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കുപോലും സമയബന്ധിതമായി 41-ാം വകുപ്പനുസരിച്ചുള്ള യോഗ്യതകള്‍ കൈവരിക്കാന്‍ നിയമം സമ്മതിക്കുന്നില്ല എന്നതിനാല്‍ സ്ഥാപനം പൂട്ടുക എന്നതുമാത്രമായിരിക്കും ഏക പോംവഴി. കേരളത്തില്‍ 400 -ാളം സ്ഥാപനങ്ങള്‍ ഇതുവരെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുമുണ്ട്.
സാമൂഹികസുരക്ഷ മുന്‍നിര്‍ത്തി കൊണ്ടു വരുന്ന നിയമങ്ങള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥകളിലെ കാര്‍ക്കശ്യം കാരണം സാമൂഹ്യനിതീക്ക് വിലങ്ങുതടിയായി മാറുന്ന കാഴ്ച അപൂര്‍വ്വമായെങ്കിലും കാണാറുണ്ട്. സാമൂഹ്യസേവനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുന്നോട്ടു പോകാനാവാതെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്ന സാഹചര്യം എന്തുകൊണ്ടും അഭികാമ്യമല്ല. സാമൂഹ്യപ്രതിബദ്ധത നിയമത്തിനു വിധേയമായി മാത്രമേ പാടുള്ളൂ എന്നത് വിസ്മരിക്കുന്നില്ല. അതോടൊപ്പംതന്നെ പരിഗണിക്കേണ്ട ഒന്നാണ് നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനം ഏതൊരു കാരണത്താലും നിന്നു പോകുമ്പോള്‍ അഭയം നഷ്ടപ്പെടുന്ന കുറേ അന്തേവാസികള്‍. സാമൂഹ്യനീതി ഒരിക്കലും സാമൂഹിക അരക്ഷിതാവസ്ഥയില്‍ ചെന്നെത്തരുത് എന്നതും ഓര്‍മ്മിക്കേണ്ടത് തന്നെ.

Leave a Reply