ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ഇന്‍ഡ്യയിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 103-ാം ഭരണഘടനാഭേദഗതിയിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ ജോലികളിലും 10% വരെ സംവരണമിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന വ്യക്തമാക്കുന്ന ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ ഈ സംവരണം ബാധകമല്ല. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടും കേരളം വ്യക്തമായ തീരുമാനവും മാനദണ്ഡങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എന്താണ് സാമ്പത്തിക സംവരണം?
- ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ പിന്നോക്കാവസ്ഥ നിര്‍ണ്ണയിച്ച് സംവരണം അനുവദിക്കുന്ന സമുദായ സംവരണപദ്ധതി നിലനിര്‍ത്തിക്കൊണ്ട് തന്നെ, സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും (economically weaker sections-EWS) സംവരണം നല്‍കുക എന്നതാണ് സാമ്പത്തിക സംവരണംകൊണ്ട് ഇന്‍ഡ്യയില്‍ അര്‍ത്ഥമാക്കുന്നത്.
- ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് 2019 ജനുവരിയില്‍ പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ EWS സംവരണം പ്രാബല്യത്തിലായിരിക്കുന്നു. സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (EWS) 10% വരെ സംവരണം അനുവദിക്കാവുന്നതാണ്. ഇതോടെ ആകെ സംവരണം 60% ആയി ഉയരും. കേന്ദ്രഗവണ്‍മെന്‍റും വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകളും 10% EWS സംവരണം നടപ്പിലാക്കിക്കഴിഞ്ഞു.
- സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള 103-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാന്‍ പാടില്ലെന്നും ആകെ സംവരണം 50% കവിയാന്‍ പാടില്ലെന്നും എന്തായാലും ഉള്ള വാദങ്ങളാണ്. എന്തായാലും EWS സംവരണം എന്ന ആശയം സുപ്രീംകോടതി തള്ളിക്കളയാന്‍ സാധ്യത കുറവാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക സംവരണം-പശ്ചാത്തലം - രാജ്യത്ത് കാലങ്ങളായി തുടര്‍ന്നുപോരുന്ന ഒരൂ സംവരണ രീതിയുണ്ട്. സമുദായ സംവരണം (caste based reservation) ആണത്. സീറോ മലബാര്‍ ഉള്‍പ്പെടെയുള്ള സുറിയാനി ക്രിസ്ത്യാനികള്‍ ഈ സംവരണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നവരല്ല.
- കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍, scheduled caste converts to christianity (sccc), ST Christian, നാടാര്‍ ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങള്‍ക്കു മാത്രമാണ് സമുദായസംവരണത്തിന്‍റെ ആനുകൂല്യമുള്ളത്.
- 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കേരളത്തില്‍,
എ) ഹിന്ദു വിഭാഗങ്ങളില്‍ 73 ശതമാനം ജനങ്ങള്‍ക്ക് സമുദായ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നു.
ബി) ഇസ്ലാം മതത്തിലെ 100 ശതമാനം ജനങ്ങള്‍ക്കും സമുദായ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നു.
സി) ക്രിസ്ത്യാനികളില്‍ 24 ശതമാനം പേര്‍ക്ക് മാത്രമാണ് സമുദായ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നത്. - കേരളത്തില്‍ 50 ശതമാനം സീറ്റുകളും സര്‍ക്കാര്‍ ജോലികളും സമുദായ സംവരണ വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ബാക്കി 50ശതമാനം സ്റ്റേറ്റ് മെറിറ്റ് അല്ലെങ്കില്‍ ഓപ്പണ്‍ കോംപറ്റീഷന്‍ എന്നാണറിയപ്പെടുന്നത്. ഇതില്‍ സമുദായ സംവരണ വിഭാഗങ്ങള്‍ക്കും സംവരണേതര വിഭാഗങ്ങള്‍ക്കും ഒരുപോലെ അവകാശമുണ്ട്. ഇക്കാര്യം വളരെ ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്. (പിഎസ്സി സംവരണ ലിസ്റ്റ് ശ്രദ്ധിക്കുക.)
- ഇപ്രകാരം സമുദായ സംവരണത്തിലൂടെ ചില ജാതി, മത വിഭാഗങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ ജോലികളിലും മിനിമം ക്വാട്ടാ ഉറപ്പാക്കിയിരിക്കുന്നു. അതിന് പുറമെ മെറിറ്റിലും അവസരം ലഭിക്കുന്നു. എന്നാല്‍ സംവരണമില്ലാത്ത വിഭാഗങ്ങള്‍ക്ക് ഒരു പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടില്ല. സര്‍ക്കാര്‍ മേഖലയില്‍ സുറിയാനി ക്രിസ്ത്യാനികളായ ഉദ്യോഗാര്‍ത്ഥികള്‍ പിന്തള്ളപ്പെടുന്നതിന്‍റെ പ്രധാന കാരണം ഇതാണ്.
സാമ്പത്തിക സംവരണത്തിന്‍റെ പ്രസക്തി - ഇന്‍ഡ്യയിലെ ജാതിസംവരണ പദ്ധതിയുടെ അശാസ്ത്രീയത പരക്കെ അംഗീകരിക്കപ്പെട്ടതാണ്. കേരളം അതിന്‍റെ ദൃഷ്ടാന്തമാണ്. കേരളത്തില്‍ നിലവിലുള്ള ജാതി, മത സംവരണ പദ്ധതിയുടെ അശാസ്ത്രീയത ഏറ്റവും ദോഷകരമായി ബാധിച്ചത് സുറിയാനി ക്രിസ്ത്യാനികളെയാണ്- അതില്‍ത്തന്നെ സീറോ മലബാര്‍ സഭാംഗങ്ങളെ.
- കേരളത്തില്‍ ആകെ ജനസംഖ്യയുടെ 27.73% സംവരണേതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളില്‍ മാത്രമാണ് സംവരണേതര വിഭാഗങ്ങളുള്ളത്.
- കേരളത്തിലെ സംവരണേതര വിഭാഗങ്ങളില്‍ അംഗങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ നായര്‍ വിഭാഗം കഴിഞ്ഞാല്‍ തൊട്ടടുത്ത വലിയ സമുദായം സീറോ മലബാര്‍ സഭയാണ്.
- കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 18.38 ശതമാനമാണ്. എന്നാല്‍ ആകെ സംവരണേതരജനസംഖ്യയുടെ 50 % ക്രിസ്ത്യാനികളാണ് എന്നത് ശ്രദ്ധയോടെ മനസിലാക്കണം.
- കഴിഞ്ഞ പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ജോലികളില്‍ ശുഷ്കമായ പ്രാതിനിധ്യം മാത്രമാണ് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചതെന്ന് മനസിലാക്കാം.
- കേരള പിഎസ്സി നടത്തുന്ന മത്സരപരീക്ഷകളില്‍ പ്രാധാന്യവും പ്രശസ്തിയും ഏറെയുള്ളതാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷ. കാറ്റഗറി നമ്പര്‍ 545/2017എന്നതില്‍ 242A/2019/ERVI, തീയതി 09.04.2019 എന്ന നിലവിലെ റാങ്ക് ലിസ്റ്റ് പ്രകാരം നിയമന ശിപാര്‍ശ ലഭിക്കാന്‍ സാധ്യതയുള്ളവരുടെ ഏകദേശം കണക്കെടുത്താല്‍ അതില്‍ 5% മാത്രമാണ് സുറിയാനി ക്രിസ്ത്യാനികളുടെ പ്രാതിനിധ്യം. അതായത് പതിനാല് ശതമാനത്തോളം വരുന്ന സുറിയാനി ക്രിസ്ത്യാനികളില്‍ നിന്ന് പ്രാതിനിധ്യം 5% മാത്രം. ഇത് സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള നിയമനത്തിന്‍റെ പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലോ സഹായത്തിലോ ഉള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനത്തിലും ഇതേ സാഹചര്യമാണ്. ഗവണ്‍മെന്‍റ് സീറ്റുകളിലുള്ള മെഡിക്കല്‍, എഞ്ചിനീയറിംഗ്, പാരാമെഡിക്കല്‍ അലോട്ട്മെന്‍റ് ലിസ്റ്റ് പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.
- മേല്‍പറഞ്ഞ വിഷയങ്ങള്‍ക്കെല്ലാം EWS സംവരണത്തിലൂടെ പരിഹാരമുണ്ടാകുമെന്ന് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ നമ്മുടെ സഭയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന നിയമമാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മാര്‍ക്കും റാങ്കും നേടിയാലും ജാതിസംവരണത്തിനു മുന്‍പില്‍ പിന്തള്ളപ്പെട്ട് സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ സീറ്റിലുള്ള അഡ്മിഷനും നഷ്ടപ്പെടുന്ന നിരാശാജനകമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.
സംവരണമില്ലാത്തതിനാല്‍ ജോലിലഭിക്കാന്‍ സാധ്യതയില്ലെന്നു കരുതി ഒട്ടേറെ ചെറുപ്പക്കാര്‍ ഈ രംഗത്തുനിന്ന് മാറിനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമ്പത്തിക സംവരണനിയമം നമ്മുടെ വിദ്യാര്‍ത്ഥികളുടെ motivation level ഉയര്‍ത്തും എന്നതില്‍ സംശയമില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ ഉദ്യോഗാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. - സര്‍ക്കാര്‍ സര്‍വ്വീസില്‍ സുറിയാനി ക്രിസ്ത്യാനികളുടെ വിശിഷ്യാ സീറോ മലബാര്‍ സഭാംഗങ്ങളുടെ പ്രാതിനിധ്യം ക്രമാതീതമായി താഴ്ന്നത് സഭാനേതൃത്വം ഗൗരവത്തിലെടുക്കണം. സര്‍ക്കാര്‍ സര്‍വ്വീസ് എന്നാല്‍ ശമ്പളം മാത്രമല്ല, ഭരണത്തിലുള്ള പങ്കാളിത്തവും സ്വാധീനവും കൂടിയാണ്. വരും വര്‍ഷങ്ങളിലെങ്കിലും കൂടുതല്‍ സഭാംഗങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസിലെത്തിക്കുന്നതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പിലാക്കേണ്ടതുണ്ട്.
സാമ്പത്തികമായി പിന്നോക്കാവസ്ഥ-മാനദണ്ഡങ്ങള്‍ - 103-ാം ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തില്‍ Ministry of Social Justice, Government of India പുറപ്പെടുവിച്ച 17.01.2019 തിയതിയിലെ ഓഫീസ് മെമ്മോറാണ്ടം നമ്പര്‍ എ.ചീ.20013/01/2018 ആ ഇ കക പ്രകാരം EWS നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
അപ്രകാരം; - കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
- ഉടമസ്ഥതയിലുള്ള കൃഷിഭൂമിയുടെ അളവ് 5 ഏക്കറില്‍ താഴെയായിരിക്കണം.
- ഉടമസ്ഥതയിലുള്ള വീട്/ഫ്ളാറ്റിന്‍റെ അളവ് 1000 സ്ക്വയര്‍ ഫീറ്റില്‍ താഴെയായിരിക്കണം.
- നോട്ടിഫൈഡ് മുനിസിപ്പാലിറ്റികളില്‍ 100 ചതുരശ്ര യാര്‍ഡ് (2.1സെന്‍റ്) ല്‍ താഴെ വിസ്തീര്‍ണ്ണമുള്ള വസ്തുവിലായിരിക്കണം വീട്
- പഞ്ചായത്ത് ഏരിയയില്‍ 200 ചതുരശ്ര യാര്‍ഡ് (4.2 സെന്‍റ്)ല്‍ താഴെ വിസ്തീര്‍ണ്ണമുള്ള വസ്തുവിലായിരിക്കണം വീട് സ്ഥിതി ചെയ്യുന്നത്.
- ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളനുസരിച്ച് EWS നിബന്ധനകള്‍ നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് നല്‍കിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മേല്‍പറഞ്ഞ 4, 5 മാനദണ്ഡങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്ര ഘടനയിലും പശ്ചാത്തലത്തിലും ജനജീവിതത്തിലും രൂപപ്പെടുത്തിയിട്ടുള്ളതാണ്. കേരളത്തിന്‍റെ സാഹചര്യത്തിന് ഒട്ടും യോജിച്ചതല്ല. അതേസമയം കൃഷിഭൂമിയുടെ അളവ് അഞ്ച് ഏക്കറെന്ന് പരിധി നിശ്ചയിച്ചത് മലയോരമേഖലയിലെ സുറിയാനി ക്രൈസ്തവര്‍ക്ക് ഗുണംചെയ്യില്ല. ഭൂമി ഉണ്ടെങ്കിലും ഭുപ്രശ്നങ്ങളുടെ പേരിലും കാര്‍ഷികതകര്‍ച്ചയിലും ഏറെ ബുദ്ധിമുട്ടുകള്‍ ഈ മേഖലയിലെ ക്രൈസ്തവ ജനവിഭാഗങ്ങള്‍ നേരിടുകയാണ്.
- തഹസില്‍ദാര്‍ നല്‍കുന്ന EWS സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് സാമ്പത്തിക സംവരണത്തിനുള്ള അര്‍ഹത ലഭിക്കുന്നത്.
സംവരണനടപടികള്‍ കേരളത്തില്‍ - EWS സംവരണത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് കേരള സംസ്ഥാനത്തിന്‍റെ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി 2019 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിട്ടുണ്ട്. അഡ്വ.കെ.ശശീധരന്‍നായര്‍ ചെയര്‍മാനും അഡ്വ.കെ.രാജഗോപാലന്‍നായര്‍ മെമ്പറുമാണ്. ഇവിടെയും ക്രിസ്ത്യന്‍ പ്രാതിനിധ്യമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
- EWS സംവരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 10ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ സീറ്റുകളിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച EWS മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ EWS സംവരണം ബാധകമാക്കിയിട്ടില്ല.
- ഇപ്പോള്‍ ശശിധരന്‍നായര്‍ കമ്മീഷന്‍റെ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും രണ്ടുതവണ അഭിപ്രായങ്ങള്‍ സ്വീകരിച്ചു. ജൂലൈ മാസത്തില്‍ തിരുവനന്തപുരത്ത് സ്റ്റാറ്റ്യൂട്ടറി കമ്മീഷന്‍റെ സിറ്റിംഗും നടന്നു. EWS സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ ശശിധരന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.
സുറിയാനി ക്രിസ്ത്യാനികള്‍ മുന്നോക്കക്കാരോ? - മുന്നോക്ക സമുദായം ( Forward Caste ) എന്ന പ്രയോഗം ഭരണഘടനാപരമല്ല. ഇന്‍ഡ്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ സാമൂഹികമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളുണ്ട്. അവരെ SC, ST, OBC or SEBC terminology ഉപയോഗിച്ച് ഭരണഘടനയില്‍ വിശേഷിപ്പിച്ചിരിക്കുന്നു. (Article 15,16). പേരെടുത്ത് പറഞ്ഞിരിക്കുന്ന ഈ വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ മുന്നോക്കക്കാര്‍ (Forward Caste) എന്ന് ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. 103-ാം ഭരണഘടനാഭേദഗതിയില്‍ സംവരണേതര വിഭാഗം എന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
- മുന്നോക്കസമുദായം, മുന്നോക്ക ക്രിസ്ത്യാനി തുടങ്ങിയ പ്രയോഗങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. സുറിയാനി ക്രിസ്ത്യാനികള്‍ മുന്നോക്ക ക്രിസ്ത്യാനികളല്ല. ഭരണഘടനാപരമായി സംവരണേതര ക്രിസ്ത്യന്‍ വിഭാഗമാണ്. കേരളത്തില്‍ വ്യാപകമായി മുന്നോക്ക ക്രിസ്ത്യാനി എന്ന പദം ഉപയോഗിക്കുന്നുണ്ട്. അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
മാനദണ്ഡങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കാന്‍ ശ്രമം - കേന്ദ്ര ഗവണ്‍മെന്‍റ്മാനദണ്ഡപ്രകാരം കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയുടെ പരിധി 5 ഏക്കര്‍വരെ എന്നാണ്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഈ ഭൂപരിധി താഴ്ത്തി നിശ്ചയിക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഈ ഭൂപരിധി താഴ്ത്തി നിശ്ചയിച്ചാല്‍ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് കൃഷിക്കാര്‍ക്കായിരിക്കും. സീറോ മലബാര്‍ സഭാംഗങ്ങളായ കൃഷിക്കാര്‍, പ്രത്യേകിച്ച് ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റ കര്‍ഷകകുടുംബങ്ങള്‍ നല്ല പങ്കും ഈ സംവരണത്തിന്‍റെ ആനുകൂല്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടേക്കാം. ചെറുകിട ഇടത്തരം ഭൂവുടമകളായ കൃഷിക്കാര്‍ കുടുതലുള്ളത് സീറോ മലബാര്‍ സഭയിലാണ്. EWS ന്‍റെ മറ്റു മാനദണ്ഡങ്ങള്‍ പൊതുവെ എല്ലാ സംവരണേതര വിഭാഗങ്ങളെയും ഒരുപോലെ ബാധിക്കുന്നതാണ്. അവ ന്യായയുക്തമായി നിര്‍ണ്ണയിക്കപ്പെടും. എന്നാല്‍ കൃഷിഭൂമിയുടെ കാര്യത്തില്‍ 5 ഏക്കര്‍ എന്ന പരിധി കുറയ്ക്കുന്നത് പ്രത്യേക അജണ്ടയാണ്. ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിന്‍റെ ജാഗ്രവത്തായ ഇടപെടല്‍ അത്യാവശ്യമാണ്.
- EWS സംവരണത്തിന്‍റെ അര്‍ഹതാപരിധിയില്‍ പരമാവധി സഭാംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് അഭികാമ്യം. പാവപ്പെട്ടവരും ഇടത്തരക്കാരും കര്‍ഷകരും സംവരണപരിധിയില്‍ ഉള്‍പ്പെടണം. അല്ലാത്തപക്ഷം സഭാംഗങ്ങള്‍ക്കിടയില്‍ ചേരിതിരിവ് രൂപപ്പെടാം. ഇടത്തരക്കാരും ഉയര്‍ന്ന സ്ഥിരവരുമാനം ലഭിക്കാത്തവരുമായ പരമാവധി ആളുകളെയും ഋണട സംവരണപരിധിയില്‍ ഉള്‍പ്പെടുത്തുകയാകണം നമ്മുടെ ലക്ഷ്യം. കാരണം, സാമ്പത്തിക സംവരണത്തിനായി ക്രൈസ്തവ സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ മത്സരിക്കുന്നത് ഹിന്ദുക്കളിലെ ഉയര്‍ന്ന വിഭാഗങ്ങളുമായാണ്. സാമ്പത്തിക സംവരണത്തില്‍ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ വകഭേദമില്ല. സംവരണരഹിതരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നു മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. EWS സംവരണാര്‍ഹരില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് അല്ലെങ്കില്‍ റാങ്ക് ലഭിക്കുന്നവര്‍ മാത്രമായിരിക്കും അഡ്മിറ്റ് അല്ലെങ്കില്‍ അപ്പോയ്ന്‍റ് ചെയ്യപ്പെടുന്നത്. സാമ്പത്തിക സംവരണവും ചേര്‍ത്ത് ആകെ സംവരണം 60% ആയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ഹരായ എല്ലാവരും EWS പരിധിയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാകും.
സംവരണം നേടിയെടുക്കാന്‍ ഒരുമയും സ്വരുമയും വേണം
1.നിലവിലുള്ള ജാതി മത സംവരണത്തിന് ഒരു മാറ്റവും വരുത്താതെ നിലനിര്‍ത്തി ക്കൊണ്ടുതന്നെയാണ് സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അതിനാല്‍തന്നെ ഇതിന്‍റെ പേരിലുള്ള വിവാദങ്ങളും എതിര്‍പ്പുകളും അനാവശ്യമാണ്. - ക്രൈസ്തവ വിഭാഗങ്ങളിലെ സംവരണരഹിതര്‍ EWS സംവരണത്തില്‍ ശക്തമായി ഇടപെടാതിരുന്നാല്‍ അത് ആത്മഹത്യാപരമാകും. സംവരണേതര വിഭാഗം എന്ന നിലയില്‍ സീറോ മലബാറും സീറോ മലങ്കരയും സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെട്ട സമുദായങ്ങളായി ലിഹശെേ ചെയ്യപ്പെട്ടിരിക്കുന്നു. ഇനി നാം മടിച്ചുനിന്നാല്‍ നമ്മുടെ പിന്‍വലിയല്‍ തെറ്റായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെടുകയും അര്‍ഹരായവര്‍ സംവരണാനുകൂല്യത്തിന് പുറത്താവുകയും ചെയ്യുന്ന സാഹചര്യം ഉടലെടുക്കും. ഇതുമൂലം സഭാവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പും ചേരിതിരിവുമായിരിക്കും അനന്തരഫലമെന്ന് മുന്‍കൂട്ടി കാണണം. അത്തരം ഭിന്നിപ്പുകള്‍ സൃഷ്ടിക്കാനും മുതലാക്കാനും ബാഹ്യശക്തികള്‍ ശ്രമിക്കുമെന്നത് ഉറപ്പിക്കാം. ഒരുമിച്ച് നിന്ന് സ്വരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലവില്‍ സംവരണരഹിതരായ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണത്തിന്‍റെ നേട്ടങ്ങളുണ്ടാകുകയുള്ളൂവെന്ന് തിരിച്ചറിയുക.