ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഓരോ വിശ്വാസിയുടെയും കടമ


ജിന്‍സ് നല്ലേപ്പറമ്പന്‍
സഭയുടെ അനാഥാലയങ്ങളുടെയും ബാലഭവനങ്ങളുടെയും നിലനില്‍പ്പുതന്നെ അസാധ്യമാക്കുന്നവിധത്തിലുള്ളതാണ് ബാലനീതി നിയമത്തിലെ പല നിര്‍ദേശങ്ങളും. ചെറിയ ഒരു അശ്രദ്ധയോ നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ നിസ്വാര്‍ത്ഥമായി സാമൂഹ്യസേവനം ചെയ്യുന്നവരെപ്പോലും ക്രിമിനല്‍ കേസില്‍ പെടുത്താന്‍ സാധ്യതയുണ്ട്. തല ചായ്ക്കാന്‍ ഒരിടമില്ലാതെ കോടിക്കണക്കിനു ബാല്യങ്ങള്‍ അന്തിയുറങ്ങുന്ന രാജ്യത്ത് അവര്‍ക്ക് സുരക്ഷിതമായി പാര്‍ക്കാനും, ഭക്ഷണം നല്‍കാനും, വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനും ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അതില്‍നിന്നു ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുന്ന വിധത്തിലുള്ള വ്യവസ്ഥകള്‍ പലതും ബാലനീതി നിയമത്തില്‍ ഉണ്ട്. കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിഷ്കര്‍ഷിക്കുമ്പോള്‍ അതിനുവേണ്ടി സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതുമില്ല. സര്‍ക്കാര്‍ നടത്തുന്ന അനാഥാലയങ്ങളിലും ഷെല്‍ട്ടര്‍ ഹോമുകളിലും ഈ വിധത്തിലുള്ള സൗകര്യങ്ങള്‍ പലതും ഇല്ലതാനും.
പ്രസ്തുത നിയമത്തിന്‍റെ കരട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ നമ്മുടെ സ്വതസിദ്ധമായ നിസംഗതകൊണ്ടാണോ അതോ അജ്ഞത കൊണ്ടാണോ എന്നറിയില്ല നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുകയോ കാര്യമായ പ്രതിഷേധ പരിപാടികള്‍ ഉണ്ടാവുകയോ ചെയ്തില്ല എന്നതാണ് വാസ്തവം. നിയമം പ്രാബല്യത്തിലാവുകയും പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോളാണ് ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പലരും അപകടം തിരിച്ചറിഞ്ഞത്. ഈ രംഗത്തെ തട്ടിപ്പുകാരെ കുരുക്കാന്‍ കൊണ്ടുവന്ന നിയമം സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും തലവേദനയായി മാറിക്കഴിഞ്ഞു. സ്തുത്യര്‍ഹമായ വിധത്തില്‍ സാമൂഹ്യസേവനം നടത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയുടെ അനാഥാലയങ്ങള്‍ ബാലനീതി നിയമത്തിന്‍റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അധികം നാളായിട്ടില്ല. കോടിക്കണക്കിനു രൂപ വിലവരുന്ന കെട്ടിടങ്ങളും സ്ഥലവുമാണ് ഒരു സുപ്രഭാതത്തില്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായി മാറിയത്. അന്യസംസ്ഥാനക്കാരായ കുട്ടികള്‍ അനാഥാലയത്തില്‍ ഉണ്ടെന്നും, കുട്ടികളുടെ ചിത്രങ്ങള്‍ ബ്രോഷറില്‍ ഉപയോഗിച്ചുവെന്നതുമാണ് നടപടിക്കാധാരമായി സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ ജില്ലാ ശിശുക്ഷേമസമിതിയ്ക്കെതിരേ തങ്ങള്‍ നല്‍കിയിരിക്കുന്ന കേസ് ഹൈക്കോടതിയില്‍ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പ്രതികാരം തീര്‍ക്കുകയാണെന്നും അനാഥാലയനടത്തിപ്പുകാരും പറയുന്നു. കേവലം ഒരു സര്‍ക്കാര്‍ ഗുമസ്തന്‍ വിചാരിച്ചാല്‍ ജീവകാരുണ്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും നിയമനടപടികളിലൂടെ ബുദ്ധിമുട്ടിക്കുകയും ചെയ്യാന്‍ സാധിക്കും. സത്യം കോടതിയില്‍ തെളിയിച്ചു വരാന്‍ ധാരാളം ധനവും സമയവും ചിലവഴിക്കേണ്ടതായിവരുകയും ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഭരണ മേലാളന്മാരുടെയും രാഷ്ട്രീയ വര്‍ഗീയ അജണ്ടകള്‍ക്ക് അനാഥക്കുട്ടികളും, സാമൂഹികസേവന സ്ഥാപനങ്ങളും ഇരയാക്കപ്പെടുന്ന അവസ്ഥ യാതൊരുകാരണവശാലും അംഗീകരിച്ചുകൊടുക്കാന്‍ പാടില്ല. പക്ഷേ എന്തുകൊണ്ടോ ഇക്കാര്യങ്ങളിലൊന്നും ഒരു സമുദായമെന്ന നിലയില്‍ നമ്മുടെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടില്ല. സഭയുടെ അഗതിസേവന രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിട്ടും സഭാസംഘടനകളൊന്നുംതന്നെ ഈ വിഷയത്തില്‍ സഗൗരവം ഒരു പ്രസ്താവനപോലും ഇറക്കിക്കണ്ടില്ല. വിശ്വാസികളില്‍ ബഹുഭൂരിപക്ഷം ആകട്ടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സിസ്റ്റര്‍മാരുടെ ജോലിയായി കരുതുന്നവരാണ്.
ഈ ചെറിയവരില്‍ ഒരുവന് നിങ്ങളിത് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത് എന്ന ഈശോമിശിഹായുടെ വാക്കുകള്‍ ഓര്‍മിച്ചുകൊണ്ട് ആലംബഹീനരില്‍ അവിടുത്തെ കാണുകയും അവരെ പരിചരിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണ്. മാറിയ സാഹചര്യങ്ങളില്‍ വിശ്വാസികളെ ബോധവത്കരിക്കുകയും അവരെക്കൂടി ഉള്‍പ്പെടുത്തി സഭയുടെ ജീവകാരുണ്യപ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോവുകയും വേണം. സഭയുടെ മാനവസ്നേഹത്തിന്‍റെ മുഖമാണ് ജീവകാരുണ്യസ്ഥാപനങ്ങള്‍. എന്നാല്‍ അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹുഭൂരിപക്ഷം സഭാതനയരും പൊതുസമൂഹവും അജ്ഞരാണ്. സഭ നിശ്ശബ്ദമായി സേവനം ചെയ്യുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ച ചിലര്‍ ‘നന്മ മരങ്ങളായി’ ആഘോഷിക്കപ്പെടുന്നു. അവര്‍ ‘ഫേസ്ബുക്ക് ലൈവിലൂടെ’ കോടികള്‍ പിരിക്കുകയും പിരിഞ്ഞുകിട്ടുന്ന തുക വകമാറ്റി ചിലവഴിക്കുകയും ചെയ്യുന്നു. നിയമപരമായ രേഖകള്‍ ആവശ്യപ്പെട്ട ഒരു ബാങ്കിനെതിരേ അത്തരമൊരു ‘നന്മമരവും ഫാന്‍സും’ നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ‘വൈറല്‍’ ആയിരുന്നു. മറ്റെല്ലാ സാമൂഹ്യസേവന മേഖലകളും എന്നതുപോലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഇന്ന് പ്രൊഫഷണലുകള്‍ മാനേജ് ചെയ്യുന്ന ബിസിനസുകളായി മാറിയിരിക്കുകയാണ്.
ഇനി എന്തുചെയ്യണം?
ഈ സാഹചര്യത്തില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഏതാനും വൈദികര്‍ക്കും, സിസ്റ്റര്‍മാര്‍ക്കും മാത്രം സഭയുടെ ജീവകാരുണ്യപ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. സിസ്റ്റര്‍മാരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഗുരുതരമായ പ്രതിസന്ധിയാണ് നമ്മുടെ കാരുണ്യസ്ഥാപനങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്. നമ്മുടെ ഇടവക സംവിധാനത്തെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് അതിനെ നേരിടാന്‍ നമുക്ക് സാധിക്കണം. സണ്‍ഡേസ്കൂള്‍ കുട്ടികളും, യുവജനങ്ങളും, മാതൃപിതൃസംഘടനകളും സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവിധത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ സാധിക്കണം. സണ്‍ഡേസ്കൂള്‍ ക്ലാസ്സുകളില്‍ കുട്ടികള്‍ക്കായി കുടുക്കകള്‍ നല്‍കുകയും അവരുടെ ചെറിയ സംഭാവനകള്‍ രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കല്‍ നമ്മുടെ രൂപതയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ‘വി കെയര്‍’നു നല്‍കി രസീത് നല്‍കുകയും ചെയ്യാം. നമ്മുടെ എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും എന്‍എസ്എസ്, സ്കൌട്ട്, എസ്പിസി പോലുള്ളവയുമായി ബന്ധപ്പെട്ടും അവിടുത്തെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുമായി ബന്ധപ്പെട്ടും സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാകുന്ന പണം കണ്ടെത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാവുന്നതാണ്. ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും പല ജീവകാരുണ്യസ്ഥാപനങ്ങളുടെയും സംഭാവനപ്പെട്ടി കാണാം. ക്രൈസ്തവരുടെ സ്ഥാപനങ്ങളില്‍പ്പോലും സഭയുമായി ബന്ധമില്ലാത്തവരുടെ സംഭാവനപ്പെട്ടികള്‍ കണ്ടിട്ടുണ്ട്. നമ്മുടെ ഇടവകകളിലെ യുവജനസംഘടനകളെ ഉപയോഗിച്ച് ഓരോ ഇടവകയുടെയും പരിധിയിലുള്ള സ്ഥാപനങ്ങളില്‍ സംഭാവനപ്പെട്ടികള്‍ വയ്ക്കുകയും എല്ലാമാസവും തുക ശേഖരിക്കുകയും ചെയ്യാം.
നാലോ അഞ്ചോ ഇടവകകള്‍ ചേര്‍ന്ന് ഒരു സ്ഥാപനത്തെ ദത്തെടുക്കുകയും അവിടുത്തെ ആവശ്യങ്ങള്‍ക്കായി പണവും മനുഷ്യവിഭവശേഷിയും നല്‍കുകയും ചെയ്യുന്നവിധത്തിലുള്ള ഒരു പദ്ധതി ആവിഷ്കരിച്ചാല്‍ പ്രസ്തുത സ്ഥാപനം തങ്ങളുടെ സ്വന്തമാണെന്നും അവിടുത്തെ ആശ്രിതര്‍ തങ്ങളുടെ സഹോദരര്‍ ആണെന്നുമുള്ള ബോധ്യം വളരുകയും അതിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യും. ചെറുപ്പക്കാര്‍ക്കായി ‘ജീവകാരുണ്യ മണിക്കൂര്‍’ പദ്ധതി ആവിഷ്കരിക്കാവുന്നതാണ്. ജീവകാരുണ്യസ്ഥാപനങ്ങളില്‍ അവര്‍ സേവനം ചെയ്യുന്ന മണിക്കൂറുകള്‍ അതാത് സ്ഥാപനത്തിലെ അധികാരി സാക്ഷ്യപ്പെടുത്തി കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുകയും ആയത് രൂപതാകേന്ദ്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുക. വിശ്വാസപരിശീലനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഭയുടെ സ്ഥാപനങ്ങളില്‍ നിയമനത്തിനു മുന്‍ഗണന നല്‍കുന്നതുപോലെ ഉദ്യോഗാര്‍ത്ഥികള്‍ ജീവകാരുണ്യരംഗത്ത് നല്‍കിയിരിക്കുന്ന സേവനങ്ങളും പരിഗണിക്കാം. നിയമനങ്ങളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ആകെ ‘ജീവകാരുണ്യ മണിക്കൂറുകള്‍’ കണക്കാക്കി മുന്‍ഗണന നല്‍കാം. നമ്മുടെ യുവജനങ്ങള്‍ക്ക് സഭയുടെ ധര്‍മ്മസ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്നതുവഴി സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ അടുത്തറിയാന്‍ സാധിക്കും. വിശുദ്ധിയിലും ദൈവവിശ്വാസത്തിലും സഭാത്മകബോധത്തിലും യുവജനങ്ങള്‍ വളരുന്നതിനും ദൈവവിളികള്‍ കൂടുതലായി ഉണ്ടാകുന്നതിനും അത് സഹായകരമാവുകയും ചെയ്യും.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ഓരോരുത്തരുടെയും കടമയാണെന്നും സഹോദരനു കാവല്‍ക്കാരാകാന്‍ വിളിക്കപ്പെട്ടവരാണ് തങ്ങള്‍ ഓരോരുത്തരെന്നുമുള്ള അവബോധം ഓരോ വിശ്വാസിയിലുമുണ്ടായാല്‍ സാമ്പത്തിക ക്ലേശങ്ങളോ, കിരാതനിയമങ്ങളോ നമ്മുടെ ജീവകാരുണ്യസ്ഥാപനങ്ങള്‍ക്കു ഭീഷണിയാവില്ല.

Leave a Reply