കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം. – യുവദീപ്തി സംഘടിപ്പിച്ച ‘യുവജനം സത്യമറിയാന്‍ സഭയോടൊപ്പം’ എന്ന ചര്‍ച്ചാപരിപാടിയുടെ ആദ്യഘട്ടം 2019 ജൂലൈ 14 ഉച്ചകഴിഞ്ഞ് 2 ന് കൂവപ്പള്ളി അമല്‍ജ്യോതി കോളജ് ഓഡിറ്റോറിയത്തില്‍വച്ച് സംഘടിപ്പിക്കപ്പെട്ടു. കാനോന്‍നിയമം എന്ന വിഷയത്തെക്കുറിച്ചു നടന്ന പഠനത്തിന് രൂപത വികാരി ജനറാളും ചാന്‍സലറുമായ വെരി. റവ. ഫാ. കുര്യന്‍ താമരശ്ശേരി നേതൃത്വം നല്‍കി. എരുമേലി, റാന്നി, പത്തനംതിട്ട ഫൊറോനകളില്‍നിന്നായി മുപ്പത്തിയഞ്ച് യുവജനങ്ങള്‍ പങ്കെടുത്തു. പഠനത്തിന്‍റെ പ്രസക്തഭാഗങ്ങളും ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ചുവടെ ചേര്‍ക്കുന്നു.
ആമുഖം
സഭാപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിമയസംഹിതയ്ക്കാണ് കാനന്‍നിയമം എന്നു പൊതുവെ പറയുന്നത്. സഭയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് കാനന്‍നിയമപഠനത്തിന്‍റെ അടിസ്ഥാനം. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത് സഭ ഒരേ സമയം ദൃശ്യവും അദൃശ്യവുമായ, മാനുഷികവും ദൈവികവുമായ യാഥാര്‍ത്ഥ്യമാണ് എന്നാണ് (ജനതകളുടെ പ്രകാശം നമ്പര്‍ 8). ഇതില്‍ ദൃശ്യമായ, മാനുഷികമായ സാമൂഹികതലങ്ങളിലാണ് നിയമങ്ങളുടെ പ്രസക്തി. ദൈവശാസ്ത്രപരമായി ദൈവമക്കളുടെ സമൂഹമാണ് സഭ, അത് ഹയരാര്‍ക്കിക്കല്‍ സംവിധാനങ്ങളോടെ സംഘടിതസമൂഹവുമാണ്. ഇവിടെയാണ് നിയമത്തിന്‍റെ ആവശ്യം.
ഈശോ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തതും അവരില്‍ പത്രോസിനെ തലവനായി നിശ്ചയിച്ചതുമാണ് സഭയുടെ ഭരണസംവിധാനത്തിന്‍റെ അടിസ്ഥാനം. ചരിത്രത്തിലൂടെ ഈ സംവിധാനം വളര്‍ന്നപ്പോഴാണ് സഭയില്‍ നിയമങ്ങളും ക്രമീകരണങ്ങളും ചട്ടങ്ങളും നിലവില്‍വന്നത്. (മത്തിയാസിനെ തിരഞ്ഞെടുത്തത്, ഡീക്കന്മാരെ നിയമിച്ചത്, വിജാതീയരെ സഭയില്‍ സ്വീകരിക്കാന്‍ തീരുമാനിച്ച ജറുസലേം സൂനഹദോസ്). ഗ്രീക്ക് – റോമന്‍- ബൈസന്‍റയിന്‍ നിയമങ്ങള്‍ സഭാനിയമങ്ങള്‍ക്ക് നിയതമായ രൂപം നല്‍കാന്‍ സഹായിച്ചു. കാനന്‍നിയമത്തിന്‍റെ രൂപീകരണത്തില്‍ നൂറ്റാണ്ടുകളുടെ അനുഭവവും ചരിത്രവുമുണ്ട്.
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനുശേഷം നിലവിലുണ്ടായിരുന്ന കാനന്‍ നിയമസംഹിതയെ കൗണ്‍സിലിന്‍റെ വെളിച്ചത്തില്‍ പരിഷ്കരിച്ച്, ലത്തീന്‍ സഭയ്ക്കും പൗരസ്ത്യസഭകള്‍ക്കുമായി പുതിയ കാനന്‍ നിയമ സംഹിത ക്രോഡീകരിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്.
- കാനന്‍ നിയമസംഹിത (Codex Iuris Canonici–(CIC), Code of Canan Law) 1983ല്‍ ലത്തീന്‍ സഭയ്ക്കുവേണ്ടി പ്രസിദ്ധീകരിച്ചു.
- പൗരസത്യസഭകള്‍ക്കുവേണ്ടിയുള്ള കാനന്‍നിയമസംഹിത ( Codex Cannonum Ecclesiarum Orientalium (CCEO)– Code of canon law for Eastern Churches) 1990ല്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ചു.
ഇതു കൂടാതെ റോമന്‍ കൂരിയായുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങള്‍ Pastor bonus 1988 ല്‍ പ്രസിദ്ധീകൃതമായി. ഇവയാണ് ആഗോളകത്തോലിക്കാ സഭയുടെ നിയമസംഹിതകള്‍. കൂടാതെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കിസ്കോപ്പല്‍ സഭയുടെ പ്രത്യേകനിയമങ്ങളും (Particular law) രൂപതകള്‍ക്ക് പ്രത്യേക നിയമാവലിയും നിലവിലുണ്ട്. ചുരുക്കത്തില്‍ കൃത്യമായ നിയമങ്ങളാലും ചട്ടങ്ങളാലും ക്രമീകൃതമായ ഹയരാര്‍ക്കിക്കല്‍ ഭരണസംവിധാനമാണ് കത്തോലിക്കാസഭയ്ക്കുള്ളത്.
പൗരസ്ത്യകാനന്‍നിയമസംഹിതയില്‍ 1546 നിയമങ്ങള്‍ 30 ടൈറ്റിലുകളിലായി ക്രമീകരിച്ചിരിക്കുന്നു. ക്രൈസ്തവവിശ്വാസികളുടെ അവകാശവും കടമയും മുതല്‍ സഭാ കോടതി, ശിക്ഷ തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ക്ക് കൃത്യമായ നിയമങ്ങള്‍ ഇതിലുണ്ട്. ഈ ആമുഖത്തോടെ നമുക്ക് ചോദ്യങ്ങളിലേക്ക് കടക്കാം. - കത്തോലിക്കാസഭയില്‍ എല്ലാ അധികാരങ്ങളും കയ്യാളുന്നത് പുരോഹിതവിഭാഗമാണ്. അല്മായര്‍ക്ക് വലിയ സ്ഥാനം ലഭിക്കുന്നില്ല.ഒരു ജനാധിപത്യ സ്വഭാവമില്ലാത്ത നിയമസംവിധാനം അപൂര്‍ണ്ണമല്ലേ?
ഞാന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ സഭയെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് ഉണ്ടെങ്കിലേ ഈ ചോദ്യത്തിന്‍റെ ഉത്തരം മനസ്സിലാവുകയുള്ളൂ. സഭ എതൊരു സാമൂഹികസംഘടനപോലെയോ പ്രസ്ഥാനം പോലെയോ അല്ല. സഭ ഒരേ സമയം ദൈവികവും മാനുഷികവുമായ യാഥാര്‍ത്ഥ്യമാണ്. ഈശോ ശിഷ്യന്മാരേ തിരഞ്ഞെടുത്ത് അധികാരപ്പെടുത്തിയതുപോലെയാണ് ഇന്നും സഭയില്‍ അധികാരം നിലനില്‍ക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരാണ്, പൗരോഹിത്യപദവിയിലുള്ളവരാണ് സഭയില്‍ അധികാരത്തിന്‍റെ ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്. ഈ ദൈവശാസ്ത്ര സമീപനം നിലനില്ക്കുന്നതിനാലാണ് സഭയിലുള്ള അധികാരത്തെ വിശുദ്ധ അധികാരം (Potestas sacra)എന്നു വിളിക്കുന്നത്. അധികാരം ക്രിസ്തുവില്‍നിന്ന് ലഭിച്ചതാകയാല്‍ ദൈവസ്ഥാപിതമാണ് എന്നതാണ് ക്രൈസ്തവവിശ്വാസപാരമ്പര്യം. പൗസ്ത്യകാനന്‍നിയമം, കാനോന്‍ 979§1 -ല്‍ പറയുന്നത് “തിരുപ്പട്ടം സ്വീകരിച്ചിട്ടുള്ളവര്‍ സഭയില്‍ ദൈവസ്ഥാപിതമായിട്ടുള്ള ഭരണാധികാരത്തിന് നിയമനമാനദണ്ഡപ്രകാരം യോഗ്യതയുള്ളവാരണ്.” ശിഷ്യന്മാരുടെ പിന്‍തുടര്‍ച്ചാവകാശികളായുള്ള മെത്രാന്മാരും അവരോടൊപ്പം പൗരോഹിത്യശുശ്രൂഷയില്‍ പങ്കുപറ്റുന്ന വൈദികര്‍ ഡീക്കന്മാര്‍ എന്നിവരുമാണ് അധികാരത്തില്‍ പങ്കുചേരുന്നവര്‍. മറ്റ് വിശ്വാസികള്‍ക്കും മിശിഹായുടെ രാജകീയപൗരോഹിത്യത്തില്‍ പങ്കാളികള്‍ എന്ന നിലയില്‍ തിരുപ്പട്ടം സ്വീകരിച്ചവരോടൊപ്പം ഭരണാധികാരം വിനിയോഗിക്കാം.
ജനാധിപത്യ സംവിധാനത്തില്‍ അധികാരം ജനങ്ങളില്‍ നിന്നാണ് ഭരണാധികാരികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ സഭാസംവിധാനത്തില്‍ അധികാരം ദൈവത്തില്‍നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് പൊതുസമൂഹത്തില്‍ ഇന്നുള്ളതുപോലെ ഈ ജനാധിപത്യം സഭയില്‍ ഇല്ല. എന്നാല്‍ കഴിയുന്നത്ര തലത്തിലും രീതിയിലും ജനാധിപത്യരീതികള്‍ സഭയില്‍ നിലനില്ക്കുന്നുമുണ്ട്. - കത്തോലിക്കാവിശ്വാസിയായ ഒരാള്‍ക്ക് മറ്റ് മതത്തില്‍പെട്ട ഒരാളെ വിവാഹം കഴിക്കാമോ, ആ മതം മാറാതെ തന്നെ? കൗദാശികമായി ആ വിവാഹം സാധുവാണോ?
കത്തോലിക്കാവിശ്വാസിയായ ഒരാള്‍ മറ്റൊരു കത്തോലിക്കാവിശ്വാസിയെ വിവാഹം കഴിക്കണമെന്നാണ് സഭ നിഷ്കര്‍ഷിക്കുന്നത്. കാരണം വിവാഹം വിശ്വാസികള്‍ക്ക് ഒരു കൂദാശയാണ്. മാമ്മോദീസാ സ്വീകരിച്ച രണ്ടുപേര്‍ തമ്മിലുള്ള വിവാഹമാണ് കൂദാശയാകുന്നത്.
എന്നാല്‍ പ്രത്യേകസാഹചര്യങ്ങളില്‍, വിട്ടുപിരിയുവാന്‍ സാധിക്കാത്ത സ്നേഹബന്ധത്തിലായ ഒരു കത്തോലിക്കനും ഒരു അക്രൈസ്തവനും തമ്മില്‍ മതംമാറാതെ തന്നെ വിവാഹിതരാകുവാന്‍ സഭ അനുവദിക്കുന്നുണ്ട്. മനുഷ്യമഹത്വം (human dignity) വ്യക്തിസ്വാതന്ത്ര്യം (Personal freedom)എന്നിവ സഭ അംഗീകരിക്കുന്നതുകൊണ്ടാണ് സഭ ഈവിധമുള്ള വിവാഹത്തെ അംഗീകരിക്കുന്നത്. മതവ്യത്യാസം എന്ന തടസത്തില്‍നിന്ന് മെത്രാന്‍റെ ഒഴിവാക്കല്‍ (Dispensation from the impediment of disparity of cult) അനുവാദം വാങ്ങിച്ചുകൊണ്ട് ഈ വിവാഹം പള്ളിയില്‍ വച്ച് നടത്താവുന്നതാണ്. അതില്‍ താഴെകൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ ദമ്പതികള്‍ പാലിക്കേണ്ടതുണ്ട്. - കത്തോലിക്കാ ദമ്പതി തന്‍റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണെന്ന് പ്രഖ്യാപിക്കണം.
- തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളെ കത്തോലിക്കാസഭയില്‍ മാമ്മോദീസായും പരിശീലനവും നല്‍കി വളര്‍ത്തികൊള്ളാമെന്ന് വാഗ്ദാനം ചെയ്യണം.
- കത്തോലിക്കാ ദമ്പതിയുടെ വാഗ്ദാനങ്ങളെപ്പറ്റി അക്രൈസ്തവദമ്പതിയെ യഥാകാലം ധരിപ്പിച്ചിരിക്കണം. രൂപതാമെത്രാന് നല്കുന്ന അപേക്ഷയില്‍ അക്രൈസ്തവദമ്പതിയും ഒപ്പ് വയ്ക്കണം.
- പള്ളിയില്‍വച്ച് നടക്കുന്ന ചടങ്ങുകള്‍ക്കുശേഷമോ മുന്‍പോ അക്രൈസ്തവദമ്പതിയുടെ മതാചാര ചടങ്ങുകള്‍ നടത്തുവാന്‍ പാടില്ല.
- വിവാഹത്തിന്‍റെ സാരവത്തായ ലക്ഷ്യങ്ങളേയും ഗുണവിശേഷങ്ങളെയും കുറിച്ച് ദമ്പതിമാര്‍ക്ക് ബോധ്യം ഉണ്ടായിരിക്കണം.
- പള്ളിയില്‍വച്ച് സഭ നിര്‍ദ്ദേശിക്കുന്ന കാനോനികക്രമം വഴിയാണ് വിവാഹം നടത്തേണ്ടത്. എന്നാല്‍ ഇത് കൂദാശയായി പരിഗണിക്കുന്നില്ല.
- പേളി മാണി- ശ്രീനീഷ് വിവാഹം കത്തോലിക്കാ ആചാരപ്രകാരവും പിന്നീട് ഹൈന്ദവ ആചാരപ്രകാരവും നടക്കുകയുണ്ടായല്ലോ. കാനോന്‍ നിയമം അത് അനുവദിക്കുന്നുണ്ടോ? ഇത്തരത്തില്‍ നടന്ന വിവാഹത്തിന്‍റെ പേരില്‍ ആ വ്യക്തിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കാനോന്‍ നിയമത്തില്‍ മാര്‍ഗ്ഗമുണ്ടോ?
മാതാന്തരവിവാഹത്തില്‍ പള്ളിയിലെ കര്‍മ്മങ്ങള്‍ക്ക്ശേഷം മറ്റ് മതത്തിലെ ആചാരപ്രകാരം വിവാഹം നടത്തുവാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ശിക്ഷകള്‍ നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ സഭയില്‍ ഉണ്ട്. ഇതിന് മാതാപിതാക്കന്മാര്‍ സഹകരിച്ചെങ്കില്‍ അവര്‍ക്കും ശിക്ഷ നല്‍കുന്നതാണ്. - പാശ്ചാത്യസഭയ്ക്കും പൗരസ്ത്യ സഭയ്ക്കും എന്തിനാണ് രണ്ട് നിയമസംഹിതകള്‍?
പാശ്ചാത്യസഭയ്ക്കും പൗരസ്ത്യസഭയ്ക്കും രണ്ട് കാനന്‍നിയമസംഹിതകളാണ് നിലവിലുള്ളത്. പാരമ്പര്യത്തിലും ആചാരത്തിലും അനുഷ്ഠാനത്തിലും ആരാധനാക്രമത്തിലും എല്ലാം രണ്ട് സഭകള്‍ക്കും വ്യത്യാസമുള്ളതുകൊണ്ടാണ് രണ്ട് നിയമസംഹിതകള്‍ രൂപീകരിക്കപ്പെട്ടത്. അടിസ്ഥാനപരമായ നിയമങ്ങളില്‍ മാറ്റമില്ലെങ്കിലും 21 വ്യക്തിസഭകളെയും പരിഗണിച്ചാണ് പൗരസ്ത്യകാനന്‍നിയമം ക്രോഡീകരിച്ചത്. - കത്തോലിക്കാ സഭയിലെ ഭൂരിപക്ഷം റീത്തുകളിലും വൈദികര്‍ക്ക് വിവാഹം വിലക്കിയിരിക്കുന്നത് എന്തിന്? സീറോ മലബാര്‍ സഭാംഗമായ ഒരാള്‍ക്ക് വിവാഹിതനും വൈദികനുമാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള നിയമസഹായമുണ്ടോ?
സഭാ പാരമ്പര്യത്തില്‍ എല്ലാ സഭകളിലും വിവാഹിതരായ വൈദികര്‍ ഉണ്ടായിരുന്നു. പിന്നീടാണ് ലത്തീന്‍ സഭയില്‍, മെച്ചപ്പെട്ട വൈദികശുശ്രൂഷ ഏകമനസ്സോടെ ചെയ്യണമെന്ന ദര്‍ശനത്തില്‍ ബ്രഹ്മചര്യം പാലിക്കുന്ന വൈദികര്‍ ഉണ്ടായത്. പൗരസ്ത്യസഭകളില്‍ പൊതുവേ വിവാഹിതരായ വൈദികാരണുള്ളത്. എന്നാല്‍ ചില പൗരസ്ത്യസഭകളില്‍ ബ്രഹ്മചര്യം പാലിക്കുന്ന വൈദികരാണുള്ളത്.
വിവാഹിതനായ ഒരു വ്യക്തി തന്‍റെ കുടുംബജീവിതത്തിന്‍റെ കടമകള്‍ പൂര്‍ത്തിയാക്കി ജീവിതപങ്കാളിയുടെ അനുവാദത്തോടെ ജീവിതപങ്കാളി സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നുവെന്നു ഉറപ്പു വരുത്തി, പൗരോഹിത്യം സ്വീകരിക്കുവാന്‍ സഭാനിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ യാക്കോബാ-ഓര്‍ത്തഡോക്സ് സഭകളിലെപ്പോലെ വിവാഹിതരായി പൗരോഹിത്യശുശ്രൂഷകരാകുവാന്‍ ഇന്നത്തെ സീറോ മലബാര്‍ സഭയുടെ നിയമം അനുവദിക്കുന്നില്ല. - പൈശാചിക ശക്തികളെ ഒഴിപ്പിക്കാന്‍ അധികാരമുള്ളത് പുരോഹിതര്‍ക്കല്ലേ? അല്മായരായവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് നിയമസാധുതയുണ്ടോ?
സഭയുടെ നാമത്തില്‍ ഒദ്യോഗികമായി പിശാചുക്കളെ ഒഴിപ്പിക്കുവാനുള്ള അധികാരം പൗ രോഹിത്യപട്ടം സ്വീകരിച്ചവര്‍ക്കാണ്. അല്മായര്‍ക്ക് ഔദ്യേഗികമായി ഭൂതോച്ചാടനപ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ അനുവാദമില്ല. എന്നാല്‍ വ്യക്തിപരമായി ആ പ്രാര്‍ത്ഥനകള്‍ ചെല്ലുന്നതില്‍ തെറ്റില്ല. - മെത്രാന്‍മാര്‍ക്കെതിരെ വരുന്ന ആക്ഷേപങ്ങള്‍ക്ക് നടപടി എടുക്കാന്‍ അധികാരം ഉള്ളതാര്‍ക്കാണ്?
മെത്രാന്മാര്‍ക്കെതിരെ വരുന്ന കുറ്റങ്ങള്‍ക്ക് ശിക്ഷണനടപടികള്‍ സ്വീകരിക്കുവാന്‍ അധികാരം റോമന്‍ മാര്‍പാപ്പായ്ക്കു മാത്രമാണ്. - തിരുപ്പട്ടത്തിനു മുന്നോടിയായി മെത്രാന്മാരും, വൈദികരും എടുക്കുന്ന പ്രതിജ്ഞ ഒരു നിയമമാണോ? അതിന്‍റെ ലംഘനം നിയമനിരോധമല്ലേ? ഇതിനെതിരെ എന്തു നടപടിയെടുക്കാനാകും?
തിരുപ്പട്ടത്തിനു മുന്നോടിയായി മെത്രാന്മാരും, വൈദികരും എടുക്കുന്ന പ്രതിജ്ഞ പാലിക്കാന്‍ അവര്‍ കടപ്പെട്ടവരാണ്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മേല്‍ സൂചിപ്പിച്ചതുപോലെ നടപടിക്രമം പാലിച്ച് ശിക്ഷിക്കാവുന്നതാണ്. - വ്യക്തികളെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താനുള്ള നിയമനടപടികള്‍ എന്താണ്?
വ്യക്തികളെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുവാന്‍ കത്തോലിക്കാസഭയ്ക്ക് നിയതമായ നടപടിക്രമങ്ങളും കര്‍ക്കശമായ നിയമങ്ങളുമുണ്ട്. ഒരാള്‍ മരിച്ച് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നടപടിക്രമങ്ങള്‍ രൂപതാകേന്ദ്രം ആരംഭിക്കുന്നത്. ദൈവദാസന്‍, ധന്യന്‍, വാഴ്ത്തപ്പെട്ടവന്‍, വിശുദ്ധന്‍ എന്നീ നിലകളിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് ഇത് വലിയ ഒരു വിഷയമായതിനാല്‍ വിശദീകണം ഇപ്പോള്‍ സാധ്യമല്ല. - സന്യാസവൈദികനും, രൂപത വൈദികനും രണ്ടു നിയമങ്ങളാണോ നിലവിലുള്ളത്? അതെന്തിന്?
സന്ന്യാസവൈദികനും രൂപതാവൈദികനും ചെയ്യുന്ന ശുശ്രൂഷകള്‍ വ്യത്യസ്തങ്ങളായതുകൊണ്ട് നിയമങ്ങളിലും വ്യത്യാസമുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി വൈദികര്‍ക്കുള്ള നിയമങ്ങള്‍ ഒന്നു തന്നെയാണ്. സന്ന്യാസവൈദികര്‍ പ്രത്യേകമായ വ്രതങ്ങള്‍ എടുക്കുന്നതുകൊണ്ട് അതിനനുസരണമായി അവരുടെ സന്ന്യാസസമൂഹത്തിന്‍റേതായ പ്രത്യേകനിയങ്ങളുമുണ്ട്. - വിവിധ ക്രൈസ്തവവിഭാഗങ്ങള്‍ നമ്മള്‍ക്കിടയിലുണ്ട് അവരില്‍ ആരുടെയൊക്കെ കൂദാശകളെയാണ് കത്തോലിക്കാ സഭ അംഗീകരിക്കുന്നത്. മറ്റുള്ളവരുടെ കൂദാശകളെ അംഗീകരിക്കാത്തതിന് കാരണം എന്ത്?
കത്തോലിക്കാസഭ പൗരസ്ത്യ അകത്തോലിക്കാസഭകളുടെ കൂദാശകള്‍ അംഗീകരിക്കുന്നുണ്ട് (യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍). എന്നാല്‍ മറ്റ് അകത്തോലിക്കാസഭകളുടെ കൂദാശകളില്‍ മാമ്മോദീസാ ഒഴിച്ചുള്ള കൂദാശകള്‍, നമ്മള്‍ അംഗീകരിക്കുന്നില്ല. (മാര്‍ത്തോമ്മാ, സി. എസ്.ഐ, സി.എം.എസ്, ആംഗ്ലിക്കന്‍). എല്ലാ പന്തക്കുസ്താസഭകളുടെയും മാമ്മോദീസാ നമ്മള്‍ അംഗീകരിക്കുന്നില്ല.
പൗരസ്ത്യ അകത്തോലിക്കാ സഭകളുടെ കൂദാശകള്‍ സംബന്ധിച്ചുള്ള ദൈവശാസ്ത്രവീക്ഷണം കത്തോലിക്കാദൈവശാസ്ത്രവുമായി ഒന്നിച്ചുപോകുന്നതാണ്. എന്നാല്‍ മറ്റ് അകത്തോലിക്കാ സഭകളുടെ ദൈവശാസ്ത്രസമീപനം നാം അംഗീകരിക്കാത്തതിനാല്‍ ഇവരുടെ മാമ്മോദീസാ ഒഴിച്ചുള്ള മറ്റ് കൂദാശകള്‍ നമ്മള്‍ അംഗീകരിക്കുന്നില്ല. - കേരള പശ്ചാത്തലത്തില്‍ കത്തോലിക്കര്‍ക്ക് ഇതരക്രൈസ്തവ വിഭാഗങ്ങളിലുള്ളവരെ വിവാഹം കഴിക്കാന്‍ സാധിക്കുമോ?
ഞാന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ രണ്ട് കത്തോലിക്കര്‍ തമ്മിലാണ് വിവാഹബന്ധത്തില്‍ ഏര്‍പ്പെടേണ്ടത്. എന്നാല്‍ അകത്തോലിക്കാസഭയില്‍പ്പെട്ടവരെ ചില സാഹചര്യങ്ങളില്‍ വിവാഹം കഴിക്കുവാന്‍ അനുവദിക്കാറുണ്ട്. യാക്കോബായസഭയും (മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭ) കത്തോലിക്കാസഭയും തമ്മില്‍ വിവാഹം സംബന്ധിച്ച് ധാരണയുള്ളതുകൊണ്ട് രൂപതാമെത്രാന്‍റെ അനുവാദത്തോടെ വിവാഹം നടത്താവുന്നതാണ്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭയും (മലങ്കര ഓര്‍ത്തോഡോക്സ് സിറിയന്‍ സഭ) കത്തോലിക്കാസഭയും തമ്മില്‍ ധാരണയില്ലാത്തതിനാല്‍ അവരുമായി കത്തോലിക്കാവ്യക്തികള്‍ക്ക് വിവാഹം ചെയ്യുവാന്‍ പാടില്ല. എന്നാല്‍ അവരുമായും മറ്റ് അകത്തോലിക്കാസഭയിലെ വ്യക്തികളുമായി മിശ്രവിവാഹമായി (mixed marriage)ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിവാഹം നടത്താന്‍ രൂപതാധ്യക്ഷന് അനുവദിക്കാവുന്നതാണ്. കത്തോലിക്കാവ്യക്തി കത്തോലിക്കാവിശ്വാസം കാത്തുസൂക്ഷിക്കുമെന്നും തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളെ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തുമെന്നും കത്തോലിക്കാപള്ളിയില്‍ വച്ച് കത്തോലിക്കാക്രമമനുസരിച്ച് വിവാഹം നടത്തുമെന്നും ഉറപ്പു വരുത്തിയുള്ള അപേക്ഷ രൂപതാമെത്രാന് നല്കി അദ്ദേഹത്തിന്‍റെ അനുവാദത്തോടെ വിവാഹം നടത്താവുന്നതാണ്. അതുപോലെ വളരെ ഗൗരവമായ സാഹചര്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രത്യേക അനുമതിയോടെ വിവാഹത്തിന്‍റെ കാനോനിക ഫോമില്‍ നിന്ന് ഇളവു നല്‍കിയും അകത്തോലിക്കാവ്യക്തികളുമായി വിവാഹം നടത്തുവാന്‍ സാധ്യതയുണ്ട്. - നിയമങ്ങളനുസരിച്ച് വൈദികര്‍ പരി. കുര്‍ബാന കൊടുക്കണം എന്നല്ലേ? സിസ്റ്റേഴ്സ് കുര്‍ബാന കൊടുക്കുന്നത് നിയമത്തിനെതിരല്ലേ?
വി. കുര്‍ബ്ബാന നല്‍കുന്ന സാധാരണ കാര്‍മ്മികന്‍ (ordinary minister) വൈദികന്‍തന്നെയാണ്. എന്നാല്‍ കൂടുതല്‍ പേര്‍ വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കാനുള്ള സാഹചര്യമനുസരിച്ച് അസാധാരണ ശുശ്രൂഷകരായി (extra ordinary ministers) സിസ്റ്റേഴ്സിനെയും വേണമെങ്കില്‍ അല്മായരെയും നിയമിക്കുവാന്‍ സഭാനിയമം അനുവദിക്കുന്നുണ്ട്. - നിയമങ്ങള്‍ കാലാനുസൃതമായി മാറുമ്പോള്‍ സ്ത്രീ പൗരോഹിത്യവും, കുമ്പസാരത്തിനുള്ള അനുവാദവും അംഗീകരിക്കപ്പെടുമോ?
കാനന്‍ നിയമം കാലോചിതമായി പരിഷ്കരിക്കാറുണ്ട്. എന്നാല്‍ അത് അടിസ്ഥാനപരമായ കാര്യങ്ങളില്‍ ആയിരിക്കില്ല. ഈശോ പന്ത്രണ്ടു ശ്ലീഹന്മാരെ തിരഞ്ഞെടുത്തത് പുരുഷന്മാരെയായിരുന്നതുകൊണ്ട് അവരുടെ തുടര്‍ച്ചയായി കത്തോലിക്കാസഭയില്‍ ഇന്നും പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിക്കുന്നത് പുരുഷന്മാരാണ്. സ്ത്രീപൗരോഹിത്യവും സ്തീകള്‍ കുമ്പസാരിപ്പിക്കുന്നതും കത്തോലിക്കാ ദൈവശാസ്ത്രത്തോട് ഒത്തുപോകാത്തതിനാല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഈ ആവശ്യം അസന്നിഗ്ദമായി തള്ളിക്കളഞ്ഞ കാര്യമാണ്. - ധ്യാനകേന്ദ്രങ്ങളിലെ സാക്ഷ്യങ്ങള്‍, അവയുടെ പരസ്യങ്ങള്‍ എന്നിവ ഈ കാലയളവിലെ വലിയ വാര്‍ത്തകളാണല്ലോ. ഇതിനെക്കുറിച്ച് സഭയുടെ കാഴ്ചപ്പാട് എന്താണ്?
ധ്യാനകേന്ദ്രത്തില്‍ അമിതപ്രാധാന്യം നല്‍കുന്ന രോഗശാന്തി ശുശ്രൂഷകളും സാക്ഷ്യങ്ങളും അതിന് നല്‍കുന്ന പരസ്യങ്ങളും കത്തോലിക്കാസഭയുടെ പ്രബോധനവുമായി ചേര്‍ന്നു പോകുന്നതല്ല. ഇത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കെ.സി. ബി.സി. നല്‍കിയിട്ടുണ്ട്. - ലോകം മാറിക്കൊണ്ടിരിക്കുന്നു. സ്വവര്‍ഗ്ഗവിവാഹം പോലുള്ളവയെ സഭ കാലക്രമത്തില്‍ അംഗീകരിക്കുമോ? മാര്‍പാപ്പായുടെ ചില പ്രസംഗങ്ങള്‍ ഈ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതല്ലേ?
വളരെയധികം ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുംശേഷം കത്തോലിക്കാസഭ സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം നല്‍കിയിട്ടില്ല. ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള വിവാഹം മാത്രമാണ് സഭ അംഗീകരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന സ്വവര്‍ഗ്ഗപ്രേമികളുടെയും ദമ്പതികളുടെയും സാമൂഹികവും മാനുഷികവുമായ സാഹചര്യം മനസ്സിലാക്കി അവരോട് അനുകമ്പാപൂര്‍വ്വകമായ മനോഭാവം പുലര്‍ത്തണമെന്നാണ് മാര്‍പാപ്പാ പറഞ്ഞത്. അതിന്‍റെ അര്‍ത്ഥം മാര്‍പാപ്പാ സ്വവര്‍ഗ്ഗവിവാഹം അനുവദിച്ചുവെന്നല്ല. - ഒരു വ്യക്തിക്ക് തന്‍റെ റീത്ത് മാറുവാന്‍ പറ്റുമോ?
ഒരു വ്യക്തിസഭയില്‍ അഥവാ ഒരു റീത്തില്‍ ഒരാള്‍ അംഗമാകുന്നത് ഒരു കുടുംബത്തില്‍ ഒരാള്‍ ജനനത്തിലൂടെ അംഗമാകുന്നതുപോലെയാണ്. അതുകൊണ്ട് മാമ്മോദീസാ വഴി ഒരു വ്യക്തിസഭയില്‍ അംഗമായ ഒരാള്‍ക്ക് സഭ മാറുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ വിവാഹത്തിലൂടെ ഒരു സ്ത്രീക്ക് പുരുഷന്‍റെ സഭയിലേയ്ക്ക് മാറാവുന്നതാണ്. അതല്ലെങ്കില്‍ അപ്പസ്തോലിക സിംഹാസനത്തില്‍ നിന്നോ രണ്ട് സഭകളുടെ മെത്രാന്മാരുടെയും അനുവാദത്തോടെയോ സഭ മാറാവുന്നതാണ്. ആരെങ്കിലും നിര്‍ബന്ധിച്ച് സഭ മാറ്റുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിട്ടാണ് സഭാ നിയമം കാണുന്നത്.