ഹെഡ് ഇന്‍ജുറി


ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്,
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ഹെഡ് ഇന്‍ജുറിഅപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മുറിവുകളുണ്ടാകുന്നത് തലയ്ക്കും തലച്ചോറിനുമാണ്. ഏറ്റവും പ്രധാനപ്പെട്ട മരണകാരണവും ഇതാണ്. തലയ്ക്കുണ്ടാകുന്ന പരിക്കുകള്‍ നിസ്സാരമായ പോറല്‍ മുതല്‍, തലയോട്ടിക്കുള്ളിലെ തലച്ചോറിനെ ബാധിക്കാവുന്ന ഏറ്റവും മാരകമായ പരിക്കുകള്‍ വരെയാകാം. പലപ്പോഴും വീട്ടിലുണ്ടാകുന്ന, പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വീഴ്ചകളില്‍ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ മുറിവിന്‍റെ ആഴവും വ്യാപ്തിയും നമുക്ക് കണ്ടുപിടിക്കാനാകും.
എന്താണ് ഹെഡ് ഇന്‍ജുറി?
തലയോട്ടിക്കോ തലച്ചോറിനോ ഉണ്ടാകുന്ന മുറിവുകളെയാണ് ഹെഡ് ഇന്‍ജുറി എന്നു പറയുന്നത്. ഇത് വാഹനാപകടങ്ങള്‍, വീഴ്ചകള്‍ (ജോലിസ്ഥലങ്ങളില്‍, വീടുകളില്‍, കളിസ്ഥലങ്ങളില്‍) കയ്യേറ്റങ്ങള്‍ മുതലായവയുടെ ഭാഗമായി ഉണ്ടാകാം.
വിധങ്ങള്‍:-

  1. തലയോട്ടിയിലുള്ള പൊട്ടല്‍:- ഇത് തലയോട്ടിയുടെ പുറത്തുമാത്രമുള്ളതു മുതല്‍ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി തലച്ചോറിനെ വരെ തുളച്ചുകയറുന്ന പൊട്ടലു വരെയാകാം. ചില പൊട്ടലുകള്‍ ചെവിയുടെ പിറകിലും, കണ്ണിന്‍റെ മുകളിലും ഉണ്ടാകാം. വലിയ പൊട്ടലുകള്‍ വഴി തലച്ചോറോ ഞരമ്പുകളോ തലയോട്ടിയുടെ ഭാഗമോ പുറത്തുവരാം; തലയിലെ വലിയ രക്തധമനികള്‍ പൊട്ടി അമിതമായി രക്തസ്രാവം മൂലം മാത്രം മരണം സംഭവിക്കാം. ഇത്തരത്തിലുള്ള ആഴമേറിയ ചില പൊട്ടലുകള്‍ വഴി തലച്ചോറിനുള്ളിലുള്ള ദ്രാവകം (സി.എസ്.എഫ്.) പുറത്തുവന്ന് തലച്ചോറില്‍ പഴുപ്പ് ബാധിക്കാം.
  2. തലയ്ക്കകത്തുള്ള (തലച്ചോറുമായി ബന്ധപ്പെട്ട്) രക്തസ്രാവം:- ഇത് തലച്ചോറിന്‍റെ പുറമേ, തലച്ചോറിനെ പൊതിഞ്ഞു കാണുന്ന പാളികള്‍ക്ക് പുറത്തോ, ഇടയിലോ, അകത്തോ ആകാം. ചിലത് തലച്ചോറിനുള്ളില്‍ ആകാം. രണ്ടു വശത്തുമുള്ള തലച്ചോറിന്‍റെ ഇടയിലുമാകാം.
  3. തലച്ചോറിനേല്‍ക്കുന്ന കുലുക്കം
    ലക്ഷണങ്ങള്‍:-
  4. തല മുഴച്ചു വരിക.
  5. മുറിവുകള്‍: ചെറിയ പോറല്‍ മുതല്‍ ആഴമേറിയ മുറിവുകള്‍ വരെ. ചില നിസ്സാരമെന്ന് പുറമേ തോന്നുന്ന മുറിവുകള്‍ക്കിടയില്‍ വലിയ പൊട്ടലോ, ഉള്ളില്‍ രക്തസ്രാവമോ ഉണ്ടാകാം. ചിലപ്പോള്‍ മുറിവിന്‍റെ എതിര്‍ഭാഗത്ത് തലയോട്ടിയിലോ തലച്ചോറിലോ ക്ഷതം സംഭവിക്കാം.
  6. തലവേദന (വിട്ടുമാറാത്ത)
  7. ചുഴലി
  8. ഓക്കാനം, ഛര്‍ദ്ദില്‍
  9. മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം അല്ലെങ്കില്‍ തെളിഞ്ഞ ദ്രാവകം വരിക.
  10. വിഭ്രാന്തി
  11. ശബ്ദത്തിനോടും വെളിച്ചത്തിനോടും അസ്വസ്ഥത തോന്നുക.
  12. തലകറക്കം, തലയ്ക്ക് ഭാരക്കുറവ്, ബോധക്ഷയം.
  13. ഓര്‍മ്മക്കുറവ്
  14. ഉറക്കത്തിനുള്ള മാറ്റങ്ങള്‍:- ഉറക്കക്കുറവ്, അമിതമായ ഉറക്കം.
  15. കാഴ്ചയ്ക്ക് മങ്ങല്‍
  16. ചെവിയില്‍ മൂളല്‍
  17. രുചി വ്യത്യാസം
  18. മണം തിരിച്ചറിയാന്‍ ബുദ്ധിമുട്ട്
  19. സംസാരത്തില്‍ സ്ഫുടതയില്ലായ്മ
  20. നടക്കാന്‍ ബുദ്ധിമുട്ട് – കാലിന് ബലക്കുറവ്.
  21. പക്ഷാഘാതം
  22. അമിതമായി വിയര്‍ക്കുക.
    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-
  23. തല മുഴച്ചു വന്നാല്‍: തിരുമ്മരുത്. അതില്‍ കുറച്ച് ഐസ് ക്യൂബ് വയ്ക്കുക. മുഴച്ചു വന്ന ഭാഗത്ത് രക്തം കല്ലിച്ചിട്ടുണ്ടെങ്കില്‍ അതു മൂലമുണ്ടാകുന്ന വേദനയും നീരും കല്ലിപ്പും കുറയുകയും ചെയ്യും. ഇത്തരം മുഴകള്‍ പതുക്കെയേ മാറാറുള്ളൂ. എന്നാല്‍ മുഴ, പ്രത്യേകിച്ച് കുട്ടികളില്‍ മാറാതെ ഇരിക്കുകയോ, അത് വലുതാവുകയോ ചെയ്താല്‍ ഉടനെ ഡോക്ടറെ കാണിക്കുക. കാരണം കുട്ടികളുടെ തലയോട്ടിക്ക് കട്ടി കുറവായതിനാല്‍ ചില ചെറിയ ക്ഷതങ്ങള്‍ വരെ ഉള്ളില്‍ വലിയ ആഘാതം ഉണ്ടാക്കാം.
  24. നിര്‍ത്താതെയുള്ള ഛര്‍ദ്ദി:- ഇത് തലച്ചോറിനേറ്റ ക്ഷതത്തിന്‍റെ ഒരു പ്രധാന ലക്ഷണമായി പറയാറുണ്ടെങ്കിലും കുട്ടികളിലുള്ള ഛര്‍ദ്ദി എല്ലായ്പ്പോഴും തലച്ചോറിന്‍റെ ക്ഷതം കാരണം മാത്രമാകണമെന്നില്ല. അവര്‍ക്ക് തലയ്ക്കേറ്റ ചെറിയ ക്ഷതം മൂലമുള്ള വേദനപോലും ഛര്‍ദ്ദിലുണ്ടാക്കാം. എന്നാല്‍, ഛര്‍ദ്ദി നീണ്ടു നില്ക്കുകയും കുട്ടി മയക്കം കാണിക്കുകയും ചെയ്താല്‍ ഡോക്ടറെ കാണിക്കണം.
  25. ആഴമേറിയ മുറിവില്‍നിന്ന് എന്തെങ്കിലും മുഴച്ചു നില്ക്കുന്നതു കണ്ടാല്‍ അത് എടുത്തു മാറ്റാന്‍ ശ്രമിക്കരുത്. (ചിലപ്പോള്‍ അത് തലയോട്ടിയുടെ കഷണം ആകാം)
  26. അമിതമായ രക്തസ്രാവം ഉണ്ടാകുമ്പോള്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് മുറിവ് കെട്ടിവയ്ക്കുക.
  27. നിര്‍ത്താതെ ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ ഒരു സൈഡ് ചരിച്ചുകിടത്തുക.
  28. ചില വ്യക്തികളില്‍ ആഘാതത്തിന് ശേഷം ഉടനെ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരിക്കുകയും ഏതാനും നിമിഷത്തിനോ മണിക്കൂറിനോ ശേഷം ബോധക്ഷയം കാണിക്കുകയും ചെയ്യാം. അത്തരത്തിലുള്ള ലക്ഷണങ്ങള്‍ വളരെ ഗുരുതരവും തലയോട്ടിക്കുള്ളില്‍ രക്തം കട്ടപിടിക്കുന്നതിന്‍റെ ആദ്യലക്ഷണവുമാകാം. അതിനാല്‍ ഉടനെ വൈദ്യസഹായം തേടണം.
  29. വലിയ ക്ഷതങ്ങള്‍ക്കുശേഷം രോഗിക്ക് നല്ലവണ്ണം വിശ്രമം ആവശ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ പറഞ്ഞിട്ടുള്ള അത്രയും കാലയളവില്‍ കഴിക്കണം. ചിലപ്പോള്‍ ചിലര്‍ക്ക് ഓപ്പറേഷന്‍ വേണ്ടി വന്നാല്‍, ഓപ്പറേഷനുശേഷം വണ്ടി ഓടിക്കുന്നതിനും, നീന്തുന്നതിനും, പടി കയറുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. അത്തരം നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഡോക്ടര്‍ നിര്‍ദ്ദേശിച്ച സമയത്ത് ചെക്കപ്പിന് വീണ്ടും പോകേണ്ടതുമാണ്.
    തലയ്ക്കേറ്റ ആഴമേറിയ ക്ഷതം മൂലമുള്ള
    പ്രത്യാഘാതങ്ങള്‍:-
    തലയ്ക്കേറ്റ ക്ഷതത്തിന്‍റെ ഭാഗമായി ചിലര്‍ക്ക് ആജീവനാന്തം ശരീരഭാഗങ്ങളില്‍ ബലക്കുറവ്, ചുഴലി, തളര്‍വാതം, പക്ഷാഘാതം, അബോധാവസ്ഥ, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, രുചിയില്ലായ്മ, കേള്‍വിക്കുറവ്, സംസാരത്തില്‍ സ്ഫുടതയില്ലായ്മ എന്നിവയുണ്ടാകാം.

Leave a Reply