സ്മാര്‍ട്ട് ടെലിവിഷന്‍

ഡോ. ജൂബി മാത്യു
അസോ. പ്രൊഫസര്‍, അമല്‍ജ്യോതി കോളേജ്


ടെലിവിഷന്‍ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യാതലത്തില്‍ അനലോഗ് ഇലക്ട്രോണിക്സ് ടെക്നോളജിയുടെ സംഭാവനയായ അനലോഗ് ടെലിവിഷന്‍ എന്ന വിനോദപേടകം ആദ്യം കറുപ്പും വെളുപ്പും ഇടകലര്‍ത്തിയും പിന്നാലെ മഴവില്‍ നിറങ്ങളിലേയ്ക്ക് പടര്‍ന്നും ലോകദൃശ്യങ്ങളെ നമ്മുടെയൊക്കെ സ്വീകരണമുറിയിലെത്തിച്ച ആ പ്രാരംഭകാലം മുതല്‍ ഇങ്ങോട്ട് അന്നത്തെ കാഥോഡ് റേ ട്യൂബ് (CRT) ടെലിവിഷനുകളുടെ പകരക്കാരനായി ആധുനിക ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ടെക്നോളജിയുടെ സഹായത്താല്‍ ഡിജിറ്റല്‍ ടെലിവിഷനുകളായ ല്ക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ (LCD) ടെലിവിഷനിലേയ്ക്കും ലൈറ്റ് എമിറ്റിംഗ് ഡയോഡ് (LED) ഡിസ്പ്ലേ ടെലിവിഷനിലേയ്ക്കും എത്തിക്കഴിഞ്ഞു.
എന്താണ് സ്മാര്‍ട്ട് ടെലിവിഷന്‍?
ഇന്‍റര്‍നെറ്റ് സൗകര്യം കൂട്ടിയിണക്കപ്പെട്ട ഒരു കണക്റ്റഡ് ടിവിയാണ് സ്മാര്‍ട്ട് ടി.വി യെന്നു പറയാം. പതിവുള്ള ബ്രോഡ്കാസ്റ്റിങ്ങ് സമ്പ്രദായങ്ങള്‍ക്ക് (കേബിള്‍, സാറ്റലൈറ്റ്) പകരമായി ഇന്‍റര്‍നെറ്റ് സഹായത്തോടെ ടെലിവിഷന്‍ പരിപാടികള്‍ കാണുന്നതിനോടൊപ്പം യൂട്യൂബ്, വെബ് സേര്‍ച്ച്, ഗെയിമിങ്ങ് തുടങ്ങിയവയും ഇതിലൂടെ ലഭ്യമാണ്. വീടുകളില്‍ ഉപയോഗിക്കുന്ന വൈ-ഫൈ നെറ്റ് വര്‍ക്കു വഴി ടെലിവിഷന്‍ പരിപാടികളും അതുപോലെ കംപ്യൂട്ടറില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും ചെയ്യാന്‍ കഴിയും. നമ്മുടെ സ്മാര്‍ട്ട് ഫോണിലെപ്പോലെ ഓപ്പറേറ്റിങ്ങ് സിസ്റ്റവും, സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളും ഒക്കെ സ്മാര്‍ട്ട് ടി.വിയിലും ഉണ്ട്.
സ്മാര്‍ട്ട് ടിവിയുമായി ബന്ധപ്പെട്ട രണ്ട് പദങ്ങളാണ് 4K യും UHC യും. ആദ്യമായി ഡിജിറ്റല്‍ സിനിമയില്‍ അവതരിപ്പിക്കപ്പെട്ട 4096 * 2160 റെസലൂഷന്‍ ആണ് 4K. അള്‍ട്രാ ഹൈ ഡെഫനിഷനില്‍ ഇത് 3840* 24 ആണ്. സാധാരണ ഒഉ ടിവിയെക്കാളും നാലുമടങ്ങോളം ഉയര്‍ന്ന റെസലൂഷന്‍ അതാണ് 4K. 4Kയുടെ മികവും മിഴിവും അനുഭൂതിദായകമാണെങ്കില്‍ സ്ക്രീന്‍ വലിപ്പം 65 ഇഞ്ച് എങ്കിലും വേണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാധാരണ ഡിജിറ്റല്‍ ടെലിവിഷനെ എളുപ്പത്തില്‍ ഒരു സ്മാര്‍ട്ട് ടെലിവിഷനാക്കാനും ഇപ്പോള്‍ ഒട്ടേറെ സംവിധാനങ്ങള്‍ ലഭ്യമാണ്. സ്മാര്‍ട്ട് ടി.വി ക്കുമുന്നില്‍നിന്നും പ്രേക്ഷകന്‍ എഴുന്നേറ്റ് മാറിയാല്‍ ടിവി പോസ് ചെയ്യപ്പെടുന്നതും ആള്‍ തിരിച്ചെത്തിയാല്‍ ടിവി ഷോ തുടരുകയും ചെയ്യപ്പെടുന്ന തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍റ്സിന്‍റെ സഹായത്തോടെയുള്ള സാങ്കേതിക വിദ്യയും വന്നു കഴിഞ്ഞു.
സ്മാര്‍ട്ട് ടിവിയുണ്ടെങ്കില്‍ എല്ലാം സ്മാര്‍ട്ടായി എന്ന തോന്നലൊന്നും വേണ്ട. കാരണം സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തിലേപ്പോലെ തന്നെ സ്മാര്‍ട്ട് ടി വി നിര്‍മ്മാതാവും ഉപയോഗിക്കപ്പെടുന്ന സ്മാര്‍ട്ട് ടിവി പ്ലാറ്റ് ഫോമും (ഒപ്പം വിലയും) മറ്റും മാറുന്നതിനൊപ്പം സ്മാര്‍ട്ട് ടിവിയുടെ സവിശേഷതകളിലും വ്യത്യാസം വരാം. ചില മോഡലുകളില്‍ ലൈവ് ടിവി സ്റ്റോറേജ്, സോഷ്യല്‍ മീഡിയ, ആപ്പ്സ് ഗെയിംസ്, സ്ട്രീമിംഗ് വീഡിയോ എന്നിവയൊക്കെ ഉണ്ടെങ്കില്‍ മറ്റു ചില മോഡലുകളില്‍ സ്മാര്‍ട്ട് ഷെയര്‍, നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍സ് (ചഎഇ) തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉണ്ടാവും.
സ്മാര്‍ട്ട്ഫോണ്‍ പോലെ സ്മാര്‍ട്ട് ടിവിയും ഹാക്ക് ചെയ്യപ്പെടാം. വിദൂരത്തു നിന്ന് നമ്മുടെ ഹോം നെറ്റ് വര്‍ക്കിലേയ്ക്ക് നുഴഞ്ഞു കയറി നമ്മള്‍ കാണുന്ന പരിപാടികള്‍ ഏതാണെന്നും നമ്മുടെ വ്യക്തിഗതവിവരങ്ങള്‍ വരെയും കൊണ്ടു പോകാം. നിയമവിരുദ്ധമായി വ്യക്തിഗതവിവരങ്ങള്‍ ശേഖരിച്ചതിന് കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട് ടിവി ഭീമന്മാരായ വീസിയോയും, സാംസങ്ങും, എല്‍ജിയുമെല്ലാം നിയമനടപടികള്‍ നേരിട്ടിട്ടുണ്ട്.

Leave a Reply