ഇതാണോ മാധ്യമധര്‍മം?

ബിബിന്‍ മഠത്തില്‍
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ ഓര്‍മ്മിപ്പിക്കുമാറ് ഈ വര്‍ഷവും ആഗസ്റ്റ് മാസം മറ്റൊരു പ്രളയം കേരളത്തെ ഉലച്ചു. ഒരിക്കല്‍ കൂടി നാമെല്ലാം ജാതി-മത-രാഷ്ട്രീയം മറന്ന് ദുരിതത്തിലാര്‍ന്ന നമ്മുടെ സഹോദരങ്ങളുടെ കൈപിടിക്കുവാന്‍ തയ്യാറായി. ഈ ലേഖനം എഴുതുമ്പോഴും കേരളം പ്രളയത്തിന്‍റെ കെടുതിയില്‍ നിന്ന് പൂര്‍ണ്ണമായും മോചിതമായിട്ടില്ല. കവളപ്പാറയില്‍ ഇപ്പോഴും മണ്ണിനടിയില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. പ്രളയശേഷം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട പല കാര്യങ്ങളുണ്ട്. കാലാവസ്ഥാവ്യതിയാനം മുതല്‍ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം വരെയുള്ള കാര്യങ്ങള്‍ അതില്‍പെടും. സ്വാഭാവികമായും ഈ അവസരത്തില്‍ നാം മാധ്യമങ്ങളില്‍നിന്ന് പ്രതീക്ഷിക്കുക ഇത്തരം ചര്‍ച്ചകള്‍ ആയിരിക്കും. പക്ഷെ അവരുടെ താത്പര്യം ഇതിലൊന്നുമായിരുന്നില്ല.
ഇനി മറ്റൊരു സംഭവം പറയാം. പലതവണ കേന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരത്തെ ആഗസ്റ്റ് മാസം 21 -ാം തീയതി സി.ബി.ഐ അറസ്റ്റ് ചെയ്യുന്നു. ഇന്ത്യയിലെ വാര്‍ത്താമാധ്യമങ്ങളില്‍ മുഴുവന്‍ ഈ കാര്യമാണു പ്രധാന ചര്‍ച്ചാവിഷയം. പക്ഷെ കേരളത്തിലെ പ്രമുഖ വാര്‍ത്താചാനലുകള്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. കാരണം ഒരു കേന്ദ്രമന്ത്രിയുടെ അറസ്റ്റിനേക്കാളും പ്രളയത്തെക്കാളുമൊക്കെ അവര്‍ക്കു താത്പര്യം കത്തോലിക്കാസഭയും അതിന്‍റെ സന്യാസചര്യകളും സന്യാസസമൂഹങ്ങളുമൊക്കെയാണ്. ഇവിടെ അത്യാവശ്യമായി പുനര്‍നിര്‍മ്മിക്കേണ്ടത് കേരളമല്ല, മറിച്ച് കേരളത്തിലെ കത്തോലിക്കാസഭയാണു എന്ന് തോന്നിപ്പോകും ഈ വാര്‍ത്തകള്‍ കണ്ടാല്‍!
കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരള കത്തോലിക്കാസഭയിലെ സന്യാസിനികളുടെ ഇടയില്‍ സ്വയം വിമത ആയി പ്രഖ്യാപിച്ച സി. ലൂസി കളപ്പുരയായിരുന്നു ഇത്തവണയും മാധ്യമങ്ങളുടെ ഇഷ്ടവിഷയം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സന്യാസചൈതന്യത്തിനു വിപരീതമായി ജീവിച്ചു വരികയായിരുന്നു എഫ്.സി.സി സന്യാസസമൂഹത്തിലെ അംഗമായ സി. ലൂസി. സന്യാസത്തിന്‍റെ കാതലായ മൂന്നു വ്രതങ്ങളില്‍ അനുസരണവും ദാരിദ്ര്യവും പാലിക്കുന്നതില്‍ പരാജയപ്പെട്ടതും എഫ്.സി.സി സഭയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജീവിക്കുന്നതുമാണ് സി. ലൂസിക്കെതിരെ നടപടികള്‍ എടുക്കാന്‍ എഫ്.സി.സി സന്യാസസമൂഹത്തെ പ്രേരിപ്പിച്ചത്. സി. ലൂസിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഈ ആരോപണങ്ങളൊക്കെ അവര്‍ വ്യക്തമായി പറയുന്നുമുണ്ട്. സന്യാസസഭയുടെ നിയമത്തിനു വിരുദ്ധമായി 2017 മുതല്‍ തന്‍റെ ശമ്പളം സഭയ്ക്ക് കൈമാറാത്തതും സ്വകാര്യസ്വത്തുക്കള്‍ പാടില്ല എന്ന നിയമം മറികടന്ന് കാറുവാങ്ങിയതുമൊക്കെ അവര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ പെടും. എഫ്.സി.സി.കോണ്‍ഗ്രിഗേഷന്‍ നല്‍കിയ നോട്ടീസും അവരുടെ നിയമാവലിയും പഠിച്ചതില്‍നിന്ന് സി. ലൂസി കളപ്പുരയ്ക്കെതിരെ അവരുടെ മേലധികാരികള്‍ എടുത്തിരിക്കുന്ന നടപടി തീര്‍ത്തും ഉചിതവും ന്യായവുമാണ്. റോമിലെ പൗരസ്ത്യ തിരുസംഘത്തിനും ഇത് ബോധ്യമായതിനാലാണു അവര്‍ സി. ലൂസിയെ സന്യാസസഭയില്‍നിന്ന് ഡിസ്മിസ് ചെയ്യാനുള്ള എഫ്.സി.സി കോണ്‍ഗ്രിഗേഷന്‍റെ ശുപാര്‍ശയെ അംഗീകരിച്ചത്.
റോമില്‍ നിന്ന് പൗരസ്ത്യതിരുസംഘംവരെ അംഗീകരിച്ച ഈ തീരുമാനം തെറ്റാണെന്ന് വാദിച്ചുകൊണ്ട് കേരളത്തിലെ ചാനലുകളില്‍ വാര്‍ത്ത വരുന്നതും പ്രസ്തുത സന്യാസിനിക്കുവേണ്ടി പ്രൈം ടൈം അന്തിചര്‍ച്ചകള്‍ വരെ അവര്‍ നടത്തുന്നതുമാണ് നാം പിന്നീട് കണ്ടത്. കത്തോലിക്കാസഭയുടെ സംവിധാനത്തെ വെല്ലുവിളിച്ചും അവഹേളിച്ചുമാണ് ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും മുന്നേറിയത്. കത്തോലിക്കാസഭയിലെ സന്യസ്തരെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാര്‍ത്തോമാ സഭയിലെ അംഗമായിരുന്ന റോയ് മാത്യുവും ഓര്‍ത്തഡോക്സ് സഭയിലെ അംഗമായ വിനു വി. ജോണും സന്യാസം ഉപേക്ഷിച്ച ജസ്മിയും അന്യമതസ്ഥരായ വേണുവും അരുണും മറ്റു സഭാവിരുദ്ധരുമൊക്കെ മത്സരിക്കുകയായിരുന്നു. സഭാസംവിധാനങ്ങളെക്കുറിച്ചോ ക്രൈസ്തവ സന്യാസത്തെക്കുറിച്ചോ ഇവര്‍ക്കൊന്നും തന്നെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഇല്ലായിരുന്നു എന്ന് മാത്രമല്ല, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിളിച്ചു പറഞ്ഞ് സഭയെ അവഹേളിക്കുന്നതില്‍ ഇവര്‍ യാതൊരു മടിയും കാണിച്ചതുമില്ല.
കേരളത്തിലെ മറ്റൊരു സമുദായത്തിന്‍റെയും നേരെ നടക്കാത്ത രീതിയിലുള്ള മാധ്യമ ഗൂഢാലോചനയാണ് കത്തോലിക്കാസഭക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത് എന്നത് വെളിപ്പെട്ട ദിവസങ്ങളാണു കടന്നുപോയതെന്ന് നിസ്സംശയം പറയാം. വാര്‍ത്തകള്‍ കൊടുക്കുക മാത്രമല്ല, ഭീഷണിയിലൂടെ തങ്ങളുടെ അജണ്ട കത്തോലിക്കാസഭയിലും സഭയിലെ സന്യാസസമൂഹങ്ങളിലും വരെ നടപ്പാക്കാനുള്ള ശ്രമവുമാണു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, തങ്ങളുടെ നിയമം അനുസരിച്ചും റോമിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ അനുമതിയോടെയും, എഫ്.സി.സി സന്യാസസമൂഹം തങ്ങളുടെ ഒരംഗത്തെ പുറത്താക്കിയതിനെ ചോദ്യം ചെയ്യുന്നത് ആ സന്യാസസമൂഹത്തിന്‍റെ നേരെയുള്ള ഭീഷണിയാണ്. മാധ്യമങ്ങളുടെ ഈ ശ്രമത്തിനു പിന്നില്‍ മറ്റു മത- രാഷ്ട്രീയ- തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പോലും പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്‍റെ തനതായ ഒരു സന്യാസസമൂഹമാണു എഫ്.സി.സി. അല്‍ഫോന്‍സാമ്മയേയും റാണിമരിയയേയും ഒക്കെ കേരളസഭയ്ക്ക് സമ്മാനിച്ചവര്‍. അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള മാധ്യമനീക്കം അപലപനീയമാണ്. ഇത് ഒരു ടെസ്റ്റ് ഡോസാണ്. ഇന്ന് അവര്‍ എഫ്. സി. സിയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെട്ടെങ്കില്‍ നാളെ അവര്‍ സഭയിലെ മറ്റേത് സമൂഹത്തിന്‍റെയും ആഭ്യന്തരകാര്യത്തില്‍ ഇടപെടും. അതില്‍ സംശയമൊന്നുമില്ല. അതുകൊണ്ടാണു ഇത് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതും.
ഇവിടെ എന്നെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത് നമ്മുടെ നിഷ്ക്രിയത്വം ആണ്. നമ്മുടെ ഒരു സന്യാസസമൂഹം അവരുടേതായ കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നതിനെ ഭീഷണിയിലൂടെയും അപവാദങ്ങളിലൂടെയും തടയാന്‍ ശ്രമിച്ചിട്ടും നമ്മള്‍ എന്തേ പ്രതികരിക്കാത്തത്? ആവശ്യമുള്ളതും ഇല്ലാത്തതുമായ എത്രയോ കാര്യങ്ങളില്‍ നമ്മള്‍ പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളുടെയും മറ്റു തത്പരകക്ഷികളുടെയും വ്യക്തമായ ഇടപെടല്‍ ഉണ്ടായിട്ടും നമ്മളെന്തു ചെയ്തു? ഇടവകതലത്തിലെങ്കിലും ഒരു പ്രതിഷേധയോഗം സംഘടിപ്പിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാനും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാനും നമുക്ക് സാധിച്ചോ? നമ്മുടെ സന്യാസഭവനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ? അതോ നസ്രാണിയുടെ സ്വത്വബോധം മാധ്യമങ്ങള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മറ്റു മത-രാഷ്ട്രീയ തീവ്രവാദി ഗ്രൂപ്പുകള്‍ കെട്ടിച്ചമയ്ക്കുന്ന അജണ്ടകള്‍ക്കും അടിയറവ് വച്ചോ?
ക്രൈസ്തവസഭയുടെ ആഭ്യന്തരകാര്യങ്ങളിലും അവളുടെ സന്യാസഭവനങ്ങളിന്മേലുമുള്ള മാധ്യമങ്ങളുടെയും തത്പരകക്ഷികളുടെയും ഇടപെടലുകള്‍ അവസാനിപ്പിക്കേണ്ടതാണ്. സഭയ്ക്കുവേണ്ടിയും സമുദായത്തിനുവേണ്ടിയും നമ്മുടെ സന്യാസ സഹോദരീ – സഹോദരന്മാര്‍ക്കു വേണ്ടിയും അത് ചെയ്യുവാന്‍ നമുക്ക് കടമയുമുണ്ട്.

Leave a Reply