ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട 10 ഉത്തരങ്ങള്‍

ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍

  1. എന്താണ് എക്യുമിനിസവും മതാന്തര സംവാദവും തമ്മിലുള്ള വ്യത്യാസം?
    എല്ലാ ക്രൈസ്തവ സഭകളും തമ്മിലുള്ള ഐക്യം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, പരിശുദ്ധാത്മാവിന്‍റെ വരങ്ങളാല്‍ നയിക്കപ്പെടുന്ന സംവാദവും പരസ്പരസഹകരണവുമാണ് എക്യുമെനിസം അഥവാ സഭൈക്യം എന്നുപറയുന്നത്. ത്രിത്വൈക ദൈവത്തെ വിളിച്ചപേക്ഷിക്കുകയും മിശിഹായെ നാഥനും രക്ഷകനുമായി ഏറ്റുപറയുകയും ചെയ്യുന്നവയെല്ലാം സഭൈക്യ സംഭാഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
    മിശിഹാനാഥന്‍ ഒരേ ഒരു സഭമാത്രം സ്ഥാപിച്ചു. എന്നാല്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ തങ്ങളാണ് ഈശോയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശികള്‍ എന്ന് അവകാശപ്പെടുന്നു എന്നാല്‍ മിശിഹാ തന്നില്‍തന്നെ വിഭജിക്കപ്പെട്ടാലെന്നപോലെ അവരുടെ പഠനങ്ങള്‍ അനുഗമിക്കുന്ന പാതകള്‍ വിവിധങ്ങളുമാണ്. എന്നാല്‍ ഈ വിഭജനം ഈശോയുടെ തിരുമനസ്സിന് തീര്‍ച്ചയായും എതിരാണ്. അത് ലോകത്തിന് ഇടര്‍ച്ചയുമാണ്. അതിനാല്‍ മിശിഹായുടെ എല്ലാ അനുയായികളും തമ്മിലുള്ള ഐക്യത്തിനായി തിരുസഭ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു.
    ജാതി, മതം, വര്‍ണ്ണം, ജീവിത നിലവാരം എന്നിവയുടെ പേരില്‍ മനുഷ്യനോട് വിവേചനം കാണിക്കുന്നതിനെയും മനുഷ്യനെ ഞെരുക്കുന്നതിനെയും സഭ തികഞ്ഞ അവജ്ഞയോടെയാണ് വീക്ഷിക്കുന്നത്. കാരണം അത് ഈശോയുടെ ഹിതത്തിനു വിരുദ്ധമാണ്. അതിനാല്‍ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ മാതൃകയും കാല്പാടുകളും പിന്തുടര്‍ന്ന്(1 പത്രോ 2,22) “ഇതരമതസ്ഥരുടെ ഇടയില്‍ സൗഹൃദം പുലര്‍ത്തുക” എന്നതിനും എല്ലാ മനുഷ്യരും സമാധാനത്തില്‍ സഹവസിക്കുന്നതിനും തിന്മകള്‍ക്കും, ദാരിദ്ര്യത്തിനും എതിരെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുമാണ് സഭ മതാന്തരസംവാദത്തിന് (Inter religious Dialogue) പരിശ്രമിക്കുന്നത്. കാരണം ദൈവം എല്ലാ മനുഷ്യരുടെയും പിതാവാണ്. വി. യോഹന്നാന്‍ ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ “സ്നേഹമില്ലാത്തവന്‍ ദൈവത്തെ അറിയുന്നില്ല.”( 1 യോഹ 4:8)
  2. ഇതര മതസ്ഥര്‍ക്ക് രക്ഷ ലഭിക്കുമോ? അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ?
    രക്ഷ ആര്‍ക്കാണ് നല്‍കേണ്ടത് എന്നത് ദൈവത്തിന്‍റെ തീരുമാനമാണ്. അതേസമയം രക്ഷ ഈശോയിലൂടെ മാത്രമേ സാധിതമാവുകയുള്ളൂ. കാരണം ദൈവം മനുഷ്യാവതാരം ചെയ്ത് രക്ഷയ്ക്കായി കാണിച്ചു തന്നിരിക്കുന്ന മാര്‍ഗ്ഗം ഈശോ മാര്‍ഗ്ഗമാണ്. തിരുസഭ പിന്തുടരുന്നത് ഈശോയുടെ മാര്‍ഗ്ഗമാണ്. എന്നാല്‍ ആരെങ്കിലും അവരുടെ കുറ്റം കൊണ്ടല്ലാതെ ഈശോയെക്കുറിച്ച് അറിയാതിരിക്കുകയും അതേസമയം അവരുടെ മന:സാക്ഷിയനുസരിച്ചും ജന്മനാ അവരുടെയുള്ളില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിന്‍റെ പ്രചോദനങ്ങള്‍ക്കനുസരിച്ചും ആത്മാര്‍ത്ഥമായും സത്യസന്ധമായും ജീവിക്കുകയും ചെയ്താല്‍ അവര്‍ക്ക് രക്ഷയ്ക്ക് സാധ്യതയുണ്ട്. കാരണം ഈശോ ലോകത്തിന്‍റെ മുഴുവന്‍ രക്ഷകനായാണ് അവതരിച്ചത്. അതേസമയം ഈശോയെ അറിഞ്ഞിട്ടും നിരാകരിക്കുകയോ, അവിടുത്തെ പാത പിന്തുടരുകയോ ചെയ്യാത്തവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്നു വിശ്വസിക്കുവാന്‍ പ്രയാസമാണ്. കാരണം വഴിയും സത്യവും ജീവനും ഞാനാകുന്നു’ (യോഹ: 14 :6) എന്നാണല്ലോ ഈശോ അരുള്‍ ചെയ്തിരിക്കുന്നത്.
  3. ഇതരമതസ്ഥരുമായുള്ള വിവാഹബന്ധത്തെ സഭ പ്രോത്സാഹിപ്പിക്കാത്തത് എന്തുകൊണ്ട്? ഏതു മതത്തില്‍ വിശ്വസിച്ചാലും രക്ഷപ്രാപിക്കുകയില്ലേ?
    ഏതു മതത്തില്‍ വിശ്വസിച്ചാലും രക്ഷപ്രാപിക്കുമെന്ന് സഭ പഠിപ്പിക്കുന്നില്ല. അതുപോലെ ഇതര മതസ്ഥരുമായുള്ള വിവാഹബന്ധത്തെ സഭ നിരാകരിക്കുന്നു. കാരണം കത്തോലിക്കര്‍ക്ക് വിവാഹം ഒരു കൂദാശയാണ്. മാമ്മോദീസാ സ്വീകരിച്ച രണ്ടുപേര്‍ തമ്മിലുള്ള വിവാഹമാണ് കൂദാശയാകുന്നത്. എന്നാല്‍ പ്രത്യേകസാഹചര്യങ്ങളില്‍, വിട്ടുപിരിയാന്‍ സാധിക്കാത്ത സ്നേഹബന്ധത്തിലായ ഒരു കത്തോലിക്കനും ഒരു അക്രൈസ്തവനും തമ്മില്‍ മനുഷ്യമഹത്വം, വ്യക്തിസ്വാതന്ത്ര്യം എന്നിവ സഭ അംഗീകരിക്കുന്നതുകൊണ്ടാണ് ഈ വിധമുള്ള വിവാഹത്തെ അംഗീകരിക്കുന്നത്. എന്നാല്‍ ഇത് കൂദാശയായി പരിഗണിക്കുന്നില്ല. മാത്രമല്ല വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള, രണ്ടു പൗരസ്ത്യര്‍ തമ്മിലുള്ള രണ്ടു സംസ്കാരങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലാണ്. അതിനാല്‍ ഒരേ വിശ്വാസത്തിലും സംസ്കാരത്തിലും പാരമ്പര്യത്തിലും ഉള്ള കുടുംബാംഗങ്ങളുടെ കൂടിച്ചേരലാണ് സഭ അഭിലഷണീയമായി കരുതുന്നത്.
  4. പിശാച്, പ്രേതം മുതലായവ ഉണ്ടോ?
    വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു പിശാച് ഉണ്ട് എന്ന്. അതിനാല്‍ പിശാച് അല്ലെങ്കില്‍ തിന്മയുടെ ശക്തി തീര്‍ച്ചയായും ഉണ്ട്. നന്മയില്‍ നിന്ന് നമ്മെ അകറ്റുന്ന എന്തും പിശാചിന്‍റെ അഥവാ തിന്മയുടെ പ്രവര്‍ത്തനമായി കാണാന്‍ സാധിക്കും. എന്നാല്‍ പ്രേതവും പിശാചും നമ്മുടെ വിശ്വാസത്തില്‍ ഒന്നല്ല. പ്രേതം എന്ന് അര്‍ത്ഥമാക്കുന്നത് മരിച്ചവരുടെ ആത്മാക്കള്‍ മരണശേഷം ഭൂമിയില്‍ അലഞ്ഞു തിരിയുന്നു എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ സഭ അത് പഠിപ്പിക്കുന്നില്ല. കാരണം മരണശേഷം തനതുവിധി, എന്നാണ് സഭ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. മരണശേഷം തനതുവിധി വഴി മരിച്ചവരുടെ ആത്മാക്കള്‍ ശിക്ഷാവിധിക്കോ, നിത്യസൗഭാഗ്യത്തിനോ, ശുദ്ധീകരണസ്ഥലത്തിനോ അര്‍ഹരാകുന്നു. എന്നാല്‍ അന്ത്യവിധിയെ അത് ഇല്ലാതാക്കുന്നുമില്ല. ലോകാവസാനനാളിലാണ് അന്ത്യവിധി അഥവാ പൊതുവിധി. അതിനാല്‍ സാധാരണ നമ്മള്‍ പറയുന്നതുപോലെ പിശാചും പ്രേതവും ഒന്നല്ല. പിശാച് ഉണ്ട്. അത് തിന്മയുടെ ശക്തിയാണ്. മരിച്ചവരുടെ ആത്മാക്കള്‍ ഉണ്ട്. എന്നാല്‍ അവ പ്രേതങ്ങളായി ഭൂമിയില്‍ അലഞ്ഞുതിരിയുന്നു എന്ന് സഭ പഠിപ്പിക്കുന്നില്ല.
  5. ദൈവത്തെ ആരാധിക്കാത്ത മതങ്ങള്‍ ഉണ്ടോ?
    തീര്‍ച്ചയായും. യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കാത്ത മതങ്ങളുള്ളതുപോലെ ദൈവം ഇല്ലാത്ത മതങ്ങളും പ്രകൃതിശക്തിയെ ആരാധിക്കുന്ന മതവിശ്വാസികളും ഉണ്ട്. പിന്നെയും ശാസ്ത്രത്തെ ആരാധിക്കുന്നവരും ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ആരാധനാലയങ്ങളും മറ്റും നിര്‍മ്മിച്ച് ആരാധിക്കുന്ന വിവിധവിഭാഗക്കാര്‍ ലോകത്തിലുണ്ട്. ഫലിതരൂപേണയാണെങ്കിലും ഡിങ്കന്‍ മതം എന്നു പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ നമ്മുടെ കൊച്ചു കേരളത്തില്‍പ്പോലുമുണ്ടല്ലോ. നിയതമായ ഒരു ഘടനയോ ഭരണസംവിധാനമോ പലപ്പോഴും ഇവയ്ക്ക് കാണില്ല. പേഗന്‍ മതങ്ങളും ഇതില്‍പ്പെടുന്നു.
  6. പിശാചിനെ നിര്‍വ്വചിക്കാമോ?
    ക്രിസ്തീയ വിശ്വാസമനുസരിച്ച് ദൈവത്തെ വെല്ലുവിളിച്ച് ദൈവസന്നിധിയില്‍നിന്ന് പുറന്തള്ളപ്പെട്ട ഒരു മാലാഖയാണ് പിശാച്. എന്നാല്‍ തിന്മയുടെ ശക്തിയായി പാപത്തിലേയ്ക്ക് മനുഷ്യനെ നിപതിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശക്തിയായിട്ടാണ് സഭ പിശാചിനെ കാണുന്നത്. ദൈവത്തില്‍ നിന്ന്, നന്മയില്‍നിന്ന് നമ്മെ അകറ്റാന്‍ ശ്രമിക്കുന്ന എന്തിനേയും തിന്മയുടെ, പിശാചിന്‍റെ പ്രതിരൂപമായി കാണാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ തിന്മയുടെ മൂര്‍ത്തീകരണമാണ് പിശാച്.
  7. വിവാഹമെന്ന കൂദാശയില്‍ താലി കെട്ടുന്നത് എന്തിന്?
    തിരുസഭയിലെ കൂദാശകളിലൊന്നായ വിവാഹം നടത്തപ്പെടുന്നതിന് ചില പ്രത്യേകരീതികളുണ്ട്. രീതികള്‍ക്കനുസൃതമായി മാത്രമേ ഒരു വിവാഹം ആശീര്‍വ്വദിക്കപ്പെടുകയുള്ളൂ. ഒരു വിവാഹം നിയമാനുസൃതമാകണമെങ്കില്‍ അതില്‍ കൗദാശികമായ അനുഷ്ഠാനവിധികളും (മെരൃലറ ൃശലേ) രൂപതയിലെ മെത്രാന്‍റെയോ ഇടവകവികാരിയുടെയോ അല്ലെങ്കില്‍ ഇവരിലാരെങ്കിലും ചുമതലപ്പെടുത്തിയവരോ വിവാഹം ആശീര്‍വ്വദിക്കുന്നതിന് അധികാരമുള്ളവരുമായ വൈദികരുടെയോ സാന്നിധ്യവും അനുഗ്രഹവും ചുരുങ്ങിയപക്ഷം രണ്ടു സാക്ഷികളുടെയെങ്കിലും സാക്ഷ്യവും അത്യാവശ്യവുമാണ്. (പൗരസ്ത്യ കാനന്‍ നിയമം – നമ്പര്‍ 828)
    ഓരോ കൂദാശയ്ക്കും മാറ്റര്‍ (Matter)) എന്നും ഫോം (Form))എന്നും വിളിക്കപ്പെടുന്ന രണ്ടു ഘടകങ്ങള്‍ ഉണ്ട്. കൂദാശ നിയമപരമായതും വാസ്തവമാക്കുന്നതുമായ പരികര്‍മ്മത്തിനുമായി മിശിഹാ സ്ഥാപിച്ച് സഭ അനുവര്‍ത്തിച്ച മാറ്റര്‍ (matter)ഫോം (form) ഇവ ആവശ്യമാണ്. അടിസ്ഥാനപരമായി വിവാഹത്തിലെ ഫോം (form) വധൂവരന്മാരുടെ പരസ്പരസമ്മതമാണ്. വിവാഹത്തിലെ മാറ്റര്‍ ആ പരസ്പരസമ്മതം സഭയുടെ മുമ്പാകെ പ്രഖ്യാപിക്കുന്ന രീതിയും പരികര്‍മ്മം ചെയ്യപ്പെടുന്ന ആരാധനാക്രമശൈലിയുമാണ്. അതിനാല്‍ ഭാരതീയ സംസ്കാരത്തിന്‍റെ അനുരൂപണമായ താലികെട്ട് വിവാഹകൂദാശയുടെ മാറ്ററിന്‍റെ ഭാഗമായി തിരുസഭ അനുവദിച്ചിരിക്കുന്നതാണ്. താലികെട്ടുന്നത് ഭാരതീയ സാംസ്കാരിക അനുരൂപണമായതിനാല്‍ ഇന്‍ഡ്യക്കു പുറത്തുള്ള വ്യക്തിസഭകളില്‍ താലികെട്ട് ഉണ്ടാവുകയില്ല. വധൂവരന്മാരുടെ പരസ്പരസമ്മതവും വിശുദ്ധസുവിശേഷം സാക്ഷിയാക്കി നടത്തുന്ന ഉടമ്പടി പ്രതിജ്ഞയുമാണ് വിവാഹം എന്ന കൂദാശയുടെ അവിഭാജ്യഘടകങ്ങള്‍. ഒപ്പം വൈദികന്‍റെ ആശീര്‍വാദവും സമൂഹത്തിന്‍റെ സാന്നിധ്യവും. ക്രൈസ്തവസഭകളില്‍ ഉപയോഗിക്കുന്ന താലിയില്‍ സ്ലീവാ ആലേഖനം ചെയ്തിട്ടുണ്ട്. അതാണ് മറ്റു മതങ്ങളില്‍നിന്ന് ക്രൈസ്തവരുടെ താലിയെ വേര്‍തിരിക്കുന്നത്.
  8. എല്ലാ മതങ്ങളിലും സത്യമുണ്ടോ? പൂര്‍ണ്ണമായും സത്യമായ മതമുണ്ടോ?
    ഈ ചോദ്യത്തിന് ഉത്തരം ഏതാനും വാക്കുകളില്‍ മാത്രം തെറ്റിദ്ധരിക്കപ്പെടുവാന്‍ ഇടയുണ്ട്. എങ്കിലും ചുരുക്കമായി ഇപ്രകാരം സംഗ്രഹിക്കാം. ജനതകളുടെ ആവശ്യവും സാഹചര്യങ്ങളും അനുസരിച്ച് പല വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും ദൈവം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവം വെളിപ്പെടുത്തുന്ന ദൈവികസത്യങ്ങള്‍ പൂര്‍ണ്ണമായും ഗ്രഹിക്കുന്നതിന് മനുഷ്യന് പരിമിതികള്‍ ഏറെയുണ്ട്. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ദൈവിക വെളിപാടുകളും അവയെ മനസ്സിലാക്കുന്നതിലെ ഏറ്റക്കുറച്ചിലുകളും അനുസരിച്ച് കേവലസത്യത്തെ ആവിഷ്കരിക്കുന്നതിലും ദൈവാവിഷ്കരണങ്ങളുടെയും വെളിച്ചത്തില്‍ സ്വാഭാവികമതങ്ങള്‍ എന്നും അതിസ്വാഭാവികമതങ്ങള്‍ (Natural religion and super natural Religion)എന്നും രണ്ടായി തിരിക്കാം.
    ദൈവത്തേയും ആത്യന്തികസത്യത്തെയും അന്വേഷിക്കുന്നവര്‍ക്ക് ദൈവത്തേക്കുറിച്ച് എന്തെങ്കിലുമൊക്കെ മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. കാരണം മനുഷ്യബുദ്ധിക്കും ശ്രവണശക്തിക്കും പരിമിതമാണെങ്കിലും പരിമിതമായ വിധത്തില്‍ സത്യത്തെ മനസ്സിലാക്കാനും ഗ്രഹിക്കാനും കഴിവുള്ളതാണ്. അതിനാല്‍ സാര്‍വ്വത്രികമായി നല്‍കപ്പെട്ട ദൈവികവെളിപാടിന്‍റെയും രശ്മികള്‍ ഇതരമതങ്ങളിലും പല തോതുകളിലായി കാണാന്‍ സാധിക്കും. ഇവയെല്ലാം ആ മതങ്ങളിലുള്ള സത്യത്തിന്‍റെ അംശങ്ങളാണ്. അതിനാല്‍ രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ അക്രൈസ്തവമതങ്ങള്‍ എന്ന പ്രമാണരേഖയില്‍ സഭ ഇപ്രകാരം പഠിപ്പിക്കുന്നു. ” ഇതരമതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായുള്ളവയെ ഒന്നും സഭ നിഷേധിക്കുന്നില്ല.” (നമ്പര്‍2). ഇവിടെ വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ട വസ്തുത ഇതരമതങ്ങളില്‍ കാണുന്ന എല്ലാ സത്യവും വിശുദ്ധവും ശരിയുമാണെന്ന നിലപാട് കത്തോലിക്കാസഭയ്ക്കില്ല. മറിച്ച് ഇതരമതങ്ങളില്‍ സത്യത്തിന്‍റെ കണികകള്‍ ഉണ്ടായിരിക്കാം എന്നും അങ്ങനെയുണ്ടെങ്കില്‍ ആ രശ്മികളെ സഭ നിഷേധിക്കുന്നില്ല, മറിച്ച് മാനിക്കണം എന്നുമാണ് അര്‍ത്ഥം.
    ദൈവം തന്നെ മനുഷ്യസ്വഭാവം സ്വീകരിച്ച് മനുഷ്യനായി അവതരിച്ച് മനുഷ്യന് മനസ്സിലാക്കാനും മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാനും പറ്റുന്ന വിധത്തില്‍ പഠിപ്പിച്ചിരിക്കുന്നതാണ്. വെളിപാടിന്‍റെ പൂര്‍ണ്ണത ഈശോയിലും ഈശോ പഠിപ്പിച്ചതിലും ഈശോയെ അനുഗമിക്കുന്ന കത്തോലിക്കാസഭയിലും കാണാന്‍ സാധിക്കും,
  9. ഈശോ എന്തിനാണ് കുരിശില്‍ മരിച്ചത്? പാപപരിഹാരത്തിനായി ഈശോ കുരിശില്‍ മരിക്കേണ്ടതിന്‍റെ ആവശ്യകത ഉണ്ടായിരുന്നോ?
    മിശിഹാ കുരിശില്‍ മരിച്ചത് മനുഷ്യവംശം മുഴുവനുംവേണ്ടിയാണ്. പാപം ചെയ്ത് നിത്യരക്ഷയും സ്വര്‍ഗ്ഗഭാഗ്യവും നഷ്ടപ്പെടുത്തിയ മനുഷ്യവംശത്തിനുവേണ്ടി പാപപരിഹാരം ചെയ്ത് മനുഷ്യവംശത്തിന് തിരിച്ച് നല്‍കുന്നതിനുവേണ്ടിയാണ് ഈശോ കുരിശില്‍ മരിച്ചത്. മനുഷ്യവംശത്തിന്‍റെ മുഴുവന്‍ പാപങ്ങളുടെയും പരിഹാരമായിട്ടാണ് ഈശോ കുരിശില്‍ മരിച്ചത്. അതു വഴി മനസ്സാകുന്നവര്‍ക്ക് രക്ഷ കരഗതമാകുന്നു. കാരണം വസ്തു നിഷ്ഠമായി മനുഷ്യന് പകര്‍ന്നു നല്‍കിയിരിക്കുന്ന രക്ഷ, വ്യക്തിപരമായി ഓരോരുത്തരും സ്വന്തമാക്കണം. തന്‍റെ രക്ഷാകരദൗത്യത്തിലൂടെ ഈശോ വീണ്ടു രക്ഷിച്ചത് മനുഷ്യവംശം മുഴുവനേയുമാണ്. ഈ രക്ഷാകരചരിത്രത്തിന്‍റെ ഭാഗമാകുവാന്‍ വിളിക്കപ്പെട്ടവരാണ് മതഭേദമില്ലാതെ ഓരോ മനുഷ്യരും. അതിനാല്‍ എല്ലാമനുഷ്യരും രക്ഷ പ്രാപിക്കുന്നത് ഈശോയിലൂടെ മാത്രമാണ്.
    പഴയനിയമ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് ഈശോ കുരിശില്‍ മരിച്ചത്. പക്ഷേ നിയമഗ്രന്ഥങ്ങളില്‍ സംഖ്യയുടെ പുസ്തകത്തിലും ഏശയ്യാ 53:5, സങ്കീ 22:14-18, സഖറിയാ 12:10 തുടങ്ങിയ ഭാഗങ്ങളിലെല്ലാം കാണുന്ന പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് ഈശോയുടെ കുരിശുമരണം. അതോടൊപ്പം സ്രഷ്ടാവിനെതിരായി വെറും സൃഷ്ടിമാത്രമായ മനുഷ്യന്‍ ചെയ്ത തെറ്റ് പരിഹരിക്കുവാന്‍ മനുഷ്യന് ഒരു കാലത്തും സാധിക്കുമായിരുന്നില്ല. അതിനാല്‍ ദൈവം തന്നെ മനുഷ്യനോടുള്ള സ്നേഹത്തെപ്രതി മനുഷ്യനായി ഇറങ്ങിവന്ന് മനുഷ്യനുവേണ്ടി(യോഹ3:16) പാപപരിഹാരം ചെയ്ത് മനുഷ്യന് രക്ഷ സാധ്യമാക്കി. ഈശോയുടെ കാലഘട്ടത്തില്‍ ഒരു കുറ്റവാളിക്ക് നല്‍കിയിരുന്ന ഏറ്റവും വലിയ ശിക്ഷയായിരുന്നു കുരിശുമരണം. മനുഷ്യന്‍റെ പാപപരിഹാരത്തിനായി ദൈവം ഏറ്റവും വലിയ ശിക്ഷ തന്നെ കുരിശുമരണത്തിലൂടെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത.്
  10. ശാസ്ത്രം വളരുംതോറും മതത്തിനു പ്രാധാന്യം കുറയുകയില്ലേ?
    മതവും ശാസ്ത്രവും മനുഷ്യന്‍റെ അന്വേഷണത്വരയുടെ ഭാഗമാണ്. മനുഷ്യന്‍റെ ജീവിതത്തിലെ സമസ്യകള്‍ക്ക് ഉത്തരം നല്‍കുവാനാണ് പരിശ്രമിക്കുന്നത്. ജീവിതത്തിന്‍റെ അര്‍ത്ഥമെന്താണ്. മരണശേഷം മനുഷ്യന് എന്തു സംഭവിക്കുന്നു? മനുഷ്യന്‍ ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ഞാന്‍പരിശ്രമിക്കുന്നു. അതുപോലെ മനുഷ്യന്‍റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവന്‍റെ അറിയാനുള്ള തൃഷ്ണയെ ശമിപ്പിക്കാനുമായി ശാസ്ത്രവും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ത്തന്നെ ശാസ്ത്രവും മതവും പരസ്പരവിരുദ്ധങ്ങളല്ല എന്നു കാണുവാന്‍ സാധിക്കും.
    മതങ്ങളും ശാസ്ത്രവും പരസ്പരപൂരകങ്ങളും അവയ്ക്ക് പരസ്പരം സഹായികളായി വര്‍ത്തിക്കുവാനും സാധിക്കുന്നു. കാരണം ഗവേഷണശാലയില്‍ ശാസ്ത്ര നിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ സാധിക്കാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനാണ് മതങ്ങള്‍ പരിശ്രമിക്കുന്നത്. അതുപോലെ മതത്തേയും തത്വങ്ങളെയും ശരിയായും ശാസ്ത്രീയമായും മനസ്സിലാക്കുന്നതിനും ശാസ്ത്രം മതങ്ങളെ സഹായിക്കുന്നു. അതിനാല്‍ മതവും ശാസ്ത്രവും പരസ്പരവിരുദ്ധമല്ല. മറിച്ച് പരസ്പരസഹായികളും പരസ്പരപൂരകങ്ങളുമാണു താനും. മനുഷ്യന്‍റെ രണ്ടു വ്യത്യസ്ത തലങ്ങളിലാണ്-ഭൗതികവും- ആത്മീയവുമായ- മതങ്ങളും ശാസ്ത്രവും വ്യാപരിക്കുന്നത്. അതിനാല്‍ ശാസ്ത്രം വളരുന്തോറും മതത്തിന്‍റെ പ്രാധാന്യം ഒട്ടും കുറയുന്നുമില്ല, മറിച്ച് മതത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ ‘ശാസ്ത്രമില്ലാത്ത മതവിശ്വാസം അന്ധവും മതവിശ്വാസമില്ലാത്ത ശാസ്ത്രം മുടന്തുള്ളതുമാണ്’.

Leave a Reply