ലവ് ജിഹാദ് സത്യമോ മിഥ്യയോ?


ജിന്‍സ് നല്ലേപ്പറമ്പില്‍
ലവ് ജിഹാദ് എന്നത് കേവലം ഒരു സങ്കല്പമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ പ്രണയിച്ചു മതം മാറ്റുകയും പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങള്‍ കേരളത്തില്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇക്കാര്യം മാധ്യമങ്ങളോ, സാംസ്കാരിക നായകരോ ചര്‍ച്ച ചെയ്യുകയുണ്ടായിട്ടില്ല. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിലാപങ്ങള്‍ക്കുനേരേ മുഖംതിരിച്ച് വര്‍ഗീയതയേയും ഫാസിസത്തെയും ചെറുക്കുന്നതിന്‍റെ തിരക്കിലാണ് അവര്‍ എപ്പോഴും. സംഘപരിവാര്‍ രാഷ്ട്രീയത്തിനു കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള കളികളാണ് എന്നു പുച്ഛിച്ച് അവര്‍ എതിര്‍പ്പുകളെ അവഗണിക്കുകയും പ്രണയ മതംമാറ്റങ്ങളെ മഹത്വവത്കരിക്കുകയും ചെയ്യുന്നു. അന്യമതസ്ഥരെ പ്രണയിച്ചു വിവാഹം കഴിക്കുന്നതോ, ഭര്‍ത്താവിന്‍റെ മതത്തിലേക്ക് ഭാര്യ മാറുന്നതോ അല്ല ഇവിടുത്തെ പ്രശ്നം എന്നത് അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കൗമാരം പിന്നിട്ടിട്ടില്ലാത്ത പെണ്‍കുട്ടികളെ നുണ പറഞ്ഞും, തെറ്റിധരിപ്പിച്ചും പ്രണയത്തില്‍ കുരുക്കുന്നതും, ബ്ലാക്ക്മെയില്‍ ചെയ്ത് വിവാഹത്തിനു നിര്‍ബന്ധിക്കുന്നതും മതം മാറ്റുന്നതും, മയക്കുമരുന്നു നല്‍കിയും മസ്തിഷ്കപ്രക്ഷാളനം നടത്തിയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ സംഭവങ്ങള്‍ക്കു പിന്നിലുള്ള ദേശവിരുദ്ധ തീവ്രവാദശക്തികളെ വെളിച്ചത്തുകൊണ്ടുവരേണ്ടത് നമ്മുടെ നാടിന്‍റെ സുരക്ഷയ്ക്കും സമാധാനപൂര്‍ണമായ ഭാവിക്കും അത്യാവശ്യമാണ്. കേരളത്തില്‍ നടന്ന ഏതാനും സംഭവങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. നിഷ്കളങ്ക പ്രണയം മാത്രമാണോ ഇവ എന്ന് സ്വയം വിലയിരുത്തുക.
എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോളാണ് അനുജയെന്ന ഹിന്ദു പെണ്‍കുട്ടി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഖാലിം എന്ന മുസ്ലീം ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നത്. തനിക്ക് ഭാര്യയും കുട്ടികളുമുണ്ട് എന്ന വിവരം മറച്ചുവെച്ചാണ് അയാള്‍ അനുജയോട് അടുപ്പം സ്ഥാപിച്ചതെന്ന് അനുജയുടെ മാതാപിതാക്കള്‍ പറയുന്നു. അനുജയും ഖാലിമും ഒരുമിച്ചു താമസിച്ചിരുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അനുജയുടെ ശരീരം കണ്ടെത്തിയത്. തറയില്‍ മുടി ചിതറിക്കിടക്കുന്നുണ്ടായിരുന്നുവെന്നും അവളുടെ തല മുണ്ഡനം ചെയ്യാന്‍ ശ്രമിച്ച രീതിയിലും കാലുകള്‍ നിലത്ത് മുട്ടിയ രീതിയിലുമായിരുന്നുവെന്നും സമീപവാസികളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വിവാഹത്തിനുശേഷം അനുജയെ മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്ന ഖലീം തട്ടമിടാന്‍ നിര്‍ബന്ധിച്ചിട്ടും അനുജ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് അയാള്‍ അവളുടെ തല മുണ്ഡനം ചെയ്യാന്‍ ശ്രമിച്ചത്. അതേ തുടര്‍ന്നുണ്ടായ വഴക്കിനിടയില്‍ അവള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കൈവെട്ടു കേസിലൂടെ കുപ്രസിദ്ധി നേടിയ തീവ്രവാദ സംഘടനയുടെ സജീവപ്രവര്‍ത്തകനും ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയുമാണ് ഖാലിം എന്നത് അവരുടെ സംശയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അനുജയുടെ മരണം കുടുംബകലഹത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
പന്തളത്തുള്ള സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ദീപ ചെറിയാന്‍. സ്കൂള്‍ ബസ് ഡ്രൈവര്‍ ആയിരുന്ന നൗഷാദുമായുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കു വഴിമാറി. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച ദീപ കാമുകന്‍ നൗഷാദിനൊപ്പം പോയി. തിരൂരിനു സമീപമുള്ള മതം മാറ്റകേന്ദ്രത്തില്‍വച്ച് മതം മാറി, ഷാഹിനയായി. അധികം കഴിഞ്ഞില്ല തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന നൗഷാദ് മയക്കുമരുന്നു കേസില്‍ ജയിലിലായി. നൗഷാദിനെ കാണാന്‍ ജയിലില്‍ എത്തുമ്പോള്‍ ബാംഗ്ലൂര്‍ സ്ഫോടന കേസിലെ പ്രതിയും ലഷ്കര്‍-ഇ-ത്വയ്യിബയുടെ പ്രവര്‍ത്തകനുമായ തടിയന്‍റവിട നസീറിനും കൂട്ടാളികള്‍ക്കും ജയിലില്‍ സിം കാര്‍ഡ് എത്തിച്ചു കൊടുക്കാന്‍ ഷാഹിന എന്ന ദീപ നിയോഗിക്കപ്പെട്ടു. തീവ്രവാദികള്‍ക്ക് ജയിലില്‍ സിം കാര്‍ഡ് എത്തിച്ചു കൊടുത്തതിന് അവള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 31 വയസ്സായിരുന്നു അപ്പോള്‍ ദീപയ്ക്ക് പ്രായം.
ബിസിനസുകാരനായ പപ്പയുടെയും വീട്ടമ്മയായ മമ്മിയുടെയും ഏകമകള്‍ ആയിരുന്നു കാതറിന്‍. പഠനത്തിലും മറ്റുകാര്യങ്ങളിലും മിടുമിടുക്കി. പതിനെട്ടാം ജന്മദിനത്തില്‍ പപ്പ അവള്‍ക്ക് ഒരു സ്കൂട്ടര്‍ സമ്മാനിച്ചു. കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ അവളെ കാണാതായി. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു നാലാംദിവസം 21 വയസുകാരനായ കാമുകനോടും അവന്‍റെ സുഹൃത്തുക്കള്‍ എന്ന് അവകാശപ്പെടുന്ന ഒരു തീവ്രവാദസംഘടനയിലെ പ്രവര്‍ത്തകരോടുമൊപ്പം അവള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ആലപ്പുഴയിലെ കുപ്രസിദ്ധമായ ഒരു ലോഡ്ജിന്‍റെ കുടുസുമുറിയില്‍ ഉമ്മയോടും സഹോദരങ്ങളോടുമൊപ്പം താമസിക്കുന്ന കാമുകന്‍റെ ചുറ്റുപാടുകള്‍ പോലീസുകാര്‍ വീഡിയോ എടുത്തുകൊണ്ടുവന്ന് കാതറിനെ കാണിച്ചുവെങ്കിലും, അമ്മയുടെ പ്രായമുള്ള വനിതാ മജിസ്ട്രേട്ട് വരെ സ്നേഹബുദ്ധ്യാ ഉപദേശിച്ചിട്ടും അവള്‍ കാമുകനൊപ്പം പോകണം എന്ന നിലപാടില്‍ ഉറച്ചുനിന്നു. സ്വന്തമായി ഒരു ജോലിപോലുമില്ലാത്ത, സൈക്കിളില്‍ മീന്‍ കച്ചവടം നടത്തുന്നയാളുടെ മകനായ കാമുകനെ സഹായിക്കാന്‍ എത്തിയത് പ്രമുഖ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. വിവാഹവിരുന്ന് നടന്നത് ആഢംബരറിസോര്‍ട്ടില്‍. മധുവിധുനാളുകള്‍ കഴിയുംമുന്‍പേ പുയ്യാപ്ലയ്ക്ക് കേരളരാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ഗള്‍ഫിലെ പ്രമുഖവ്യവസായിയുടെ മാളില്‍ ജോലിയും ലഭിച്ചു. മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അവള്‍ മരിച്ചു പോയി എന്നു ഞങ്ങള്‍ കരുതിക്കോളാം എന്നു പറഞ്ഞു കരയുന്ന മാതാപിതാക്കളുടെ വേദന കണ്ടുനില്‍ക്കാന്‍ കഠിനഹൃദയര്‍ക്കുപോലും സാധിക്കില്ല.
ഹിന്ദുമത വിശ്വാസിയും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് കുടുംബാംഗവുമായ നിമിഷ ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു. സഹപാഠിയായ യുവാവുമായുണ്ടായിരുന്ന അടുപ്പം നിമിഷയെ ഫാത്തിമയാക്കി. എന്നാല്‍ പിന്നീട് ആ ബന്ധം മുറിഞ്ഞു. ചങ്ങനാശേരിയില്‍നിന്നും പാലക്കാട്ടേക്ക് കുടിയേറിയ ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്നും ഇസ്ലാം സ്വീകരിച്ച സഹോദരങ്ങളില്‍ ഒരാളായ ഈസയുമായി ഫാത്തിമയുടെ വിവാഹം നടന്നു. എറണാകുളം തമ്മനം സ്വദേശിനിയായ മെറിന്‍ മറിയ എന്ന പേരു സ്വീകരിച്ച് ഇസ്ലാമാവുകയും ഈസയുടെ സഹോദരനായ യഹിയയെ വിവാഹം ചെയ്യുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ കേരളംവിട്ട 22 പേരില്‍ നിമിഷയും മെറിനും അവരുടെ ഭര്‍ത്താക്കന്മാരും ഉണ്ടായിരുന്നു. ഇതില്‍ യഹിയ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മതം മാറ്റത്തിനു പിന്നില്‍ സക്കീര്‍ നായിക്കിനും, പീസ് സ്കൂള്‍ ഇന്‍റര്‍നാഷണല്‍ എന്ന സ്കൂളിനുമുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളത്തില്‍നിന്നും 22 പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു എന്ന വിവരത്തെ തുടര്‍ന്ന് എന്‍ ഐ എ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്നാണ് പല വിവരങ്ങളും പുറം ലോകം അറിഞ്ഞത്.
നമ്മുടെ രാജ്യത്ത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഗൂഢമായ ലക്ഷ്യങ്ങളോടെ പ്രണയത്തില്‍ കുരുക്കി മതം മാറ്റുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയാകരുത്. ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവരെ സംഘി എന്നും വര്‍ഗീയവാദി എന്നും വിളിച്ച് ആക്ഷേപിക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതിനു തുല്യമാണ്.

Leave a Reply