ത്രീഡി പ്രിന്‍റിംഗ്

2500 ചതുരശ്ര അടിയുടെ വീട് പണിയാന്‍ എത്ര കാലമെടുക്കും? മാസങ്ങള്‍ അല്ലേ? എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഒരു വീട് ഉണ്ടാക്കാം എന്നായാലോ? അതും പ്രിന്‍ററിലൂടെ. വിപ്ലവകരമായ ത്രീഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈയിടെയായി മാധ്യമങ്ങളില്‍ വളരെയധികം ഉപയോഗിക്കുന്ന ഒരു വാക്കാണ് ത്രീഡി പ്രിന്‍റിംഗ്. കണ്ണ് ചിമ്മുന്ന നേരം കൊണ്ടാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ ലോകം കീഴടക്കുന്നത്. സമസ്തമേഖലകളിലും സ്വപ്നം കാണാന്‍ പോലുമാകാത്ത മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ഈ സാങ്കേതികവിദ്യയിലൂടെ.
എന്താണ് ത്രീഡി പ്രിന്‍റര്‍?
ത്രിമാന തലത്തിലുള്ള ഒരു വെര്‍ച്വല്‍ ഡിജിറ്റല്‍ മോഡലില്‍ നിന്ന് യഥാര്‍ത്ഥമായ ത്രീഡി ഒബ്ജക്റ്റ് നിര്‍മിക്കുന്ന പ്രക്രിയയാണ് ത്രീഡി പ്രിന്‍റിംഗ് (Three Dimensional Printing). അതായത് ഏതെങ്കിലും ഒരു കമ്പ്യൂട്ടറൈസ്ഡ് ഡിസൈന്‍ സോഫ്റ്റ്വെയറിലൂടെയോ ത്രീഡി സ്കാനറിലൂടെയോ കമ്പ്യൂട്ടര്‍ സൃഷ്ടിക്കുന്ന ഒരു ത്രിമാന മോഡല്‍, പ്ലാസ്റ്റിക്, മെറ്റല്‍, സെറാമിക്സ് തുടങ്ങിയ ഏതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് പ്രിന്‍റ് ചെയ്തെടുക്കുന്ന പ്രവര്‍ത്തനമാണ് ത്രീഡി പ്രിന്‍റിംഗ്. ലളിതമായി പറഞ്ഞാല്‍ ഒരു ഡിജിറ്റല്‍ ഫയലില്‍ നിന്ന് ഒരു ത്രീഡി വസ്തു കൃത്രിമമായി നിര്‍മ്മിക്കുക.
1980 കളില്‍ ത്രീഡി സിസ്റ്റം എന്ന കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ ചാള്‍സ് ഹള്‍ (Charles Hull) ആണ് ആദ്യത്തെ ത്രീഡി പ്രിന്‍റിംഗ് നിര്‍വഹിച്ചത്. ഇതിന് പിന്നാലെ എംഐടി (MIT), ഇസഡ് കോര്‍പറേഷന്‍ തുടങ്ങിയ കമ്പനികള്‍ ത്രീഡി പ്രിന്‍ററിന്‍റെ വിവിധ മോഡലുകള്‍ അവതരിപ്പിച്ചു. 2006 ല്‍ റെപ്പ് റാപ്പ് എന്നപേരില്‍ ഓപ്പണ്‍സോഴ്സ് പ്രിന്‍റ് പ്രൊജക്റ്റ് വികസിപ്പിക്കപ്പെട്ടപ്പോഴാണ് ചെലവ് കുറഞ്ഞ രീതിയില്‍ പ്രിന്‍റര്‍ നിര്‍മ്മിക്കുകയും ത്രീഡി പ്രിന്‍റിംഗ് സാധ്യതകള്‍ സാധാരണക്കാര്‍ക്കിടയിലേക്ക് വരികയും ചെയ്തത്. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള വിഷ്വല്‍ മോഡലുകള്‍ തയ്യാറാക്കുന്നതിനാണ് വിദ്യാഭ്യാസരംഗത്ത് ത്രീഡി പ്രിന്‍റിംഗ് ഉപയോഗപ്പെടുക. ഇതുമൂലം പാഠഭാഗങ്ങള്‍ മികച്ച രീതിയില്‍ മനസ്സിലാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാകും. കമ്പ്യൂട്ടറില്‍ തയ്യാറാക്കിയിരിക്കുന്ന മാതൃകയിലുള്ള വീടുണ്ടാക്കാന്‍ ത്രീഡി പ്രിന്‍ററിലൂടെ സാധിക്കും. 2500 ചതുരശ്ര അടിയുള്ള വീട് നിര്‍മ്മിക്കാന്‍ കഴിയുന്ന ഭീമന്‍ ത്രീഡി കോണ്‍ക്രീറ്റ് പ്രിന്‍ററാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോണ്‍ടൂര്‍ ക്രാഫ്റ്റിംഗ് എന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇത് സാധിക്കുന്നത്. ചിലവ് കുറഞ്ഞ വീടുകള്‍ അതിവേഗം ഉണ്ടാക്കാനാകും എന്നത് ഇതിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. ത്രീഡി പ്രിന്‍റിംഗ് സാങ്കേതിക വിദ്യയില്‍ ഇക്കാലയളവിനുള്ളില്‍ തന്നെ ഏറെ പുതുമകള്‍ കടന്നുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് ഫിലമെന്‍റുകള്‍ക്കൊപ്പം വുഡന്‍ ഫിലമെന്‍റുകള്‍ എത്തിക്കഴിഞ്ഞതോടെ ത്രീഡി വുഡ് പ്രിന്‍റിംഗ് എളുപ്പമായിത്തീര്‍ന്നു.
ആരോഗ്യമേഖലയില്‍ ത്രീഡി പ്രിന്‍റിംഗ് സേവനം വളരെ വലുതാണ്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ ഘടകഭാഗങ്ങള്‍ തുടങ്ങിയവയൊക്കെ അതിസൂക്ഷ്മമായി ഡിസൈന്‍ ചെയ്യാന്‍ വളരെ വേഗത്തില്‍ സാധിക്കും.
കൃത്രിമ ഹൃദയത്തിന്‍റെ ഇക്കാലത്ത് ത്രീഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യയിലൂടെ മനുഷ്യ അവയവങ്ങള്‍ നിര്‍മ്മിക്കാം. തലയോട്ടിക്ക് കനം കുറയുന്ന അപൂര്‍വമായ രോഗം ബാധിച്ച നെതര്‍ലന്‍ഡ്കാരിയായ യുവതിക്ക് ത്രീഡി പ്രിന്‍റിംഗ് ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത കൃത്രിമ തലയോട്ടി വിജയകരമായി ഡോക്ടര്‍ ബോന്‍ വെര്‍ബിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍ മാറ്റിവയ്ക്കുകയുണ്ടായി.
ഭാവനയ്ക്ക് അതീതമായ ഉത്പന്നങ്ങള്‍ പോലും ത്രീഡി പ്രിന്‍ററിലൂടെ നിര്‍മ്മിക്കുന്ന കാലം അതിവിദൂരമല്ല.

ഡോ.ജൂബി മാത്യു

Leave a Reply