ഒരു ദിവസം വൈകുന്നേരം 35 വയസ്സുള്ള ദമ്പതികള്‍ എന്‍റെ ഒ.പി.യില്‍ വന്നു. ഭര്‍ത്താവിന്‍റെ രക്തത്തിലെ ഷുഗറിന്‍റെ അളവ്, മരുന്നു കഴിക്കേണ്ട അത്രയും കൂടുതലാണ്. എന്നാല്‍ അവരുടെ സംശയം ഇത്ര ചെറുപ്പത്തിലെ ഷുഗറിന്‍റെ മരുന്ന് കഴിച്ചാല്‍ കിഡ്നി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലേയെന്നും അതിനാല്‍ ഭക്ഷണക്രമീകരണങ്ങളും വ്യായാമവും മതിയാവുകയില്ലേ എന്നുമാണ്. നിസ്സഹായമായ അവരുടെ മുഖത്ത് നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി ഇത്തരം ന്യായമായ പല ചോദ്യങ്ങളും എല്ലാ സാധാരണക്കാര്‍ക്കും ഉണ്ടാകുമെന്ന്.
പ്രമേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒത്തിരി കാര്യങ്ങള്‍ അറിയാമെങ്കിലും, വളരെയധികം തെറ്റിദ്ധാരണകളും ഇന്ന് നിലവിലുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ലോക ആരോഗ്യ സംഘടന നവംബര്‍ 14-നെ ഡൈബറ്റീസ് ഡേയായി പ്രഖ്യാപിച്ചത്. 2018, 2019 വര്‍ഷങ്ങളുടെ ചിന്താവിഷയം: ‘കുടുംബവും പ്രമേഹവും’ എന്നതാണ്. അന്നേ ദിവസം ആചരിക്കപ്പെടാനുള്ള കാരണം, അന്നാണ് പ്രമേഹചികിത്സയെ അപ്പാടെ കരണം മറിച്ച ഇന്‍സുലിനെ കണ്ടുപിടിച്ചവരില്‍ പ്രമുഖനായ ബാന്‍റ്റിംഗിന്‍റെ (Banting) ജന്മദിനം. എന്നാല്‍ ഇന്ത്യയില്‍ അന്നേ ദിവസം നാം ശിശുദിനം ആഘോഷിക്കുന്നതുകൊണ്ട് പലപ്പോഴും ഡൈബറ്റീസ് ഡേ ശ്രദ്ധിക്കാതെ പോകുന്നു.
ഇന്ന് പ്രമേഹത്തിന്‍റെ തലസ്ഥാനം ഇന്ത്യയാണ്. ഇന്ത്യയുടെ പ്രമേഹത്തിന്‍റെ തലസ്ഥാനം കേരളവും. കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 10 ശതമാനമാണെങ്കില്‍, കേരളത്തില്‍ അത് 20 ശതമാനമാണ്.
എന്താണ് പ്രമേഹം / ഡൈബറ്റീസ്?
നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്കരിച്ച് അത് ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാതെ, രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് പരിധിയിലധികം വര്‍ദ്ധിച്ചുവരുന്ന രോഗാവസ്ഥയാണ് പ്രമേഹം അല്ലെങ്കില്‍ ഡൈബറ്റീസ് മെലീറ്റസ്. ഗ്ലൂക്കോസിനെ സംസ്കരിക്കുന്നത് പാന്‍ക്രിയാസ് ഗ്രന്ഥിയില്‍നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്.
വിധങ്ങള്‍:-
പ്രധാനമായും മൂന്നു തരത്തിലാണുള്ളത്.
- ടൈപ്പ് 1 ഡൈബറ്റീസ് (Type 1 Diabetes)
കുട്ടികളില്‍ കാണുന്ന പ്രധാന പ്രമേഹരോഗം ഇതാണ്. ഇത് 15% മാത്രമാണുള്ളത്. ഇത്തരക്കാരില്‍ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍നിന്നും ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല; അതിനാല്‍ അവര്‍ക്ക് സാധാരണമായി ആജീവനാന്തം ഇന്‍സുലിന്‍ ചികിത്സ വേണ്ടിവരും. - ടൈപ്പ് 2 ഡൈബറ്റീസ് (Type 2 Diabetes)
സാധാരണ 40 വയസ്സിനു മുകളില്‍ കണ്ടുവരുന്നത് ഈ വിഭാഗമാണ്. 85 ശതമാനം പ്രമേഹരോഗവും ഇതാണ്. എന്നാല്‍ പഠനങ്ങള്‍ കാണിക്കുന്നത് ഇപ്പോള്‍ 15 വയസ്സുമുതലുള്ള പല കുട്ടികളിലും ഈ പ്രമേഹരോഗം കണ്ടു തുടങ്ങി എന്നാണ്; പ്രത്യേകിച്ച് അമിത വണ്ണമുള്ളവരിലും, ഫാസ്റ്റ് ഫുഡ് കൂടുതല്‍ കഴിക്കുന്നവരിലും. ഇവിടെ ഇന്‍സുലിനെതിരെയുള്ള ഘടകങ്ങള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍, ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും, രോഗിയില്‍ ഷുഗറിന്‍റെ അളവ് കൂടുകയും ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് അസുഖം ഉണ്ടെങ്കില്‍ ആജീവനാന്തം മരുന്നുകളോ ഇന്‍സുലിനോ വേണ്ടി വരുമ്പോള്‍, കുട്ടികളില്‍ ചിലപ്പോള്‍ തുടക്കത്തില്‍ ചികിത്സിച്ചിട്ട് പിന്നീട് അത് വ്യായാമവും ഭക്ഷണക്രമീകരണങ്ങളും വഴി നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരാം. - ഗര്‍ഭകാലത്ത് കാണുന്ന പ്രമേഹം (Gestational diabetes):-
മുന്‍പ് പ്രമേഹരോഗം ഇല്ലാത്തവര്‍ക്ക് ഗര്‍ഭകാലത്ത് ആദ്യമായി കാണുന്ന പ്രമേഹരോഗമാണിത്. ഇത്തരക്കാര്‍ പ്രസവത്തിനുശേഷം ഒന്നരമാസം, ആറുമാസം, ഒന്നരവര്‍ഷം എന്നീ കാലയളവില്‍ രക്തത്തിലുള്ള ഷുഗറിന്‍റെ അളവ് നോക്കി വേണ്ട ചികിത്സ നേടേണ്ടതാണ്.
സാധാരണമല്ലെങ്കിലും ചിലപ്പോള്‍ കുട്ടികളില്‍ കാണുന്നതുമായ പ്രമേഹരോഗമാണ് മച്യൂരിറ്റി ഓണ്‍സെറ്റ് ഡൈബറ്റീസ് ഓഫ് യംങ് (Maturity Onset Diabetes of Young – MODY): 25 വയസ്സിന് താഴെയുള്ളവരില്‍ കണ്ടുവരുന്ന ഈ രോഗം പാരമ്പര്യമായി കിട്ടുന്നതാണ്.
കാരണങ്ങള്‍:- - വ്യായാമക്കുറവ്
- അമിതവണ്ണം
- പാരമ്പര്യം: മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും അസുഖമുണ്ടെങ്കില്‍ മക്കള്‍ക്ക് വരാനുള്ള സാധ്യത 20 ശതമാനം ആണ്.
- രക്താതിസമ്മര്‍ദ്ദം
- രക്തത്തില്‍ ഉണ്ടായിരിക്കേണ്ട നല്ല കൊളൊസ്ട്രോളിന്‍റെ (എച്ച്.ഡി.എല്‍.) അളവ് വളരെ കുറവാണെങ്കില്‍.
സാധാരണ അളവ്: 40 നോ അതിന് മുകളിലോ. - ചില അസുഖങ്ങളുടെ ഭാഗമായി ഉദാ: പി.സി.ഒ.ഡി. (പി.സി.ഒ.എസ്സ് – പോളി സിസ്റ്റിക് ഓവേറിയന്‍ സിന്‍ട്രോം): ഈ അസുഖമുള്ള പെണ്‍കുട്ടികളില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
- പ്രായം : 35 വയസ്സിനു മുകളില്‍ 20-30 ശതമാനവും, 50 വയസ്സിന് മുകളില്‍ 30-50 ശതമാനവും ആണ് പ്രമേഹം വരാനുള്ള സാധ്യത.
- ഗര്‍ഭകാലത്ത് ഷുഗറുണ്ടാകുന്നത് ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത കൂട്ടുന്നു.
- അരവണ്ണം കൂടുതലുള്ളവരില്‍:- സ്ത്രീകളില്‍ 80 സെന്‍റിമീറ്ററിനു മുകളിലും പുരുഷന്മാരില്‍ 90 സെന്‍റിമീറ്ററിനു മുകളിലുമാണെങ്കില്‍ സാധ്യത കൂടുതലായിരിക്കും.
- അമിതമായ മാനസിക സമ്മര്‍ദ്ദം.
- ലക്ഷണങ്ങള്‍:-
- അമിതമായ ദാഹം
- മൂത്രം ഒഴിക്കുന്നതിന്‍റെ എണ്ണം കൂടുക.
- ശരീരം മെലിയുക
- അമിതമായ വിശപ്പ്
- കാഴ്ചക്കുറവ്
- കൈകാലുകളില്‍ തരിപ്പ്
- ത്വക്ക് രോഗങ്ങള്‍: കരിയാന്‍ താമസിക്കുന്ന വ്രണങ്ങള്‍
- ശരീരത്തില്‍ വിട്ടുമാറാത്ത അണുബാധ
- അമിതമായ ക്ഷീണം.
സങ്കീര്‍ണ്ണതകള്‍:-
ഇത് തല മുതല്‍ കാലുവരെ ബാധിക്കാം. - കണ്ണിനെ ബാധിക്കുന്ന റെറ്റിനോപ്പതി :- അതുമൂലം കാഴ്ചക്കുറവ്
- ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോപ്പതി: അത് കൈകാലുകളിലേക്കുള്ള ഞരമ്പുകളെ മാത്രമല്ല, ആന്തരിക അവയവങ്ങളിലേക്കുള്ള ഞരമ്പുകളേയും ബാധിക്കും.
ഉദാ: ഹൃദയത്തിന്‍റെ ഞരമ്പുകളെ, കുടലിന്‍റെ ഞരമ്പുകളെ, ജനനേന്ദ്രിയത്തിന്‍റെ ഞരമ്പുകളെ, തൊലിയിലുള്ള വിയര്‍പ്പ് ഗ്രന്ഥിയെ നിയന്ത്രിക്കുന്ന ഞരമ്പുകളെ. ഇതുമൂലം രോഗിയിലുണ്ടാകുന്ന ലക്ഷണങ്ങള്‍ പലതാണ്. ചിലര്‍ക്ക് അന്തരീക്ഷം വളരെ തണുത്തിരിക്കുമ്പോഴും അമിതമായി വിയര്‍ക്കും, ചിലര്‍ ഉറക്കത്തില്‍ ഹൃദയസ്തംഭനം (silent heart attack) ഉണ്ടായി മരണപ്പെടുന്നു. - കിഡ്നിയെ ബാധിക്കുന്ന നെഫ്രോപതി:- അതുമൂലം കിഡ്നി ഫെയ്ലിയര്‍ വരെ സംഭവിക്കാം.
- രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയാം; ഹൃദയസ്തംഭനം ഉണ്ടാകാം.
- പക്ഷാഘാതം
- കൈകാലുകളില്‍ വ്രണങ്ങള്‍:- കൈകാലുകളിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുന്നതുമൂലം രക്തയോട്ടം കുറയുന്നു, അതിനാല്‍ വ്രണങ്ങള്‍ കരിയാന്‍ താമസിക്കും.
- ത്വക്കു രോഗങ്ങള്‍:- ത്വക്കില്‍ പലതരത്തിലുള്ള അണുബാധയുണ്ടാകാം, പ്രത്യേകിച്ച് ഫംഗസ്സ് രോഗങ്ങള്‍.
- കേള്‍വിക്കുറവ്:- പ്രമേഹരോഗികളില്‍ ഇത് കൂടുതലാണ്.
- ഓര്‍മ്മക്കുറവ്:- പ്രമേഹം ഓര്‍മ്മക്കുറവും അല്‍ഷൈമേഴ്സ് രോഗസാധ്യതയും കൂട്ടുന്നു.
- വിഷാദരോഗം:- ഇത് പ്രമേഹരോഗികളില്‍ കൂടുതലായി കണ്ടുവരുന്നു.
കണ്ടുപിടിക്കാന്‍:-
രക്തപരിശോധനയിലൂടെയാണ് ഇതു കണ്ടുപിടിക്കുന്നത്:- - ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ (FBS):- ഇതിനായി 8-10 മണിക്കൂര്‍ ഭക്ഷണവും വെള്ളവും വര്‍ജ്ജിക്കണം.
ഇത് 100-ല്‍ താഴെയാണ് വേണ്ടത്. - പോസ്റ്റ് പ്രാന്‍ഡിയല്‍ ബ്ലഡ് ഷുഗര്‍ (PPBS):- ആഹാരം കഴിച്ച് രണ്ടു മണിക്കൂറിനുശേഷം എടുക്കുന്ന രക്തപരിശോധനയാണിത്. പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് അവര്‍ എല്ലാ ദിവസവും കഴിക്കുന്ന ഷുഗറിന്‍റെ മരുന്നോ അല്ലെങ്കില്‍ ഇന്‍സുലിനോ സാധാരണ എടുക്കുന്നതുപോലെ എടുത്തതിനുശേഷമാണ് ഈ പരിശോധന ചെയ്യേണ്ടത്. ഇതിന്‍റെ അളവ് 140 ല്‍ താഴെയാണ് വേണ്ടത്.
- Hb A1C (എച്ച്.ബി എവണ്‍സി): ശരീരത്തിലെ കഴിഞ്ഞ മൂന്നുമാസത്തിലെ ഷുഗറിന്‍റെ ശരാശരി അളവിനെ കാണിക്കുന്നു. ഇത് ഒരു ദിവസം ഏത് സമയത്തും ചെയ്യാം. ഇതിന്‍റെ അളവ് 5.7 ല്‍ താഴെയായിരിക്കണം.
N.B: പ്രമേഹത്തിന് ചികിത്സിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഈ അളവുകള്‍ക്ക് വ്യത്യാസമുണ്ട്.
പ്രതിരോധം:-
50 ശതമാനം ടൈപ്പ് 2 പ്രമേഹത്തെയും പ്രതിരോധിക്കാന്‍ കഴിയും. - കൃത്യമായ വ്യായാമം:- ദിവസം അരമണിക്കൂര്‍ നീണ്ടുനില്ക്കുന്ന വ്യായാമം, ആഴ്ചയില്‍ 5 ദിവസം. അതില്‍ നടത്തം, സൈക്ലിംഗ്, നീന്തല്‍ ഉത്തമം.
- മദ്യപാനവും പുകവലിയും പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
- മാനസ്സിക സമ്മര്‍ദ്ദങ്ങളെ കുറയ്ക്കുക; നല്ല ഉറക്കം ശീലമാക്കുക.
- ആഹാരക്രമീകരണം:- അമിതമായ മധുരം, കൊഴുപ്പ് ഒഴിവാക്കുക. കൂടുതല്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുക. കൂടുതല്‍ നാരുകളടങ്ങിയ ആഹാരം ശീലമാക്കുക. ഫാസ്റ്റ് ഫുഡ്. മൈദ മുതലായവ പരമാവധി ഒഴിവാക്കുക.
- ശീതളപാനീയങ്ങളും ഫ്രൂട്ട് ജ്യൂസ്സുകളും ഒഴിവാക്കുക. കൂടുതല്‍ വെള്ളം കുടിക്കുക.
- അമിതവണ്ണമുള്ളവര്‍, ആഹാരക്രമീകരണവും വ്യായാമവും വഴി വണ്ണം കുറയ്ക്കുക.
- ഒരു സമയത്ത് കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് കുറയ്ക്കുന്നതും പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
പ്രമേഹരോഗികള്‍ അറിയാന്‍… - പ്രമേഹത്തിന്‍റെ ചികിത്സയുടെ പ്രധാനഭാഗം എന്നു പറയുന്നത് രക്തത്തിലുള്ള ഷുഗറിന്‍റെ അളവ് നിയന്ത്രണത്തില്‍ വരുത്തുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍തന്നെ പ്രമേഹത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും ഒഴിവാക്കാനും സാധിക്കും.
- പ്രമേഹ ചികിത്സയുടെ അടുത്ത പ്രധാന ഭാഗമാണ് ഭക്ഷണക്രമീകരണങ്ങളും വ്യായാമവും. ഇത് രക്തത്തിലെ ഷുഗറിന്‍റെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. ചിട്ടയായ വ്യായാമം പ്രമേഹരോഗികളും ശീലമാക്കണം… ആഹാരത്തിന്‍റെ അളവ് (പ്രത്യേകിച്ച് അരി ആഹാരത്തിന്‍റെ) കുറച്ച്, ആഹാരം പല തവണകളായി കഴിക്കുന്നതാണ് നല്ലത്. പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക. പഴങ്ങള്‍ കൂടുതല്‍ നാരുള്ളവയാണ് നല്ലത്. ഉദാ: പേരയ്ക്ക, ആപ്പിള്‍, മുസമ്പി. ഇവ ദിവസം ഒന്നുവീതം കഴിക്കാം.
- പ്രമേഹത്തിന്‍റെ മരുന്നുകളല്ല, മറിച്ച് മരുന്നു കഴിക്കാതെ അസുഖം മൂര്‍ച്ഛിക്കുന്നതാണ് കിഡ്നി രോഗങ്ങള്‍ ഉണ്ടാകാനിടയാക്കുന്നത്.
- പ്രമേഹരോഗത്തിന്‍റെ ആരംഭത്തില്‍തന്നെ ഇന്‍സുലിന്‍ കുത്തിവയ്ക്കാവുന്നതാണ്. എന്നാല്‍ നമ്മുടെ ഇടയിലെ സൂചി പേടി കാരണം സാധാരണ ആദ്യമേ ഗുളികകള്‍ കഴിച്ച്, അതിനോട് ശരീരം പ്രതികരിക്കാതെ വരുമ്പോഴാണ് ഇന്‍സുലിനാക്കുന്നത്. എന്നുവച്ച് ഇന്‍സുലിന്‍ ആദ്യമേ എടുക്കുന്നത് അസുഖം കൂടിയ അവസ്ഥയിലായതുകൊണ്ടല്ല.
ഷുഗര്‍ കുറഞ്ഞാല്‍ / Hypoglycemia
പ്രമേഹം ഉള്ളവര്‍ക്കുതന്നെയാണിത് ഉണ്ടാകുന്നത്. ഗുളിക കഴിച്ചുകഴിഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുക; അല്ലെങ്കില്‍ ഭക്ഷണത്തിന്‍റെ അളവ് നന്നായി കുറയ്ക്കുക; അല്ലെങ്കില്‍ ഓവര്‍ ഡോസ്സായി ഇന്‍സുലിന്‍ എടുക്കുകയോ ഗുളിക കഴിക്കുകയോ ചെയ്യുന്നതുമൂലമാണിതുണ്ടാകുന്നത്.
ലക്ഷണങ്ങള്‍:-
നെഞ്ചിടിപ്പ് കൂടുക, വിറയല്‍, അമിതമായി വിയര്‍പ്പ്, ക്ഷീണം, ബോധക്ഷയം പോലെ തോന്നുക ഇത് പ്രമേഹത്തെക്കാളും അപകടകാരിയാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് മധുരം കഴിക്കുകയാണ് ചെയ്യേണ്ടത്.- ഡോ. അനിറ്റ് ജോസഫ്
- ഡോ. അനിറ്റ് ജോസഫ്