ഇടുക്കി ജില്ലയില്‍ 1964 ലെ ഭൂപതിവു ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ സ്ഥലങ്ങളില്‍ വിനിയോഗനിയന്ത്രണവും നിര്‍മാണനിരോധനവും
1964 ലെ ഭൂപതിവുചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ നിര്‍മാണ നിരോധനവും വിനിയോഗനിയന്ത്രണവും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. 2019 ഓഗസ്റ്റ് 22ന് ഇറക്കിയ ഉത്തരവനുസരിച്ച് 1500 ചതുരശ്രഅടിയില്‍ കൂടുതല്‍ തറ വിസ്തൃതിയുള്ള നിര്‍മാണങ്ങള്‍ക്ക് വിലക്കായി. വാണിജ്യനിര്‍മാണങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കരുതെന്നുമാണ് ഉത്തരവില്‍ ഉള്ളത്. അപ്രകാരം നിര്‍മിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറയുന്നു. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന മൂന്നാറിലെ കൈയേറ്റവും അനധികൃതനിര്‍മാണവും തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവു ഇറക്കിയതെന്നാണ് പറയുന്നത്. 2010ലെ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കോടതി അലക്ഷ്യമാണെന്നു കാട്ടി സംഘടന വീണ്ടു കോടതിയെ സമീപിക്കുകയും 2019ല്‍ മൂന്നാറിലെ ഭൂമി വിഷയത്തില്‍ തീര്‍പ്പുണ്ടാക്കി നടപടി വേണമെന്ന് കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്‍റെ പേരിലാണ് 22-8-2019 ല്‍ ഇടുക്കി ജില്ലയിലെ പതിവു ഭൂമിയില്‍ എല്ലാ വാണിജ്യാവശ്യനിര്‍മാണങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. 1500 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകളുടെ നിര്‍മ്മാണം വിലക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈയേറിയവ, വീടിനും കൃഷിക്കുമായി പട്ടയം അനുവദിച്ചിട്ടുള്ളതും 12 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ അവകാശമില്ലാത്തതുമായ തുണ്ടു ഭൂമികള്‍ പതിച്ചു ലഭിച്ചവരില്‍ നിന്നും വാങ്ങി ഒന്നിച്ചു ചേര്‍ത്തവ, പതിച്ചു നല്‍കിയിട്ടുള്ള ഭൂവിനിയോഗ വ്യവസ്ഥയില്‍നിന്നും വിഭിന്നമായ ആവശ്യത്തിന് ഉപയോഗിക്കുന്നവ തുടങ്ങിയവ അനധികൃത കൈവശഭൂമിയായി പരിഗണിച്ച് വാഗമണ്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മൊത്തം കൈയേറ്റങ്ങള്‍ പട്ടികപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ ഒന്നാം ഖണ്ഡികയില്‍ പറയുന്നത്.
പതിച്ചു നല്‍കിയ 15 സെന്‍റില്‍ താഴെയുള്ള ഉപജീവനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിയില്‍ താഴെ വിസ്തൃതിയുള്ള കെട്ടിടം മാത്രമാണുള്ളതെങ്കില്‍ അപേക്ഷകനു വേറെ ഉപജീവനമാര്‍ഗമെന്നുമില്ലെന്നു തെളിയിച്ചാല്‍ ഉത്തരവു തീയതിവരെയുള്ള അത്തരം കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിച്ചു നല്‍കും – രണ്ടാം ഖണ്ഡികയില്‍ പറയുന്നു. ഇതല്ലാത്ത പട്ടയഭൂമിയിലെ വാണിജ്യ നിര്‍മാണകാര്യത്തില്‍ പട്ടയം റദ്ദു ചെയ്തു ഭൂമിയും നിര്‍മിതിയും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി നിലവിലുള്ള നിരക്കുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കൈവശക്കാരനു പാട്ടത്തിനു നല്‍കാനാണ് നാലാം ഖണ്ഡികയിലെ നിര്‍ദേശം.
പട്ടയമില്ലാത്ത ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കും ഃ ഖണ്ഡിക -5. ഇത്തരം 10 നിര്‍ദേശങ്ങളാണ് 22-8-19ലെ ഉത്തരവിലുള്ളത്. മൂന്നാറിലെ കൈയ്യേറ്റം തടയാനെന്നപേരില്‍ ഇടുക്കിയിലെ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നത് ദുരുദ്ദേശ പരമാണ്. ഇടുക്കിയില്‍ 1964 ലെയും 1993 ലെ പ്രത്യേക നിയമപ്രകാരവും പതിച്ചു നല്‍കിയിട്ടുള്ള ഭൂമിയാണ് ബഹു ഭൂരിപക്ഷവും. എന്നതിനാല്‍ ഇടുക്കിയിലെ ജനങ്ങളുടെ ജീവിതവും വികസനവും ബുദ്ധിമുട്ടിലാകുന്ന സ്ഥിതി ഉണ്ടാകും.
ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 14-10-19 ല്‍ സര്‍ക്കാര്‍ ഒരു ഭേദഗതി ഉത്തരവു പുറത്തിറക്കി. അത് യഥാര്‍ത്ഥത്തില്‍ ഇടുക്കിയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്.
ഇടുക്കിയിലെ നിര്‍മാണനിരോധനത്തിലെ
ഭേദഗതി ജനങ്ങളെ വിഡ്ഢികളാക്കാന്‍
കട്ടപ്പന: ഇടുക്കി ജില്ലയില്‍ ഭൂവിനിയോഗത്തിനും നിര്‍മാണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി 22-8-19-ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തി ഇന്നലെ പുറത്തിറക്കിയ പുതിയ ഉത്തരവ് ജനങ്ങളെ കബളിപ്പിക്കാന്‍.
നിര്‍മാണ നിരോധന ഉത്തരവിനെതിരേ ജനരോഷം രൂക്ഷമാകുന്നതുകണ്ട് ഉത്തരവു പിന്‍വലിച്ചെന്നു പ്രചരിപ്പിക്കാന്‍ 14-10-19 തീയതിയായി സര്‍ക്കാര്‍ ഇറക്കിയ ഭേദഗതി ഉത്തരവില്‍ ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ ഒന്നുമില്ല. 22-8-19-ലെ നിരോധന ഉത്തരവില്‍ 10 നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു നിര്‍ദേശങ്ങള്‍ക്കാണ് ഭേദഗതി വരുത്തിയത്.
ഭേദഗതി ഉത്തരവനുസരിച്ച് നിരോധനം ഇടുക്കി ജില്ലയില്‍ മാത്രമായി ഒതുങ്ങും. നിയമസഭ പാസാക്കിയ 1964-ലെ ഭൂപതിവു ചട്ടം ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മറികടക്കാന്‍ കഴിയില്ലെന്ന കാര്യം ഇവിടെ മനഃപൂര്‍വം തമസ്കരിച്ചിരിക്കുകയാണ്.
ഭേദഗതി ഒന്ന്
ഖണ്ഡിക 6(3) ലെ നിര്‍ദേശം ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിര്‍മാണങ്ങള്‍ക്കുമാത്രം ബാധമാക്കി.
ഉത്തരവ് 6(3): ഖണ്ഡികയില്‍ 1964-ലെ ഭൂപതിവു ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ 15 സെന്‍റു വരെയുള്ള പട്ടയ ഭൂമിയില്‍ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്‍റെ കൈവശക്കാരന്‍ അത് അവരുടെ ഏക ജീവനോപാധിയാണെന്ന് വ്യക്തമായി തെളിയിക്കുകയാണെങ്കില്‍ അത്തരം സവിശേഷസാഹചര്യങ്ങള്‍ പ്രത്യേകം പരിശോധിച്ച് ഓരോ കേസിലും പ്രത്യേകം റിപ്പോര്‍ട്ടു തയ്യാറാക്കി നീതിയുക്തമായ തീരുമാനമെടുക്കുന്നതിനായി ഇടുക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കണമെന്നാണ് പറയുന്നത്.
ഈ നിര്‍ദേശത്തിനാണ് ഭേദഗതി വരുത്തി ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിര്‍മാണങ്ങള്‍ക്കുമാത്രം ബാധകമാക്കുന്നത് എന്നാക്കിയത്. ഉത്തരവിറങ്ങിയതിനുശേഷം നിര്‍മാണം ഉണ്ടായിട്ടില്ല.
ഭേദഗതി രണ്ട്
ഖണ്ഡിക 6(1), 6(6) എന്നിവയിലെ നിര്‍ദേശം ഇടുക്കി ജില്ലയ്ക്കു മാത്രമായിരിക്കുമെന്ന് വ്യക്തത വരുത്തി.
ഉത്തരവ് 6(1): വാഗമണ്‍ ഉള്‍പ്പെടെയുള്ള ഇടുക്കി ജില്ലയിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും പട്ടികയാക്കി ഇടുക്കി ജില്ലാകളക്ടര്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണ്. ഇതാണ് ഇടുക്കി ജില്ലയ്ക്കു മാത്രം എന്നാക്കി ഭേദഗതി ചെയ്തത്.
ഇതനുസരിച്ച് കോട്ടയം ജില്ലയില്‍ ഉള്‍പ്പെടുന്ന വാഗമണ്ണിന്‍റെ ഭാഗം നിരോധന ഉത്തരവില്‍നിന്നും പുറത്തായി.
ഖണ്ഡിക 6(6) ലെ നിര്‍ദേശം: രവീന്ദ്രന്‍ പട്ടയങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജപട്ടയങ്ങള്‍ കണ്ടെത്തി മൂന്നു മാസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കേണ്ടതാണ്. ഇതും ഇടുക്കി ജില്ലയില്‍ മാത്രമായി എന്നു ഭേദഗതി വരുത്തി.
ഖണ്ഡിക 6(8) ലെ പരാമര്‍ശം ഇടുക്കി ജില്ലയില്‍ എന്നതിനുപകരം കോടതി എന്‍ഒസി നിര്‍ബന്ധമാക്കിയിട്ടുള്ള എട്ടു വില്ലേജുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. ഇടുക്കി ജില്ലയില്‍ പട്ടയം നല്‍കിയിരിക്കുന്ന ഭൂമി എന്താവശ്യത്തിനാണെന്ന് വില്ലേജ് ഓഫീസര്‍ നിരാക്ഷേപം നല്‍കിയാലേ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണാനുമതി നല്‍കാവൂ എന്നതായിരുന്നു നിര്‍ദേശം.
ഇത്രയും ഭേദഗതികളാണ് ഉത്തരവില്‍ ഉണ്ടായിട്ടുള്ളത്.
ഖണ്ഡിക 6(2)ല്‍ പറയുന്നത് 1964-ലെ പട്ടയഭൂമിയില്‍ 1500 ചതുരശ്രയടിക്കു താഴെ തറ വിസ്തീര്‍ണമുള്ള കെട്ടിടം മാത്രമാണുള്ളതെങ്കില്‍ അത് ക്രമവത്കരിച്ചു നല്‍കുന്നതാണ്. അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവര്‍ക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്നു തെളിയിക്കുകയും വേണം എന്നതാണ്. ഈ വ്യവസ്ഥയില്‍ മാറ്റം ഉണ്ടാക്കിയിട്ടില്ല.
ഖണ്ഡിക നാല് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മാണം നടത്തിയിരിക്കുന്ന വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പട്ടയം റദ്ദുചെയ്ത് ഭൂമിയും നിര്‍മിതികളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി കക്ഷികള്‍ക്കു പാട്ടത്തിനു നല്‍കുമെന്നതാണ്. ഇതിലും ഭേദഗതിയില്ല. ഈ വ്യസ്ഥയനുസരിച്ച് മൂന്നാര്‍, വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വമ്പന്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ക്രമവല്‍കരിക്കപ്പെട്ട് ഉടമകള്‍ക്ക് പാട്ടത്തിനു നല്‍കാന്‍ അവസരമാകും.
ഖണ്ഡിക 6 (5) മുന്‍ ഖണ്ഡികയിലെ വ്യവസ്ഥ ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. 1964-ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം ലഭിച്ചിരിക്കുന്ന ഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടം നിര്‍മിക്കാന്‍ വ്യവസ്ഥ ഉണ്ടായിട്ടില്ല. 1500 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ (പൊതുആവശ്യം ഉള്‍പ്പെടെ) നിര്‍മിക്കാനുള്ള തടസ്സവും ഭേദഗതി ഉത്തരവില്‍ മാറ്റിയിട്ടില്ല.
നിയമസഭ പാസ്സാക്കിയ നിയമങ്ങള്‍
ഉദ്യോഗസ്ഥര്‍ കശാപ്പുചെയ്യുന്നു
എംഎല്‍എമാര്‍ കാഴ്ചക്കാര്‍
നിയമസഭ പാസ്സാക്കിയ നിയമങ്ങള്‍ തങ്ങളുടെ ഗൂഢതാത്പര്യങ്ങള്‍ക്കുവേണ്ടി ഉദ്യോഗസ്ഥര്‍ കശാപ്പുചെയ്യുകയാണ്. നിയമനിര്‍മാണ സഭകളില്‍ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും വിദഗ്ധ പഠനങ്ങള്‍ക്കുംശേഷമാണ് കേരളത്തില്‍ നിയമങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഈ നിയമങ്ങളെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ അട്ടിമറിക്കുന്ന പ്രവണതയ്ക്ക് ജനകീയ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതാണ് 22-8-2019-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കപ്പെടുന്നത്.
സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള 26-ലധികം ഭൂപതിവു നിയമങ്ങളും നിയമസഭ പാസ്സാക്കിയതാണ്. ഓരോ കാലഘട്ടത്തില്‍ ആവശ്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയാണ് ജനപ്രതിനിധികള്‍ ചര്‍ച്ചചെയ്ത് നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. 1960-ല്‍ നിയമസഭ പാസ്സാക്കിയ കേരള ഭൂപതിവു നിയമത്തിനു 1964-ലെ ചട്ടങ്ങള്‍ അംഗീകരിച്ചതും നിയമസഭയാണ്. ഈ നിയമത്തില്‍ പറയാത്ത കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍ക്കാര്‍ ഉത്തരവാക്കിയിരിക്കുകയാണ്.
അഞ്ച് എംഎല്‍എമാരുള്ള ഇടുക്കിയില്‍ ജില്ലയ്ക്കു മാത്രമായി ഭൂവിനിയോഗ നിയന്ത്രണവും നിര്‍മാണനിരോധനവും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കുമ്പോള്‍ ഒരു എംഎല്‍എപോലും (ഇടുക്കിയില്‍ ഒരു മന്ത്രിയും ഉണ്ട്) ഇത് അറിഞ്ഞില്ല. അഥവാ അറിഞ്ഞെങ്കില്‍ ഇടപെട്ടില്ല. ഒരു ജില്ലയിലെ എംഎല്‍എമാര്‍ ആരും അറിയാതെ ആ ജില്ലയ്ക്കുവേണ്ടി ഒരു നിയമം ഉണ്ടാകുന്നെങ്കില്‍ എംഎല്‍എമാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം ഉദ്ഘാടനങ്ങള്‍ മാത്രമായി പരിമിതപ്പെടുകയാണ്.എട്ടു വില്ലേജുകളിലും കര്‍ഷകരും സാധാരണ ജനങ്ങളുമാണ് ജീവിക്കുന്നത്
നിരോധന ഉത്തരവ് ഇടുക്കിയിലെ എട്ടു വില്ലേജുകളില്‍ മാത്രമായി പരിമിതപ്പെടുത്തി എന്ന ഭേദഗതി ന്യായം ചൂണ്ടിക്കാട്ടി പ്രതിഷേധത്തില്‍നിന്നും രക്ഷപെടാനുള്ള പാഴ് വേലയാണ് ജനപ്രതിനിധികള്‍ നടത്തുന്നത്. ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസന്‍വാലി വില്ലേജുകളില്‍ മാത്രമേ നിരോധനമുള്ളൂ എന്ന ന്യായം മനുഷ്യത്വരഹിതമാണ്. ഈ വില്ലേജുകളില്‍ റിസോര്‍ട്ടുകള്‍ മാത്രമല്ല ഉള്ളത്. സാധാരണക്കാരായ മനുഷ്യരും കര്‍ഷകരും വിദ്യാര്‍ഥികളും യുവാക്കളും തൊഴില്‍ അന്വേഷകരുമെല്ലാമുണ്ട്.
പട്ടി ഒരാളെ കടിച്ചാല്‍ പട്ടിയെ കെട്ടിയിടുന്നതിനുപകരം ആളുകള്‍ വീടിനു പുറത്തിറങ്ങുന്നത് നിരോധിക്കുന്നതിനു തുല്യമാണ് നിര്‍മാണ നിരോധന ഉത്തരവ്. ജില്ലയിലെ മറ്റു വില്ലേജുകളില്‍ നിര്‍മാണത്തിനു വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റു വേണ്ട എന്നതാണ് ഭേദഗതി വ്യവസ്ഥയിലെ മറ്റൊരു ന്യായം. മുകളിലത്തെ ഖണ്ഡികയില്‍ 1964 ചട്ടമനുസരിച്ച് നല്‍കിയിട്ടുള്ള പട്ടയ ഭൂമിയില്‍ വാണിജ്യാവശ്യ നിര്‍മാണങ്ങള്‍ നിരോധിച്ച ഉത്തരവു കിടക്കുമ്പോള്‍ താഴത്തെ ഖണ്ഡികയില്‍ നിര്‍മാണത്തിനു വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റു വേണ്ടെന്ന ന്യായം അന്‍റോണിയോയുടെ നെഞ്ചില്‍നിന്നും രക്തംപൊടിയാതെ മാംസം എടുക്കാന്‍ ഷൈലോക്കിനെ അനുവദിച്ച വെനീസിലെ വ്യാപാരിയുടെ കഥ പോലെയാണ്.
പണ്ടാരപാട്ട ഭൂമിയും
പതിവുചട്ടങ്ങള്‍ക്കു വിധേയം
1922-ലെ ലാന്‍ഡ് അസൈന്‍മെന്‍റ് റഗുലേഷനു കീഴില്‍ 1923-ലെ പുതുവല്‍ ചട്ടങ്ങള്‍പ്രകാരം കൃഷി ആവശ്യത്തിനായി പതിച്ചുനല്‍കിയ ഭൂമിയാണ് പണ്ടാരപ്പാട്ട ഭൂമിയും – പുതുവല്‍ ചട്ടത്തില്‍ കൃഷിക്കായി നല്‍കിയിരിക്കുന്ന ഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണം കര്‍ശനമായി വിലക്കിയിട്ടുണ്ട്. അന്നത്തെ പട്ടണപ്രദേശങ്ങളില്‍ മാത്രമേ വാണിജ്യാവശ്യങ്ങള്‍ക്കു കെട്ടിടം നിര്‍മിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ ചട്ടങ്ങളുടെ പാര്‍ട്ട് നാലില്‍ 29 മുതല്‍ 36 വരെയുള്ള വ്യവസ്ഥകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
1950-നുമുമ്പ് ഏലം, കാപ്പി, തേയില തോട്ടങ്ങള്‍ക്കൊഴികെ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയിട്ടുളളത് തിരുവിതാംകൂര്‍ പുതുവല്‍ ചട്ടങ്ങള്‍ പ്രകാരമാണ്. വില്ലേജുകളിലെ റീ സര്‍വേക്കു മുമ്പ് ഉപയോഗത്തിലുള്ള ബേസിക് ടാക്സ് രജിസ്റ്ററില്‍ (ബിടിആര്‍) ഈ ഭൂമിയുടെ ഇനം ‘പണ്ടാരവക’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പണ്ടാരവക ഭൂമികളുണ്ട്.
പണ്ടാരവക ഇനത്തിലുള്ള ഭൂമി പതിച്ചുനല്‍കിയിട്ടുള്ളത് 1922-ലെ മൂന്നാം റഗുലേഷനു വിധേയമായി പുതുവല്‍ ചട്ടങ്ങള്‍ അനുസരിച്ചാണ്.
മരടില്‍ ഉണ്ടാകാത്തത് ഇടുക്കിയില്‍ നടപ്പാക്കാന്‍ ശ്രമം
നിയമത്തിന്‍റെ മുന്നില്‍ മുട്ടുകുത്തേണ്ടിവന്ന മരടിലെ ഫ്ളാറ്റുടമകളെ രക്ഷിക്കാന്‍ കഴിയാതെപോയ സര്‍ക്കാര്‍, വാഗമണ്ണിലേയും മൂന്നാറിലേയും നൂറുകണക്കിനു റിസോര്‍ട്ടുടമകളെ സഹായിക്കാന്‍ കാട്ടുന്ന വ്യഗ്രതയാണ് ഇടുക്കിയിലെ ഭൂവിനിയോഗ നിയന്ത്രണ ഉത്തരവിനു പിന്നിലെന്ന ആക്ഷേപം ശക്തമാകുകയാണ്.
മരടിലെ ഫ്ളാറ്റുടമകളേക്കാളും ഇടുക്കിയിലെ സാധാരണക്കാരേക്കാളും ശക്തരാണകേരളത്തിലെ റിസോര്‍ട്ട് ഉടമകള്‍. വാഗമണ്ണിലും മൂന്നാറിലും അവിടുത്തുകാരായ റിസോര്‍ട്ടുടമകള്‍ ആരുംതന്നെ ഇല്ലെന്നു പറയാം. എല്ലാവരും ഇതര ജില്ലകളിലേയും സംസ്ഥാനങ്ങളിലേയും വമ്പന്‍ കോര്‍പറേറ്റുകളാണ്.
റിസോര്‍ട്ടുകള്‍ക്കോ വാണിജ്യാവശ്യത്തിനോ നല്‍കിയിട്ടില്ലാത്തതും ഏലംകൃഷിക്കു മാത്രമായി പട്ടയം നല്‍കിയിട്ടുള്ളതുമായ സര്‍ക്കാര്‍ ഭൂമി കൈയേറി വ്യാജപട്ടയം സമ്പാദിച്ചും മറ്റും നിര്‍മിച്ചിരിക്കുന്ന റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പാട്ടത്തിനു നല്‍കുമെന്നാണ് 22-8-2019-ലെ സര്‍ക്കാര്‍ ഉത്തരവിന്‍റെ 6(4) ഖണ്ഡികയില്‍ നല്‍കുന്ന നിര്‍ദേശം. മൂന്നാറില്‍മാത്രം നിലവില്‍ ഇരുന്നൂറോളം റിസോര്‍ട്ടുകള്‍ക്ക് നിര്‍മ്മാണ നിരോധന ഉത്തരവു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മാണം നടത്തിയിരിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും നിര്‍മ്മിതിയും ഏറ്റെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി പൊതു ആവശ്യത്തിന് ഉപയോഗിക്കുമെന്നാണ് 6(5) ഖണ്ഡികയില്‍ നല്‍കുന്ന നിര്‍ദേശം.
ഇതനുസരിച്ച് 6(4) ഖണ്ഡികയിലെ കൂട്ടരുടെ നിര്‍മ്മിതികള്‍ ക്രമവല്‍കരിക്കപ്പെടും. സ്വന്തം പണം മുടക്കി നിര്‍മ്മിച്ചതാണെങ്കിലും പൊളിക്കലില്‍നിന്നും ഇവര്‍ക്കു രക്ഷപെടാം. വര്‍ഷാവര്‍ഷം സര്‍ക്കാരിനു പാട്ടം നല്‍കണമെന്ന ബാധ്യതയേ ഇവര്‍ക്കുണ്ടാകുന്നുള്ളൂ. ഇവരുടെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റൊരു തടസ്സവും ഇവര്‍ക്ക് നേരിടേണ്ടിവരില്ല.
ഈ തന്ത്രം മരടില്‍ വിജയിക്കാത്തതില്‍നിന്നും പാഠം പഠിച്ചാണ് ഒരുമുഴം മുമ്പേ 22-8-19-ലെ സര്‍ക്കാര്‍ ഉത്തരവ് എറിഞ്ഞിരിക്കുന്നത്. ഇതിന്‍റെ പേരില്‍ ഇടുക്കിയിലെ സാധാരണക്കാര്‍ക്ക് ഇനിമുതല്‍ വാണിജ്യാവശ്യത്തിനുള്ളതോ പൊതു ആവശ്യത്തിനുള്ളതോ ആയ നിര്‍മ്മാണങ്ങള്‍ ഒന്നും 1964-ലെ ചട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയില്‍ അസാധ്യമാകുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭേദഗതി ഉത്തരവില്‍ വില്ലേജ് ഓഫീസറുടെ എന്‍ഒസി ആവശ്യമല്ലെന്നു പറഞ്ഞിട്ടുള്ള പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണത്തിനു അനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ നിയമപ്രകാരം തടസ്സമില്ല. ഭൂമിയുടെ സ്വഭാവംനോക്കി അനുമതി നല്‍കേണ്ട കാര്യം പഞ്ചായത്തിനോ മുന്‍സിപ്പാലിറ്റിക്കോ കോര്‍പ്പറേഷനോ ഇല്ല. റവന്യു വകുപ്പിന് പരാതി ലഭിച്ചാല്‍ നിര്‍മ്മാണം നിര്‍ത്തേണ്ടിവരും. 1964-ലെ ഭൂപതിവു ചട്ടം അതേപടി നിലനില്‍ക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും കുരുക്കുവീഴാം. കേരളത്തില്‍ എല്ലായിടത്തും 1964-ലെ ചട്ടമനുസരിച്ച് ഭൂമി പതിച്ചുനല്‍കിയിട്ടുണ്ട്.
നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കും റവന്യൂ നികുതി പിരിക്കുന്നു
1964-ലെ ഭൂപതിവു ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ വ്യാപാരാവശ്യങ്ങള്‍ള്ള നിര്‍മ്മാണങ്ങള്‍ നടത്തുന്നത് പട്ടയ വ്യവസ്ഥയുടെ ലംഘനമായി കണ്ട് പട്ടയം റദ്ദാക്കി നിര്‍മ്മിതി ഏറ്റെടുക്കുമെന്ന് ഉത്തരവിറക്കിയിരിക്കുന്ന സര്‍ക്കാരിന്‍റെ റവന്യൂ വകുപ്പ് അത്തരം നിര്‍മ്മിതികള്‍ക്ക് നികുതി ഈടാക്കുന്നു. ആയിരക്കണക്കിനു രൂപയാണ് ഓരോ കെട്ടിടത്തിനും വണ്‍ടൈം നികുതിയായി റവന്യു ഈടാക്കുന്നത്.
ചതുരശ്രയടി കണക്കാക്കിയാണ് നികുതി കണക്കാക്കുന്നത്. അനധികൃതമെന്നു പറയുകയും നികുതി പിരിക്കുകയുമാണ്.
ഏതെങ്കിലും തരത്തില്‍ നികുതിയോ പിഴയോ ഈടാക്കിയാല്‍ നിര്‍മ്മാണം അംഗീകരിച്ചതിനു തുല്യമാണ്. നികുതി വാങ്ങിയശേഷം നിര്‍മ്മാണം അനധികൃതമാണെന്നു കാട്ടി ഭൂമിയും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കാട്ടുനീതിയാണെന്നും ആക്ഷേപമുണ്ട്.കേരളം കണ്ടുപഠിക്കണം ആന്ധ്രാപ്രദേശിനേയും രാജസ്ഥാനേയും
കേരളത്തില്‍ ഒരുതുണ്ടു ഭൂമിയുമില്ല വ്യവസായ ആവശ്യത്തിനു സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍. ഡയറി – പോള്‍ട്രി ഫാമുകള്‍ക്കും കേരളത്തിലിടമില്ല. മത്സ്യകൃഷിക്ക് ഉപയോഗിക്കാന്‍ പാടവുമില്ല. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ആരും സ്ഥലം നല്‍കിയിട്ടില്ല. ഇതെല്ലാം ഇല്ലേ ഇവിടെ? എല്ലാം ഉണ്ട്. എല്ലാം പട്ടയ വ്യവസ്ഥകള്‍ പ്രകാരം അനധികൃതം.
കേരളത്തില്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയത്രയും 1964-ലെ ഭൂപതിവു ചട്ടങ്ങള്‍പ്രകാരം മാത്രമാണ്. 1964-ലെ ചട്ടത്തില്‍ കൃഷിക്കും വാസസ്ഥലത്തിനുമായാണ് ഭൂമി നല്‍കിയിട്ടുള്ളത്. പൊതുതാല്‍പര്യപ്രകാരം ഏതെങ്കിലും ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്‍കാം. എകെജി സെന്‍ററും മറ്റും അങ്ങനെ പതിച്ചുനല്‍കിയ ഭൂമിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ച് നിയമങ്ങള്‍ നിര്‍മ്മിക്കാനുമുള്ള നിയമങ്ങളില്‍ ജനോപകാരപ്രദമായി ഭേദഗതികള്‍ വരുത്താനുമാണ് എല്ലാ അഞ്ചുകൊല്ലം കൂടുമ്പോഴും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. നിയമം കൊണ്ടുവരാതെ അനിവാര്യമായ നിര്‍മ്മിതികള്‍ കണ്ണടച്ച് അനുവദിക്കുന്നതിനുപകരം നിയമം നിര്‍മ്മിച്ച് നിയമപരമായി അനുവദിക്കുകയാണ് വേണ്ടത്. അതുണ്ടാകാത്തതിന്‍റെ അനന്തരഫലമാണ് കേരളത്തിലെ കുരുക്കഴിയാത്ത ഭൂപ്രശ്നം.
കാര്‍ഷിക ആവശ്യത്തിനല്ലാതെ ഭൂമി പതിച്ചുനല്‍കാന്‍ ആന്ധ്രാപ്രദേശിലും രാജസ്ഥനിലും നിയമമുണ്ട്. രാജസ്ഥാന്‍ ലാന്‍ഡ് റവന്യു (കണ്‍വേര്‍ഷന്‍ ഓഫ് അഗ്രികള്‍ച്ചര്‍ ലാന്‍ഡ് ഫോര്‍ നോണ്‍ അഗ്രികള്‍ച്ചര്‍ പര്‍പ്പസ്) ആക്ട് – 2007. 1956-ലെ രാജസ്ഥാന്‍ ലാന്‍ഡ് റവന്യൂ ആക്ട് ഭേദഗതി ചെയ്താണ് അവര്‍ പുതിയ ആക്ട് ഉണ്ടാക്കിയത്. ആന്ധ്രാപ്രദേശ് അഗ്രികള്‍ച്ചര്‍ ലാന്‍ഡ് (കണ്‍വേര്‍ഷന്‍ ഫോര്‍ നോണ്‍ അഗ്രിക്കള്‍ച്ചര്‍ പര്‍പ്പസ് ) ആക്ട് – 2006.
1963-ലെ ലാന്‍ഡ് അസസ്മെന്‍റ് ആക്ട് ഭേദഗതി ചെയ്താണ് ഇവര്‍ നിയമം ഉണ്ടാക്കിയത്. ഏത് ആവശ്യത്തിന് എവിടെ സ്ഥലം അനുവദിക്കുന്നു എന്നതിന് വ്യക്തമായ വ്യവസ്ഥയും ഇവരുടെ നിയമങ്ങളിലുണ്ട്. ഇതൊന്നും കേരളത്തിലെ നിയമനിര്‍മ്മാതാക്കള്‍ അറിയാഞ്ഞിട്ടല്ല. റവന്യു വകുപ്പില്‍നിന്നു തന്നെയാണ് ഈ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതും. നിയമം ലംഘിക്കപ്പെടുമ്പോള്‍ പ്രയോജനമുള്ളവരാണ് നിയമം നിര്‍മ്മിക്കാത്തതിനു പിന്നില്‍.
കേരളത്തിലെ ഭൂമിയുടെ അവകാശബന്ധം നിര്‍ണയിക്കുന്നതിന് 26-ഓളം നിയമങ്ങള്‍
കേരളത്തില്‍ ഭൂമിയിലെ അവകാശബന്ധം നിര്‍ണയിക്കുന്നതിന് 26-ഓളം ആക്ടുകളാണ് പിറന്നിട്ടുള്ളത്. ഇതിലൊന്നും വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ല. കേരള ലാന്‍ഡ് അസൈന്‍മെന്‍റ് റൂള്‍സ്- 1964, കണ്ടുകൃഷി അസൈന്‍മെന്‍റ് റൂള്‍സ് – 1958, റബര്‍ കൃഷിക്കുവേണ്ടി സ്ഥലം നല്‍കിയ 1960 റൂള്‍സ്, 1964-ലെ അസൈന്‍മെന്‍റ് ഫോര്‍ ഇന്‍ഡസ്ട്രീയല്‍ പര്‍പ്പസ് റൂള്‍സ്, അഗ്രികള്‍ച്ചര്‍ ലേബേഴ്സ് അസൈന്‍മെന്‍റ് ആക്ട് – 1971, ദേവസ്വം ലാന്‍സ് ആക്ട് – 1961, ഹൈറേഞ്ച് കോളനൈസേഷന്‍ റൂള്‍സ് – 1968, ശ്രീ പണ്ടാരവക ലാന്‍ഡ്സ് ആക്ട് -1971, പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് -1971, കേരള സര്‍വീസ്മെന്‍ ലാന്‍ഡ് ആക്ട് – 1981, ഷെഡ്യൂള്‍ഡ് ട്രൈബ്സ് ലാന്‍ഡ് അസൈന്‍മെന്‍റ് ആക്ട് – 2001 തുടങ്ങി 1971-ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് (റിസംഷന്‍ ഓഫ് ലാന്‍ഡ് ) ആക്ട് – 1971, 1993-ലെ സ്പെഷ്യല്‍ റൂള്‍സ് ഇവയിലൊന്നും വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി അനുവദിച്ചിട്ടില്ല. ഭൂനിയമങ്ങളിലൊന്നും ഇടുക്കിക്കുവേണ്ടി മാത്രം ഒരു നിയമവും നിയമസഭ നാളിതുവരെ പാസ്സാക്കിയിട്ടില്ല. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങളിലും ഭൂമി പതിവുകള്‍ നടന്നിട്ടുണ്ട്. തിരുവിതാംകൂര്‍ – കൊച്ചി നാട്ടുരാജ്യങ്ങളുടെ പതിവു നിയമങ്ങളില്‍ സമാനതകളുണ്ടായിരുന്നെങ്കിലും മലബാറിന്‍റെ കാര്യത്തില്‍ ആചാരങ്ങളിലും വിശ്വാസങ്ങളിലും അധിഷ്ടിതമായ ഭൂവിനിയോഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവിടേയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണങ്ങള്‍ പറയുന്നില്ല. അതനുസരിച്ച് കേരളത്തിലെ വാണിജ്യാവശ്യ കെട്ടിടനിര്‍മ്മാണങ്ങള്‍ ഒന്നും നിയമാനുസരണമല്ല. പ്രശ്നപരിഹാരത്തിനു വ്യക്തമായ നിയമനിര്‍മ്മാണമാണ് ഉണ്ടാകേണ്ടത്. എക്സിക്യൂട്ടീവ് ഉത്തരവുകളല്ല.
ഭൂവിനിയോഗ നിയന്ത്രണവും നിര്‍മാണ നിരോധനവും
ഇടുക്കിയുടെ സ്വകാര്യ ദുഖം?
കട്ടപ്പന: 1964-ലെ ഭൂപതിവു നിയമം അനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയില്‍ വാണിജ്യ നിര്‍മ്മാണങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് ഇടുക്കിയുടെ മാത്രം സ്വകാര്യദുഃഖമായി ഒതുങ്ങുന്നു.
ഇടുക്കിയില്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളും വ്യാപാരികളും സാമൂഹ്യ സംഘടനകളും വലിയ സമരം നടത്തുമ്പോള്‍ സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാനനേതാക്കള്‍ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. 64-ലെ ചട്ടമനുസരിച്ച് ഭൂമി പതിച്ചുനല്‍കിയിട്ടുള്ളത് ഇടുക്കിയില്‍ മാത്രമല്ലെന്നതു ഇവര്‍ സൗകര്യപൂര്‍വം മറക്കുകയാണ്.
കേരളത്തില്‍ ഇടുക്കിക്കു പുറത്ത് എവിടെയെങ്കിലും പതിവു ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ വാണിജ്യ ആവശ്യത്തിനായി കെട്ടിടം നിര്‍മ്മിച്ചാല്‍ നിയമക്കുരുക്കില്‍ ഉള്‍പ്പെടും. കേരളത്തില്‍ ഇടുക്കിക്കു മാത്രമായി ഒരു നിയമം ഉണ്ടായിട്ടില്ല. ഇടുക്കിയില്‍ വാണിജ്യാവശ്യത്തിനുള്ള നിര്‍മ്മാണങ്ങള്‍ നിരോധിച്ചതായി 22-8-19-ല്‍ സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കിയതുകൊണ്ടുമാത്രം നിരോധനം ഇടുക്കിക്കു മാത്രമാകുകയില്ലെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു. നിയമസഭ പ്രത്യേക നിയമം പാസ്സാക്കിയാല്‍ മാത്രമേ ഇടുക്കിയില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്താനാകൂ.
പ്രഥമദൃഷ്ടിയില്‍ ഇടുക്കി ജില്ലക്കു മാത്രമായി കാണുന്നതാണ് ഉത്തരവെങ്കിലും പ്രശ്നത്തില്‍ ഇടപെടാന്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ട്. ഇടുക്കി ജില്ല കേരളത്തിന്‍റെ ഭാഗമാണെന്നതാണ് കാരണം. 1964-ലെ പതിവുചട്ടപ്രകാരം ഭൂമി നല്‍കിയത് കൃഷിക്കും വീടിനും മാത്രമാണെന്ന വ്യവസ്ഥ നിരുപാധികം പിന്‍വലിക്കലല്ല വേണ്ടതെന്നും നിയന്ത്രണങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ ഉണ്ടാക്കി വ്യവസ്ഥ വരുത്തുകയാണ് ഉത്തമമെന്നും റവന്യുവകുപ്പിലെതന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. 2007-ല്‍ രാജസ്ഥാനിലും 2006-ല്‍ ആന്ധ്രാപ്രദേശിലും ഉണ്ടായ നിയമഭേദഗതി ഉദാഹരണങ്ങളാണ്.
കെ.എസ്. ഫ്രാൻസിസ്