സയനൈഡ് കലരുന്ന കുടുംബബന്ധങ്ങള്‍


കുടുംബബന്ധങ്ങളെക്കുറിച്ചും അവയുടെ ആത്മീയതയെക്കുറിച്ചും ഏറെ ചിന്തിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമുദായമാണ് നമ്മുടേത്. അതിനാല്‍ത്തന്നെ കൂടത്തായിയിലെ കൊലപാതകപരമ്പര നമ്മുടെ മനഃസാക്ഷിക്കു നേരെ ഉയരുന്ന ചോദ്യമായി നിലകൊള്ളുകയാണ്. അതിലുള്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ മാനസികനിലയെക്കുറിച്ചും സ്വഭാവപ്രത്യേകതകളെക്കുറിച്ചും മറ്റുമുള്ള വിശകലനങ്ങള്‍ നടത്തേണ്ടതുണ്ട്. എങ്കിലും നമ്മുടെ കുടുംബങ്ങളില്‍ ഇത്തരമൊരു അപകടസാധ്യത മറഞ്ഞിരിക്കുന്നുവെന്നത് നമ്മെ ചിന്തിപ്പിക്കുക തന്നെ വേണം. കൂട്ടായ്മയുടെയും സ്നേഹത്തിന്‍റെയും അടയാളമായി നാം കണക്കാക്കുന്ന ഭക്ഷണം തന്നെ ജീവഹാനിക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന തിരിച്ചറിവില്‍ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് തുരങ്കം വയ്ക്കുന്ന ബാഹ്യഇടപെടലുകളെക്കുറിച്ചും ബന്ധങ്ങള്‍ക്ക് വിലയില്ലാതാക്കുന്ന നവസാംസ്കാരിക ചുറ്റുപാടുകളെക്കുറിച്ചും നാം അറിഞ്ഞിരിക്കുകയും വേണം.
കുടുംബം കെട്ടുറപ്പുള്ള ഒരു സാമൂഹ്യസംവിധാനമാണ്. സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും നിലനില്പിന് കുടുംബത്തിന്‍റെ ഭദ്രമായ നിലനില്പ് അനിവാര്യമാണുതാനും. എങ്കിലും ഈ ഭദ്രത ചോര്‍ന്നുപോകുന്ന വിവിധങ്ങളായ സുഷിരങ്ങള്‍ കുടുംബബന്ധങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നു. അവയില്‍ ചിലത് ഒന്നു പരിശോധിക്കാം.

  1. ടെലിവിഷനും ടെലിവിഷന്‍ പ്രോഗ്രാമുകളും
    നമ്മുടെ കുടുംബങ്ങളുടെ ജീവിതശൈലിയെ ഇളക്കിമറിച്ചുകൊണ്ട് ഏറ്റവുമാദ്യം രംഗപ്രവേശം ചെയ്തത് ടെലിവിഷനാണ്. ആന്‍റിനയുടെയും ദൂരദര്‍ശന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് പരിപാടികളുടെയും കാലം അതിവേഗം പിന്നിട്ട് ചാനല്‍ ബാഹുല്യത്തിന്‍റെ ഈ വര്‍ത്തമാനകാലത്തില്‍ ടെലിവിഷന്‍ പല കുടുംബങ്ങളുടെയും അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുകയാണ്. വിനോദവും വിവരകൈമാറ്റവുമായിരുന്നു ടെലിവിഷന്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ആ തലങ്ങളെല്ലാം മറികടന്ന് അഭിപ്രായരൂപീകരണത്തിന്‍റെയും ആശയപ്രചരണത്തിന്‍റെയുമെല്ലാം ഇടമായി ടെലിവിഷന്‍ ചാനലുകള്‍ ഇന്ന് മാറിത്തീര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍, ജാതി-മതസംഘടനകള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ ആശയപ്രചരണത്തിന്‍റെ അവിഭാജ്യഘടകമായി ടിവി ചാനലുകള്‍ മാറി. സിനിമകളും ചര്‍ച്ചകളും സീരിയലുകളും മറ്റു പ്രോഗ്രാമുകളുമെല്ലാം കുടുംബജീവിതത്തിലെ ഭൂരിഭാഗം സമയവും കൈവശമാക്കി. പരസ്പരം കാണുകയും നോക്കുകയും കേള്‍ക്കുകയും പങ്കുവയ്ക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ജോലി ചെയ്യുകയുമെല്ലാം ചെയ്തിരുന്ന കുടുംബാംഗങ്ങള്‍ ടെലിവിഷന്‍റെ കടന്നുവരവോടെ തങ്ങളുടെ നോട്ടത്തിന്‍റെയും കാഴ്ചയുടെയും കേന്ദ്രം ടെലിവിഷനാക്കി മാറ്റി. പരസ്പരം നോക്കിയിരുന്നവര്‍ ടെലിവിഷനിലേക്ക് നോക്കാന്‍ തുടങ്ങി. പരസ്പരം കേട്ടിരുന്നവര്‍ ടെലിവിഷന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഓരോരുത്തരും പ്രായത്തിനും അഭിരുചികള്‍ക്കുമനുസരിച്ച് തങ്ങള്‍ക്കാവശ്യമുള്ളത് അതില്‍ കണ്ടുപിടിച്ചു. അങ്ങനെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് തുരങ്കം വയ്ക്കപ്പെട്ട ആദ്യത്തെ ഗൃഹോപകരണമായി ടെലിവിഷന്‍ മാറി. നിലവാരമില്ലാത്ത സീരിയലുകളും ഉള്ളടക്കമില്ലാത്ത ചര്‍ച്ചകളും തരംതാണ ഹാസ്യവും കണ്ടുംകേട്ടും വലിയൊരളവില്‍ വ്യക്തികളുടെ ജീവിതനിലവാരവും ചിന്താശേഷിയും തന്നെ സ്വാധീനിക്കപ്പെട്ടു. ബന്ധങ്ങളിലെ ഊഷ്മളതയും അടുപ്പവും പതിയെപ്പതിയെ നമ്മുടെ കുടുംബങ്ങള്‍ക്ക് കൈമോശം വരികയായിരുന്നു.
    നാം ഒരുമിച്ചിരിക്കേണ്ട ഇടങ്ങളെയും നാം പരസ്പരം സംസാരിക്കേണ്ട സന്ദര്‍ഭങ്ങളെയും നാം പരസ്പരം ആലിംഗനം ചെയ്യേണ്ട അവസരങ്ങളെയും ടെലിവിഷന്‍ അപഹരിച്ചു. എന്നിട്ടത് അവശേഷിപ്പിച്ച ഗുണനിലവാരമില്ലാത്തതും അയഞ്ഞതും ധാര്‍മ്മികതയില്ലാത്തതുമായ പുതിയ കാലത്തിന്‍റെ ജീവിതശൈലി നാം എടുത്തണിയുകയും ചെയ്തിരിക്കുന്നു.
  2. നവമാധ്യമങ്ങളുടെ സ്വാധീനങ്ങള്‍
    ടെലിവിഷന്‍ തുടങ്ങിവച്ചത് നവമാധ്യമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. വിജ്ഞാനത്തിന്‍റെയും വിവരക്കൈമാറ്റത്തിന്‍റെയും വിനോദത്തിന്‍റെയും ആശയവിനിമയത്തിന്‍റേയുമെല്ലാം വലിയ സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് മാനവകുലത്തെ അതിവേഗം മുന്നോട്ടു നയിക്കാന്‍ നവമാധ്യമങ്ങള്‍ക്ക് സാധിച്ചു. എങ്കിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴവും അടുപ്പവും അപഹരിച്ചുകൊണ്ടാണ് മുമ്പോട്ടുള്ള ഈ കുതിപ്പ് എന്ന് നാം തിരിച്ചറിയുകയാണ്. അപകടങ്ങളിലും പ്രതിസന്ധികളിലും നവമാധ്യമങ്ങള്‍ നമുക്ക് വഴികാട്ടിയായില്ലേ എന്ന് ചോദിക്കാമെങ്കിലും അപകടങ്ങളുടെ സമയത്ത് മാത്രമാണ് അരികിലിരിക്കുന്നവരെക്കുറിച്ച് നാം ബോധവാന്മാരുകുന്നത് എന്നത് എത്ര അപകടകരമാണ്. ചെവിയില്‍ തിരുകിയ ഇയര്‍ഫോണുകളിലൂടെ സംഗീതവും സംഭാഷണവും അകലങ്ങളിലായിരിക്കുന്ന ആരിലേക്കോ അല്ലെങ്കില്‍ ചിലരിലേക്കോ ചുരുക്കപ്പെടുകയും അടുത്തും അരികുകളിലും ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന അനേകരെ അവഗണിക്കുകയും ചെയ്യുന്നതില്‍ അസ്വഭാവികതകളില്ലേ.
    കുടുംബത്തിലേക്ക് നോക്കുമ്പോഴാകട്ടെ, ഒന്നുകില്‍ ടെലിവിഷന്‍ അല്ലെങ്കില്‍ നവമാധ്യമങ്ങള്‍ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സാമൂഹ്യമാധ്യമങ്ങളോടുള്ള അഡിക്ഷന്‍ ഇന്ന് ചികിത്സ വേണ്ട രോഗമായിട്ടാണ് മാനസികാരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. മറ്റുള്ളവരിലേക്ക് എത്തിപ്പെടാനും തനിക്ക് പരിചയമില്ലാത്ത വലിയൊരു വിഭാഗത്തെ (വിര്‍ച്വല്‍) തൃപ്തിപ്പെടുത്താനും പുതിയ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് പുതുതലമുറ. അവിടെ കുടുംബബന്ധങ്ങള്‍ക്ക് എന്താണ് സ്ഥാനമെന്നും ആ ബന്ധങ്ങളില്‍ അവര്‍ കണ്ടെത്തുന്ന അര്‍ത്ഥമെന്താണെന്നും അത് അവര്‍ക്കു പകരുന്ന സംതൃപ്തിയുടെ അളവെന്താണെന്നും പഠനവിധേയമാക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.
  3. വേഗത, ഉത്പാദനക്ഷമത, ലാഭം
    സകലതും വാണിജ്യവത്കരിക്കപ്പെട്ടതായി നാം ഇന്ന് തിരിച്ചറിയുകയാണ്. നമ്മുടെ വികാരപ്രകടനങ്ങള്‍ക്കുപോലും ഇന്ന് വിപണിയുണ്ട്. ഉറ്റവരുടെ വേര്‍പാടില്‍ നെഞ്ചുതല്ലിക്കരയുന്ന പ്രിയപ്പെട്ടവരുടെ ചേഷ്ടകള്‍ ഒപ്പിയെടുത്ത് നാടൊട്ടുക്ക് പ്രദര്‍ശിപ്പിക്കുന്ന മാധ്യമങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് സാമ്പത്തികമല്ലാതെ പിന്നെന്താണ്? അങ്ങനെ ഇഴകീറി പരിശോധിക്കുമ്പോള്‍ വിലയില്ലാത്തതായി യാതൊന്നുമില്ല. അതിനാല്‍ത്തന്നെ നമ്മുടെ സമൂഹം വ്യക്തികളെ വിലയിരുത്തുന്നതിന്‍റെ മാനദണ്ഡങ്ങളില്‍ ചിലതാണ് വേഗത, ഉത്പാദനക്ഷമത എന്നിവയൊക്കെ. ലാഭം ലക്ഷ്യം വയ്ക്കാത്ത എന്തു സേവനമാണ് ഇന്ന് ലഭ്യമായിട്ടുള്ളത് എന്ന് ചിന്തിക്കുന്നതും നല്ലതാണ്.
    വേഗതയില്‍ നമുക്ക് നഷ്ടപ്പെടുന്ന ബന്ധങ്ങളെത്ര മാത്രമാണ്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ ബന്ധങ്ങളെ ഉഷ്മളമാക്കുന്ന ലോലലോലമായ വികാരപ്രകടനങ്ങളും സ്നേഹവായ്പിന്‍റെ കൊഞ്ചലുകളും ചിത്താന്തങ്ങളും പിടിവാശികളും ചെറുവഴക്കുകളും പ്രതീക്ഷിക്കാത്ത പിണക്കങ്ങളും പൊടുന്നനെയുള്ള ഇണക്കങ്ങളും നമുക്ക് കൈമോശം വന്നുകൊണ്ടേയിരിക്കുന്നു. സാവധാനംനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹബന്ധത്തിന്‍റെ ഈ അടയാളങ്ങളെ നാം ഗൗരവ ബുദ്ധിയോടെ വീണ്ടെടുക്കേണ്ടതില്ലേ. ലാഭമല്ല ജീവിതത്തില്‍ പ്രധാനമെന്ന ചിന്ത നട്ടുവളര്‍ത്താന്‍ നാം ഇനിയും വൈകാന്‍ പാടില്ല.
  4. അയഞ്ഞുപോകുന്ന ധാര്‍മ്മികബോധം, പടരുന്ന നിരീശ്വരചിന്തകള്‍, ലൈംഗികതയുടെ അതിപ്രസരം
    ശരിതെറ്റുകളെക്കുറിച്ച് വിട്ടുവീഴ്ചയില്ലാത്ത ബോധ്യമാണ് ധാര്‍മ്മികശിക്ഷണം ഒരുവന് നല്കുന്നത്. എന്നാല്‍ ശരിതെറ്റുകളെ നിശ്ചയിക്കുന്നത് താന്‍ തന്നെയാണെന്നും തന്‍റെ ഇച്ഛകളാണെന്നുമുള്ള പിടിവാശിയിലേക്ക് ഈ കാലഘട്ടം അതിന്‍റെ ജനത്തെ കൊണ്ടുപോകുന്നുണ്ട്. ധാര്‍മ്മികബോധം – ശരിതെറ്റുകള്‍, ഈശ്വരവിശ്വാസം, കടമകള്‍, ഉത്തരവാദിത്വങ്ങള്‍ – പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഇവയിലെല്ലാം അലസചിന്തകള്‍ കടന്നുകൂടുന്നതും ഇങ്ങനെയായാലും മതിയെന്നു ചിന്തിക്കുന്ന നിസ്സംഗതയുടെ ജീവിതസന്ദര്‍ഭങ്ങള്‍ ഏറിവരുന്നതും നാം നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ താത്പര്യങ്ങള്‍ക്കൊത്തവണ്ണം ജീവിക്കുന്നതിന് മനുഷ്യനിലെ ധാര്‍മ്മികബോധം തടസ്സമാണെന്ന് തിരിച്ചറിയുന്നവരാണ് നിരീശ്വരചിന്തയുടെ വക്താക്കളായും ഉപഭോക്താക്കളായും മാറുന്നത്. ദൈവത്തിന് സ്ഥാനമില്ലാത്ത ലോകത്ത് ധാര്‍മ്മികതയ്ക്ക് ഇടമുണ്ടെന്ന് പറയാന്‍ കഴിയില്ലല്ലോ. ഉപഭോഗത്തിന്‍റെ സംസ്കാരം ഭോഗത്തിന്‍റെ സംസ്കാരം കൂടിയാണ്. വര്‍ദ്ധിച്ചുവരുന്ന ശാരീരിക ലൈംഗികതയുടെ കടിഞ്ഞാണില്ലാത്ത പാച്ചിലില്‍ ദൈവത്തെയുപേക്ഷിച്ചും ധാര്‍മ്മികചിന്തകളെ ജീവിതത്തിന് പുറത്ത് നിര്‍ത്തിയും ജീവിക്കുന്ന അനേകര്‍ നമ്മുടെ കുടുംബങ്ങളില്‍ പെരുകുന്നുവെന്നതും അസ്വസ്ഥത ജനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.
    സമാപനം
    ഭക്ഷണത്തിലേതുപോലെ ബന്ധങ്ങളിലും വിഷം കലരുന്നുവെന്നും നാമറിയാതെ നമുക്കിടയിലെ ബന്ധങ്ങള്‍ അന്തരിക്കുന്നുവെന്നും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബന്ധങ്ങളെ അപ്രസക്തമാക്കുകയും അപ്രസക്തമായവയെ ആഘോഷമാക്കാന്‍ നമ്മെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന നമ്മുടെ പുതിയ സംസ്കാരത്തില്‍ സാഹചര്യങ്ങളെയും വസ്തുതകളെയും ഇഴപിരിച്ചെടുത്ത് പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു വിശകലനബുദ്ധി നാം സ്വന്തമാക്കേണ്ടതുണ്ട്. ടെലിവിഷനും അതിലെ പ്രോഗ്രാമുകളും സാമൂഹ്യമാധ്യമങ്ങളും അവയുടെ ഉള്ളടക്കങ്ങളും ഇപ്രകാരം വിശകലനബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ പ്രത്യേകിച്ച് കുടുംബങ്ങളില്‍ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കുടുംബത്തിലെ പ്രൈംടൈം കുടുംബാംഗങ്ങള്‍ക്കുള്ളതാണെന്നും നിശ്ചിതസമയങ്ങളിലല്ലാതെ സാമൂഹ്യമാധ്യമങ്ങളോ ടെലിവിഷനോ കുടുംബങ്ങളില്‍ ഉപയോഗിക്കുകയില്ലായെന്നും ഒരുമിച്ച് തീരുമാനമെടുക്കാന്‍ കഴിയുന്ന കുടുംബങ്ങള്‍ക്കു മാത്രമേ കാലഘട്ടത്തിന്‍റെ ഈ പരീക്ഷണങ്ങളെ അതിജീവിക്കാനും ഒരു മനസ്സോടെ വരുംകാലസുദിനങ്ങളെ സ്വപ്നം കാണാനും സാധിക്കുകയുള്ളൂ. അല്ലാത്തവര്‍ സയനൈഡ് ഭക്ഷിച്ചവരെപ്പോലെ അതിവേഗം തളര്‍ന്നുപോകും. നോക്കിനില്‍ക്കേ അവരില്‍നിന്ന് ജീവന്‍ അപ്രത്യക്ഷമാകും. മരിച്ചാലും അവസാനിക്കാത്ത കെട്ടുപാടുകളുമായി ഒരുകൂട്ടം മനുഷ്യരുടെ താമസസ്ഥലങ്ങളായി കുടുംബങ്ങള്‍ മാറിത്തീരും.

നോബിള്‍ തോമസ് പാറയ്ക്കല്‍

Leave a Reply