നീതി കണ്ണടയ്ക്കുമ്പോള്‍

അന്തസായി ജീവിക്കുവാന്‍ അവകാശം നിഷേധിക്കപ്പെട്ട ബാലികമാര്‍. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട രണ്ടു ബാലികമാരുടെ പൊലിഞ്ഞുപോയ ജീവിതങ്ങള്‍ കേരള മനസാക്ഷിയുടെ മുന്‍പില്‍ ഉത്തരം ലഭിക്കാത്ത ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. സത്യം മറച്ചുവച്ചുള്ള അന്വേഷണങ്ങളും നേരിനെ മറന്നു കൊണ്ടുള്ള വിധിപ്രസ്താവനകളും തികച്ചും അധാര്‍മികവും ദൗര്‍ഭാഗ്യകരവുമാണ്. മനുഷ്യാവകാശപ്രവര്‍ത്തകരും സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും ശിശു സംരക്ഷണത്തിന്‍റെയും വക്താക്കളായി ചിത്രീകരിക്കപ്പെടുന്ന സാംസ്കാരിക നായകരും ഇക്കാര്യത്തില്‍ പാലിക്കുന്ന നിശബ്ദതയും നിസ്സംഗതയും ഗൗരവകരമായ പാതകം തന്നെയാണ്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ദരിദ്ര കുടുംബത്തിലെ ഇവരുടെ മരണത്തിനു കാരണക്കാരായവര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമുള്ളതായി കരുതപ്പെടുന്ന വസ്തുതകളെ തള്ളിക്കളയാനാവില്ല.

സംരക്ഷണം ഉറപ്പാക്കേണ്ട നിയമപാലകരും രാഷ്ട്രീയ അധികാരികളും നീതിന്യായ വ്യവസ്ഥകളും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന വിരോധാഭാസമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ദുര്‍ബലരുടേയും പക്ഷം പിടിക്കാന്‍ ഇവിടെ ആരും തന്നെ മുന്‍പോട്ടുവരുന്നില്ല. ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയപ്പെട്ട് ജീവിക്കുവാനുള്ള അവകാശം തന്നെ നഷ്ടമായ നമ്മുടെ സഹോദരിമാര്‍ക്ക് മരണാനന്തര നീതി നടത്തിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ദളിതരും ദരിദ്രരുമായി സമൂഹത്തിന്‍റെ അതിര്‍വരമ്പുകളിലും പുറമ്പോക്കുകളിലുമൊക്കെയായി ജീവിക്കുന്നവരോട് എന്തുമാകാം എന്ന നിലപാട് വച്ചുപൊറുപ്പിക്കാന്‍ പാടുള്ളതല്ല. നേരുകാട്ടേണ്ടവര്‍ നെറികേട് കാട്ടരുത്, നീതി നടത്തേണ്ടവര്‍ അനീതിയിലാണ്ടുപോവരുത്.

Leave a Reply