സ്ട്രോക്ക്


ബ്ലെസി എന്ന സംവിധായകന്‍റെ കരവിരുതില്‍ 2011-ല്‍ ഇറങ്ങി ധാരാളം അവാര്‍ഡുകള്‍ വാങ്ങിയ ഒരു സിനിമയായിരുന്നു ‘പ്രണയം’. അതില്‍ വളരെ ശ്രദ്ധാവഹമായ ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അഭിനയിച്ചു. ശരീരം തളര്‍ന്ന് വീല്‍ചെയറിലും കട്ടിലിലും ആയി തന്‍റെ ഭാര്യയുടെ സഹായത്തോടെ ജീവിക്കുന്ന ഒരു മനുഷ്യന്‍.
അധികം കണ്ടുവരുന്നതല്ലെങ്കിലും ചിലരുടെയൊക്കെ ജീവിതത്തിലെ ഒരു പ്രധാന വില്ലനായി മാറിയ ഒരു രോഗമാണ് സ്ട്രോക്ക്/മസ്തിഷ്കാഘാതം. ഇതുമൂലം ചിലര്‍ സ്ഥിരമായി മറ്റുള്ളവരെ ആശ്രയിക്കുന്നവരായി, എന്നാല്‍ ചിലര്‍ അതിനെ അതിജീവിച്ചു. സ്ട്രോക്കിനെ കുറിച്ചും അതിന്‍റെ ചികിത്സയെക്കുറിച്ചും അധികമൊന്നും ഇന്നും നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇന്ന് മരണകാരണങ്ങളില്‍ മൂന്നാംസ്ഥാനം സ്ട്രോക്കിനാണ്. സ്ട്രോക്കിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുവേണ്ടിയാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ 29 ന് ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്നത്.
എന്താണ് സ്ട്രോക്ക്?
തലച്ചോറിലേക്കുള്ള ഒന്നോ അതിലധികമോ രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന തകരാറുമൂലം തലച്ചോറിന്‍റെ പ്രത്യേക ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ക്ഷതങ്ങളാണ് സ്ട്രോക്ക് /മസ്തിഷ്കാഘാതം. തലച്ചോറിന്‍റെ ഏത് ഭാഗത്ത്, എത്രത്തോളം വലിയ ആഘാതമുണ്ടായി എന്നതിനെ ആശ്രയിച്ചാണ് സ്ട്രോക്കിന്‍റെ കാഠിന്യം മനസ്സിലാക്കുന്നത്.
രണ്ട് തരത്തിലുണ്ട്.

  1. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന സ്ട്രോക്കിനെ ഈസ്കീമിക് സ്ട്രോക്ക് എന്ന് പറയുന്നു. ഇത്തരത്തിലുള്ളത് 80% വരുന്നു.
  2. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം മൂലം ഉണ്ടാകുന്ന ഹെമറാജിക് സ്ട്രോക്ക് 20% വരുന്നു. ഈ വിഭാഗമാണ് കൂടുതല്‍ അപകടകാരി.
    കാരണങ്ങള്‍
  3. രക്തസമ്മര്‍ദം
    ഇതാണ് പ്രധാനപ്പെട്ട കാരണം, ബിപി ഉള്ളവര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 4 മുതല്‍ 9 വരെ മടങ്ങ് അധികമാണ്.
  4. കൊളസ്ട്രോളിന്‍റെ അളവ് ക്രമാതീതമായി കൂടിയവര്‍ക്ക്. അമിതമായ കൊളസ്ട്രോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞു രക്തക്കുഴലുകളുടെ ഉള്‍ഭാഗം ചുരുങ്ങി പോകുകയോ അടഞ്ഞു പോകുകയോ ചെയ്യുന്നു.
  5. വ്യായാമമില്ലാത്ത അവസ്ഥ.
  6. അനാരോഗ്യകരമായ ഭക്ഷണ രീതി. പ്രത്യേകിച്ച് കൊഴുപ്പുള്ള ആഹാരം കഴിക്കുന്നവര്‍, അമിതമായി ഉപ്പ് ഉപയോഗിക്കുന്നവര്‍.
  7. പ്രമേഹരോഗികള്‍.
  8. പുകവലി, മദ്യപാനം.
  9. പ്രായാധിക്യം, പ്രത്യേകിച്ച് 65 വയസ്സിനു മുകളില്‍ പ്രായം.
  10. ചില ഹൃദ്രോഗങ്ങള്‍.
  11. ജനിതക കാരണങ്ങള്‍.
  12. പുരുഷന്മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് സാധ്യത കൂടുതലാണ്.
    ലക്ഷണങ്ങള്‍1. ശരീരത്തിന്‍റെ ഒരുവശത്ത് മരവിപ്പ്, തളര്‍ച്ച. ഉദാ: കൈ ഉയര്‍ത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകുകയോ ഉയര്‍ത്തിയ കൈ താഴെ വീണു പോകുകയോ ചെയ്യുക.
  13. ചുണ്ട് ഒരു വശത്തേക്ക് കോടി പോവുകയും ഭക്ഷണം കഴിക്കുന്നത് വശത്തുകൂടി ഒഴുകുകയും ചെയ്യുക, ചിരിക്കുമ്പോള്‍ മുഖം ഒരു വശത്തേക്ക് കോടിയിരിക്കുക.
  14. നാക്ക് കുഴഞ്ഞു പോയി സംസാരിക്കുന്നത് തിരിയാതെ വരിക.
  15. പരസ്പര ബന്ധമില്ലാതെ സംസാരിക്കുക.
  16. മറ്റുള്ളവര്‍ സംസാരിക്കുന്നത് മനസ്സിലാക്കാതെ പോവുക.
  17. നടക്കുമ്പോള്‍ ഇരുവശത്തേക്കും ചാഞ്ചാടി പോവുക.
  18. ശരീരം പൂര്‍ണമായോ ഭാഗികമായോ തളര്‍ന്നു പോവുക, മുഖത്തെയും കൈകളിലെയും കാലുകളിലെയും മസിലുകള്‍ തളര്‍ന്നു പോകാം, പേശികള്‍ ചലിപ്പിക്കാനോ ഒന്ന് ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ വരാം.
  19. കാഴ്ച ശക്തി കുറയുക, പെട്ടെന്ന് ഒരു കണ്ണിന്‍റെ കാഴ്ച പോവുക, കണ്‍പോള പെട്ടെന്ന് അടഞ്ഞു പോകുക, പെട്ടെന്ന് കോങ്കണ്ണു പ്രത്യക്ഷപ്പെടുക, കണ്ണുകള്‍ക്ക് വല്ലാത്ത ചാഞ്ചാട്ടം അനുഭവപ്പെടുക, രണ്ടായിട്ട് കാണുക, ചിലപ്പോള്‍ രണ്ട് കണ്ണുകള്‍കൊണ്ട് ഇടതുവശത്തേക്ക് അല്ലെങ്കില്‍ വലതുവശത്തേക്ക് മാത്രമേ കാണാന്‍ സാധിക്കൂ.
  20. അതിശക്തമായ തലവേദനയും ചിലപ്പോള്‍ ഛര്‍ദ്ദിയും ഹെമറാജിക് സ്ട്രോക്കിന്‍റെ ലക്ഷണമാണ്.
  21. മണങ്ങള്‍ തിരിച്ചറിയാതെ വരിക.
  22. ചിലര്‍ക്ക് ഭക്ഷണം ഇറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും.
  23. തലചുറ്റല്‍.
    മിനി സ്ട്രോക്ക്
    സ്ട്രോക്കിനോട് സമാനമായിട്ടുള്ള ലക്ഷണങ്ങളുള്ളതും എന്നാല്‍ തീവ്രത കുറഞ്ഞതുമാണ് മിനി സ്ട്രോക്ക്. ഇവ ഏതാനും മണിക്കൂറുകള്‍ മുതല്‍ പരമാവധി 24 മണിക്കൂറുകള്‍ വരെ മാത്രമേ ഉണ്ടാകൂ. ഇവ അപകടകാരികള്‍ അല്ലെങ്കിലും ഇതു വന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും അടുത്തദിവസങ്ങളില്‍ വലിയ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്.
    ഗോള്‍ഡന്‍ അവര്‍ (സുവര്‍ണ മണിക്കൂറുകള്‍)
    സ്ട്രോക്കിന്‍റെ ചികിത്സയുടെ ഒരു പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ നാലു മണിക്കൂര്‍, പ്രത്യേകിച്ച് ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഈസ്കീമിക് സ്ട്രോക്കില്‍. രക്തം കട്ട പിടിച്ചു കിടക്കുന്ന രക്തക്കുഴലിലേക്ക് മരുന്ന് കടത്തിവിട്ട് രക്തക്കട്ടകളെ അലിയിച്ചു കളയുന്ന ചികിത്സ ഏറ്റവും ഫലപ്രദമായി ചെയ്യാന്‍ സാധിക്കുന്നത് ആദ്യത്തെ നാല് മണിക്കൂറിനുള്ളിലാണ്. ഇതാണ് സുവര്‍ണ്ണ മണിക്കൂറുകള്‍ (ഗോള്‍ഡന്‍ അവര്‍) എന്ന് പറയുന്നത്. നാല് മണിക്കൂറിനുള്ളില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍, സ്ട്രോക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്താല്‍ നല്ല രീതിയില്‍ രോഗം തടയാന്‍ സാധിക്കും. എന്നാല്‍ അല്പം വൈകിയാലും ആദ്യ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ പറ്റുന്ന പല ചികിത്സാരീതികളുമുണ്ട്. അതുകൊണ്ട് സ്ട്രോക്ക് ആണെന്ന് സംശയം തോന്നിയാല്‍ എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കുക.
    പ്രതിരോധം
    50 ശതമാനത്തോളം സ്ട്രോക്കുകളും തടയുവാന്‍ സാധിക്കുന്നതാണ്.
    പ്രതിരോധമാര്‍ഗങ്ങള്‍.
  24. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക. ബിപിയുള്ളവര്‍ കൃത്യമായി മരുന്ന് കഴിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചാല്‍ സ്ട്രോക്കിനുള്ള സാധ്യത 30 മുതല്‍ 40 ശതമാനം വരെ കുറയും.
  25. കൃത്യമായ വ്യായാമശീലം. ദിവസവും അര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന, ആഴ്ചയില്‍ അഞ്ചുദിവസം.
  26. ഭക്ഷണ ക്രമീകരണം. കൊഴുപ്പുള്ളതും വറുത്തതും പൊരിച്ചതും ഒഴിവാക്കുക. ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കുക. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക.
  27. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍ മരുന്നുകള്‍ മുടക്കാതെ ഷുഗറിന്‍റെ അളവ് നിയന്ത്രണത്തില്‍ വയ്ക്കുക.
  28. പുകവലി, മദ്യപാനം ഉപേക്ഷിക്കുക
    അതിജീവനം
    ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ എന്നിവയിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.
    ചആ: സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ ഏതെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ അടുത്തുള്ള ഡോക്ടറെ കണ്ടു സ്ഥിരീകരിച്ച് ഗോള്‍ഡന്‍ അവറില്‍ തന്നെ ചികിത്സ നേടുക.

Leave a Reply