നിദ്രവിട്ടുണരേണ്ട മണിക്കൂറുകൾ

ജിൻസ് നല്ലേപറമ്പൻ
ന്യൂനപക്ഷ അവകാശങ്ങളില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ ക്രൈസ്തവ സമൂഹത്തോട് കാണിച്ച അനീതിയും അവഗണനയും ഇന്ന് ക്രൈസ്തവസമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്. പലയിടങ്ങളില്‍നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഈ അവഗണന തിരിച്ചറിയാനും പ്രതിഷേധം ഉയര്‍ത്താനും നാം വൈകിയതിനാല്‍ അപരിഹാര്യമായ നഷ്ടങ്ങള്‍ ക്രൈസ്തവര്‍ക്ക് ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പരിഗണന വേണം എന്ന നമ്മുടെ ആവശ്യം ഇനിയും നടപ്പായിട്ടുമില്ല. ക്രൈസ്തവരുടെ ജനസംഖ്യ കുറഞ്ഞത് രാഷ്ട്രീയമായ നമ്മുടെ വിലപേശല്‍ ശക്തി കുറച്ചിട്ടുണ്ട്. ന്യൂനപക്ഷാവകാശങ്ങളുടെ കാര്യത്തില്‍ മാത്രമല്ല സാമൂഹ്യനീതിയുടെ കാര്യത്തില്‍പ്പോലും ക്രൈസ്തവസമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സഭയെയും പുരോഹിതരെയും സന്യസ്തരെയും അവഹേളിക്കുകയും ക്രൈസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ എഴുത്തുകളും, ചിത്രങ്ങളും, വ്യാജ ആരോപണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. പുരോഹിതരെയും സന്യസ്തരെയും കുറിച്ച് പൊതുസമൂഹത്തിലും വിശ്വാസികള്‍ക്കിടയിലും അവമതിപ്പുണ്ടാക്കുകയും അവര്‍ക്കു ലഭിക്കുന്ന സ്വീകാര്യത ഇല്ലാതാക്കുകയും ചെയ്യുക എന്ന ഗൂഢ ലക്ഷ്യമാണ് ഇതിനു പിന്നില്‍. എന്നാല്‍ മതവികാരം വ്രണപ്പെടുത്തി എന്ന പേരില്‍ ഇത്തരം വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ പരാതി നല്‍കാന്‍ സഭാ നേതൃത്വമോ വിശ്വാസികളോ തയ്യാറാകുന്നില്ല. തുടര്‍ച്ചയായി ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പോസ്റ്റുകള്‍ ഇട്ടിരുന്ന ഒരു വ്യക്തി അടുത്തിടെ കന്യാസ്ത്രീ മഠങ്ങള്‍ മുഴുവന്‍ ലൈസന്‍സുള്ള വേശ്യാലയങ്ങള്‍ ആണ് എന്ന പ്രസ്താവന നടത്തിയതോടുകൂടി ക്ഷമ നശിച്ച ഏതാനും ചില വിശ്വാസികള്‍ തങ്ങളുടെ പോലീസ് സ്റ്റേഷനില്‍ പ്രസ്തുത വ്യക്തിക്കെതിരേ പരാതിയുമായി ചെന്നെങ്കിലും മിക്കയിടത്തും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. കേസെടുത്ത സ്ഥലങ്ങളില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയുമുണ്ടായി. അതേസമയം തന്നെ തിരുവല്ലാ സ്വദേശിയായ ഒരു ക്രൈസ്തവ യുവാവ് ഇസ്ലാം മത വിമര്‍ശനമുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്‍റെ പേരില്‍ ‘നബിനിന്ദാ കുറ്റം’ ചുമത്തപ്പെട്ട് അറസ്റ്റിലായി. മതസ്പര്‍ദ്ധ വളര്‍ത്തിയെന്നതടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് പതിനഞ്ചു ദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്നു.
കോഴിക്കോട് ഒരു പെണ്‍കുട്ടിയുടെ പിതാവ് തന്‍റെ മകളെ പീഡിപ്പിച്ച ‘ജിഹാദിക്കെതിരേ’ നടപടിയാവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയടക്കം സമീപിച്ചിട്ട് പീഡകനെതിരേ കേസെടുക്കാന്‍പോലും തയ്യാറായില്ല. സംഘപരിവാര്‍ പ്രവര്‍ത്തകനായ അലി അക്ബര്‍ ആ പിതാവിന്‍റെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ പൊതുസമൂഹത്തെ അറിയിക്കുകയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ചെയ്തതോടെയാണ് കേരളാപ്പോലീസ് നടപടികള്‍ ആരംഭിച്ചത്. ‘കന്യാസ്ത്രീക്ക് പറയാനുള്ളത്’ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന ചിത്രകഥ ക്രൈസ്തവസന്യാസത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തില്‍ കുത്തി വയ്ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ‘മതസ്പര്‍ദ്ധ വളര്‍ത്തുന്ന’ ഒന്നായോ വിശ്വാസത്തെ അവഹേളിക്കലായോ ആരും ഇതിനെക്കാണുന്നില്ല.
ഒന്നുകില്‍ പരാതിക്കാരില്ല, അല്ലെങ്കില്‍ പരാതി നല്‍കിയാലും നടപടിയില്ല. പാക്കിസ്ഥാനിലെ ഏതെങ്കിലും കുഗ്രാമത്തിലല്ല പ്രബുദ്ധകേരളത്തിലാണ് ഈ അവസ്ഥ എന്നോര്‍ക്കണം. ക്രൈസ്തവസമൂഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ ഫലമായി ജന്മമെടുത്ത കാത്തലിക് സിറിയന്‍ ബാങ്ക് ഇന്നത്തെ തലമുറയുടെ അനാസ്ഥമൂലം കൈവിട്ടു പോവുകയായിരുന്നു. കാത്തലിക് സിറിയന്‍ ബാങ്ക് ഇനി മുതല്‍ സി.എസ്.ബി. ലിമിറ്റഡ് എന്നായിരിക്കും അറിയപ്പെടുക എന്ന് പ്രഖ്യാപിച്ചു കൊണ്ട് അടുത്തിടെ ബാങ്ക് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത് കാത്തലിക് എന്നും സിറിയന്‍ എന്നും കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിന്‍റെ ആണെന്ന തോന്നലുള്ളതിനാല്‍ ബാങ്കിനു ബിസിനസ് നഷ്ടമാകുന്നതിനാലാണ് പേരു മാറ്റം എന്നാണ്. കത്തോലിക്കന്‍ എന്നും സിറിയന്‍ എന്നും കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത ഉണ്ടാകുന്നവര്‍ക്ക് സിറിയന്‍ കത്തോലിക്കനെ കാണുന്നത് പോലും ചതുര്‍ത്ഥിയാകുന്ന നാളുകള്‍ ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ‘വൈറല്‍’ ആകുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ മുസ്ലീം തീവ്രവാദസംഘടനകളുടെയോ, ഇടതുപക്ഷ സംഘടനകളുടെയോ താല്പര്യങ്ങള്‍ ഉണ്ടായിരിക്കും എന്നത് നിസ്തര്‍ക്കമാണ്. കായികമേള നടന്ന സ്ഥലത്ത് അപകടം പറ്റി മരണമടഞ്ഞ കുട്ടിയുടെ അപകടം ‘വാര്‍ത്താ കേരളം’ ചര്‍ച്ച ചെയ്യാതിരുന്നതും ക്ലാസ് മുറിയില്‍നിന്നു പാമ്പുകടിയേറ്റു മരിച്ച കുട്ടിയെ ഓര്‍ത്ത് ദിവസങ്ങളോളം കണ്ണീരൊഴുക്കിയതും മരിച്ചവരുടെ മതത്തിലുള്ള വ്യത്യാസം കൊണ്ടാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കുറച്ചു കാലമായി നമ്മുടെ സാമൂഹ്യ സാംസ്കാരിക ചിന്താ മണ്ഡലങ്ങളില്‍ ബോധപൂര്‍വമുള്ള പൊളിച്ചെഴുത്തുകള്‍ നടക്കുന്നുണ്ട്. ചില വിഗ്രഹങ്ങള്‍ ഉടയ്ക്കപ്പെടുമ്പോള്‍ ചില ‘നന്മമരങ്ങള്‍’ പൊട്ടി മുളയ്ക്കുന്നു. ‘തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്ന’ കുബുദ്ധികള്‍ തിരശ്ശീലയ്ക്കു പിന്നിലിരുന്ന് ചരടു വലിക്കുന്നത് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ‘നിദ്രവിട്ടുണരേണ്ട മണിക്കൂറുകളാണിത്’ എന്ന് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ ഇനിയും നാം വൈകിക്കൂടാ. ക്രൈസ്തവസമൂഹത്തെ അവഗണിക്കുന്നവര്‍ക്ക് ഒരുമിച്ചുനിന്ന് മറുപടി കൊടുത്തേ മതിയാകൂ.

Leave a Reply