ഫാ. ജയിംസ് മുത്തനാട്ട്

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (PSC) ഗവണ്‍മെന്‍റിന്‍റെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളുടെ കീഴില്‍ വരുന്ന തസ്തികകള്‍ക്കുവേണ്ടി നിയമനപരീക്ഷകള്‍ സംഘടിപ്പിക്കുന്നത് ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമുള്ള കേന്ദ്രീകൃത സംവിധാനമാണ്.
ഇന്ന് ഇന്ത്യന്‍ജനസംഖ്യയുടെ 3% മാത്രമാണ് ഗവണ്‍മെന്‍റ് ഉദ്യോഗങ്ങള്‍ കൈയ്യാളുന്നത്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ഈ പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുമതിയുള്ളൂ. ചെറുപ്രായത്തില്‍ത്തന്നെ പി. എസ്.സി പരീക്ഷയില്‍ വിജയിച്ച് ജോലിയില്‍ പ്രവേശിക്കുന്ന ഒരു വ്യക്തിക്ക് റിട്ടയര്‍മെന്‍റ് കാലമാകുമ്പോഴേയ്ക്കും, അതത് കാലങ്ങളിലെ നല്ല ശമ്പളത്തിനു പുറമേ ഏകദേശം 60 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഗ്രാറ്റുവിറ്റി ലഭിക്കുന്നതും അവസാനം ലഭിച്ച ശമ്പളത്തിന്‍റെ പകുതി തുകയെങ്കിലും പ്രതിമാസ പെന്‍ഷനായി ലഭിക്കുന്നതുമാണ്.
കാലാകാലങ്ങളിലെ ശമ്പളവര്‍ദ്ധനവ്, ഉദ്യോഗസ്ഥസ്ഥാനം, കുടുംബത്തിനു രോഗചികിത്സാസഹായങ്ങള്‍, തസ്തികയില്‍ ഇരിക്കെ മരിച്ചുപോയാല്‍ ആശ്രിതര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങള്‍ പി.എസ്.സി. ജോലി ലഭിക്കുന്ന ആളുകളുടെ സുസ്ഥിതി വ്യക്തമാക്കുന്ന കാര്യങ്ങളാണ്.
പി.എസ്.സി. വഴി നിയമനം ലഭിച്ച ഒരു വ്യക്തിക്ക് സാധാരണഗതിയില്‍ ജീവിതപങ്കാളിയെ തേടുന്നതും ആ വിഭാഗത്തില്‍നിന്നു തന്നെയാകും. അവരില്‍നിന്നു ജനിക്കുന്ന മക്കള്‍ക്കും ആ ഭാഗധേയസാധ്യത തന്നെയാണ് കൂടുതലായുള്ളത്. ഇങ്ങനെ നോക്കുമ്പോള്‍ പ്രത്യേകിച്ച് സാമ്പത്തിക, കാര്‍ഷിക പ്രതിസന്ധിയില്‍ സ്ഥിരവരുമാനസാധ്യത ഉള്ള ജോലി മേഖലയാണ് പി.എസ്.സി.
ക്രിസ്തീയവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അധികം ശ്രദ്ധ കൊടുക്കാതെ പോയ ഒരു പഠന-ജോലി മേഖലയാണ് ജടഇ. നമ്മുടെ വളരെ കുറഞ്ഞ അനുപാതം മാത്രമേ പി. എസ്.സി. പരീക്ഷ വഴി ഗവണ്‍മെന്‍റ് ജോലികള്‍ തരപ്പെടുത്തിയിട്ടുള്ളൂ.
പി. എസ്.സി. കോച്ചിങ്ങ്
സ്ഥിരോത്സാഹത്തോടെ ജടഇ കോച്ചിങ്ങില്‍ പങ്കെടുക്കുകയും പരീക്ഷകള്‍ എഴുതുകയും ജോലിനിയമന അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ ഈ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ മിക്ക കുടുംബങ്ങള്‍ക്കും അനുഗ്രഹമാകുവാന്‍ ഉദ്യോഗാര്‍ത്ഥികളായ യുവജനങ്ങള്‍ക്ക് സാധിക്കും. ഒരു വര്‍ഷത്തെ 52 തുടര്‍ ഞായറാഴ്ചകളില്‍ പ്രഭാത കുര്‍ബാനയ്ക്കും +1, +2 വിദ്യാര്‍ത്ഥികളുടെ വിശ്വാസപരിശീലനക്ലാസ്സുകള്‍ക്കും ശേഷം ഏകദേശം 10 മുതല്‍ 4 വരെ സമയത്ത് വേണ്ടത്ര വൈദഗ്ധ്യമുള്ള പരിശീലകരുടെ സഹായത്തോടെ പി. എസ്.സി ക്ലാസ്സുകള്‍ ഓരോ വലിയ ഇടവകകളിലോ, വിവിധ ചെറിയ ഇടവകകള്‍ ചേര്‍ന്നോ സംഘടിപ്പിച്ചാല്‍ പഠനത്തോടൊപ്പം ഗവണ്‍മെന്‍റ് ഉദ്യോഗപരിശീലനവും വലിയ വിജയസാധ്യതയും യാഥാര്‍ത്ഥ്യമാകും.
നാമാരെയും പഴിച്ചിട്ടോ പരിഹസിച്ചിട്ടോ കാര്യമില്ല. ശ്രദ്ധയോടെ വയ്ക്കുന്ന ഓരോ കാല്‍വയ്പ്പും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് ക്രൈസ്തവരായ പല യുവാക്കളും വിവാഹപ്രായം കഴിഞ്ഞിട്ടും ജീവിതം തളിരിടാതെ നില്‍ക്കുന്നത് വേണ്ട സമയത്ത് സ്ഥിരവരുമാനമുള്ള ജോലിയില്‍ പ്രവേശിക്കാതെ പോകുന്നതുകൊണ്ടാണ് എന്ന് നാം തിരിച്ചറിയണം.
തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കുകഇന്നു നമ്മുടെ യുവജനങ്ങളും കുടുംബങ്ങളും ഏതെങ്കിലും ജോലി തേടി വിദേശത്തു പോകുന്നതോ ഐ.റ്റി മേഖലയിലോ മെഡിക്കല്‍മേഖലയിലോ ഏതെങ്കിലും ജോലി തരപ്പെടുത്തുന്നതോ മാത്രമാണ് ജീവിതവിജയസാധ്യത എന്നു കരുതി പലപ്പോഴും മറ്റു ജോലിസാധ്യതകളെ വിഗണിക്കാറുണ്ട്. ഏതു ജോലിയും ശ്രേഷ്ഠമാണെന്നു മനസ്സിലാക്കിയും അവസരങ്ങളെ ശരിയായി വിനിയോഗിച്ചും നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
പി. എസ്. സി പരീക്ഷകളേറെയും ബുദ്ധിമുട്ടുള്ളതാണെന്നും തനിക്കു വിജയിക്കാന്‍ സാധിക്കില്ലെന്നുള്ള തെറ്റിദ്ധാരണകൊണ്ടും ആളുകള്‍ ഇതില്‍നിന്ന് വിട്ടു നില്‍ക്കുന്നുണ്ട്. എന്നാല്‍ സ്ഥിരോത്സാഹത്തോടെ എത്രയെത്ര സാധാരണക്കാരാണ് ഈ മഹാ കടമ്പ കടന്ന് പി. എസ്. യിലൂടെ ജീവിതവിജയം സ്വന്തമാക്കിയിട്ടുള്ളത്.
പി. എസ്. സി സിലബസ്
പല കുട്ടികളും പി. എസ്.സി പരീക്ഷയ്ക്ക് വളരെയേറെ പഠിക്കണമെന്ന് കരുതുന്നവരാണ്. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ വസ്തുത മറ്റൊന്നാണ്. നമ്മുടെ സ്കൂള്‍ +2 തലങ്ങളിലെ പാഠ്യഭാഗത്തു നിന്നുള്ള ചോദ്യങ്ങളാണ് അതില്‍ ഭൂരിഭാഗവും. വലിയ പാരഗ്രാഫ് ഉത്തരത്തിനു പകരം അതിലെ ഓരോ പോയിന്‍റുകളുമാണ് ചോദിക്കുക എന്നുമാത്രം . അതിനേക്കാളുപരി ശരിയുത്തരമുള്‍പ്പെടെ നാല് ഓപ്ഷന്‍സും നമുക്ക് നല്‍കുന്നുണ്ട്. +1, +2 കാലത്ത് പി. എസ്.സി കോച്ചിംഗ് ആരംഭിക്കുന്ന കുട്ടിക്ക് +1, +2 പരീക്ഷയിലും മികച്ച മാര്‍ക്ക് വാങ്ങുവാന്‍ സാധിക്കുകയും ചെയ്യും.
പി. എസ്.സി. പഠനവും മറ്റു കോഴ്സുകളും താരതമ്യപഠനം.
ഏതൊരു ജോലി മേഖല തിരഞ്ഞെടുക്കുമ്പോഴും അതിനുവേണ്ടി തയ്യാറെടുക്കേണ്ട സമയവും നമ്മള്‍ മാറ്റി വയ്ക്കാറുണ്ട്. നമ്മുടെ ഇടയില്‍ പ്രധാനമായും നേഴ്സിങ്ങ് തുടങ്ങി വിവിധ കോഴ്സുകള്‍ക്കു വേണ്ടി നാം 3-4 വര്‍ഷമോ അതിലധികമോ ചെലവഴിക്കുന്നു. വീട്ടില്‍നിന്ന് മാറി നിന്ന് പഠിക്കേണ്ടി വരുന്നു. കുറഞ്ഞത് 3 ലക്ഷം മുതല്‍ 5 ലക്ഷംവരെ രൂപ പഠനത്തിന് ചെലവഴിക്കുന്നു. മറ്റു സ്ഥലങ്ങളില്‍ പഠിക്കാന്‍ പോയ കുട്ടികള്‍ റാംഗിങ്, ഭക്ഷണപ്രശ്നങ്ങള്‍ മുതലായ അനേകം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് നാം അനുദിനം പത്രമാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. ഇനി പഠനശേഷം ട്രെയിനിംഗിനായി ഇതരജോലി സ്ഥാപനത്തില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്നവരെയും നാം കാണുന്നു. അതിനുശേഷം ഒരു ന്യൂനപക്ഷം നല്ല തുക മുടക്കി വിദേശരാജ്യത്തേയ്ക്ക് എത്തി നല്ല നിലയില്‍ എത്താറുണ്ടെങ്കിലും ഭൂരിപക്ഷവും പ്രൈവറ്റ് മേഖലയില്‍ 20000/ അതിലും താഴെയോ ശമ്പളത്തിന് ജോലി ചെയ്യുന്നു. എന്നാല്‍ പി. എസ്.സി പഠനത്തിന് ഒരു വര്‍ഷം മാറ്റിവച്ചാല്‍ സാധാരണ പഠനനിലവാരം മാത്രമുള്ള കുട്ടിക്ക് ജോലി ലഭിക്കും എന്നതാണ് സത്യം. അത് രണ്ടുവര്‍ഷമായാല്‍ ഉറപ്പായും ജോലി ലഭിക്കും, അതില്‍ തന്നെ രണ്ടുവര്‍ഷം ഓരോകുട്ടിക്കും ലാഭിക്കാം. പഠനച്ചെലവ് മാസം 500 രൂപ വെച്ച് ഒരു വര്‍ഷം 6000 രൂപ മാത്രം മതിയാകും. മൂന്നുവര്‍ഷം പഠിച്ചാല്‍പോലും 18000-രൂപ മാത്രം, ശമ്പളമാണെങ്കില്‍ പ്രൈവറ്റ് മേഘലയില്‍ 20000 രൂപയില്‍ താഴെ വാങ്ങുന്നിടത്ത് 25000 മുതല്‍ മുന്നോട്ട് എല്ലാവര്‍ഷവും വര്‍ദ്ധനവ്, റാഗിങ്ങ് ഭയപ്പെടേണ്ടതില്ല. ഭക്ഷണം ഹോസ്റ്റലിലേതുപോലെ മോശവുമാകയില്ല, കൂടാതെ കുട്ടികള്‍ സ്വഭാവമോശത്തിലേയ്ക്ക് കടക്കുകയുമില്ല എന്ന സത്യവും നമ്മള്‍ മനസ്സിലാക്കണം. ഈ പ്രായത്തിലുള്ള കുട്ടികള്‍ അത് മനസ്സിലാക്കിയില്ലെങ്കിലും അവരുടെ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കുകയും അത്ര വലിയ അവസരം മുന്നിലുള്ളത് കാണാതിരിക്കുകയും ചെയ്യരുത്.

Leave a Reply