ഒരു ദിവസം വൈകുന്നേരം എന്‍റെ ഒ.പിയില്‍ മധ്യവയസ്ക്കരായ ദമ്പതികള്‍ വന്നു. അതില്‍ ഭര്‍ത്താവിന്‍റെ കൈയ്യില്‍ ഒരു ബ്ലഡ്ടെസ്റ്റ് റിസല്‍ട്ട് ഉണ്ടായിരുന്നു.38 വയസ്സുള്ള അദ്ദേഹത്തിന്‍റെ കൊളസ്ട്രോളിന്‍റെ അളവ് 280 ആണ്. അപ്പോള്‍ ഭാര്യ എന്നോട് ചോദിച്ചു. ഡോക്ടറേ വീട്ടില്‍ പാചകത്തിന് ഞങ്ങള്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണോ കൊളസ്ട്രോള്‍ ഇത്രയും കൂടുതലായത്. കോളസ്ട്രോള്‍ ഫ്രീ എണ്ണ എന്നു പറഞ്ഞ് കടയില്‍ കാണുന്നത് ഉപയോഗിച്ചാല്‍ നല്ലതാണോ? മുട്ട കഴിക്കുന്നതുകൊണ്ട് കൊളസ്ട്രോള്‍ കൂടുമോ? കൊളസ്ട്രോളിനെക്കുറിച്ച് ഇത്തരം ധാരാളം സംശയങ്ങളും മിഥ്യാധാരണകളും നമ്മില്‍ പലര്‍ക്കുമുണ്ട്.
ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് അമിത കൊളസ്ട്രോളും അതുമായി ബന്ധപ്പെട്ട രോഗങ്ങളും. കൊളസ്ട്രോളിനെ പേടിച്ച് ഭക്ഷണം കഴിക്കാന്‍ പോലും പലര്‍ക്കും ഭയമാണ്. ഈ ഭയം കാരണം ഇഷ്ട ഭക്ഷണത്തോടുപോലും നോ പറയേണ്ട സാഹചര്യമുണ്ടാകും.
എന്താണ് കൊളസ്ട്രോള്‍?
ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണത്. കോശങ്ങളുടെ വളര്‍ച്ചയ്ക്കും കോശഭിത്തിയുടെ നിര്‍മ്മിതിക്കും ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍, കോര്‍ട്ടിസോള്‍ എന്നിവയുടെ ഉത്പാദനത്തിനും വിറ്റാമിന്‍ എ,ഡി, ഇ, കെ എന്നിവയെ ഉപയോഗപ്പെടുത്തുന്നതിനും, സൂര്യപ്രകാശത്തെ വിറ്റാമിനാക്കി മാറ്റുന്നതിനും കൊളസ്ട്രോള്‍ ആവശ്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്‍റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് കരളാണ്. ബാക്കി 20 ശതമാനം മാത്രമാണ് കഴിക്കുന്ന ആഹാരത്തില്‍ നിന്നും ലഭിക്കുന്നത്. കൊളസ്ട്രോളിനെ രക്തധമനികളിലൂടെ കടത്തി കൊണ്ടുപോകുന്നത് പ്രോട്ടീനാണ് (Lipo protein)
ലിപോ പ്രോട്ടീനുകള്‍ രണ്ടു വിധമുണ്ട്
- ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (LDL). ഇത് കൂടുതലായാല്‍ ശരീരത്തിന് ദൂഷ്യം ചെയ്യും. അത് രക്തധമനികളില്‍ അടിഞ്ഞ് രക്തയോട്ടം കുറയ്ക്കുന്നു.
- ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (HDC) ഇത് നല്ല വിഭാഗം കൊളസ്ട്രോളാണ്. ശരീരത്തിലുണ്ടാകുന്ന അമിത കൊളസ്ട്രോളിനെ കരളില്‍കൊണ്ടുപോയി സംസ്കരിക്കുന്നത് ഈ വിഭാഗമാണ്.
അമിത കൊളസ്ട്രോളിന്‍റെ കാരണങ്ങള്‍ - പാരമ്പര്യം: പാരമ്പര്യമായി അമിത കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ നേരത്തെ വരാന്‍ സാധ്യതയുണ്ട്.
- അമിതഭാരം
- വ്യായാമക്കുറവ്
- പ്രായം: സ്ത്രീകളില്‍ പൊതുവെ പുരുഷന്മാരെ അപേക്ഷിച്ച് കൊളസ്ട്രോളിന്‍റെ അളവ് കുറവാണ്.
എന്നാല്‍ ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകളില്‍ അത് പുരുഷന്മാരെക്കാളും കൂടുന്നു. - അമിതമായ മദ്യപാനം
- മാനസ്സിക സമ്മര്‍ദ്ദം
- പുകവലി: ഇതുമൂലം ചീത്ത കൊളസ്ട്രോളായ ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ കൂടാനും നല്ല കൊളസ്ട്രോളായ ഹൈഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കുറയാനും കാരണമാണ്.
- അരവണ്ണം പുരുഷന്മാരില്‍ 40 ഇഞ്ചിനും സ്ത്രീകളില്‍ 35 ഇഞ്ചിനും ഇടയില്‍ ആയാല്‍.
- പ്രമേഹം: പ്രമേഹരോഗികളില്‍ നല്ല കൊളസ്ട്രോള്‍ കുറയുവാനും ചീത്ത കൊളസ്ട്രോള്‍ കൂടാനും സാധ്യതയുണ്ട്.
- മാറി വരുന്ന ഭക്ഷണശൈലി:
കൊളസ്ട്രോള്‍ കൂടാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ - ബട്ടര്‍ ചീസ്
- ചുവന്ന ഇറച്ചി, പന്നി, പോത്ത്, ആട്.
- വറുത്തതും പൊരിച്ചതും
- ഫാസ്റ്റ് ഫുഡ്, സോസേജ്, കുക്കീസ്, ബേക്കറി ആഹാരം
അമിത കൊളസ്ടോളിന്‍റെ ലക്ഷണങ്ങള്‍
ശരീരത്തില്‍ അമിത കൊളസ്ട്രോള്‍ ഉണ്ടായതിന്‍റെ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകില്ല. മറിച്ച് അത് രക്തക്കുഴലുകളില്‍ അടിഞ്ഞ് രക്തയോട്ടം കുറയുകയും ചിലപ്പോള്‍ രക്തക്കുഴലുകള്‍ പൂര്‍ണ്ണമായും അടഞ്ഞു പോകുകയും ചെയ്യും. ഏത് രക്തക്കുഴലിനെയാണോ അത് ബാധിക്കുന്നത്, അത് അനുസരിച്ചുള്ള ലക്ഷണങ്ങളാണ് ഉണ്ടാകുക. അതിനാല്‍ അമിതമായ കൊളസ്ട്രോളുകൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ ഇവയാണ്. - ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലിനെ ബാധിച്ചാല്‍ – നെഞ്ചുവേദന ചിലപ്പോള്‍ ഹൃദയസ്തംഭനംവരെ.
- തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലിനെ ബാധിച്ചാല്‍ സ്ട്രോക്ക്.
- കാലുകളിലേയ്ക്കുള്ള രക്തക്കുഴലിനെ ബാധിച്ചാല്‍ നടക്കുമ്പോള്‍ കാലു കഴപ്പ്, ചിലപ്പോള്‍ വിരലുകളിലേയ്ക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലയ്ക്കാം.
- രക്തസമ്മര്‍ദ്ദം കൊളസ്ട്രോള്‍ രക്തധമനികളില്‍ അടിഞ്ഞ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും.
കണ്ടു പിടിക്കാന്‍
രക്തപരിശോധനയിലൂടെയാണ് ഇത് കണ്ടുപിടിക്കുന്നത്. 20 വയസ്സും അതിന്‍റെ മുകളിലുള്ള എല്ലാവര്‍ക്കും രക്തപരിശോധന നടത്തണം. അത് അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വീണ്ടും ചെയ്തു നോക്കുകയും വേണം. അമിതമായ അളവ് ഉള്ളവരും മരുന്ന് കഴിക്കുന്നവരും അത് താഴുന്നതുവരെ മൂന്നു മാസത്തില്‍ ഒരിക്കല്‍ ചെയ്തു നോക്കണം. എന്നാല്‍ ശരിയായ അളവുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ചെയ്താല്‍ മതി. 12 മണിക്കൂര്‍ ആഹാരം കഴിക്കാതെ നോക്കുന്നതാണ് നല്ലത്. ഇതിന് ഫാസ്റ്റിങ്ങ് ലിപിഡ് പ്രൊഫൈല്‍ (Fasting lipid profile-FLP)എന്നാണ് പറയുന്നത്. ഇതിന്‍റെ ഘടകങ്ങള്‍ ഇവയാണ് - റ്റോട്ടല്‍ കൊളസ്ട്രോള്‍ (Total Colastrol) :200 mglde താഴെ നല്ലത്
- HDL: പുരുഷന്മാരില്‍ 40- ന് മുകളില്‍ സ്ത്രീകളില്‍ 50 ന് മുകളില്‍ അഭികാമ്യം
- LDL: 100ല്‍ താഴെ നല്ലത്
- ട്രൈഗ്ലിസറൈഡ് (Triglyceide) : 150 ല്‍ താഴെ നല്ലത്.
പ്രതിരോധം - ചിട്ടയായ വ്യായാമം :- ദിവസം 30 മിനിറ്റ് അടങ്ങുന്ന ആഴ്ചയില്‍ 5 ദിവസം
ഇതില്‍ നടത്തം, നീന്തല്‍, സൈക്ലിങ്, ജോഗിം, എയറോബിക്സ് തുടങ്ങിയവ ഉത്തമം. വ്യായാമം വഴി ചീത്ത കൊളസ്ട്രോള്‍ കുറയാനും നല്ല കൊളസ്ട്രോള്‍ കൂടാനും കാരണമാകും. - മദ്യപാനം, പുകവലി ഉപേക്ഷിക്കുക
- അമിതഭാരം ഒഴിവാക്കുക: ശരീരത്തിന്‍റെ അമിതഭാരം കുറയ്ക്കുന്നതു വഴി നല്ല കൊളസ്ട്രോള്‍ കൂടുകയും ചീത്ത കൊളസ്ട്രോള്‍ കുറയുകയും ചെയ്യും.
- എണ്ണയുടെ ഉപയോഗം : ഒരു എണ്ണയിലും കൊളസ്ട്രോള്‍ ഇല്ല. അവ പൂരിതവും അപൂരിതവുമുണ്ട് (സാച്ചുറേറ്റഡും അന്‍സാച്ചുറേറ്റഡും). ഇതില്‍ പൂരിത കൊഴുപ്പുകള്‍ ശരീരത്തിലെത്തുമ്പോള്‍ ചീത്ത കൊളസ്ട്രോളായി മാറ്റപ്പെടും. എന്നാല്‍ അപൂരിത കൊഴുപ്പുകള്‍ ഉള്ളിലെത്തിയാല്‍ നല്ല കൊളസ്ട്രോളായി മാറും. വെളിച്ചെണ്ണയിലും പാമോയിലിലും പൂരിത കൊഴുപ്പാണുള്ളതെങ്കിലും. ഇതില്‍ തന്നെ വെളിച്ചെണ്ണയാണ് സുരക്ഷിതം.
സൂര്യകാന്തി എണ്ണ, തവിടെണ്ണ, ഒലിവ് എണ്ണ എന്നിവയില്‍ അപൂരിത കൊഴുപ്പാണുള്ളത്. അതിനാല്‍ ഇവയാണ് ഉത്തമം. എന്നാല്‍ അപൂരിതകൊഴുപ്പുള്ള എണ്ണയും എത്ര തവണ ഉപയോഗിക്കാം എന്നില്ല. അപൂരിത കൊഴുപ്പാണെങ്കിലും ശരീരത്തില്‍ അമിതമായ അളവില്‍ എത്തിയാല്‍ ഒരു ഭാഗം മാത്രമേ ശരീരത്തിനാവശ്യമായ നല്ല കൊളസ്ട്രോളായി മാറുകയുള്ളൂ. ഒരു ഭാഗം ഊര്‍ജ്ജത്തിന് ഉപയോഗിക്കുകയും ചെയ്യും. മിച്ചം വരുന്നത് കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിക്കും. അതുകൊണ്ട് പൂരിത എണ്ണയായാലും അപൂരിത എണ്ണയായാലും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ. അതുപോലെതന്നെ എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതില്‍ ദൂഷ്യഘടകങ്ങള്‍ ഉണ്ടാകുകയും കഴിക്കുന്നവരെ ക്രമേണ രോഗിയാക്കുകയും ചെയ്യുന്നു. അതിനാല്‍ ബേക്കറിയില്‍ നിന്നുള്ള പലഹാരങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക. - ആഹാരക്രമീകരണങ്ങള്‍ : അമിതഭക്ഷണം ഒഴിവാക്കുക. പ്രത്യേകിച്ച് രാത്രിയില്‍ ഉറങ്ങും മുമ്പുള്ള അമിതഭക്ഷണം ഒഴിവാക്കുക.
അമിതമധുരം, മൈദ, വെളുത്ത അരി, കിഴങ്ങ് ഇവ മിതമായി ഉപയോഗിക്കുക.
കൊളസ്ട്രോളിന്‍റെ അളവു കുറയ്ക്കുന്ന ആഹാരങ്ങള്‍. - ഓട്സ്, ബാര്‍ലി, മുഴുധാന്യങ്ങള്‍
- പയറു വര്‍ഗ്ഗങ്ങള്‍
- നട്സ്
- ആപ്പിള്‍, മുന്തിരി, സ്ട്രോബറി
- നാരങ്ങ, ഓറഞ്ച്
- സോയാബീന്‍
- മത്സ്യം
- ജീവിതശൈലിയിലുണ്ടാകേണ്ട മാറ്റങ്ങള്‍: ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി ക്രമേണ നല്ല ശീലം വളര്‍ത്തിയെടുക്കുക.
ഉദാ: ലിഫ്റ്റ് ഉപയോഗിക്കുന്നതിനുപകരം സ്റ്റെപ്പ് ഉപയോഗിക്കുക. ഗാര്‍ഡനിങ്ങ് പോലെ ചെറിയ ഹോബികള്‍ ചെയ്ത് മാനസികസമ്മര്‍ദ്ദം അകറ്റാം. - മുട്ടയുടെ ഉപയോഗം:
മുട്ടയുടെ ഉപയോഗത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട സംശയം മഞ്ഞക്കരു കഴിക്കുന്നത് കൊളസ്ട്രോള്‍ കൂട്ടുന്നതിന് കാരണമാകുമോ എന്നതാണ്. പ്രോട്ടീനുകള്‍ വൈറ്റമിനുകള്‍ എന്നിവ ധാരാളമടങ്ങിയതാണ് മുട്ട. 13 അവശ്യപോഷകങ്ങള്‍ മുട്ടയിലുണ്ട്. ഒരു വലിയ മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും 72 കാലറിയും, 186 മില്ലി ഗ്രാം കൊളസ്ട്രോളുമാണുള്ളത്. അടുത്തിടെ നടന്ന പഠനങ്ങള്‍ കാണിക്കുന്നത് മുട്ടയിലെ കൊളസ്ട്രോള്‍ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ നില വര്‍ദ്ധിപ്പിക്കുന്നില്ല എന്നാണ്. മാത്രമല്ല ദിവസവും ഒരു മുട്ട ശീലിച്ചവരില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറവാണെന്നും പറയുന്നു, കാരണം മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുന്നു. നന്നായി വേവിച്ചോ, ഓംലറ്റ് ആയോ പുഴുങ്ങിയോ പച്ചക്കറികള്‍ ചേര്‍ത്തോേ മുട്ട കഴിക്കാം.
e.g :അമിത കൊളസ്ട്രോളിന് മരുന്നു കഴിക്കുന്നവര്‍ അതോടൊപ്പം തന്നെ വ്യായാമവും ജീവിതശൈലിയില്‍ മാറ്റങ്ങളും വരുത്തി ആരോഗ്യപരമായ ശീലം വളര്‍ത്തിയെടുക്കണം.