കര്‍ഷകര്‍ ഉണരുന്നു


മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല
പിറന്നുവീണ മണ്ണില്‍ ജീവിക്കാനായി പോരാടും

ഇന്ത്യയുടെ കാര്‍ഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് നാളുകളായി കടന്നുപോകുന്നത്. കടക്കെണിയും വിലത്തകര്‍ച്ചയും ജപ്തിഭീഷണികളും മൂലം മനംമടുത്ത് ജീവന്‍ വെടിഞ്ഞ കര്‍ഷകമക്കളുടെ ചുടുരക്തത്തിലും ശവക്കൂനയിലും ചവിട്ടിനിന്ന് അധികാരകേന്ദ്രങ്ങള്‍ കര്‍ഷകസ്നേഹം പ്രസംഗിക്കുന്നു.
ജീവിതപ്രതിസന്ധിയും കാര്‍ഷികതകര്‍ച്ചയുംമൂലം എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ ഇക്കാലമത്രയും അസംഘടിതരായിരുന്ന കര്‍ഷകര്‍ സംഘടിച്ചുനീങ്ങുവാന്‍ ശക്തമായി മുന്നോട്ടിറങ്ങിയിരിക്കുന്നത് ഏറെ പ്രതീക്ഷയേകുന്നു. രാഷ്ട്രീയപാര്‍ട്ടികളും അധികാരകേന്ദ്രങ്ങളും നല്‍കുന്ന തുടര്‍ച്ചയായ വാഗ്ദാനങ്ങളിലും പ്രകടനപത്രികകളിലും വിശ്വാസമര്‍പ്പിച്ച് രാഷ്ട്രീയ അടിമകളായി അധഃപതിക്കാതെ, അധികാരത്തിലേറിയവര്‍ എന്തു ജനങ്ങള്‍ക്കു നല്‍കിയെന്ന് പഠിക്കുവാനും വിലയിരുത്തുവാനും കര്‍ഷകര്‍ തയ്യാറാകുകയും നിരന്തരം വിഡ്ഢിവേഷം കെട്ടിക്കുന്നവര്‍ക്കെതിരെ വിരല്‍ചൂണ്ടി സംസാരിക്കുവാനും പ്രതികരിക്കുവാനും ഉണര്‍ന്നെഴുന്നേല്‍ക്കുകയും വേണം. നോട്ടുനിരോധനവും, കപടവാഗ്ദാനങ്ങളും സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയും, അപ്രായോഗിക കാര്‍ഷിക സാമ്പത്തികനയങ്ങളും, അനിയന്ത്രിതവും നികുതിരഹിതവുമായ കാര്‍ഷികോല്പന്ന ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന രാജ്യാന്തര കരാറുകളും നീതിനിഷേധിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വവും ധാര്‍ഷ്ഠ്യവും കര്‍ഷകര്‍ക്ക് ഇനിയും വച്ചുപൊറുപ്പിക്കാനാവില്ല.
കര്‍ഷകരെ അവഹേളിച്ചും കാര്‍ഷികമേഖലയെ അവഗണിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖംതിരിഞ്ഞുനില്‍ക്കുന്നു. കര്‍ഷകര്‍ക്ക് കര്‍ഷകരല്ലാതെ മറ്റൊരു രക്ഷകനിനി വരാനില്ല. ദേശീയ സംസ്ഥാന കാര്‍ഷികനയങ്ങളും പ്രഖ്യാപനങ്ങളും നടപ്പില്‍ വരുത്തുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുന്ന സാമ്പത്തിക ബഡ്ജറ്റുകളുടെ വിശ്വാസ്യതയും നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ പ്രഹസനപത്രികകളായി അധഃപതിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ നിലനില്‍പിനായി സംഘടിച്ച് പ്രക്ഷോഭങ്ങളിലായിരിക്കുന്നത്.
ന്യായവില കര്‍ഷകന്‍റെ അവകാശം
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുന്ന കര്‍ഷകന്‍റെ സുസ്ഥിരത അടിയന്തരമാണ്. ഇതിനായി കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിക്കണം. ഇതു കര്‍ഷകന്‍റെ അവകാശമാണ്. ഈ വില കര്‍ഷകര്‍ക്ക് കൃത്യമായി നല്‍കുവാനും ആധുനിക ആഗോള സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുവാനും കാര്‍ഷികവൃത്തിയില്‍ രാജ്യാന്തര മത്സരക്ഷമത കൈവരിക്കാനും നിയമനിര്‍മ്മാണത്തിലൂടെയും തുടര്‍നടപടികളിലൂടെയും സര്‍ക്കാരുകള്‍ തയ്യാറാകണം.
സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിള, നാണ്യവിള ഇന്‍ഷ്വറന്‍സിനോടൊപ്പം ജീവനോപാധിക്കായി സൗജന്യ കര്‍ഷക ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തണം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കാര്‍ഷികവിള ഇന്‍ഷ്വറന്‍സിന്‍റെ ഗുണഫലങ്ങള്‍ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കുവാന്‍ നടപടികളും ആവശ്യമാണ്.
ബാങ്കുകളുടെ നീതിനിഷേധം
ബാങ്ക് ലോണുകളിന്മേല്‍ വന്‍കിട വ്യവസായികള്‍ക്ക് കുറഞ്ഞ പലിശയും കര്‍ഷകര്‍ക്ക് ഉയര്‍ന്ന പലിശയും ഈടാക്കുന്ന ബാങ്കുകളുടെ കര്‍ഷകചൂഷണത്തിന് അവസാനമുണ്ടാകണം. കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നവര്‍ കര്‍ഷകരുടെ തുച്ഛമായ ബാങ്ക്ലോണുകളുടെ തിരിച്ചടവ് വൈകുമ്പോള്‍ കര്‍ഷകരെ പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന സ്ഥിതിവിശേഷമാണിപ്പോഴുള്ളത്.
പശ്ചിമഘട്ട പരിസ്ഥിതിലോലം
പശ്ചിമഘട്ട പരിസ്ഥിതിലോലപ്രശ്നത്തില്‍ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളെ ഏറെക്കാലമായി തെറ്റിദ്ധരിപ്പിക്കുന്നു. ജനജീവിതത്തെ വെല്ലുവിളിച്ച് ജനങ്ങളെ സ്വന്തംഭൂമിയില്‍ നിന്ന് പടിയിറക്കി പശ്ചിമഘട്ട പരിസ്ഥിതിലോല അന്തിമവിജ്ഞാപനമിറക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ശ്രമിച്ചാല്‍ ശക്തമായി സംഘടിച്ച് നേരിടേണ്ടിവരും. രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കുകമാത്രമല്ല ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അനിശ്ചിതത്വം അവസാനിപ്പിച്ച് അന്തിമവിജ്ഞാപനമിറക്കുവാന്‍ തയ്യാറാകണം .

കാര്‍ബണ്‍ഫണ്ട് കര്‍ഷകന്
മണ്ണില്‍ പണിയെടുക്കുന്നവരും മണ്ണ് സംരക്ഷിക്കുന്നവരും മരങ്ങള്‍ വച്ചുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷിക്കുന്നവരും കര്‍ഷകരാണ്. അതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി രാജ്യാന്തര ഏജന്‍സികളില്‍നിന്ന് സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന കാര്‍ബണ്‍ഫണ്ട് കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. ഈ ഫണ്ടിപ്പോള്‍ കൈവശപ്പെടുത്തുന്നത് പരിസ്ഥിതിമൗലികവാദികളും ഇവരുടെ ഒറ്റയാന്‍ സംഘടനകളുമാണ്. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വിദേശബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണവിധേയമാക്കേണ്ടത് അടിയന്തരമാണ്.
റവന്യൂ അധികൃതരുടെ ധാര്‍ഷ്ഠ്യം
പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പണം മുടക്കി ആധാരമെഴുതി പോക്കുവരവ് നടത്തി കരമടച്ച് കൈവശംവച്ചനുഭവിച്ച് സംരക്ഷിക്കുന്ന കൃഷിഭൂമിയുടെ നികുതി അടയ്ക്കുന്നത് ഇപ്പോള്‍ നിഷേധിക്കുന്നതും പുരയിടങ്ങളെ തോട്ടങ്ങളാക്കി രേഖകള്‍ തിരുത്തി ഭൂമിയുടെ ക്രയവിക്രയം തടസ്സപ്പെടുത്തുന്നതുമായ റവന്യൂ അധികൃതരുടെ ധിക്കാരനടപടികള്‍ക്കെതിരെ കര്‍ഷകര്‍ സംഘടിച്ചുനീങ്ങേണ്ട സമയമാണ്. കാലഹരണപ്പെട്ട ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്ത് അടിയന്തരമാണ്.
വനംവകുപ്പിന്‍റെ കര്‍ഷകദ്രോഹം
വനവിസ്തൃതി കൂട്ടി രാജ്യാന്തര സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് പണം പറ്റുക എന്ന ഗൂഢപദ്ധതിയുടെ ഭാഗമായി കര്‍ഷകന്‍റെ കൃഷിഭൂമി ജണ്ടയിട്ട് കൈയേറി അസംഘടിത കര്‍ഷകസമൂഹത്തെ സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കാനുള്ള വനംവകുപ്പിന്‍റെ നീക്കത്തെ നിയമത്തിലൂടെയും ഒറ്റക്കെട്ടായുള്ള സംഘടിതശക്തികൊണ്ടും നഖശിഖാന്തം എതിര്‍ക്കേണ്ടിയിരിക്കുന്നു.
കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം
സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി മലയോരമേഖലകളിലേയ്ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കുടിയേറിയ കര്‍ഷകര്‍ക്ക് ഉപാധികളില്ലാതെ ഭൂമികൈവശാവകാശരേഖ (പട്ടയം) നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പട്ടയം നല്‍കാതെ നിരന്തരം തടസ്സവാദങ്ങളുന്നയിക്കുന്ന റവന്യൂ വകുപ്പിന്‍റെ നീക്കങ്ങള്‍ നീതീകരിക്കാനാവില്ല. കര്‍ഷക പട്ടയഭൂമിയിലെ മരം മുറിക്കാം എന്ന പ്രഖ്യാപനം മുന്‍പും ആവര്‍ത്തിച്ചിട്ടുള്ളതാണ്. ഉത്തരവുകളും നടപടികളുമില്ലാതെ കര്‍ഷകരെ കബളിപ്പിക്കാന്‍ ഇനിയും അനുവദിക്കില്ല. അര്‍ഹതപ്പെട്ട എല്ലാ കര്‍ഷകരുടെയും കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം അടിയന്തരമായി നല്‍കണം. ഉത്തരവുകളല്ല, നിയമഭേദഗതികളാണ് ഇക്കാര്യത്തില്‍ വേണ്ടത്.
സ്വന്തം ഭൂമിയില്‍ എന്തു കൃഷിചെയ്യണം
സ്വന്തം ഭൂമിയില്‍ എന്തു കൃഷി ചെയ്യണമെന്നത് കര്‍ഷകന്‍റെ അവകാശമാണ്. ഇതിനെ നിയമനിര്‍മ്മാണങ്ങളിലൂടെ കൂച്ചുവിലങ്ങിടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കും കര്‍ഷകനിലനില്‍പ്പിനും ആഗോളമത്സരക്ഷമത കൈവരിക്കുന്നതിനും കൃഷികളിലും കൃഷിരീതികളിലും ആധുനിക കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ കാര്‍ഷികമേഖലയ്ക്ക് വരുംനാളുകളില്‍ നിലനില്‍ക്കാനാവൂ. ഇതിന് പ്രോത്സാഹനവും പിന്തുണയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം.
പ്ലാന്‍റേഷന്‍ നിയമഭേദഗതി
നെല്ല്, തെങ്ങ്, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി വിവിധ ഭക്ഷ്യവിളകളുടെ ഉല്പാദനവര്‍ദ്ധനവിനുവേണ്ടി ഭൂമി ലഭ്യമാക്കുവാന്‍ പ്ലാന്‍റേഷന്‍ നിയമങ്ങളില്‍ ഭേദഗതിവരുത്തണമെന്നും ഇന്നത്തെ കാര്‍ഷികപ്രതിസന്ധി അതിജീവിക്കുവാന്‍ വിളമാറ്റ കൃഷിക്ക് നിലവിലുള്ള നിയമതടസ്സങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടിയിരിക്കുന്നു.
റബര്‍പ്രതിസന്ധി അതിരൂക്ഷം
റബറിന് കിലോഗ്രാമിന് 250 രൂപ അടിസ്ഥാനവില നിശ്ചയിച്ച് സംഭരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. റബര്‍ ഇറക്കുമതി സംരക്ഷണച്ചുങ്കത്തിലൂടെ നിയന്ത്രിക്കണം. അടിസ്ഥാന ഇറക്കുമതി വില പ്രഖ്യാപിക്കണം. ഉല്പാദനച്ചെലവ് കണക്കാക്കി റബര്‍ ആക്ട് പതിമൂന്നാം വകുപ്പുപ്രകാരം റബറിന് അടിസ്ഥാനവില അഥവാ ന്യായവില കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. ചണ്ടിപ്പാല്‍, റബര്‍ കോമ്പൗണ്ട് വേസ്റ്റ് എന്നിവയുടെ ഇറക്കുമതി അനുവദിക്കാന്‍ പാടില്ല. റബറിനെ കാര്‍ഷികോല്പന്നമാക്കി കൃഷിമന്ത്രാലയത്തിന്‍റെ കീഴിലാക്കണം. വ്യവസായികളെ സംരക്ഷിക്കുന്ന റബര്‍നയമല്ല മറിച്ച്, ആസിയാന്‍ രാജ്യങ്ങളിലേതുപോലെ റബര്‍കര്‍ഷക സംരക്ഷണനയമാണ് വേണ്ടത്. കര്‍ഷകപങ്കാളിത്തത്തോടെ സിയാല്‍ മോഡല്‍ റബര്‍ വ്യവസായ സംരംഭങ്ങളും റബര്‍ട്രേഡിംഗും ബഡ്ജറ്റ് പ്രഖ്യാപനത്തിലൊതുങ്ങാതെ തുടര്‍നടപടികള്‍ അടിയന്തരമാക്കുക. ഇപ്പോള്‍ ഏക ആശ്വാസമായ സംസ്ഥാന സര്‍ക്കാരിന്‍റെ 150 രൂപ വിലസ്ഥിരതാപദ്ധതി 200 രൂപയായി വര്‍ദ്ധിപ്പിച്ച് മുടങ്ങാതെ കര്‍ഷകനു ലഭ്യമാകണം. 8 വര്‍ഷമായി തുടരുന്ന പ്രതിസന്ധിയില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും റബര്‍കര്‍ഷകരോട് നീതിനിഷേധം തുടരുന്നത് വഞ്ചനയാണ്.
റബര്‍തടിവെട്ട്
റബര്‍ കര്‍ഷകരെ ഏറ്റം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് റബര്‍തടിവെട്ടുമേഖലയില്‍ നടമാടുന്ന അരാജകത്വം. തടിവെട്ടുകൂലി കാലബന്ധിതമല്ലാതെ തൊഴിലാളി നേതാക്കളുടെ താല്പര്യപ്രകാരം വര്‍ദ്ധിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. കൂലി വര്‍ദ്ധിപ്പിക്കുമ്പോള്‍ റബര്‍കര്‍ഷകരുടെ താല്പര്യംകൂടി കണക്കിലെടുത്ത് അവരെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചനടത്തി വേണം കൂലി നിശ്ചയിക്കാന്‍. റബര്‍പാല്‍ കര്‍ഷകനും തടി വ്യാപാരിക്കും തൊഴിലാളിക്കും എന്നരീതിയിലേയ്ക്കുമാണ് കാര്യങ്ങള്‍ പോകുന്നത്. കര്‍ഷകര്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നത് ഒരുമിച്ചുകിട്ടുന്ന തടിവിലയിലാണ്. അവന്‍റെ കുടുംബത്തിന്‍റെ പ്രധാനചിലവുകള്‍ക്കായാണ് തുകയെ കാണുന്നത്. റബര്‍പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെ നിരന്തരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സ്ഥിരം അടവുനയത്തിന് അറുതിവരുത്തി റബര്‍ത്തടി വിഷയത്തില്‍ ഇടപെടല്‍ വേണം.
ആര്‍പിഐഎസ് സ്കീം
റബര്‍ വിലസ്ഥിരതാപദ്ധതിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന 150 രൂപയുടെ സ്കീം കര്‍ഷകന്‍റെ ഇന്നത്തെ ദുരിതത്തിന് ചെറിയൊരളവ് പരിഹാരമാണ്. പക്ഷേ റബര്‍ ബോര്‍ഡ് കണക്കുപ്രകാരം ഉത്പാദനച്ചെലവ് 172 രൂപ ആയിരിക്കുകയും അതിന്‍റെ 50 ശതമാനം അതായത് 86 രൂപ കൂടിചേര്‍ത്ത് 258 രൂപ കിട്ടിയാല്‍ മാത്രമേ റബര്‍ ആദായകരമായ കൃഷി ആവുകയുള്ളൂ. അപ്പോള്‍ 100 രൂപയെങ്കിലും കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഒരുകിലോഗ്രാം റബറിന് നല്‍കേണ്ടതാണ്. റബര്‍ മേഖലയില്‍ നിന്നും കേന്ദ്രം പിരിച്ചെടുത്ത കോടികള്‍ റബര്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുവാന്‍ ഉപയോഗിക്കണം.
ഇറക്കുമതിച്ചുങ്കം കര്‍ഷകന്
അസംസ്കൃത റബറിന്‍റെ ഇറക്കുമതിച്ചുങ്കം 25 ശതമാനം ബൗണ്ട് റേറ്റാണ്. ഇറക്കുമതി കുത്തനെ ഉയര്‍ന്നിരിക്കുമ്പോള്‍ വന്‍ തുകയാണ് നികുതിവരുമാനമായി കേന്ദ്ര ഖജനാവിലെത്തുന്നത്. ഈ നികുതിപ്പണം വിലത്തകര്‍ച്ചനേരിടുന്ന കര്‍ഷകര്‍ക്ക് വിലസ്ഥിരതാപദ്ധതിയായി നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കണം.
കര്‍ഷകവിരുദ്ധ രാജ്യാന്തരകരാറുകള്‍
1990-കളിലെ ഉദാരവല്‍ക്കരണവും 1995 ല്‍ ഗാട്ട് കരാറിനെത്തുടര്‍ന്ന് ലോകവ്യാപാരസംഘടനയുടെ നിബന്ധനകള്‍ക്ക് വിധേയമായതും ഏറ്റവും വെല്ലുവിളിയുയര്‍ത്തിയത് കാര്‍ഷികമേഖലയ്ക്കാണ്. 2004 ലെ ആസിയാന്‍ കരാറും 2009 ല്‍ ആസിയാന്‍ രാജ്യങ്ങളുമായുള്ള ചരക്കു ഗതാഗത നിയന്ത്രണം എടുത്തുകളഞ്ഞ് സ്വതന്ത്രവ്യാപാരത്തിലേര്‍പ്പെട്ടതും ഇന്ത്യന്‍ കാര്‍ഷികവിപണിയുടെ തകര്‍ച്ചയ്ക്കിടയാക്കി. ആര്‍സിഇപി കരാറിലൂടെ ആഗോളവിപണിക്കായി തുറന്നുകൊടുക്കുന്ന വ്യാപാരക്കൂട്ടായ്മയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നുവെന്നു പ്രഖ്യാപിച്ചെങ്കിലും വാതിലുകളിപ്പോഴും തുറന്നിട്ടിരിക്കുന്നു. കര്‍ഷകരെ കേള്‍ക്കാതെയും കാര്‍ഷികമേഖലയെ അവഗണിച്ചുമുള്ള രാജ്യാന്തര കരാറുകളുടെ അനന്തരഫലമാണ് നാമിന്ന് അനുഭവിക്കുന്ന കാര്‍ഷികപ്രതിസന്ധിയുടെ മുഖ്യകാരണം. നികുതിരഹിത കാര്‍ഷികോല്പന്ന ഇറക്കുമതിയിലൂടെ കാര്‍ഷികസമ്പദ്ഘടന തകര്‍ത്ത് കാര്‍ഷികമേഖലയേയും കര്‍ഷക അവകാശങ്ങളെയും നിസാരവല്‍ക്കരിച്ചും അവഗണിച്ചും വാണിജ്യ വ്യവസായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കര്‍ഷകജനതയെ ബലികൊടുക്കുന്ന തീരുമാനങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പരിപൂര്‍ണ്ണമായി പിന്‍മാറണം.
നാളികേരം, നെല്ല്, നാണ്യവിളകള്‍
നാളികേര സംഭരണം പുനരാരംഭിക്കണം. നെല്ലുസംഭരണം സമയബന്ധിതവും സുതാര്യവുമാക്കണം. നെല്ലിന്‍റെ സംഭരണവില ഉയര്‍ത്തണം. നെല്ലുസംഭരണത്തിനുശേഷം പണം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. കുരുമുളകിനും അടയ്ക്കായ്ക്കും അടിസ്ഥാന ഇറക്കുമതിവില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടും വിപണിവില ഉയര്‍ത്താതെ ഇറക്കുമതിക്കാരും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ നിസാരവല്‍ക്കരിച്ച് അട്ടിമറിച്ചിരിക്കുന്നത് ഗൗരവമായി കാണണം.
പൈനാപ്പിള്‍ പ്രതിസന്ധി
പൈനാപ്പിള്‍ മേഖലയിലെ പ്രതിസന്ധികള്‍ അതിജീവിക്കുവാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുവാനുമായി പൈനാപ്പിള്‍ പ്രോസസ് ചെയ്തു എക്സ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനം സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടുകൂടി നടപ്പിലാക്കണം.
കര്‍ഷകര്‍ നിയമക്കുരുക്കില്‍
ഭരണഘടനയും നിയമങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് മണ്ണിന്‍റെ മക്കളെ കോടതി വ്യവഹാരങ്ങളിലേയ്ക്ക് വലിച്ചിഴച്ച് നിയമക്കുരുക്കില്‍പെടുത്തി നിരന്തരം പീഡിപ്പിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ അജണ്ടകള്‍ അനുവദിച്ചുകൊടുക്കാനാവില്ല.
ഇഎഫ്എല്‍ നിയമം പിന്‍വലിക്കുക
2000 ലെ ഋഎഘ ഓര്‍ഡിനന്‍സുവഴി ഭൂമി നഷ്ടപ്പെട്ട കര്‍ഷകരുടെ കൃഷിഭൂമികള്‍ വ്യവസ്ഥയില്ലാതെ വിട്ടുകൊടുക്കുക മാത്രമല്ല മറ്റൊരുസംസ്ഥാനത്തുമില്ലാത്ത ഋഎഘ നിയമം പരിപൂര്‍ണ്ണമായി പിന്‍വലിക്കണം. വന്യമൃഗശല്യം പരിഹാരം വേണം
മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി തീര്‍ന്നിരിക്കുന്ന വന്യമൃഗങ്ങളുടെ ഉപദ്രവങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുകയും ജനങ്ങള്‍ക്കുണ്ടാകുന്ന നാശങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുകയും വേണം. മനുഷ്യനെ തെരുവിലും കൃഷിഭൂമിയിലും വലിച്ചുകീറി കൊലയ്ക്കുകൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന കിരാതനിയമങ്ങള്‍ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. ജനാധിപത്യഭരണസംവിധാനത്തിലൂടെ അധികാരത്തിലേറി രാജ്യംഭരിക്കുന്നവര്‍ മനുഷ്യമൃഗങ്ങളാണോയെന്ന് ചില നേരങ്ങളില്‍ കര്‍ഷകര്‍ സംശയിച്ചുപോകുന്നു. ജനവാസകേന്ദ്രങ്ങളിലേയ്ക്കിറങ്ങിവന്നുള്ള വന്യമൃഗശല്യം ഈ രീതിയില്‍ തുടര്‍ന്നാല്‍ ജീവന്‍റെ നിലനില്‍പ്പിനായി വരുംനാളുകളില്‍ നിയമം കൈയിലെടുക്കുവാന്‍ കര്‍ഷകര്‍ തുനിയാന്‍ സാധ്യതയേറുന്നു.
കാര്‍ഷികവിളകള്‍ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കയ്യാല, ഫെന്‍സിംഗ് എന്നിവ വന്യജീവികള്‍ നശിപ്പിക്കുന്നത് തടയുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക. വനത്തിനുപുറത്തേയ്ക്കു വരുന്ന വന്യമൃഗങ്ങളെ വന്യജീവിയായി കാണാതെ അവരെ തുരത്തുന്നതിനുള്ള മാര്‍ഗ്ഗം സ്വീകരിക്കുക. അതിനു അതാതു പഞ്ചായത്തുകളെ ഉത്തരവാദിത്വം ഏല്പിക്കുക. വന്യജീവികളുടെ ആക്രമണം മൂലം മരിച്ചാല്‍ പഞ്ചായത്തിന്‍റെ പേരിലും വനംവകുപ്പിന്‍റെ പേരിലും കൊലക്കുറ്റത്തിന് കേസെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയാണ് വേണ്ടത്.
കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുക
സംസ്ഥാനത്തെ ചെറുകിട കര്‍ഷകരുടെ 5 ലക്ഷത്തില്‍ താഴെയുള്ള കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് കര്‍ഷകരുടെ മറവില്‍ കാര്‍ഷികലോണ്‍ എടുത്തിട്ടുള്ളവരില്‍ 90 ശതമാനവും കര്‍ഷകരല്ലെന്നുള്ള വിവരാവകാശവിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കുറഞ്ഞ പലിശയ്ക്കു ലഭിക്കുന്ന കാര്‍ഷിക വായ്പകള്‍ മുഴുവന്‍ തരപ്പെടുത്തി കൂടുതല്‍ പലിശയ്ക്ക് നല്‍കി കൊള്ളലാഭമെടുക്കുന്നവര്‍ സമ്പന്നവര്‍ഗ്ഗങ്ങളും ഉദ്യോഗസ്ഥവൃന്ദങ്ങളുമാണ്. ഈ അനീതിക്ക് പരിഹാരമുണ്ടാകണം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ രാജ്യത്തുടനീളം പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് കേരളം ഭരിക്കുന്നത്. എന്നാല്‍ സ്വന്തം മണ്ണിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുവാന്‍ കാണിക്കുന്ന നിഷേധനിലപാട് കര്‍ഷകവഞ്ചനയാണ്.
ഭൂമിയിടപാടുകളില്‍ സുതാര്യത
ഭൂമിയിടപാടുകളില്‍ വിലയുടെ കാര്യത്തില്‍ സുതാര്യതയും കൃത്യതയും കൈവരിക്കുവാന്‍ രജിസ്ട്രേഷന്‍ ഫീസ് ഒരു ശതമാനമാക്കുകയും കുടുംബങ്ങളിലെ ഭാഗഉടമ്പടി, ധനനിശ്ചയാധാരം, ഇഷ്ടദാനം എന്നിവയില്‍ നാണയവിനിമയമില്ലാത്തതുകൊണ്ട് 1000 രൂപയായി പുനഃസ്ഥാപിക്കുകയും ചെയ്യണം.
സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഉല്പാദനച്ചെലവിന്‍റെ അടിസ്ഥാനത്തില്‍ ഉല്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടി അധികവില ലഭ്യമാക്കണമെന്ന സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ഇന്നും റിപ്പോര്‍ട്ടിലൊതുങ്ങുന്നത് ദുഃഖകരമാണ്.
മിനിമം സപ്പോര്‍ട്ട് പ്രൈസ്
എല്ലാവിളകള്‍ക്കും ഉല്പാദനച്ചിലവിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റം കുറഞ്ഞവില പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പല വിളകള്‍ക്കും ഇത് ചെയ്തിട്ടില്ല. എല്ലാ വിളകള്‍ക്കും തറവില പ്രഖ്യാപിക്കുകയും അത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇല്ലായെങ്കില്‍ നിയമനടപടികളെടുക്കണം.
മിനിമം ഇംപോര്‍ട്ട് പ്രൈസ്
അനിയന്ത്രിത കാര്‍ഷികോല്പന്ന ഇറക്കുമതിയെ പ്രതിരോധിക്കുവാന്‍ അടിസ്ഥാന ഇറക്കുമതി വില (മിനിമം ഇംപോര്‍ട്ട് പ്രൈസ്) നിയമനിര്‍മ്മാണംവഴി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ പ്രായോഗികമായി നടപ്പിലാക്കുക.
കര്‍ഷകപെന്‍ഷന്‍ 10,000 രൂപ
കര്‍ഷകന്‍ ഈ രാജ്യത്തെ പൗരനാണ്. അവനും ഉദ്യോഗസ്ഥരുടെ നിലവാരത്തില്‍ ജീവിക്കുവാനുള്ള അവകാശമുണ്ട്, എന്നു മാത്രമല്ല ഉദ്യോഗസ്ഥരനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കര്‍ഷകനും അവകാശപ്പെട്ടതാണ്. സര്‍ക്കാര്‍ ജീവനക്കാരന്‍റെ കുറഞ്ഞവേതനം ഏതാണ്ട് 17,500 രൂപയാണ്. ആനുകൂല്യങ്ങള്‍ വേറെയും. മണ്ണില്‍ പണിയെടുക്കുന്നതുകൊണ്ടും സംഘടിതനല്ലാത്തതുകൊണ്ടും നികുതി കൃത്യമായി നല്‍കുന്നതുകൊണ്ടും കര്‍ഷകപെന്‍ഷന്‍ നാമമാത്രമായി നല്‍കുന്നത് വിവേചനമാണ്. നാല്ചക്രവാഹനമുണ്ട് എന്ന കാരണത്താല്‍ വില്ലേജ് ഓഫീസില്‍നിന്നും വരുമാനസര്‍ട്ടിഫിക്കറ്റ് നല്‍കില്ല. എന്നാല്‍ ഒരുലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുന്ന ഐഎഎസ് ഓഫീസര്‍ക്ക് മുപ്പതുലക്ഷത്തിന്‍റെ വാഹനമുണ്ടെങ്കിലും രണ്ട്ലക്ഷം ശമ്പളംവാങ്ങുന്ന മക്കളുണ്ടെങ്കിലും പെന്‍ഷന് യാതൊരു കുറവുമില്ല. ഇതെന്തു നീതി? രാജ്യത്ത് രണ്ടുതരം പൗരന്മാരെ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടണം. 2015ല്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച കാര്‍ഷികവികസനനയത്തില്‍ സൂചിപ്പിച്ച് അംഗീകരിച്ചിരിക്കുന്നതുപോലെ 10000 രൂപ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണം.
കാര്‍ഷികവൃത്തിമാത്രം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച് 6 പതിറ്റാണ്ടുകാലം ഈ നാടിനെ തീറ്റിപ്പോറ്റിയ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് അവരുടെ ജീവിതസായാഹ്നത്തിലെ ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1100 രൂപ കര്‍ഷകപെന്‍ഷന്‍ വിതരണം മുടങ്ങി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി പലരേയും പദ്ധതിയില്‍നിന്ന് പുറത്താക്കുന്ന സര്‍ക്കാര്‍ നടപടി നീചവും ക്രൂരവുമാണ്.
ശമ്പളം കൊടുക്കാന്‍ മാത്രമായി സര്‍ക്കാരോ?
റവന്യൂ വരുമാനത്തിന്‍റെ 43 ശതമാനം ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും 27 ശതമാനം പെന്‍ഷനും ഒരുശതമാനം ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യത്തിനും 10 ശതമാനം വാര്‍ഡുമുതല്‍ മുഖ്യമന്ത്രി വരെയുള്ള 21970 ജനപ്രതിനിധികളെ സംരക്ഷിക്കാനും പലിശ തിരിച്ചടവിന് 22 ശതമാനവും ചെലവഴിക്കേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം. 2017-18 ലെ കണക്കുപ്രകാരം 2,10,883.15 കോടി കടബാധ്യതയിപ്പോള്‍ 2.5 ലക്ഷം കോടിയായി കുതിച്ചിരിക്കുമ്പോള്‍ ശമ്പളംകൊടുക്കാന്‍ മാത്രമായി ഒരു സര്‍ക്കാര്‍ നമുക്കുവേണോ?
കാര്‍ഷിക ബഡ്ജറ്റ്
കര്‍ഷകര്‍ നാളുകളായി ആവശ്യപ്പെടുന്നതാണ് ധനകാര്യബഡ്ജറ്റ്, റയില്‍വേ ബഡ്ജറ്റ് എന്നിവപോലെ കര്‍ഷകര്‍ക്കായി, കാര്‍ഷികമേഖലയ്ക്കായി ഒരു ബജറ്റ്. ഈ ബജറ്റില്‍ കാര്‍ഷികമേഖലയുടെ വിവിധ വിഷയങ്ങള്‍ അപഗ്രഥിച്ച് വ്യക്തമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും അതുവഴി കര്‍ഷകന്‍റെ വരുമാനവര്‍ദ്ധനവിനും കാര്‍ഷികമേഖലയുടെ ഉന്നതിക്കും ഉതകും.
സര്‍ഫാസി നിയമം റദ്ദ്ചെയ്യുക
യാതൊരു മുന്നറിയിപ്പോ നടപടിക്രമങ്ങളോ ഇല്ലാതെ ബാങ്കുകള്‍ക്ക് കര്‍ഷകന്‍റെ ഭൂമി യഥേഷ്ടം ജപ്തി ചെയ്തു ലേലം ചെയ്യുവാന്‍ അനുവദിക്കുന്ന സര്‍ഫാസി കര്‍ഷകദ്രോഹ നിയമം റദ്ദാക്കണം.
വളം സബ്സിഡി പുനഃസ്ഥാപിക്കണം
രാസവളത്തിന്‍റെ വില ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. അമിതവിലയ്ക്ക് രാസവളം വാങ്ങി ലാഭകരമായി കൃഷിചെയ്യുക അസാധ്യമാണ്. അതുകൊണ്ട് മുമ്പുണ്ടായിരുന്നതുപോലെ രാസവളത്തിന് സബ്സിഡി അനുവദിക്കണം.
സൗജന്യവൈദ്യുതി
കാര്‍ഷികമേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും കൃഷിക്കായി വൈദ്യുതി സൗജന്യമായി നല്‍കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ കര്‍ഷക സൗഹൃദനിലപാടുകളെ കേരളസംസ്ഥാനം കണ്ടുപഠിക്കണം.
അട്ടിമറിക്കപ്പെട്ട മോറട്ടോറിയം
കര്‍ഷക കടങ്ങള്‍ക്ക് ജപ്തി ഒഴിവാക്കിയുള്ള മോറട്ടോറിയം പ്രഖ്യാപനം ആവര്‍ത്തിച്ച് മുതലക്കണ്ണീരൊഴുക്കി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വിഡ്ഢികളാക്കി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം.
2018 ഒക്ടോബര്‍ 12നാണ് ഗവര്‍ണറുടെ ഉത്തരവുപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച് കുര്യന്‍ ഒപ്പിട്ട് സംസ്ഥാനത്തുണ്ടായ മഹാപ്രളയം കണക്കിലെടുത്ത് കര്‍ഷകര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വിവിധ വായ്പകളിന്മേലുള്ള ജപ്തിനടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ഈ സര്‍ക്കാര്‍ ഉത്തരവിനെ അവഗണിച്ച് വിവിധ ബാങ്കുകളും സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങളും പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷകരുടെമേല്‍ ജപ്തിഭീഷണി മുഴക്കിയതിന്‍റെ ബാക്കിപത്രമാണ് സംസ്ഥാനത്തുടനീളം തുടരുന്ന കര്‍ഷക ആത്മഹത്യകള്‍. സര്‍ക്കാര്‍ ഉത്തരവിനെ നിസാരവത്കരിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ഉദ്യോഗസ്ഥര്‍ നടത്തിയ അഴിഞ്ഞാട്ടത്തിന് അറുതിവരുത്തുവാന്‍ ശ്രമിക്കാതെ 2019 മാര്‍ച്ച് 5ന് വീണ്ടും സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്ന് മോറട്ടോറിയത്തിന്‍റെ കാലാവധി ഡിസംബര്‍ 31വരെ നീട്ടുവാന്‍ തീരുമാനിച്ചു.
മോറട്ടോറിയം അട്ടിമറിച്ച് ബാങ്ക് അധികൃതരും, സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായവാഗ്ദാനങ്ങള്‍ക്ക് തടസ്സവാദമുന്നയിച്ച് റവന്യൂ-കൃഷിവകുപ്പുകളും തുടരുന്ന അതിക്രൂരമായ കര്‍ഷകവിരുദ്ധനിലപാടിന് അറുതിവരുത്തണം. പ്രളയദുരന്തമേഖലയിലെ ആയിരക്കണക്കിന് കര്‍ഷകരിപ്പോഴും ജപ്തിഭീഷണിയിലാണ്. പ്രളയപ്രകൃതിദുരന്തത്തിന്‍റെ ബാക്കിപത്രമായി കൃഷി മാത്രമല്ല ഭൂമിപോലും ഉഴുതുമറിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ പ്രഖ്യാപിച്ച മോറട്ടോറിയം പോലും കര്‍ഷകന് ആശ്വാസമേകുന്നില്ല. ഈയവസ്ഥയില്‍ ബാങ്കിലേയ്ക്കുള്ള തിരിച്ചടവ് ഭാവിയില്‍ അസാധ്യമാണ്. കൃഷിചെയ്യാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയില്‍ വരുമാനം സ്തംഭിച്ചിരിക്കുമ്പോള്‍ മോറട്ടോറിയമല്ല, മറിച്ച് കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ആത്മഹത്യകള്‍ പ്രതിവിധിയല്ല
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രഖ്യാപിച്ച് ആയിരം ദിവസം അധികാരത്തിലിരുന്നവര്‍ കര്‍ഷക ആത്മഹത്യയില്‍ കേരളത്തെ ഒന്നാമതെത്തിച്ചിരിക്കുന്നത് ഏറെ ദുഃഖകരമാണ്. ഉദ്യോഗസ്ഥര്‍ക്ക് അടിമപ്പണി ചെയ്യുന്നവരായി ജനപ്രതിനിധികളും ഭരണനേതൃത്വങ്ങളും മാറിയിരിക്കുന്നു. പ്രളയദുരന്തത്തിനുശേഷം ദുരിത മേഖലയില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ഈ മരണങ്ങള്‍ കാര്‍ഷികേതര വായ്പയിന്മേലുള്ള ജപ്തിനടപടികള്‍ മൂലമാണെന്ന് പറഞ്ഞ് തടിയൂരാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ അപലപനീയമാണ്. ആത്മഹത്യ ചെയ്തത് കര്‍ഷകരാണെന്നിരിക്കെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിലത്തകര്‍ച്ചയില്‍ നിത്യചെലവിനുമായി കൃഷിഭൂമി പണയം വെച്ചത് കുററകരമായി ചിത്രീകരിച്ച് കര്‍ഷകആത്മഹത്യകളെ നിസാരവല്‍ക്കരിക്കുന്നത് ശരിയല്ല.
ഇതിനോടകം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ, ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ സംരക്ഷണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. കടമെടുത്ത കര്‍ഷകന്‍റെ ഭൂമി ജപ്തി ചെയ്യാതെ അവന്‍റെ ഈടുവെച്ച വസ്തുവിന്‍റെ ഒരുഭാഗമെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഇളവ് ചെയ്ത് വിറ്റ് കടം വീട്ടുവാനുള്ള അവസരം കൊടുത്താല്‍ കാര്‍ഷിക ആത്മഹത്യകള്‍ ഒരു പരിധിവരെ ഒഴിവാകും.
കര്‍ഷകര്‍ സംഘടിക്കണം
കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കുവാനും വാദിക്കുവാനും പ്രവര്‍ത്തിക്കുവാനുമായി ഉത്തരവാദിത്വമുള്ള രാഷ്ട്രീയനേതൃത്വങ്ങളും, ജനപ്രതിനിധികളും ഭരണത്തിലെത്തുമ്പോള്‍ നമ്മെ മറന്നുപോകുന്നു. കര്‍ഷകനെന്ന അസംഘടിത വര്‍ഗ്ഗത്തെ അടിമകളേപ്പോലെ കരുതി വിലപറഞ്ഞ് വിറ്റ് പലരും നേട്ടങ്ങളുണ്ടാക്കുന്നു. കര്‍ഷകജീവിതം കണ്ണീര്‍ക്കയത്തിലേയ്ക്ക് തള്ളിയിടുന്നവരുടെ മുമ്പില്‍ തലകുനിച്ച് നിന്നുകൊടുക്കണമോയെന്ന് കര്‍ഷകര്‍ ചിന്തിക്കണം.
കര്‍ഷകന്‍റെ അന്തഃസ്സുയരണം. തെരുവുനായെപ്പോലെ അലഞ്ഞുതിരിഞ്ഞ് ആട്ടും തുപ്പും കല്ലേറും ഏല്‍ക്കേണ്ടവനല്ല കര്‍ഷകന്‍. ഒരുദിവസമെങ്കില്‍ ഒരുദിവസം സിംഹത്തെപ്പോലെ ഗര്‍ജിച്ചു ജീവിക്കുവാന്‍ കര്‍ഷകനാകണം. തട്ടിപ്പുകാര്‍ക്കും കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കൊലപാതകികള്‍ക്കും ജയിലറകളില്‍ പോലും ക്ഷേമപദ്ധതികളും നാലുനേരം സുഭിക്ഷ ഭക്ഷണവും നടപ്പിലാക്കുന്ന ഭരണനേതൃത്വങ്ങള്‍ മണ്ണില്‍ പണിയെടുക്കുന്ന മണ്ണിന്‍റെ മക്കളോട് മുണ്ട്മുറുക്കിയുടുക്കണമെന്ന് പറഞ്ഞ് പട്ടിണിക്കിട്ട് ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നത് ഇനിയും കൈയ്യുംകെട്ടി നോക്കിയിരിക്കുവാന്‍ നമുക്കാവില്ല.


അതിജീവനത്തിന്‍റെ മറുവഴികള്‍
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉല്പാദനക്കുറവും നിലവില്‍ കൃഷിചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് വിപണിവിലയിലുണ്ടാകുന്ന ഇടിവും കണക്കാക്കി വിളമാറ്റത്തിലൂടെ ബദല്‍ കൃഷിയിലേയ്ക്ക് കര്‍ഷകര്‍ തിരിയണം.
ബഹുവിളകൃഷി
കാര്‍ഷിക നിലനില്പിനായി കര്‍ഷകര്‍ ഏകവിളയില്‍ നിന്ന് ബഹുവിളയിലേയ്ക്ക് കൃഷികള്‍ മാറണം.
ആധുനിക സാങ്കേതികവിദ്യ
ആധുനിക സാങ്കേതികവിദ്യകളുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി പുരയോട് ചേര്‍ന്ന് പുരയിടമെന്ന പഴമയിലേയ്ക്ക് കര്‍ഷകര്‍ തിരിച്ചുപോകണം. യന്ത്രവല്‍കൃത കൃഷിരീതി
കര്‍ഷകകൂട്ടായ്മകള്‍വഴി യന്ത്രവല്‍കൃത കൃഷിരീതികള്‍ സജീവമാക്കണം. കാര്‍ഷികമേഖലയിലെ തൊഴിലാളിക്ഷാമത്തിന് പരിഹാരമായി കാര്‍ഷിക അനുബന്ധ ഉപകരണങ്ങള്‍ സബ്സിഡിയോടുകൂടി വ്യക്തിഗതമാക്കുവാന്‍ സര്‍ക്കാര്‍ സഹായിക്കണം.
സംഘടിത കര്‍ഷക സംരംഭങ്ങള്‍
ആഗോളവല്‍ക്കരണത്തിന്‍റെ ഈ നാളുകളില്‍ രാജ്യാന്തര കോര്‍പ്പറേറ്റുകളോട് കാര്‍ഷികരംഗത്ത് മത്സരിക്കുവാന്‍ കര്‍ഷകര്‍ക്ക് ഒറ്റയ്ക്ക് സാധ്യമല്ലാതായിരിക്കുമ്പോള്‍ സംഘടിത കര്‍ഷകസംരംഭങ്ങളിലൂടെ കരുത്തുനേടണം.
കര്‍ഷക കുടുംബയൂണിറ്റുകള്‍
കര്‍ഷക കുടുംബയൂണിറ്റുകള്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ കേന്ദ്രങ്ങളാകണം.
ഓപ്പണ്‍ മാര്‍ക്കറ്റുകള്‍
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കര്‍ഷകകൂട്ടായ്മകളിലൂടെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കണം.
പ്രൊഡ്യൂസര്‍ കമ്പനികള്‍
സ്പൈസസ്, പഴവര്‍ഗ്ഗങ്ങള്‍, ആയുര്‍വ്വേദമരുന്നുകള്‍ ഇവ മൂല്യവല്‍ക്കരിച്ചു വില്‍ക്കുവാന്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപീകരിക്കണം. കര്‍ഷകന്‍ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ യഥാസമയം വിറ്റഴിക്കുവാനും വിലയിടിവ് പരിഹരിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉത്പന്ന സംരംഭങ്ങള്‍ക്കുമുള്ള പ്രോത്സാഹനവും ഇതര സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തുതരണം.
ജലസംഭരണപദ്ധതികള്‍
ജലം ജീവനാണ്. ജലസംരക്ഷണ വിനിമയം പ്രായോഗികമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ വരുംനാളുകളില്‍ രൂക്ഷമാകുമെന്നുറപ്പായിരിക്കുന്ന ജലദൗര്‍ലഭ്യത്തെ അതിജീവിക്കുവാന്‍ ജലസംഭരണപദ്ധതികളുമായി കര്‍ഷകര്‍ മുന്നോട്ടിറങ്ങണം.
ജൈവകൃഷി നിലനില്‍ക്കുന്ന കൃഷി
ജൈവകൃഷിയാണ് നിലനില്‍ക്കുന്ന കൃഷിയെന്നും മണ്ണിനെയും മനുഷ്യനെയും നിലനിര്‍ത്തുന്ന ആരോഗ്യപൂര്‍ണ്ണമായ വിഷരഹിത കൃഷിയിലേയ്ക്ക് മാറി കാര്‍ഷികസംസ്കാരത്തിന്‍റെ ആത്മാവിനെ കണ്ടെത്തുവാന്‍ കര്‍ഷകര്‍ തയ്യാറാകണം.
ജൈവകൃഷിയില്‍ വലിയ മുന്നേറ്റം നടക്കുന്ന ഇക്കാലത്ത് ജൈവകൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു കാര്‍ഷിക മുന്നേറ്റം കൃഷിവകുപ്പില്‍ നിന്നും ഉണ്ടാകണം. പ്രത്യേകിച്ചും പച്ചക്കറികൃഷിയില്‍. വിഷംകലര്‍ന്ന പച്ചക്കറി അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നത് ചെക്ക് പോസ്റ്റില്‍ തന്നെ കണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കണം. വിഷലിപ്തമായ പച്ചക്കറി മനുഷ്യന്‍റെ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്നതാണെന്നുമാത്രമല്ല, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ ബാഹുല്യത്തിനും കാരണമാകുന്നു.
.
ഇന്നലകളിലും ഇന്നും ജോലിതേടി വിദേശങ്ങളിലേയ്ക്ക് ഈ നാട്ടില്‍നിന്ന് അഭ്യസ്തവിദ്യരുടെ കുടിയേറ്റം തുടരുന്നുവെങ്കില്‍ വരുംനാളുകള്‍ കുടിയേറിയവരുടെ മടങ്ങിവരവിന്‍റെ ദിനങ്ങളാണ്. ഈയവസരത്തില്‍ ആഗോള നിക്ഷേപ കരാറുകളിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് സംഘടിച്ചുള്ള രാജ്യാന്തര കാര്‍ഷിക കുടിയേറ്റം കര്‍ഷകര്‍ ഗൗരവമായിട്ടെടുക്കണം.

ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍

Leave a Reply