പൗരത്വ രാഷ്ട്രീയവും വര്‍ഗീയ അജണ്ടകളും

മുത്തലാക്ക്, കാശ്മീരിന്‍റെ സ്വയം ഭരണം റദ്ദാക്കല്‍, പൗരത്വ ഭേദഗതിനിയമം എന്നിങ്ങനെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ തന്നെ ദോശ ചുടുന്ന ലാഘവത്തോടെ പാര്‍ലമെന്‍റ് പാസ്സാക്കിയത് മൂന്ന് സുപ്രധാന നിയമങ്ങളാണ്. ഈ മൂന്നു നിയമങ്ങളിലുമുള്ള പൊതുസ്വഭാവം രാജ്യത്തിന്‍റെ നന്മയെക്കാള്‍ ഉപരിയായി ഇത് സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള തീരുമാനങ്ങള്‍ ആയിരുന്നു എന്നതാണ്. രാജ്യാന്തര തലത്തില്‍ പോലും വലിയ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയ ഈ നിയമനിര്‍മ്മാണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വര്‍ഗീയമുഖം തുറന്നുകാട്ടുന്നവയാണ്. ഭരണഘടന എന്നത് കേവലം കടലാസുപുസ്തകമായി മാറുന്ന ദയനീയ ചിത്രത്തിനാണ് രാജ്യത്തെ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റും, പരമോന്നത നീതിപീഠവും ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടന വേദപുസ്തകമാണെന്ന് ആവര്‍ത്തിക്കുന്ന അതേ പ്രധാനമന്ത്രി തന്നെ നിര്‍ലജ്ജം ഭരണഘടനയെ കശാപ്പു ചെയ്യുന്നതിന് കൂട്ടുനില്‍ക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും ഭാവിയെ സംബന്ധിച്ചിടത്തോളം സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവയാണ് വര്‍ഗീയമുഖമുള്ള ഈ നിയമനിര്‍മ്മാണങ്ങള്‍.
ഒരു രാജ്യത്ത് അധിവസിക്കുന്ന ജനങ്ങളുടെ പൗരാവകാശങ്ങളുടെ അടിസ്ഥാനം എന്നത് പൗരത്വമാണ്. ഒരു വ്യക്തിയുടെ സ്വത്വത്തെയും സ്വത്വബോധത്തെയും നിര്‍ണ്ണയിക്കുന്നതില്‍ പൗരത്വത്തിന് നിര്‍ണ്ണായകപങ്ക് ഉണ്ട്. പൗരത്വം ഇല്ലാതെ ദീര്‍ഘകാലം അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്ന ജനങ്ങളുടെ അന്യതാബോധം വിവരണാതീതമാണ്. രാജ്യത്തെ രണ്ടാംകിട പൗരന്മാര്‍ എന്നുപോലും നിര്‍വചിക്കാന്‍ കഴിയാത്തവരാണ് പൗരത്വം നിഷേധിക്കപ്പെടുന്നവര്‍. 2014 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൗരത്വവുമായി ബന്ധപ്പെട്ടുണ്ടായ രണ്ടു സംഭവങ്ങളാണ് പൗരത്വനിയമഭേദഗതിയും, ആസ്സാമിലെ പൗരത്വ രജിസ്റ്ററും. രണ്ടും വ്യത്യസ്തമാണെങ്കിലും അതിന്‍റെ ലക്ഷ്യം ഒന്നുതന്നെയാണ്. രാജ്യത്തെ മതന്യൂനപക്ഷ സമുദായങ്ങളില്‍ പ്രധാനപ്പെട്ട മുസ്ലിം വിഭാഗത്തെ തിരഞ്ഞെടുത്ത് ബോധപൂര്‍വ്വം ഒഴിവാക്കുക എന്നതാണ് രണ്ടു നീക്കങ്ങളുടെയും പൊതുലക്ഷ്യവും പൊതുസ്വഭാവവും. ഇത് ഇന്ത്യയെപ്പോലെ മഹത്തായ മതേതര ജനാധിപത്യ പാരമ്പര്യങ്ങളുള്ള ഒരു രാജ്യത്തിന് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നല്ല.
മതേതരത്വത്തെ ധ്വംസിക്കുന്ന ദേശീയ പൗരത്വനിയമം
ഇന്ത്യന്‍ ദേശീയതയുടെ ആത്മാവ് തന്നെ ഈ വൈവിധ്യങ്ങളോടുള്ള കരുതലും ഇവിടുത്തെ മത ഭാഷാ ന്യൂനപക്ഷങ്ങളോട് കാണിച്ച സമഭാവനയും ആയിരുന്നു. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന ഭരണകൂടത്തിന്‍റെ പ്രത്യയശാസ്ത്ര മൂശയില്‍ പണിതുയര്‍ത്തിയ ദേശീയ പൗരത്വഭേദഗതി ബില്ല് ബഹുസ്വരത എന്ന മഹത്തായ ദര്‍ശനത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ്. 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. 1955 ലെ പൗരത്വനിയമം ഭേദഗതി ചെയ്യുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ബില്ല് മോദി സര്‍ക്കാര്‍ ആദ്യം പാര്‍ലമെന്‍റില്‍ കൊണ്ടുവരുന്നത് 2016 ലാണ്. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നതു കൊണ്ട് അന്ന് ഈ ബില്ല് പാസ്സാക്കി നിയമമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 2019 ല്‍ വീണ്ടും ഈ ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വലിയവിവാദങ്ങളും പ്രതിഷേധങ്ങളും ബില്ലിനെതിരേ ഉണ്ടായത്.
1955 ലെ ഇന്ത്യന്‍ പൗരത്വനിയമം ഒരു വ്യക്തി ഇന്ത്യന്‍ പൗരനാവുന്നത് എങ്ങനെയെന്നും അതിന്‍റെ അനുബന്ധകാര്യങ്ങളെ കുറിച്ചുമാണ് പറയുന്നത്. ഈ നിയമം ഭേദഗതി ചെയ്യുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ബില്ലില്‍ പറയുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. (1) ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും (ആഭ്യന്തരപ്രശ്നങ്ങള്‍ മൂലം) ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയ ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, സിഖ്, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പെട്ട വ്യക്തികള്‍ക്ക് പൗരത്വം നല്‍കുക. (2) സ്വാഭാവികമായി പൗരത്വം ലഭിക്കുന്നതിന് 11 വര്‍ഷം ഇന്ത്യയില്‍ താമസിക്കണം എന്നത് 6 വര്‍ഷമായി ചുരുക്കുക. ചുരുക്കിപ്പറഞ്ഞാല്‍ 1955 ലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കിയിരുന്നവരെ നിയമത്തിലെ ഭേദഗതിപ്രകാരം ഇനി ഇന്ത്യന്‍ പൗരന്മാരായി ആണ് കണക്കാക്കുക. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നുമുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. എന്നാല്‍, മുസ്ലിങ്ങള്‍ക്ക് ഈ പരിഗണനയില്ല.
ദേശീയ പൗരത്വഭേദഗതി ബില്ലിലൂടെ 1955 ലെ ഇന്ത്യന്‍ പൗരത്വനിയമം ഭേദഗതി ചെയ്ത് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നിവിടങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31 നുമുമ്പ് വന്ന മുസ്ലീം വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്കാനാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ടുവന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ് ഈ ഭേദഗതി എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിന് അനുകൂലമായി നിരത്തുന്ന വാദം. പക്ഷേ ഒരു സമുദായത്തെ തിരഞ്ഞുപിടിച്ച് ഇതില്‍നിന്നും ഒഴിവാക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെതിരെ ഉയര്‍ത്തുന്ന ശക്തമായ വിമര്‍ശനം. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കമെന്നാണ് പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണത്തിന്‍റെ കാതല്‍. പൗരത്വഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന്‍റെ അടിത്തറ തകര്‍ക്കാനാണ് കൂട്ടുനില്‍ക്കുന്നതെന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരായ ആക്രമണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ മതേതര മൂല്യങ്ങളെ പൂര്‍ണമായും തകര്‍ത്തെറിയുന്ന ബില്ല് മുസ്ലീങ്ങളെ രാഷ്ട്രമില്ലാത്തവരാക്കുമെന്നാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പറഞ്ഞത്.
ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഭേദഗതിയിലൂടെ ഇന്ത്യന്‍ പൗരത്വം നല്കാന്‍ വിഭാവനം ചെയ്യുമ്പോള്‍ മുസ്ലിം മതവിശ്വാസികളെ പൗരത്വത്തില്‍നിന്നും വളരെ ബോധപൂര്‍വമായി ഒഴിവാക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രത്യേക മതവിഭാഗത്തെ ഇങ്ങനെ വളരെ ബോധപൂര്‍വമായി ഒഴിവാക്കുന്ന സംഭവം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് എതിരാണ് പൗരത്വ ഭേദഗതി ബില്ല് എന്ന വിമര്‍ശനം നിയമവൃത്തങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമത്തിനുമുമ്പില്‍ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ ഉറപ്പ് നല്‍കുന്ന അവകാശത്തിനെതിരാണ് ബില്ലെന്ന് വിദഗ്ധര്‍ പറയുന്നു. തുല്യതയും നിയമസംരക്ഷണവും ലംഘിക്കപ്പെടുന്ന ബില്ലിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയാലും അത് സുപ്രീം കോടതി കടക്കുമോ എന്ന സംശയവും നിയമവൃത്തങ്ങളില്‍ ഉയരുന്നുണ്ട്.
ഈ ബില്ലിനെതിരേ ഉയരുന്ന മറ്റൊരു പ്രധാന വിമര്‍ശനം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഹമ്മദീയ വിഭാഗക്കാരുടെയും ജൂതന്മാര്‍, അറബികള്‍, ചൈനക്കാര്‍, ടിബറ്റുകാര്‍, ശ്രീലങ്കന്‍ തമിഴര്‍ തുടങ്ങിയ ജനവിഭാഗങ്ങളുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വമായ മൗനം തുടരുന്നു എന്നതാണ്. വര്‍ഷങ്ങളായി ഇന്ത്യയുടെ ഭാഗമായി ജീവിച്ച ഈ വിഭാഗങ്ങളില്‍പ്പെടുന്ന പതിനായിരക്കണക്കിന് ആളുകളുടെ നിലനില്‍പിനെ ബാധിക്കുന്നതാണ് ബില്ല്. മുസ്ലിങ്ങളെ കൂടാതെ തിബറ്റില്‍നിന്നും, ശ്രീലങ്കയില്‍നിന്നും അഭയാര്‍ത്ഥികളായി എത്തിയ പതിനായിരങ്ങള്‍ ആണ് ഇന്ത്യയുടെ പൗരത്വവും പ്രതീക്ഷിച്ച് പതിറ്റാണ്ടുകളായി അഭയാര്‍ഥികളായി കഴിയുന്നത്.
ദേശീയ പൗരത്വഭേദഗതി ബില്‍ ലോക്സഭയില്‍ പാസായതിന് പിന്നാലെ ബില്ലിനെതിരെ വ്യാപകപ്രതിഷേധമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിദ്യാര്‍ഥിസംഘടനയായ എന്‍.ഇ.എസ്.ഒ.യുടെ നേതൃത്വത്തിലാണ് വലിയ പ്രക്ഷോഭം അരങ്ങേറുന്നത്. പൗരത്വഭേദഗതി ബില്‍ നിയമമാകുന്നതോടുകൂടി അഭയാര്‍ഥികളുടെ വരവ് തങ്ങളുടെ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയമാണ് അക്രമങ്ങളിലേക്ക് തിരിയാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രത്യേകിച്ചും യുവാക്കളുടെ ഭയം. അതിര്‍ത്തി സംസ്ഥാനങ്ങള്‍ കുടിയേറ്റക്കാരെ കൊണ്ട് നിറയുമെന്ന ആശങ്കകൂടിയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അസ്വസ്ഥമാക്കുന്നത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മുന്നോട്ടുവയ്ക്കുന്ന ഒരു സങ്കല്പമുണ്ട്. ഈ രാഷ്ട്രം എല്ലാവരുടെയുമാണ് എന്ന മഹത്തായ സങ്കല്‍പ്പം. ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ ഇന്ത്യയുടെ മഹത്തായ സംസ്ക്കാരത്തിന്‍റെ ഭാഗമായി സ്വതന്ത്ര ഇന്ത്യക്ക് കൈമാറി കിട്ടിയതാണ് “ഓള്‍ ഇന്‍ക്ലുസ്സിവ്” എന്ന മഹത്തായ ദര്‍ശനം. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യരാജ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പരമാധികാര റിപ്പബ്ലിക്കന്‍ ഭരണഘടന നിലവില്‍ വന്നപ്പോഴും അതില്‍ ഉറക്കെ പ്രഖ്യാപിച്ചത് ഈ രാഷ്ട്രം എല്ലാവരുടെയുമാണ് എന്നാണ്. ഇന്ത്യക്ക് ഒപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും അന്തഛിദ്രങ്ങളെ നേരിട്ടപ്പോഴും ഈ രാഷ്ട്രം തല ഉയര്‍ത്തി നിന്നത് എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ വലിയ കരുതല്‍ ഇവിടുത്തെ നിയമസംവിധാനങ്ങളിലും ജനപ്രാതിനിധ്യസഭകളിലും ഉണ്ടായിരുന്നതു കൊണ്ടാണ്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ മഹത്തായ ഈ സങ്കല്പങ്ങളെ തകിടം മറിക്കുന്നതാണ് പൗരത്വവുമായി ബന്ധപ്പെട്ട ഈ വിവാദനിയമനിര്‍മ്മാണങ്ങള്‍ എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു.

പ്രൊഫ. റോണി കെ. ബേബി

Leave a Reply