നിശബ്ദമാക്കപ്പെടുന്ന വിലാപങ്ങള്‍



‘റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു’. ഈ ക്രിസ്മസ് കാലത്ത് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ സഭാമാതാവ് തന്‍റെ മക്കളെയോര്‍ത്ത് ചങ്കുപൊട്ടി വിലപിക്കുകയാണ്. അവളുടെ മക്കള്‍ ‘സമാധാനമതത്തിന്‍റെ’ വക്താക്കളാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ക്രിസ്മസ്ദിനത്തില്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്കാ പ്രോവിന്‍സ് (കടണഅജ) കൊന്നുതള്ളിയത് 11 ക്രൈസ്തവരെയായിരുന്നു. ഐ.എസ്. നേതാവായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വധത്തിനു പ്രതികാരമായാണ് 2019 നവംബറില്‍ ബന്ധികളായി പിടിച്ചവരെ ക്രിസ്മസ് ദിനത്തില്‍ വധിച്ചത്. ബിബിസി റിപ്പോര്‍ട്ടുപ്രകാരം ഒരു ബന്ധിയെ വെടിവെച്ചു കൊല്ലുകയും മറ്റുള്ളവരെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. ഉഗ്രവിഷമുള്ള പാമ്പുകള്‍ നിറഞ്ഞ നൈജീരിയയിലെ സാംബിസ വനം ഇന്നു ലോകമെങ്ങും അറിയപ്പെടുന്നത് മതവെറി പൂണ്ട ഒരുപറ്റം വിഷസര്‍പ്പങ്ങളുടെ ഒളിയിടം എന്ന നിലയിലാണ്. ‘ബോക്കോ ഹറാം’ എന്ന പേരിലറിയപ്പെടുന്ന ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന ഒളിസങ്കേതമാണ് ഇവിടം. ഇരുണ്ട ഭൂഖണ്ഡത്തിലെ ദരിദ്രരാജ്യമായ നൈജീരിയയില്‍ ആധുനികവിദ്യാഭ്യാസത്തിലൂടെ വെളിച്ചം വിതറാനുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ കഠിനപരിശ്രമം ഫലം കണ്ടു തുടങ്ങിയപ്പോള്‍, അത് തന്‍റെ മതത്തിന്‍റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന് ഭയന്ന മുഹമ്മദ് യൂസുഫ് എന്നയാള്‍ 2002-ല്‍ സ്ഥാപിച്ചതാണ് ‘ജമാഅതു അഹ്ലിസ്സുന്ന ലിദ്ദഅ്വത്തി വല്‍ ജിഹാദ്’ എന്ന സംഘടന. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ത്തുകൊണ്ട് ആരംഭിച്ച പ്രസ്ഥാനത്തിന് തദ്ദേശവാസികള്‍ നല്‍കിയ പേരാണ് ‘ബോക്കോ ഹറാം’. പ്രാദേശിക ഭാഷയായ സ്വാഹിലിയില്‍ ‘വ്യാജമായ വിദ്യാഭ്യാസം’ നിഷിദ്ധം എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. ആധുനിക വിദ്യാഭ്യാസത്തെ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടന ക്രമേണ മുസ്ലീം ജനസംഖ്യ കൂടുതലുള്ള വടക്കന്‍ നൈജീരിയയെ സ്വതന്ത്രരാഷ്ട്രമാക്കി ശരീഅത്ത് നിയമത്തിലധിഷ്ഠിതമായ ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അതിന്‍റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി. അതിനായി സ്ഫോടനങ്ങളും തട്ടിക്കൊണ്ട് പോകലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും നിര്‍ബാധം നടത്താന്‍ തുടങ്ങി. ബോക്കൊഹറാമിന്‍റെ ‘ആഗോള ഇസ്ലാമികവത്കരണ ചിന്തയുള്ള’ ഒരു വിഭാഗം തീവ്രവാദികള്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്നു രൂപം കൊടുത്തതാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്കാ പ്രോവിന്‍സ് (ISWAP) എന്ന സംഘടന. ഇപ്പോള്‍ ബൊക്കോ ഹറാമിനെക്കാള്‍ ശക്തമാണ് നൈജീരിയയില്‍ ഈ സംഘടന. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍നിന്ന് ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവരെ ഉന്മൂലനം ചെയ്തു കഴിഞ്ഞു. സൊമാലിയയെപ്പോലെ നൈജീരിയയെയും ക്രൈസ്തവ വിമുക്തമാക്കിമാറ്റുക എന്നതാണ് കടണഅജ ന്‍റെലക്ഷ്യം.
ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളായ മറ്റുള്ളവരെയും കൊന്നു തള്ളുന്നതിനും, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുന്നതിനും സ്ത്രീകളെയും കുട്ടികളെയും ലൈംഗികാവശ്യങ്ങള്‍ക്കും അല്ലാതെയും അടിമകളായി ഉപയോഗിക്കുന്നതിനും മതഗ്രന്ഥത്തില്‍നിന്നു ന്യായീകരണങ്ങള്‍ കണ്ടെത്തുന്നതിനാല്‍ ഇതിനെക്കുറിച്ചൊന്നും തീവ്രവാദികള്‍ക്ക് കുറ്റബോധത്തിനിടയില്ല. എന്നാല്‍ ഇത്തരം വിഷയങ്ങളോട് മാധ്യമലോകവും പൊതുസമൂഹവും വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ലാ എന്നതാണ് ദു:ഖകരമായ വസ്തുത. അമേരിക്കന്‍ പട്ടാളക്കാരി ജയിലില്‍ കിടക്കുന്ന തീവ്രവാദിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും, ഇസ്രയേല്‍ അവരുടെ അതിര്‍ത്തിയില്‍ വെടി പൊട്ടിക്കുന്നതും വലിയ വാര്‍ത്തകളാവുമ്പോള്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വിസ്മരിക്കപ്പെടുകയാണ്. ക്രിസ്ത്യാനികള്‍ കൂട്ടക്കൊല ചെയ്യപ്പെടുമ്പോള്‍ പാശ്ചാത്യരാജ്യങ്ങളും, മനുഷ്യാവകാശസംഘടനകളും, ഐക്യരാഷ്ട്രസഭയുമൊക്കെ കുറ്റകരമായ മൗനം പുലര്‍ത്തുകയാണ്. തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെതിരേ ശബ്ദമുയര്‍ത്തുന്നവരും അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കാന്‍ പ്രകടനങ്ങള്‍ നടത്തിയവരും ഇല്ലാത്ത നാടുകടത്തലിന്‍റെ പേരില്‍ പൗരത്വനിയമത്തിനെതിരേ കലാപം സൃഷ്ടിക്കുന്നവരും ഇസ്ലാമികരാജ്യങ്ങളില്‍ നിരപരാധികളായ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നത് അറിയുന്നതേയില്ല. പാലസ്തീനിലെ തീവ്രവാദികളുടെ മരണത്തില്‍ കണ്ണീരൊഴുക്കുന്നവര്‍ പാകിസ്ഥാനിലെ പള്ളിയില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് മിണ്ടുകയുമില്ല. അനുദിനം ചൊരിയപ്പെടുന്ന നിഷ്കളങ്ക രക്തത്തിന്‍റെ നിലവിളികള്‍ ശ്രവിക്കാതെ ലോക മന:സാക്ഷി മൗനം തുടര്‍ന്നാല്‍ ഇസ്ലാമിക ആധിപത്യമുള്ള രാഷ്ട്രങ്ങളില്‍നിന്നും ക്രൈസ്തവസമൂഹം വംശഹത്യയിലൂടെ തുടച്ചുനീക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ന
പാശ്ചാത്യ അധിനിവേശത്തെ വിമര്‍ശിക്കാന്‍ മുന്‍പില്‍ നില്‍ക്കുന്ന ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന കൂട്ടക്കൊലകള്‍ കാണുന്നതേയില്ല. ക്രൈസ്തവരെ ‘ഇരകളായി’ കാണാന്‍ ഇവരാരും തയ്യാറല്ല എന്നതാണു വസ്തുത. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും ഇടപെടലുകള്‍ നടത്തി ജനങ്ങളെ പുരോഗതിയുടെ പാതയിലേയ്ക്കു നയിച്ച മിഷനറിമാരെ പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ പിണിയാളുകളായും, മതം ഉപയോഗിച്ച് തദ്ദേശവാസികളെ മയക്കി വഞ്ചിച്ചവരായും ചിത്രീകരിക്കുകയും അവിശ്വാസികളെ കൊന്നൊടുക്കിയും, അടിമകളാക്കിയും വാളിന്‍റെ ശക്തിയാല്‍ പടര്‍ന്നു പന്തലിച്ച ഇസ്ലാമിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന ‘പുരോഗമനവാദി’കളില്‍ നിന്നും ക്രൈസ്തവര്‍ക്കുവേണ്ടി ശബ്ദം ഉയരുമെന്നു കരുതുന്നതുതന്നെ ഭോഷത്തം ആയിരിക്കും.
പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ക്രൈസ്തവ സമൂഹങ്ങളും മടിക്കുന്നു എന്നതാണ് ദു:ഖകരമായ വസ്തുത. ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടപ്രാധാന്യം നല്‍കാത്തതിനാല്‍ ഒട്ടേറെ ക്രൈസ്തവര്‍ ഈ വിഷയത്തെക്കുറിച്ച് അജ്ഞരാണ്. അറിവുള്ളവരാകട്ടെ ഇതിനെതിരായി പ്രതികരിക്കുന്നതോ ഇതേക്കുറിച്ചു സംസാരിക്കുന്നതോ ‘സമാധാനശ്രമങ്ങള്‍ക്ക് വിഘാതമാകും’ എന്ന് കരുതുന്നു. തത്ഫലമായി വിശ്വാസത്തെപ്രതി മരിച്ചു വീഴുന്ന സഹോദരങ്ങള്‍ക്കായി ഒരിറ്റു കണ്ണീര്‍ പോലും ഒഴുക്കാതെ അവര്‍ അലംഭാവത്തോടെ കഴിയുന്നു. നാളെ ഈ അവസ്ഥ തങ്ങള്‍ക്കും ഉണ്ടാകുമെന്ന തിരിച്ചറിവില്ലാതെ.
രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പരിപോഷിപ്പിക്കപ്പെടുന്നവളാണ് സഭ. പീഡനങ്ങളും അടിച്ചമര്‍ത്തലുകളും അവള്‍ക്കു പുത്തരിയല്ല. അതേസമയം മിശിഹാ സ്ഥാപിച്ച ഈ ശില വീണവരും ഇതിന്മേല്‍ വീണവരും ധൂളിയാക്കപ്പെട്ട ചരിത്രം നമ്മുടെ മുന്‍പിലുണ്ടു താനും. അതുകൊണ്ടുതന്നെ ശരീരത്തെ മാത്രം കൊല്ലാന്‍ കഴിയുന്നവരെ ഭയപ്പെടാതെ ആത്മാവിനെയും, ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ മാത്രം ഭയപ്പെട്ട് നമുക്ക് ജീവിക്കാം. ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ യേശുവിനെപ്രതി സദാ മരണത്തിന് ഏല്‍പിക്കപ്പെടുന്നു. (2 കോറി 4:8 – 11) ശ്ലീഹായുടെ ഈ വാക്കുകള്‍ നമുക്കും കരുത്തുപകരട്ടെ.

ജിന്‍സ് നല്ലേപ്പറമ്പില്‍

Leave a Reply