വിശപ്പും രോഗവും പട്ടിണിയും പകര്‍ച്ചവ്യാധികളും കൊണ്ട് പൊറുതിമുട്ടിയ അഭയാര്‍ത്ഥിത്താവളം. ദീനവിലാപങ്ങള്‍, ശാപവചസ്സുകള്‍. ഭക്ഷണപ്പൊതികള്‍ വിതറിവരുന്ന ഹെലികോപ്ടറിന്‍റെ ചിറകടിയൊച്ചകള്‍ക്കായി കാത്തിരിപ്പ്.
പിന്നെ കടിപിടിയും അടിപിടിയുമായി. ഭക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടം. എച്ചില്‍ക്കൂനയില്‍ കടിപിടി കൂടുന്ന നായ്ക്കളും അവരുടെ യജമാനന്മാരും തമ്മിലുള്ള വ്യത്യാസം നേര്‍ത്തുനേര്‍ത്തില്ലാതാകുന്ന നിലനില്പിന്‍റെ സമരാങ്കണം.
അത്തരത്തിലുള്ള ഒരു താവളത്തിലേക്ക് അവര്‍ കടന്നുചെന്നു. കരളില്‍ കാരുണ്യവും ഹൃദയത്തില്‍ അലിവുമായി. സ്നേഹത്തിന്‍റെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ മദര്‍ തെരേസ. അവര്‍ക്കൊപ്പം ഉപവിയുടെ സഹോദരിമാരും.
കരുണയ്ക്കായ് നീണ്ടുവന്ന കരങ്ങളില്‍ അവര്‍ ഭക്ഷണപ്പൊതികള്‍ വച്ചുകൊടുത്തു. സാന്ത്വനത്തിന്‍റെ വാക്കുകള്‍ക്കൊപ്പം.
നീണ്ടനിരകള്‍. ജീവന്‍ സ്പന്ദിക്കുന്ന അസ്ഥിപഞ്ജരങ്ങള്‍. അവരുടെ കണ്ണുകളിലെ ആര്‍ത്തി നമുക്കൂഹിക്കാം.
ഭക്ഷണവിതരണം കഴിഞ്ഞ മദര്‍ ഒരു കാര്യം ശ്രദ്ധിച്ചു. താന്‍ വിതരണം ആരംഭിക്കുമ്പോള്‍ ആദ്യം ഭക്ഷണപ്പൊതി വച്ചുകൊടുത്ത ആ പെണ്‍കുട്ടി മാത്രം ഇനിയും അതു തിന്നുതുടങ്ങിയിട്ടില്ല. തനിക്കു കിട്ടിയത് മറ്റാരെങ്കിലുമായി പങ്കുവയ്ക്കുന്നതിന് അവള്‍ കാത്തിരിക്കുകയായിരിക്കുമോ എന്നവര്‍ ശങ്കിച്ചു.
മെല്ലെ നടന്ന് മദര്‍ ആ ബാലികയുടെ അരികില്‍ ചെന്നു.
മനുഷ്യാവതാരം പൂണ്ട കാരുണ്യത്തെ നോക്കി അവള്‍ ബദ്ധപ്പെട്ടു ചിരിച്ചു. പീളയടിഞ്ഞ അവളുടെ കണ്ണുകളില്‍ ദുഃഖത്തിന്‍റെ മഹാസമുദ്രം മുഴുവനുമുണ്ടായിരുന്നു.
“കുട്ടി എന്താ അപ്പം തിന്നാത്തത്?” മദര്‍ അന്വേഷിച്ചു: “എന്തുപറ്റി മോളുടെ ആര്‍ക്കെങ്കിലും ഇനി അപ്പം കിട്ടാത്തതായുണ്ടോ?
അവളുടെ പീള നിറഞ്ഞ കണ്ണുകള്‍ വിടര്‍ന്നു:
“ഇല്ലമ്മേ, ഞാനിപ്പോള്‍ ഇതു തിന്നാല്‍ തീര്‍ന്നുപോവില്ലേ?” അവള്‍ പറഞ്ഞു തുടങ്ങി: ”കുറേ കഴിയുമ്പോള്‍ എനിക്കിനിയും വിശക്കില്ലേ? ഇപ്പോള്‍ ഞാനിതു തിന്നാല്‍, ഇനി വിശക്കുമ്പോള്‍ എനിക്കാരാണ് അപ്പം തരിക?”
അവള്‍ നിഷ്കളങ്കമായി ചിരിച്ചു.
മദറിന് ചിരിക്കാന്‍ തോന്നിയില്ല.
സെബാസ്റ്റ്യന്‍ പള്ളിത്തോട്
- സഭയും ക്രിസ്തുവും ഒന്നല്ല രണ്ടാണ്…
- ദി റോബ്